Monday, August 28, 2017

അല്‍മൊദോവാറിൻറെ ഒഴിവുകാല വിനോദയാത്ര

കെ ബി വേണു 



I Am So Excited/ Pedro Almodovar/ Spain/2013/90 minutes


ലോകം മുഴുവന്‍ ആരാധകരുള്ള സമകാലികസംവിധായകരില്‍ പ്രമുഖനാണ്‌ പെദ്രാ അല്‍മൊദോവാര്‍. ജനപ്രിയഘടകങ്ങള്‍ കൂട്ടിയിണക്കിക്കൊ­ണ്ടാണ്‌ അദ്ദേഹം കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരുക്കാറുള്ളത്‌. ഓള്‍ എബൗട്ട്‌ മൈ മദര്‍, ടോക്‌ റ്റു ഹെര്‍, വോള്‍വെര്‍ തുടങ്ങിയ അല്‍മൊദോവാറിൻറെ മികച്ച സിനിമകളെല്ലാം കലയുടെയും കച്ചവടത്തിൻറെയും സമര്‍ത്ഥമായ സംയോജനങ്ങളായിരുന്നു. വളരെ ഗൗരവമുള്ള വിഷയങ്ങള്‍ പറയുമ്പോഴും കഥാഗതിക്ക്‌ ഒരു ഭംഗവും വരാതെ തമാശകളും ഗാനങ്ങളും രതിയും അവതരിപ്പിക്കുന്ന സമ്പ്രദായമാണ്‌ അദ്ദേഹത്തിൻറെത്‌. തികച്ചും ഉദ്വേഗജനകമായ അവതരണം കൊണ്ട് തൻറെ സിനിമകളെ അല്‍മൊദോവാര്‍ ഒന്നിനൊന്ന്‌ വ്യത്യസ്‌തമാക്കി. തീക്ഷ്‌ണമായ സ്‌പാനിഷ്‌ ജീവിതപരിസരത്തിലെ വിചിത്ര കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തനിമചോരാതെ അദ്ദേഹം ലോകത്തിനു  മുന്നില്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളും, ലൈംഗികത്തൊഴിലാളികളും ഭ്രാന്തന്‍മാരും ഉണ്ടായിരുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പ്‌ ലംഘിക്കുന്ന പല സന്ദര്‍ഭങ്ങളും അല്‍മൊദോവാറിൻറെ സിനിമകളില്‍ കാണാം. പക്ഷേ പ്രേക്ഷകര്‍ അതില്‍ അസ്വാഭാവികതയൊന്നും കാണാറില്ല. ഹോളിവുഡ്‌ സിനിമകള്‍ അല്‍മൊദോവാറിനെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഹോളിവുഡിൻറെ മോഹവലയത്തില്‍ അദ്ദേഹം വീണുപോയിട്ടുമില്ല. 
പെദ്രോ അൽമൊദോവാർ 

സ്‌പെയിനില്‍ നിന്ന്‌ മെക്‌സിക്കോ സിറ്റിയിലേയ്‌ക്കു പോകുന്ന ഒരു വിമാനം യന്ത്രത്തകരാര്‍ കാരണം ആകാശത്ത്‌ ചുറ്റിക്കറങ്ങുന്നു. വിമാനം ഇടിച്ചിറക്കുകയേ പോംവഴിയുള്ളൂ. സംഘര്‍ഷഭരിതമായ ഈ അവസ്ഥയെ തുള്ളിത്തുളുമ്പുന്ന നര്‍മ്മരസത്തോടെ അവതരിപ്പിക്കുകയാണ്‌ അല്‍മൊദോവാറിൻറെ ഐ ആം സോ എക്‌സൈറ്റഡ്‌ (2013) എന്ന ചിത്രം. വിമാനം അപകടസ്ഥിതിയിലാണെന്നറിഞ്ഞാല്‍ യാത്രക്കാര്‍ പരിഭ്രാന്തരാകുമെന്ന്‌ മുന്‍കൂട്ടിക്ക­ണ്ട  പരിചാരകര്‍ ഭക്ഷണപാനീയങ്ങളില്‍ അല്‍പം മയക്കുമരുന്ന്‌ കലര്‍ത്തി അവരെ ഉറക്കിക്കിടത്തുന്നു. ഇക്കോണമി ക്ലാസിലെ യാത്രക്കാരെ മാത്രമാണ്‌ മയക്കിക്കിടത്തുന്നത്‌. ബിസിനസ്‌ ക്ലാസ്സിലെ യാത്രക്കാര്‍ സത്യാവസ്ഥ മനസ്സിലാക്കുന്നു. അക്കൂട്ടത്തില്‍ പ്രശസ്‌തനായ ഒരു ചലച്ചിത്രനടനുണ്ട്. ഒരു കോര്‍പറേറ്റ്‌ സി ഇ ഒ ഉണ്ട്, ലോകത്തിലെ അറുന്നൂറോളം സുപ്രധാന വ്യക്തികളുടെ രഹസ്യ രതിജീവിതങ്ങള്‍ പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളും കൈവശമുണ്ടെന്നവകാശപ്പെടുന്ന ഒരു മദ്ധ്യവയസ്‌കയു­ണ്ട്, ഈ വിമാനത്തില്‍ത്തന്നെ യാത്ര ചെയ്യുന്ന ഒരാളെ വധിക്കാന്‍ കരാറെടുത്തിട്ടുള്ള വാടകക്കൊലയാളിയുണ്ട്. ഇതൊന്നും പോരാതെ അസാമാന്യമായ പ്രവചനപ്രതിഭയു­ണ്ടെന്നവകാശപ്പെടുന്ന, അല്‌പം കിറുക്കുള്ള ഒരു നാല്‍പതുകാരിയുണ്ട്. വിമാനം താഴെയിറങ്ങും മുമ്പ്‌ തൻറെ കന്യകാത്വം ത്യജിക്കും എന്നതാണ്‌ അവളുടെ ഏറ്റവും പുതിയ പ്രവചനം. 


വിമാനത്തിലെ പരിചാരകരിലൊരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്‌. പൈലറ്റുമാരില്‍ ഒരാളുമായി അയാള്‍ക്ക്‌ ബന്ധവുമുണ്ട്. ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ ബോധം കെട്ടുറങ്ങുമ്പോള്‍ ബിസിനസ്‌ ക്ലാസില്‍ ജീവിതത്തിനും  മരണത്തിനും  ഇടയ്‌ക്കുള്ള അവസാനത്തെ ആഘോഷം പൊടിപൊടിക്കുന്നു. പരിചാരകര്‍ യാത്രക്കാര്‍ക്ക്‌ അമിത രതിവികാരം ഉണര്‍ത്തുന്ന ഒരു പദാര്‍ത്ഥം അവരറിയാതെ ഭക്ഷണപാനീയങ്ങളില്‍ ചേര്‍ത്തു കൊടുക്കുന്നു. അതോടെ എല്ലാവരും ഉള്ളിലുള്ള രഹസ്യങ്ങള്‍ പുറത്തു പറയാന്‍ തുടങ്ങി. ഭൂമിയില്‍ മാന്യതയുടെ മുഖംമൂടി ധരിച്ച ഉന്നതവ്യക്തികള്‍ ഒന്നും മറച്ചുവയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തോന്നിയതുപോലൊക്കെ പെരുമാറുകയായി. മദ്യത്തിൻറെയും രതിയുടെയും ലഹരി അവര്‍ക്കിടയില്‍ പടര്‍ന്നു. ഇതിനൊക്കെ അരങ്ങൊരുക്കിയ പരിചാരകവൃന്ദം പോയിന്റര്‍ സിസ്റ്റേഴ്‌സ്‌ എന്ന അമേരിക്കന്‍ സംഗീതസംഘത്തിന്റെ ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന ഗാനത്തിനൊപ്പം ചുണ്ടനക്കിയും ചുവടുവെച്ചും രംഗം കൊഴുപ്പിച്ചു. 


പാട്ടിൻറെ വരികള്‍ ഇങ്ങനെ: 


I'm so excited and I just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
And I know, I know, I know, I know, I know I want you

We shouldn't even think about tomorrow
Sweet memories will last for long long time
We'll have a good time, baby, don't you worry
And if we're still playing around boy that's just fine

Let's get excited, we just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
I know, I know, I know, I know, I know, I want you, I want you
ലോല ദ്യുനസ് 

മരണം വാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും ജീവിതലഹരിയുടെ അവസാനമധുരവും ഌണയാനുള്ള ആസക്തിയാണ്‌ ഇവരില്‍. മരണവും രതിയും തമ്മിലുണ്ടെന്നു  പറയപ്പെടുന്ന അനിര്‍വചനീയമായ ബന്ധത്തെക്കുറിച്ചു തന്നെയാകാം ഒരുപക്ഷേ അല്‍മൊദോവാര്‍ വിവക്ഷിക്കുന്നത്‌.
 1980 ല്‍ ചലച്ചിത്രജീവിതമാരംഭിച്ച അല്‍മൊദോവാറുടെ ആദ്യകാലചിത്രങ്ങള്‍ കാര്യമായ നിരൂപകശ്രദ്ധയൊന്നും നേടിയിരുന്നില്ല. ചില സിനിമകള്‍ സോഫ്‌റ്റ്‌ പോണ്‍ നിലവാരത്തിലുള്ള രംഗങ്ങള്‍ കൊണ്ടു  സമൃദ്ധമായിരുന്നു താനും. 1999 ല്‍ പുറത്തുവന്ന ഓള്‍ എബൗട്ട്‌ മൈ മദര്‍ എന്ന ചിത്രമാണ്‌ അല്‍മൊദോവാറുടെ കഥാകഥനരീതിയെ ലോകപ്രശസ്‌തമാക്കിയത്‌. തുടര്‍ന്നുവന്ന ടോക്‌ റ്റു ഹെര്‍ (2002), ബാഡ്‌ എജ്യുക്കേഷന്‍ (2004), വോള്‍വെര്‍ (2006), ബ്രോക്കണ്‍ എംബ്രയ്‌സസ്‌ (2009), ദ്‌ സ്‌കിന്‍ ഐ ലിവ്‌ ഇന്‍ (2011) തുടങ്ങിയ സിനിമകളില്‍ ഗൗരവമുള്ള വിഷയങ്ങളെ അനനുകരണീയമായ ആഖ്യാനശൈലിയില്‍ അദ്ദേഹം ആവിഷ്‌കരിച്ചു. 
പെനിലോപ് ക്രൂസിനൊപ്പം
അൽമൊദോവാർ 
ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന സിനിമയില്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സ്വന്തം സിനിമകളിലേയ്‌ക്ക്‌ അല്‍മൊദോവാര്‍ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കുന്നതായി അനുഭവപ്പെടുന്നു. മുന്‍പ്‌ പല സിനിമകളിലും അല്‍മൊദോവാറുമായി സഹകരിച്ചിട്ടുള്ള പ്രഗത്ഭതാരങ്ങള്‍ പലരും ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. സെസിലിയ റോത്ത്‌, ജാവിയര്‍ കമാറ, ലോല ദ്യുനാസ്‌ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായപ്പോള്‍ അൻറോണിയോ ബൻറാറസും പെനിലോപ്‌ ക്രൂസും ആദ്യരംഗത്തിലെ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടുന്നു. സിനിമകള്‍ക്ക്‌ ആവശ്യമായ വ്യത്യസ്‌ത കഥാപശ്ചാത്തലങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്‌ദ്ധനാണ്‌ അല്‍മൊദോവാര്‍. ഈ സിനിമയുടെ പശ്ചാത്തലവും അത്തരത്തില്‍ വ്യത്യസ്‌തമാണ്‌. സങ്കീര്‍ണ്ണമായ പ്രമേയങ്ങള്‍ ആവിഷ്‌കരിച്ച ഏതാനും  സിനിമകള്‍ക്കു ശേഷം അല്‍മൊദോവാര്‍ നടത്തിയ ഒരു ഒഴിവുകാല വിനോദയാത്ര പോലെയാണ്‌ ഈ സിനിമ അനുഭവപ്പെടുന്നത്‌. എങ്കില്‍പ്പോലും ഉറവ വറ്റാത്ത പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇവിടെയും കാണാം - അല്‍മൊദോവാറുടെ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും.

No comments: