Friday, August 25, 2017

കറുത്ത ജൂതൻറെ കഥ

കറുത്ത ജൂതൻറെ  കഥ 

കെ ബി വേണു 






എക്കാലത്തും മലയാളികളെ വിസ്‌മയിപ്പിച്ചിട്ടുള്ള കലാകാരനാണ്‌ സലിംകുമാര്‍. സിനിമയിലെ ജനപ്രിയ ഹാസ്യതാരമാകുന്നതിനു  മുമ്പ്‌ അദ്ദേഹം ഏഷ്യാനെറ്റ്‌ ചാനലിലെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ആ ചാനലിലെത്തന്നെ ചില പരിപാടികളെയും അവയുടെ അവതാരകരെയും അനുകരിച്ചുകൊണ്ടാണ്‌ സലിം കുമാര്‍ അക്കാലത്ത്‌ ശ്രദ്ധേയനായത്‌. ടി എന്‍ ഗോപകുമാറിൻറെ  കണ്ണാടിയും ചിന്ത രവിയേട്ടൻ അവതരിപ്പിച്ചിരുന്ന  എൻറെ കേരളവും പോലെയുള്ള വളരെ ഗൗരവമുള്ള പ്രോഗ്രാമുകള്‍ മറ്റൊരു കാഴ്‌ച്ചപ്പാടില്‍ കണ്ട കൗതുകം ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. അതൊക്കെ അവതരിപ്പിക്കുമ്പോഴും സലിംകുമാര്‍ വളരെ ഗൗരവക്കാരനായാണ്‌ കാണപ്പെട്ടിരുന്നതെന്നും ഓര്‍ക്കുന്നു. പിന്നീട്‌ സലിം മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറി. സിനിമയിലെ അദ്ദേഹത്തിൻറെ പ്രകടനങ്ങളുടെ ചരിത്രരേഖകളാണ്‌ ഇന്ന്‌ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നൊഴുകുന്ന പരശ്ശതം ട്രോളുകള്‍. ട്രോള്‍ സാഹിത്യത്തിലെ സ്റ്റോക്‌ ക്യാരക്‌റ്ററുകളില്‍ പ്രധാനിയാണ്‌ സലിംകുമാര്‍ എന്നു വേണമെങ്കില്‍ പറയാം. അദ്ദേഹത്തിൻറെ അനനുകരണീയവും മൗലികവുമായ പഞ്ച്‌ ഡയലോഗുകള്‍ ട്രോളന്‍മാര്‍ക്ക്‌ അക്ഷയഖനിയായി തുടരുന്നു.
മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ ഇടയ്‌ക്കിടെ സലിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്‌. താന്‍ കോണ്‍ഗ്രസ്സുകാരനാണ്‌ എന്ന്‌ അഭിമാനപൂര്‍വ്വം പറയാറുള്ള സലിമിന്‌ ഒരു രാഷ്‌ട്രീയകക്ഷിയിലും ശത്രുക്കളുണ്ടാകാന്‍ വഴിയില്ല. കമ്മ്യൂണിസ്റ്റനുഭാവികളായ സുഹൃത്തുക്കളുമായുള്ള ആശയസംവാദത്തിഌ ബലം കിട്ടാനുള്ള തയ്യാറെടുപ്പിൻറെ ഭാഗമായാണ്‌ ഗൗരവമുള്ള വായനയിലേയ്‌ക്ക്‌ കടന്നതെന്ന്‌ ഒരഭിമുഖത്തില്‍ സലിംകുമാര്‍ പറഞ്ഞിട്ടുണ്ട്‌. അര്‍ത്ഥപൂര്‍ണ്ണമായ വായനയും നിരീക്ഷണവുമാണ്‌ നടനെന്ന നിലയില്‍ സലിംകുമാറിൻറെ കരുത്ത്‌. ഹാസ്യതാരം എന്ന ലേബലില്‍ നിന്ന്‌ പുറത്തുവന്നപ്പോഴൊക്കെ തന്നിലെ സ്വഭാവനടനെ സലിംകുമാര്‍ പ്രക്ഷകര്‍ക്കു മുന്നില്‍ ഭംഗിയായി അവതരിപ്പിച്ചു. അച്ഛനുറങ്ങാത്ത വീട്‌ എന്ന സിനിമയിലെ സാമുവേലിനെ എങ്ങനെ മറക്കും? ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സലിംകുമാറിനെ നിയോഗിച്ച ലാല്‍ ജോസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സലിം കുമാറിൻറെ വിഷാദമുറഞ്ഞ കണ്ണുകളാണ്‌ ആ വഴിക്കു ചിന്തിക്കാന്‍ തന്നെ പ്രരിപ്പിച്ചതെന്ന്‌ ലാല്‍ ജോസ്‌ എപ്പൊഴോ പറഞ്ഞതോര്‍ക്കുന്നു.

തൃപ്പന്‍ നമ്പൂതിരിയെയും (വാസ്‌തവം) ആമു എളാപ്പയെയും (പെരുമഴക്കാലം) തബല ഭാസ്‌ക്കരനെയും (ഗ്രാമഫോണ്‍) അവതരിപ്പിച്ച്‌ മികവു തെളിയിച്ച ശേഷം ആദാമിന്റെ മകന്‍ അബുവിലൂടെ സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടി. പി ജെ ആന്റണിയും ഭരത്‌ ഗോപിയും ബാലന്‍ കെ നായരുമൊക്കെ ഉള്‍പ്പെടുന്ന ഒരു വലിയ പാരമ്പര്യത്തിൻറെ പിന്‍മുറക്കാരനായി. മലയാളസിനിമയില്‍ അഭിനയത്തിനു  നല്‍കിവരുന്ന എല്ലാ അവാര്‍ഡുകളും നേടിയ ചരിത്രവും സലിമിനുണ്ട്‌ - മികച്ച നടന്‍ (ആദാമിൻറെ മകന്‍ അബു - 2010), മികച്ച രണ്ടാമത്തെ നടന്‍ (അച്ഛനുറങ്ങാത്ത വീട്‌ - 2005), മികച്ച ഹാസ്യനടന്‍ (അയാളും ഞാനും തമ്മില്‍ - 2013). മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും സലിംകുമാറിനു  ലഭിച്ചിട്ടുണ്ട്‌ (പരേതൻറെ പരിഭവങ്ങള്‍ - 2013).

അഭിനയത്തിനപ്പുറമുള്ള ചലച്ചിത്രപ്രവര്‍ത്തനങ്ങളിലേയ്‌ക്കു കടന്നുകൊണ്ട്‌ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്‌ ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട സലിംകുമാര്‍. അദ്ദേഹത്തിൻറെ രണ്ടാമത്തെ സംവിധാന സംരഭമായ കറുത്ത ജൂതന്‍ എന്ന സിനിമ പുറത്തു വന്നിരിക്കുന്നു.  (ഈ സിനിമയുടെ കഥയ്‌ക്ക്  അദ്ദേഹത്തിന്‌ 2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി)

ഒരുപാടു സവിശേഷതകളുള്ള സിനിമയാണ്‌ കറുത്ത ജൂതന്‍. സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച സലിം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. നിര്‍മ്മാതാവും അദ്ദേഹം തന്നെ.

 കേരളത്തിൻറെ പല ഭാഗങ്ങളിലും വാസമുറപ്പിച്ചിരുന്ന ജൂതവംശജരില്‍ ഒരാളെയാണ്‌ സലിം കുമാര്‍ തൻറെ സൃഷ്‌ടിയുടെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്‌. ആരണ്‍ ഇല്ല്യാഹു എന്നാണ്‌ നിര്‍ഭാഗ്യവാനായ ആ കറുത്ത ജൂതൻറെ പേര്‌. ആരോണി എന്നായിരുന്നു മലയാളീകരിച്ച വിളിപ്പേര്‌. തൃശ്ശൂര്‍ ജില്ലയുടെ തെക്കേയറ്റത്തുള്ള മാളയിലാണ്‌ അയാള്‍ ജീവിച്ചിരുന്നത്‌. (പ്രിവ്യു തിയറ്ററില്‍ വച്ച്‌ മാളയിലെ ജൂതന്‍ എന്നു കേട്ടപ്പോള്‍ വ്യക്തിപരമായ ചില ഓര്‍മ്മകളും കടന്നുവന്നു. മാളയ്‌ക്കടുത്തുള്ള പുത്തന്‍വേലിക്കരയാണ്‌ ഈ ലേഖകൻറെ ദേശം. ചേന്ദമംഗലത്തും മാളയിലുമുള്ള ജൂതന്‍മാരുമായുള്ള ഇടപഴകലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അച്ഛൻറെ വര്‍ത്തമാനങ്ങളില്‍ കടന്നു വരാറുണ്ടായിരുന്നു)
കേരളത്തിലെ ജൂതന്‍മാരില്‍ ബഹുഭൂരിപക്ഷവും കച്ചവടക്കാരായിരുന്നു. പക്ഷേ ആരോണി ഒരു പണ്‌ഡിതനായാണ്‌ വളര്‍ന്നു വന്നത്‌. എം എ വരെ പഠിച്ചു. അക്കാലത്ത്‌ കോളേജദ്ധ്യാപകനെന്ന നിലയില്‍ മാന്യമായ ഒരു ജോലി കിട്ടാനുള്ള യോഗ്യത നേടി. പക്ഷേ, ജൂതന്‍മാര്‍ മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നവരല്ല. (ജൂതൻ കമ്മ്യുണിസ്റ്റ് ആയാൽ കാറൽ മാർക്സ് ആയിരിക്കും എന്നാണു പറയുക.) അതുകൊണ്ട്‌ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. പക്ഷേ, അറിവിൻറെ വെളിച്ചം ആരോണിയില്‍ ജ്വലിച്ചു നിന്നു. ഇന്‍ഡ്യയിലെ ജൂത വംശത്തിൻറെ ചരിത്രം തേടി ഒരു യാത്ര നടത്തണമെന്നും അതിൻറെ അടിസ്ഥാനത്തില്‍ ആധികാരികമായ ഒരു ചരിത്രഗ്രന്ഥം രചിക്കണമെന്നും ആ ചെറുപ്പക്കാരന്‍ ആഗ്രഹിച്ചു. അങ്ങനെ അയാള്‍ ഒരു ഭാരതപര്യടനത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടു. ഒരു ജീവിത നിയോഗം പോലെ ഏറ്റെടുത്ത യാത്രയായിരുന്നു അത്‌. അമ്മ വെറോനിക്കയും പെങ്ങളും മനസ്സില്ലാമനസ്സോടെ അയാളെ യാത്രയാക്കി. ആറോണി തൻറെ ചരിത്രഗവേഷണവുമായി ഊരു ചുറ്റുമ്പോള്‍ ലോകചരിത്രത്തില്‍ത്തന്നെ വളരെ നിര്‍ണ്ണായകമായ ഒരു സംഭവം നടന്നു. 1948 മെയ്‌ 14 ന്‌ ഇസ്രയേല്‍ ഔപചാരികമായി സ്വാതന്ത്യ്ര പ്രഖ്യാപനം നടത്തി. ലോകമെങ്ങും ചിതറിപ്പോയ ജൂതന്‍മാര്‍ ജന്മനാട്ടിലേയ്‌ക്ക്‌ തിരിച്ചെത്തണമെന്ന്‌ ആഹ്വാനമുണ്ടായി. അതിൻറെ അലയൊലികള്‍ മാളയിലുമെത്തി. നാട്ടിലെ ജൂതപ്രമാണിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ആരോണിയുടെ അമ്മയും പെങ്ങളും ഇസ്രയേലിലേയ്‌ക്കു പോയി. ആരോണി മടങ്ങിവരുന്നതു വരെ വീടും സ്വത്തും സംരക്ഷിക്കാന്‍ പഞ്ചായത്തധികൃതരെ ചുമതലപ്പെടുത്തിയിട്ടാണ്‌ അവര്‍ പോയത്‌. വീട്ടിലേയ്‌ക്കു മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന ആരോണിയാകട്ടെ ഒരപകടത്തില്‍പ്പെട്ട്‌ ഗുരുതരമായി പരുക്കേറ്റ്‌ ഉത്തരേന്ത്യയിലെവിടെയോ ഉള്ള ഒരാശ്രമത്തില്‍ അകപ്പെട്ടു പോയി. അയാള്‍ മരിച്ചു പോയി എന്നൊരു വാര്‍ത്ത നാട്ടില്‍ പരക്കുകയും ചെയ്‌തു. വര്‍ഷങ്ങള്‍ക്കു ശേഷം അല്‌പം അംഗവൈകല്യത്തോടെ ആരോണി നാട്ടില്‍ തിരിച്ചെത്തി. കയ്‌ക്കുന്ന അനുഭവങ്ങളാണ്‌ അയാള്‍ക്ക്‌ നേരിടേണ്ടി വന്നത്‌. ആരോണിയുടെ വീട്‌ ഇപ്പോള്‍ മാളയിലെ പോസ്റ്റ്‌ ഓഫീസ്‌ ആയി മാറിയിരിക്കുന്നു. മറ്റു സ്വത്തുവകകള്‍ നാട്ടുകാരില്‍ ചിലര്‍ കൈക്കലാക്കിയിരിക്കുന്നു. സ്വത്തു തട്ടിയെടുക്കാന്‍ വന്ന ആള്‍മാറാട്ടക്കാരനാണ്‌ ആരോണി എന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ മാത്രമല്ല, നാട്ടിലെ നിയമപാലകരും താത്‌പര്യപ്പെട്ടു. പിന്നീടുള്ള ആരോണിയുടെ ജീവിതമാണ്‌ സലിംകുമാര്‍ ഈ സിനിമയില്‍ പറയുന്നത്‌.

ഈ ഘട്ടത്തില്‍ വച്ച്‌ കഥയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിര്‍ത്തി വായനക്കാരെ സിനിമയിലേയ്‌ക്കു ക്ഷണിക്കാന്‍ ഞാനാഗ്രഹിക്കുന്നു. സിനിമ കണ്ടതിനു ശേഷം ഇപ്പോഴും വിടാതെ പിന്തുടരുന്ന രണ്ടു കാര്യങ്ങളെക്കുറിച്ചു പറയാം. ആരോണി ഒരു വ്യക്തി എന്ന നിലയില്‍ നേരിടുന്ന രണ്ടു വിധിവൈപരീത്യങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. ഗവേഷണബുദ്ധിയും ജ്ഞാനസമ്പാദന ത്വരയും കാരണം സ്വന്തം വംശത്തിൻറെ  സമ്പന്നവും വിപുലവുമായ സാസ്‌കാരിക ചരിത്രത്തിൻറെ വേരുകള്‍ തേടിപ്പോയ ഒരുവന്‍ തിരിച്ചെത്തുമ്പോള്‍ നിസ്വനായി മാറുന്നു. വേരുകളറ്റ്‌ തിരസ്‌കൃതനാകുന്നു. സ്വത്വം നഷ്‌ടപ്പെട്ടവനായി മാറുന്നു. താന്‍ ഒരു വ്യാജപ്രതിനിധാനമല്ലെന്നു തെളിയിക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലെത്തുന്നു. അത്രമേല്‍ വലിയ ദുര്യോഗം മറ്റൊന്നില്ല. ആരോണിയുടെ വീട്‌ ഒരു പോസ്റ്റ്‌ ഓഫീസായി മാറുന്നതാണ്‌ രണ്ടാമത്തെ കാര്യം. ആഗോളവത്‌കരണത്തിഌ മുമ്പുള്ള ഇന്‍ഡ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംവേദന മാദ്ധ്യമമായിരുന്നു തപാല്‍ സംവിധാനം. കറുത്ത ജൂതനില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന കാലത്ത്‌ തപാലാപ്പീസിന്‌ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഏതൊരാളുടെയും ഏറ്റവും പ്രധാനപ്പെട്ട ഐഡൻഡിറ്റിയായ മേല്‍വിലാസവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ കേന്ദ്രബിന്ദുവായ തപാലാപ്പീസ്‌ സ്വന്തം വീട്ടില്‍ പ്രവര്‍ത്തിക്കുന്നത്‌ ആരോണി കാണുന്നു. മാളക്കാരുടെ മുഴുവന്‍ മേല്‍വിലാസങ്ങള്‍ ആധികാരികമായി വന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ആ കെട്ടിടം സ്വന്തമായിരുന്നിട്ടു പോലും അതിൻറെ വരാന്തയില്‍ ഊരും പേരുമില്ലാത്ത ഒരഗതിയായി ആരോണി കിടക്കുന്നു. ഒടുവില്‍ നിയമം അയാളെ അവിടെനിന്നു പോലും ചവിട്ടിയിറക്കുന്നു. എത്ര നിര്‍ഭാഗ്യകരമായ, ഭയാനകമായ ജീവിതാവസ്ഥയാണത്‌!

"ഇസ്രയേല്‍ തുലയട്ടെ, പലസ്‌തീന്‍ സിന്ദാബാദ്‌'' എന്നൊരു ചുവരെഴുത്തുണ്ട്‌ ഈ സിനിമയില്‍. ജൂതന്‍മാരെക്കുറിച്ചും ഇസ്രയേലിനെക്കുറിച്ചും മലയാളികള്‍ക്കുള്ള രാഷ്‌ട്രീയമായ മുന്‍വിധി ആ മുദ്രാവാക്യത്തില്‍ പ്രകടമാണ്‌. നമ്മുടെ ആഗോളരാഷ്‌ട്രീയ ബോധവുമായി ബന്ധപ്പെട്ട മുന്‍വിധിയാണത്‌. പക്ഷേ എഴുത്തുകാരനെന്ന നിലയിലും ഗവേഷകനെന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്ന നിലയിലും മനുഷ്യാവസ്ഥയുടെ പ്രാപഞ്ചികതലങ്ങളെയാണ്‌ സലിംകുമാര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌.

ഉള്ളുലയ്‌ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ സലിംകുമാര്‍ പ്രക്ഷകര്‍ക്കുവേണ്ടി ഒരുക്കി വച്ചിട്ടുണ്ട്‌. ഇത്രയും ഗഹനമായ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും ആര്‍ക്കും മനസ്സിലാകുന്ന ആഖ്യാനലാളിത്യം പുലര്‍ത്തുന്നുണ്ട്‌, സലിംകുമാറിലെ എഴുത്തുകാരനും, സംവിധായകനും, നടനും. വേണമെങ്കില്‍ അതിവൈകാരികതയിലേയ്‌ക്കു വഴുതി വീണുപോകാമായിരുന്ന മുഹൂര്‍ത്തങ്ങളെ കൃതഹസ്‌തനായ ഒരു നടൻറെ പക്വതയോടെ സലിം അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിൻറെ പുറമ്പോക്കുകളുടെ ഏറ്റവും അറ്റത്തേയ്‌ക്കു തള്ളിനീക്കപ്പെടുന്ന പണ്‌ഡിതനും  സാത്വികനുമാണ്‌ ആരണ്‍ ഇല്യാഹു. അതുകൊണ്ടാകണം, അത്രമേല്‍ ലളിതമായി തൻറെ ജീവിതദുഃഖങ്ങളെ ആ മനുഷ്യന്‍ ദാര്‍ശനികവത്‌കരിക്കുന്നത്‌.

വര്‍ത്തമാനകാലം ചരിത്രത്തോടു കാണിക്കുന്ന നീതികേടിനെക്കുറിച്ചാണ്‌ ഈ സിനിമ എന്ന്‌ ഒറ്റവാക്കില്‍ പറയാം. ചരിത്രത്തെ ഇടിച്ചു നിരത്തി സ്‌മരണകളെ ഇല്ലാതാക്കുകയും വ്യാജനിര്‍മ്മിതികളെ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന സമകാലിക ലോകത്ത്‌ ഈ സിനിമ വളരെ പ്രസക്തമാണ്‌. അതുകൊണ്ടുതന്നെ മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട, വ്യതിരിക്തമായ ഒരു ചലച്ചിത്രസൃഷ്‌ടിയാണ്‌ കറുത്ത ജൂതന്‍.

No comments: