Wednesday, September 6, 2017

ലോത്തും പോത്തും പോത്തിൻറെ പെൺമക്കളും

കെ ബി വേണു 
കുരീപ്പുഴയും ബെന്യാമിനും 


ഫേബിയൻ ബുക്സിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയാണ് കവി കുരീപ്പുഴ. അടുത്ത് ബെന്യാമിൻ. ഫേബിയൻ പ്രസിദ്ധീകരണങ്ങളിൽ അക്ഷരത്തെറ്റുകൾ വളരെക്കുറവാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഹരിയെ അദ്ദേഹം അഭിനന്ദിച്ചു...കൂട്ടത്തിൽ തൻറെ പ്രസിദ്ധമായ ജെസ്സി എന്ന കവിതയുമായി ബന്ധപ്പെട്ട ചില അക്ഷരപ്പിശാചുകളെ ഓർക്കുകയും ചെയ്‌തു..
ലോത്തിൻറെ പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ
എന്ന ഭാഗത്തു വന്നപ്പോൾ പ്രസാധകനു തോന്നി, ''ലോത്തിൻറെ'' എന്ന വാക്കിൽ ഒരക്ഷരം വിട്ടുപോയെന്ന്. ഒട്ടും മടിക്കാതെ അദ്ദേഹം അത് ''ലോകത്തിൻറെ'' എന്നു തിരുത്തി അച്ചടിച്ചു.
ലോകത്തിൻറെ പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ
അത് ക്ഷമിക്കാൻ കവി തയ്യാറായിരുന്നു. എല്ലാവരും ഈ ബൈബിൾ കഥകൾ വായിക്കണമെന്നു വാശിപിടിക്കരുതല്ലോ..പക്ഷെ മറ്റൊരു പ്രസാധകൻറെ മനോധർമ്മം ശരിക്കും അതിരുകടന്നു...അതിങ്ങനെയായിരുന്നു....
"പോത്തിൻറെ'' പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ ....
"ഇഷ്ടമുടിക്കായൽ" എന്ന കവിതയുടെ ശീർഷകം തന്നെ തെറ്റിയെന്നു ബോദ്ധ്യപ്പെട്ട് "അഷ്ടമുടിക്കായൽ" എന്നു തിരുത്തി പ്രസിദ്ധീകരിച്ചവരെയും കവി ഓർത്തു.
ഫാബിയൻ ഹരി 

കുരീപ്പുഴയുടെ ദീർഘമായ പ്രസംഗവും തുടർച്ചയായ കവിതാലാപനവും കൊണ്ട് ധന്യമായിരുന്നു ആ സന്ധ്യ..അത് സാദ്ധ്യമാക്കിയ പ്രിയപ്പെട്ട ഹരിക്ക് നന്ദി...(എൻറെ ആദ്യ രണ്ടു പുസ്തകങ്ങളുടെയും പ്രസാധകൻ ഹരിയായിരുന്നു.)
ഫേബിയൻ ബുക്ക്സ് കൂടുതൽ കൂടുതൽ പുസ്തകങ്ങളുമായി നമുക്കിടയിൽ നിറഞ്ഞു നിൽക്കട്ടെ...

ഹിച്‌കോക്കിൻറെ പക്ഷികള്‍


കെ ബി വേണു 

ആൽഫ്രഡ് ഹിച്ച്കോക്ക് 
ഉദ്വേഗം അഥവാ സസ്‌പെന്‍സ്‌ ആണ്‌ സിനിമ അടക്കമുള്ള ഏല്ലാ കലാരൂപങ്ങളെയും ആകര്‍ഷകമാക്കുന്നത്‌. ഇത്‌ മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയ ചലച്ചിത്രകാരനാണ്‌ ആല്‍ഫ്രഡ്‌ ഹിച്‌കോക്ക്‌. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ ഒരു മനശ്ശാസ്‌ത്രജ്ഞൻറെ നിരീക്ഷണപാടവത്തോടെ ഹിച്‌കോക്ക്‌ അവതരിപ്പിക്കുന്നത്‌ യാഥാര്‍ത്ഥ്യ ബോധത്തിൻറെ ശക്തമായ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌. ലോകമെങ്ങുമുളള ചലച്ചിത്രപ്രമികള്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഹിച്‌കോക്ക്‌ എക്കാലത്തെയും മികച്ച ഒരു പാഠപുസ്‌തകമാകുന്നത്‌ അക്കാരണത്താലാണ്‌. വിഭ്രമത്തിനും യാഥാര്‍ത്ഥ്യത്തിനും  ഇടയ്‌ക്കുള്ള നേര്‍ത്ത വരമ്പിലൂടെയാണ്‌ ഹിച്‌കോക്കിൻറെ കിടയറ്റ ത്രില്ലറുകളെല്ലാം മുന്നോട്ടുപോകുന്നത്‌. 
കടുത്ത ഏകാന്തതയിലൂടെ കടന്നു പോയ ബാല്യമായിരിക്കണം ഹിച്‌കോക്കിനെ ഉദ്വേഗത്തിൻറെയും ഭയാനകമായ ജീവിതാവസ്ഥകളുടെയും ഉപാസകനാക്കിയത്‌. 

സൈക്കോ 
ബ്രിട്ടീഷ്‌ ചലച്ചിത്രലോകത്ത്‌ നിശ്ശബ്‌ദചിത്രങ്ങളുടെ കാലം തൊട്ടേ ലബ്‌ധപ്രതിഷ്‌ഠനായതിനു  ശേഷം 1939 ല്‍ ഹോളിവുഡ്ഡിലേക്കു ചുവടുമാറ്റിയ ഹിച്‌കോക്ക്‌ അവിടെയും തലയെടുപ്പുള്ള സംവിധായകനായി മാറി. ഹിച്‌കോക്കിൻറെ റബേക്ക, ഷാഡോ ഓഫ്‌ എ ഡൗട്ട്‌, സ്റ്റേജ്‌ ഫ്രയ്റ്റ്‌, ഡയല്‍ എം ഫോര്‍ മര്‍ഡര്‍, റിയര്‍ വിന്‍ഡോ, ദ്‌ മാന്‍ ഹു ന്യു റ്റു മച്‌, വെര്‍ടിഗോ, നോര്‍ത്‌ ബൈ നോര്‍ത്‌ വെസ്റ്റ്‌, സൈക്കോ, ബേഡ്‌സ്‌ തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങളെല്ലാം ഇക്കാലത്താണ്‌ പിറവിയെടുത്തത്‌. 

ഡാഫ്‌നി ഡി  മുറിയെയുടെ അതേ പേരിലുള്ള ഒരു കഥയാണ്‌ 1963 ല്‍ പുറത്തുവന്ന ബേഡ്‌സ്‌ എന്ന ചിത്രത്തിനാധാരം. മുറിയേയുടെ  തന്നെ റബേക്ക, ജമൈക്ക ഇന്‍ തുടങ്ങിയ നോവലുകളും ഹിച്‌കോക്ക്‌ സിനിമയാക്കിയിട്ടുണ്ട്‌.
 അമേരിക്കയിലെ ഒരു ചെറുപട്ടണത്തെ പക്ഷിക്കൂട്ടങ്ങള്‍ ആക്രമിക്കുന്നതിനെക്കുറിച്ചാണ്‌ ബേഡ്‌സ്‌ എന്ന സിനിമ. ബേഡ്‌സ്‌ പുറത്തിറങ്ങയിയിട്ട്‌ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അതിലെ ആക്രമണകാരികളായ പക്ഷികള്‍ ഉണര്‍ത്തിവിട്ട ഭീകരതയുടെ അലമാലകള്‍ അടങ്ങിയിട്ടില്ല. പശ്ചാത്തലസംഗീതത്തിനു  പകരം അന്തരീക്ഷത്തിലെ സ്വാഭാവികശബ്‌ദങ്ങളും തക്കം പാര്‍ത്തിരിക്കുന്ന പക്ഷികളുടെ ചിറകൊച്ചകളും കൊണ്ട്‌ ഹിച്‌കോക്ക്‌ സസ്‌പെന്‍സ്‌ സൃഷ്‌ടിച്ചു. തിയറ്ററിൻറെ അല്ലെങ്കില്‍ സ്വീകരണമുറിയുടെ വാതിലുകളും ജനാലകളും കൊത്തിപ്പൊളിച്ച്‌ ഏതു നിമിഷവും പറവകള്‍ ആക്രമിക്കുമെന്നു ഭയന്ന്‌ പ്രക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. 
ബേഡ്‌സ്‌ നിര്‍മ്മിക്കപ്പെട്ട കാലത്ത്‌ ലഭ്യമായിരുന്ന ഏറ്റവും മികച്ച അനിമേഷന്‍ ടെക്‌നോളജിയാണ്‌ ഹിച്‌കോക്ക്‌ ഉപയോഗിച്ചത്‌. അനിമേറ്റ്‌ ചെയ്‌ത പക്ഷികളെയും യഥാര്‍ത്ഥ പക്ഷികളെയും അദ്ദേഹം കൂട്ടിക്കലര്‍ത്തി. സ്‌പെഷ്യല്‍ ഇഫക്‌റ്റ്‌സിനുള്ള ഒരൊറ്റ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം മാത്രമാണ്‌ ബേഡ്‌സിനു  ലഭിച്ചത്‌. ക്ലിയോപാട്ര എന്ന ചിത്രത്തിന്‌ ഈ വിഭാഗത്തിലെ  ആ വര്‍ഷത്തെ  ഓസ്‌കാര്‍ ലഭിച്ചു. നിരൂപകരും അക്കാലത്ത്‌ ഈ സിനിമയെ വേണ്ടത്ര പ്രാത്സാഹിപ്പിച്ചില്ല. എന്നിട്ടും ബേഡ്‌സ്‌ കാലത്തെ അതിജീവിച്ചുകൊണ്ട്‌ നിലനില്‍ക്കുന്നു. 

എന്തുകൊണ്ടാണ്‌ ഈ പട്ടണത്തില്‍ പക്ഷികളുടെ സംഘടിതമായ ആക്രമണം നടന്നതെന്ന്‌ വ്യക്തമാക്കാന്‍ ഹിച്‌കോക്ക്‌ മുതിരുന്നില്ല. ചിത്രത്തിലൊരിടത്തും അതിനുള്ള വിശദീകരണങ്ങളില്ല. അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങളെ പലപ്പോഴും വിഷയമാക്കാറുള്ള അമേരിക്കന്‍ സിനിമയില്‍ ഭൂമിയില്‍ നിന്നു തന്നെയുള്ള, പ്രകൃതിയില്‍ നിന്നു തന്നെയുള്ള അകാരണമായ ഒരാക്രമണത്തിൻറെ കഥ പറഞ്ഞു കൊണ്ട്‌ ഹിച്‌കോക്ക്‌ വ്യത്യസ്‌തനായി.
ദി ബേഡ്‌സ് 
ശാന്തിയുടെയും സമാധാനത്തിൻറെയും പ്രണയത്തിൻറെയുമൊക്കെ പ്രതീകങ്ങളായി തിരശ്ശീലയില്‍ തെളിയാറുള്ള പക്ഷികളെ മാംസഭുക്കുകളായ ഭീകരജീവികളായി ചിത്രീകരിച്ചുകൊണ്ട്‌ ഹിച്ച്‌കോക്ക്‌ സ്വയം നിര്‍വ്വചിച്ചു. കാണികളെ കഴിയുന്നത്ര ഭയചകിതരാക്കുക എന്നതാണ്‌ (Always make the audience suffer as much as possible) തൻറെ ചലച്ചിത്രമീമാംസ എന്ന്‌ ഹിച്‌കോക്ക്‌ വിശ്വസിച്ചിരുന്നു. ചിത്രം അവസാനിക്കുമ്പോള്‍ ‘ദി എന്‍ഡ്‌’ എന്ന്‌ സംവിധായകന്‍ എഴുതിക്കാണിക്കുന്നില്ല. എല്ലാം ശാന്തമായെന്നു കരുതേണ്ടതില്ലെന്നും ഭീകരതയ്‌ക്കും ഉദ്വേഗത്തിനും  ഒരിക്കലും അവസാനമില്ലെന്നുമാണോ സസ്‌പെന്‍സിൻറെ ചക്രവര്‍ത്തിയായ ഹിച്‌കോക്ക്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌?
ദി ബേഡ്‌സ് : അവസാന രംഗം 

Saturday, September 2, 2017

സിനിമയുടെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ


സിനിമാ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. 
മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സിനിമകളിലൂടെ 
നടത്തുന്ന ഒരു ലോകസഞ്ചാരമാണ് ഈ പുസ്തകം. സിനിമയുടെ ഈ സ്വതന്ത്രറിപ്പബ്ലിക്കില്‍ എല്ലാതരം ചിത്രങ്ങളും സംവിധായകരും തോള്‍ചേരുന്നു; ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള സിനിമകള്‍, രേഖാചിത്രങ്ങള്‍, സംവിധായകര്‍ എന്നിവയെക്കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. അതിദീര്‍ഘമായ പഠനങ്ങള്‍ എന്നതിനെക്കാളുപരി പ്രസ്തുത സിനിമകളിലേക്കും സംവിധായകരിലേക്കുമുള്ള പ്രവേശികകളാണിവ. അതുകൊണ്ടുതന്നെ സിനിമയിലേക്കും സിനിമ ലോകമെമ്പാടും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന മായികലോകത്തിലേക്കുമുള്ള തിരസ്‌കരിക്കാനാവാത്ത ക്ഷണങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും.
- സി.എസ്. വെങ്കിടേശ്വരന്‍ 

(അവതാരികയിൽ)

Monday, August 28, 2017

അല്‍മൊദോവാറിൻറെ ഒഴിവുകാല വിനോദയാത്ര

കെ ബി വേണു I Am So Excited/ Pedro Almodovar/ Spain/2013/90 minutes


ലോകം മുഴുവന്‍ ആരാധകരുള്ള സമകാലികസംവിധായകരില്‍ പ്രമുഖനാണ്‌ പെദ്രാ അല്‍മൊദോവാര്‍. ജനപ്രിയഘടകങ്ങള്‍ കൂട്ടിയിണക്കിക്കൊ­ണ്ടാണ്‌ അദ്ദേഹം കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരുക്കാറുള്ളത്‌. ഓള്‍ എബൗട്ട്‌ മൈ മദര്‍, ടോക്‌ റ്റു ഹെര്‍, വോള്‍വെര്‍ തുടങ്ങിയ അല്‍മൊദോവാറിൻറെ മികച്ച സിനിമകളെല്ലാം കലയുടെയും കച്ചവടത്തിൻറെയും സമര്‍ത്ഥമായ സംയോജനങ്ങളായിരുന്നു. വളരെ ഗൗരവമുള്ള വിഷയങ്ങള്‍ പറയുമ്പോഴും കഥാഗതിക്ക്‌ ഒരു ഭംഗവും വരാതെ തമാശകളും ഗാനങ്ങളും രതിയും അവതരിപ്പിക്കുന്ന സമ്പ്രദായമാണ്‌ അദ്ദേഹത്തിൻറെത്‌. തികച്ചും ഉദ്വേഗജനകമായ അവതരണം കൊണ്ട് തൻറെ സിനിമകളെ അല്‍മൊദോവാര്‍ ഒന്നിനൊന്ന്‌ വ്യത്യസ്‌തമാക്കി. തീക്ഷ്‌ണമായ സ്‌പാനിഷ്‌ ജീവിതപരിസരത്തിലെ വിചിത്ര കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തനിമചോരാതെ അദ്ദേഹം ലോകത്തിനു  മുന്നില്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളും, ലൈംഗികത്തൊഴിലാളികളും ഭ്രാന്തന്‍മാരും ഉണ്ടായിരുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പ്‌ ലംഘിക്കുന്ന പല സന്ദര്‍ഭങ്ങളും അല്‍മൊദോവാറിൻറെ സിനിമകളില്‍ കാണാം. പക്ഷേ പ്രേക്ഷകര്‍ അതില്‍ അസ്വാഭാവികതയൊന്നും കാണാറില്ല. ഹോളിവുഡ്‌ സിനിമകള്‍ അല്‍മൊദോവാറിനെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഹോളിവുഡിൻറെ മോഹവലയത്തില്‍ അദ്ദേഹം വീണുപോയിട്ടുമില്ല. 
പെദ്രോ അൽമൊദോവാർ 

സ്‌പെയിനില്‍ നിന്ന്‌ മെക്‌സിക്കോ സിറ്റിയിലേയ്‌ക്കു പോകുന്ന ഒരു വിമാനം യന്ത്രത്തകരാര്‍ കാരണം ആകാശത്ത്‌ ചുറ്റിക്കറങ്ങുന്നു. വിമാനം ഇടിച്ചിറക്കുകയേ പോംവഴിയുള്ളൂ. സംഘര്‍ഷഭരിതമായ ഈ അവസ്ഥയെ തുള്ളിത്തുളുമ്പുന്ന നര്‍മ്മരസത്തോടെ അവതരിപ്പിക്കുകയാണ്‌ അല്‍മൊദോവാറിൻറെ ഐ ആം സോ എക്‌സൈറ്റഡ്‌ (2013) എന്ന ചിത്രം. വിമാനം അപകടസ്ഥിതിയിലാണെന്നറിഞ്ഞാല്‍ യാത്രക്കാര്‍ പരിഭ്രാന്തരാകുമെന്ന്‌ മുന്‍കൂട്ടിക്ക­ണ്ട  പരിചാരകര്‍ ഭക്ഷണപാനീയങ്ങളില്‍ അല്‍പം മയക്കുമരുന്ന്‌ കലര്‍ത്തി അവരെ ഉറക്കിക്കിടത്തുന്നു. ഇക്കോണമി ക്ലാസിലെ യാത്രക്കാരെ മാത്രമാണ്‌ മയക്കിക്കിടത്തുന്നത്‌. ബിസിനസ്‌ ക്ലാസ്സിലെ യാത്രക്കാര്‍ സത്യാവസ്ഥ മനസ്സിലാക്കുന്നു. അക്കൂട്ടത്തില്‍ പ്രശസ്‌തനായ ഒരു ചലച്ചിത്രനടനുണ്ട്. ഒരു കോര്‍പറേറ്റ്‌ സി ഇ ഒ ഉണ്ട്, ലോകത്തിലെ അറുന്നൂറോളം സുപ്രധാന വ്യക്തികളുടെ രഹസ്യ രതിജീവിതങ്ങള്‍ പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളും കൈവശമുണ്ടെന്നവകാശപ്പെടുന്ന ഒരു മദ്ധ്യവയസ്‌കയു­ണ്ട്, ഈ വിമാനത്തില്‍ത്തന്നെ യാത്ര ചെയ്യുന്ന ഒരാളെ വധിക്കാന്‍ കരാറെടുത്തിട്ടുള്ള വാടകക്കൊലയാളിയുണ്ട്. ഇതൊന്നും പോരാതെ അസാമാന്യമായ പ്രവചനപ്രതിഭയു­ണ്ടെന്നവകാശപ്പെടുന്ന, അല്‌പം കിറുക്കുള്ള ഒരു നാല്‍പതുകാരിയുണ്ട്. വിമാനം താഴെയിറങ്ങും മുമ്പ്‌ തൻറെ കന്യകാത്വം ത്യജിക്കും എന്നതാണ്‌ അവളുടെ ഏറ്റവും പുതിയ പ്രവചനം. 


വിമാനത്തിലെ പരിചാരകരിലൊരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്‌. പൈലറ്റുമാരില്‍ ഒരാളുമായി അയാള്‍ക്ക്‌ ബന്ധവുമുണ്ട്. ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ ബോധം കെട്ടുറങ്ങുമ്പോള്‍ ബിസിനസ്‌ ക്ലാസില്‍ ജീവിതത്തിനും  മരണത്തിനും  ഇടയ്‌ക്കുള്ള അവസാനത്തെ ആഘോഷം പൊടിപൊടിക്കുന്നു. പരിചാരകര്‍ യാത്രക്കാര്‍ക്ക്‌ അമിത രതിവികാരം ഉണര്‍ത്തുന്ന ഒരു പദാര്‍ത്ഥം അവരറിയാതെ ഭക്ഷണപാനീയങ്ങളില്‍ ചേര്‍ത്തു കൊടുക്കുന്നു. അതോടെ എല്ലാവരും ഉള്ളിലുള്ള രഹസ്യങ്ങള്‍ പുറത്തു പറയാന്‍ തുടങ്ങി. ഭൂമിയില്‍ മാന്യതയുടെ മുഖംമൂടി ധരിച്ച ഉന്നതവ്യക്തികള്‍ ഒന്നും മറച്ചുവയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തോന്നിയതുപോലൊക്കെ പെരുമാറുകയായി. മദ്യത്തിൻറെയും രതിയുടെയും ലഹരി അവര്‍ക്കിടയില്‍ പടര്‍ന്നു. ഇതിനൊക്കെ അരങ്ങൊരുക്കിയ പരിചാരകവൃന്ദം പോയിന്റര്‍ സിസ്റ്റേഴ്‌സ്‌ എന്ന അമേരിക്കന്‍ സംഗീതസംഘത്തിന്റെ ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന ഗാനത്തിനൊപ്പം ചുണ്ടനക്കിയും ചുവടുവെച്ചും രംഗം കൊഴുപ്പിച്ചു. 


പാട്ടിൻറെ വരികള്‍ ഇങ്ങനെ: 


I'm so excited and I just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
And I know, I know, I know, I know, I know I want you

We shouldn't even think about tomorrow
Sweet memories will last for long long time
We'll have a good time, baby, don't you worry
And if we're still playing around boy that's just fine

Let's get excited, we just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
I know, I know, I know, I know, I know, I want you, I want you
ലോല ദ്യുനസ് 

മരണം വാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും ജീവിതലഹരിയുടെ അവസാനമധുരവും ഌണയാനുള്ള ആസക്തിയാണ്‌ ഇവരില്‍. മരണവും രതിയും തമ്മിലുണ്ടെന്നു  പറയപ്പെടുന്ന അനിര്‍വചനീയമായ ബന്ധത്തെക്കുറിച്ചു തന്നെയാകാം ഒരുപക്ഷേ അല്‍മൊദോവാര്‍ വിവക്ഷിക്കുന്നത്‌.
 1980 ല്‍ ചലച്ചിത്രജീവിതമാരംഭിച്ച അല്‍മൊദോവാറുടെ ആദ്യകാലചിത്രങ്ങള്‍ കാര്യമായ നിരൂപകശ്രദ്ധയൊന്നും നേടിയിരുന്നില്ല. ചില സിനിമകള്‍ സോഫ്‌റ്റ്‌ പോണ്‍ നിലവാരത്തിലുള്ള രംഗങ്ങള്‍ കൊണ്ടു  സമൃദ്ധമായിരുന്നു താനും. 1999 ല്‍ പുറത്തുവന്ന ഓള്‍ എബൗട്ട്‌ മൈ മദര്‍ എന്ന ചിത്രമാണ്‌ അല്‍മൊദോവാറുടെ കഥാകഥനരീതിയെ ലോകപ്രശസ്‌തമാക്കിയത്‌. തുടര്‍ന്നുവന്ന ടോക്‌ റ്റു ഹെര്‍ (2002), ബാഡ്‌ എജ്യുക്കേഷന്‍ (2004), വോള്‍വെര്‍ (2006), ബ്രോക്കണ്‍ എംബ്രയ്‌സസ്‌ (2009), ദ്‌ സ്‌കിന്‍ ഐ ലിവ്‌ ഇന്‍ (2011) തുടങ്ങിയ സിനിമകളില്‍ ഗൗരവമുള്ള വിഷയങ്ങളെ അനനുകരണീയമായ ആഖ്യാനശൈലിയില്‍ അദ്ദേഹം ആവിഷ്‌കരിച്ചു. 
പെനിലോപ് ക്രൂസിനൊപ്പം
അൽമൊദോവാർ 
ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന സിനിമയില്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സ്വന്തം സിനിമകളിലേയ്‌ക്ക്‌ അല്‍മൊദോവാര്‍ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കുന്നതായി അനുഭവപ്പെടുന്നു. മുന്‍പ്‌ പല സിനിമകളിലും അല്‍മൊദോവാറുമായി സഹകരിച്ചിട്ടുള്ള പ്രഗത്ഭതാരങ്ങള്‍ പലരും ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. സെസിലിയ റോത്ത്‌, ജാവിയര്‍ കമാറ, ലോല ദ്യുനാസ്‌ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായപ്പോള്‍ അൻറോണിയോ ബൻറാറസും പെനിലോപ്‌ ക്രൂസും ആദ്യരംഗത്തിലെ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടുന്നു. സിനിമകള്‍ക്ക്‌ ആവശ്യമായ വ്യത്യസ്‌ത കഥാപശ്ചാത്തലങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്‌ദ്ധനാണ്‌ അല്‍മൊദോവാര്‍. ഈ സിനിമയുടെ പശ്ചാത്തലവും അത്തരത്തില്‍ വ്യത്യസ്‌തമാണ്‌. സങ്കീര്‍ണ്ണമായ പ്രമേയങ്ങള്‍ ആവിഷ്‌കരിച്ച ഏതാനും  സിനിമകള്‍ക്കു ശേഷം അല്‍മൊദോവാര്‍ നടത്തിയ ഒരു ഒഴിവുകാല വിനോദയാത്ര പോലെയാണ്‌ ഈ സിനിമ അനുഭവപ്പെടുന്നത്‌. എങ്കില്‍പ്പോലും ഉറവ വറ്റാത്ത പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇവിടെയും കാണാം - അല്‍മൊദോവാറുടെ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും.

FROM THE PAST

കെ ജി ജോർജ്ജിനെക്കുറിച്ചും അദ്ദേഹത്തിൻറെ സിനിമകളെക്കുറിച്ചും വളരെയേറെ എഴുതാൻ അവസരമുണ്ടായിട്ടുണ്ട്. ഇതോടൊപ്പമുള്ളത് ഞാൻ ആദ്യമായി അദ്ദേഹത്തെ ഇൻറർവ്യൂ ചെയ്ത് എഴുതിയ ലേഖനമാണ്. ഇന്ത്യൻ എക്സ്പ്ര സ്സിൻറെ  കോഴിക്കോട് ഏഡിഷനിലായിരുന്നു അന്ന്...

ശബ്‌ദഭീകരതയുടെ ചലച്ചിത്രകാലം


കെ ബി വേണു 


Berberian Sound Studio/Peter Strickland/2012/UK/92 Minutes


1927 ല്‍ ജാസ്‌ സിങ്ങര്‍ എന്ന അമേരിക്കന്‍ സിനിമ പുറത്തുവന്നതോടെയാണ്‌ നിശ്ശബ്‌ദചിത്രങ്ങള്‍ ശബ്‌ദചിത്രങ്ങളായി മാറിയത്‌. പക്ഷേ നിശ്ശബ്‌ദചിത്രങ്ങളും വലിയ ശബ്‌ദഘോഷത്തോടെയാണ്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ അനുയോജ്യമായ വാദ്യസംഗീതവും കഥാസാരം തത്സമയം ഉറക്കെ വിളിച്ചുപറയുന്ന പ്രസംഗകരും ചേര്‍ന്ന്‌ തിയറ്ററുകളെ ശബ്‌ദമുഖരിതമാക്കിയ കാലമായിരുന്നു അത്‌. സിനിമയില്‍ ശബ്‌ദം വന്നാല്‍ ഫ്രേയ്‌മുകളിലെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന്‌ വാദിച്ചവരും അക്കാലത്തുണ്ടായിരുന്നു. നിശ്ശബ്‌ദ കാലഘട്ടം കഴിഞ്ഞിട്ടും രണ്ടു നിശ്ശബ്‌ദസിനിമകള്‍ -  സിറ്റി ലൈറ്റ്‌സ്‌ (1931), മോഡേണ്‍ ടൈംസ്‌ (1936) - സംവിധാനം ചെയ്‌തയാളാണ്‌ ചാര്‍ളി ചാപ്ലിന്‍. പൂര്‍ണ്ണമായും നിശ്ശബ്‌ദമായിരുന്നു ഈ ചിത്രങ്ങളെന്നു പറയാന്‍ വയ്യ. കാരണം രണ്ടിലും സൗണ്ട് ഇഫക്‌റ്റ്‌ ഉപയോഗിച്ചിരുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം ശബ്‌ദം എത്ര പ്രധാനമാണെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാകും. 

ചാർളി ചാപ്ലിൻ 
ശബ്‌ദങ്ങളെയും ദൃശ്യങ്ങളെയും എങ്ങനെ വേണമെങ്കിലും സൃഷ്‌ടിക്കാനും  വികസിപ്പിക്കാനുമുള്ള സാങ്കേതിക വിദ്യ ലഭ്യമായിട്ടുള്ള ഈ നൂറ്റാണ്ടില്‍ എഴുപതുകളിലെ സിനിമകളില്‍ ഉപയോഗിച്ചിരുന്ന ശബ്‌ദസാങ്കേതിക വിദ്യിയിലേയ്‌ക്ക്‌ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കുകയാണ്‌ പീറ്റര്‍ സ്‌ട്രിക്‌ ലാന്‍ഡ്‌ സംവിധാനം ചെയ്‌ത ബെര്‍ബേറിയന്‍ സൗണ്ട്  സ്റ്റുഡിയോ എന്ന ബ്രിട്ടീഷ്‌ സിനിമ. പോയ നൂറ്റാണ്ടിലെ ചലച്ചിത്ര ശബ്‌ദ സാങ്കേതിക വിദ്യയ്‌ക്കും അക്കാലത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക വിദഗ്‌ദ്ധര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള ആദരം കൂടിയാണ്‌ ഈ ചിത്രം. ഹൊറര്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന ഒരു ഇറ്റാലിയന്‍ സ്റ്റുഡിയോ ആണ്‌ പശ്ചാത്തലം. (ഈ ഒരൊറ്റ ലൊക്കേഷന്‍ മാത്രമേ സിനിമയിലുള്ളൂ) 
പീറ്റര്‍ സ്‌ട്രിക്‌ ലാന്‍ഡ്‌ 

സാൻറ്റിനി എന്ന സംവിധായകൻറെ  ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന സിനിമയുടെ പോസ്റ്റ്‌ പ്രാഡക്‌ഷന്‍ ജോലികള്‍ നടക്കുകയാണ്‌. സൗണ്ട് ഇഫക്‌റ്റുകള്‍ റെക്കോഡ്‌ ചെയ്യാനായി ഗില്‍ദിറോയ്‌ എന്ന ശുദ്ധഗതിക്കാരനായ ബ്രിട്ടീഷ്‌ സൗണ്ട് എഞ്ചിനീയറെ കൊണ്ടു വന്നിരിക്കുകയാണ്‌. ഫോളി ആര്‍ട്ടിസ്റ്റുകള്‍ എന്നാണ്‌ ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നത്‌. പാത്രത്തില്‍ നിന്ന്‌ കപ്പിലേയ്‌ക്ക്‌ ചായ പകരുന്നതിൻറെ, കര്‍ട്ടനുകള്‍ ഉലയുന്നതിൻറെ, വാഹനങ്ങളുടെ….അങ്ങനെ സൗണ്ട്  ഇഫക്‌റ്റിൻറെ മൊത്തം ജോലികള്‍ ഇവരുടെ ചുമതലയിലായിരുന്നു. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷത്തിലേയ്‌ക്കാണ്‌ സാധുവായ ഗില്‍ദിറോയ്‌ വന്നുപെട്ടത്‌. 

സ്റ്റുഡിയോയിലെ സുന്ദരിയായ റിസപ്‌ഷനിസ്റ്റ്‌ അടക്കം ആരും അയാളോട്‌ സൗഹാര്‍ദ്ദത്തോടെ പെരുമാറിയില്ല. കുതിരകളുമായി ബന്ധപ്പെട്ട പ്രമേയമാണ്‌ സിനിമയുടേതെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ അയാള്‍ വന്നത്‌. “ഇക്വേസ്‌ട്രിയന്‍” എന്ന ആംഗലേയപദത്തിന്‌ “കുതിരസവാരിയുമായി ബന്ധപ്പെട്ടത്‌” എന്നാണല്ലോ അര്‍ത്ഥം. പക്ഷേ അതൊരു രക്തരൂഷിതമായ ഹൊറര്‍ സിനിമയാണെന്ന്‌ അയാള്‍ ഞെട്ടലോടെ മനസ്സിലാക്കി. അതിനു മുമ്പ്‌ അയാള്‍ ഹൊറര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നു. പ്രകൃതിയും പക്ഷിമൃഗാദികളും മഌഷ്യനും  ഇണങ്ങി ജീവിക്കുന്ന ഹരിതാഭമായ ഇംഗ്ലീഷ്‌ നാട്ടിന്‍പുറങ്ങളിലായിരുന്നു അയാള്‍ പ്രവര്‍ത്തിച്ച പല സിനിമകളും ചിത്രീകരിച്ചത്‌. ശാന്തസുന്ദരമായ ജന്മ ദേശത്തുനിന്ന്‌ വാത്സല്യത്തിൻറെ ഇളംകാറ്റുമായി ഇടയ്‌ക്കിടെ വന്നുകൊ­ിരുന്ന അമ്മയുടെ കത്തുകള്‍ ഗില്‍ദിറോയെ സ്റ്റുഡിയോ അന്തരീക്ഷത്തില്‍ നിന്ന്‌ മാനസികമായി അകറ്റിക്കൊണ്ടിരുന്നു. അക്കാലത്തെ സിനിമയില്‍ സൗണ്ട് ഇഫക്‌റ്റുകള്‍ എങ്ങനെയാണ്‌ സൃഷ്‌ടിച്ചിരുന്നത്‌ എന്നതിൻറെ വിശദാംശങ്ങള്‍ ഈ ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അന്നു തിയറ്ററുകളില്‍ കേട്ട പൊട്ടിച്ചിരികള്‍, രോദനങ്ങള്‍, അലര്‍ച്ചകള്‍, കാല്‍പ്പെരുമാറ്റങ്ങള്‍ ….അവയൊക്കെ സൃഷ്‌ടിക്കാന്‍ വേണ്ടി കഷ്‌ടപ്പെട്ട കലാകാരന്‍മാര്‍…അവരോട്‌ നിര്‍മ്മാതാക്കളും സംവിധായകരും കാണിച്ച അനീതികള്‍… 


സില്‍വിയ എന്നും ക്ലോഡിയ എന്നും പേരുള്ള രണ്ടു നടിമാരാണ്‌ സിനിമയിലെ ഹൊറര്‍ സീനുകള്‍ക്ക്‌ ഭാവതീവ്രത വരുത്താന്‍ വേണ്ടി തൊണ്ട ­പൊട്ടി അലറുകയും കരയുകയുമൊക്കെ ചെയ്യുന്നത്‌. ദുര്‍മ്മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട കഥാപാത്രങ്ങളെ പുരോഹിതനും  സംഘവും പീഡിപ്പിക്കുന്ന രംഗങ്ങളാണ്‌.  കൊട്ടക്കണക്കിനു  കൊണ്ടുവരുന്ന പഴങ്ങളിലും പച്ചക്കറികളിലും കത്തികൊണ്ടു കുത്തിയും മറ്റും മനുഷ്യമാംസത്തില്‍ മാരകായുധങ്ങളും പീഡനോപകരണങ്ങളും പ്രയോഗിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദങ്ങള്‍ ഗില്‍ദിറോയും കൂട്ടരും പുനഃസൃഷ്‌ടിക്കുന്നു. സില്‍വിയയുടെയും ക്ലോഡിയയുടെയും അലര്‍ച്ചകള്‍ ആ ശബ്‌ദങ്ങളുമായി കൂടിക്കലരുമ്പോള്‍ സ്റ്റുഡിയോ ഒരു പ്രേതഭവനവും പീഡനഗൃഹവുമായി അനുഭവപ്പെടുന്നു. ദുര്‍മ്മന്ത്രവാദിനിയുടെ ഗുഹ്യഭാഗത്തിലേയ്‌ക്ക്‌ ഒരു പീഡനോപകരണം കടത്തുന്നതിൻറെ ശബ്‌ദം എങ്ങനെയുണ്ടാക്കാമെന്ന്‌ സംവിധായകന്‍ ചര്‍ച്ച ചെയ്യുമ്പോഴേയ്‌ക്ക്‌ ദുര്‍ബ്ബലമനസ്‌കനായ ഗില്‍ദിറോയ്‌ തകര്‍ന്നുപോകുന്നു. തികഞ്ഞ അഹംഭാവിയും സ്‌ത്രീലമ്പടനുമാണ്‌ സംവിധായകന്‍ സാൻറീനി. താന്‍ സംവിധാനം ചെയ്യുന്നത്‌ ഹൊറര്‍ സിനിമയല്ലെന്നും അതൊരു മഹത്തായ ആര്‍ട്‌ സിനിമയാണെന്നും അയാള്‍ ഗില്‍ദിറോയോട്‌ ഉറപ്പിച്ചു പറഞ്ഞു. 
ൻറെ സിനിമയുമായി സഹകരിക്കുന്ന നടിമാരെ വെറും ഭോഗവസ്‌തുക്കളായാണ്‌ അയാള്‍ കാണുന്നത്‌.
ദുര്‍മ്മന്ത്രവാദിനിക്കു വേണ്ടി  അലറുന്ന നടിയോട്‌ അയാള്‍ പറഞ്ഞു:  “നീ ഓര്‍ഗാസമനുഭവിക്കുന്ന ശബ്‌ദം അനുകരിച്ചു കേള്‍പ്പിച്ചു കഷ്‌ടപ്പെടേ­ണ്ട. ആ ശബ്‌ദം നിൻറെ അടുത്ത കാസ്റ്റിങ്‌ ഡയറക്‌റ്ററെ കേള്‍പ്പിച്ചാല്‍ മതി.” പിന്നീട്‌ സാന്തീനി സില്‍വിയയെ ബലാത്‌കാരം ചെയ്‌തതായി ഗില്‍ദിറോയ്‌ മനസ്സിലാക്കുന്നു. അതുവരെ ചെയ്‌തു വെച്ച ജോലികള്‍ മുഴുവന്‍ താറുമാറാക്കിക്കൊണ്ട് ഒരു രാത്രിയില്‍ സില്‍വിയ അപ്രത്യക്ഷയാകുന്നു. എലിസ എന്ന മറ്റൊരു നടി ആ ജോലികള്‍ പൂര്‍ത്തിയാക്കാനെത്തുമ്പോഴേയ്‌ക്കും യാഥാര്‍ത്ഥ്യവും സിനിമയും തമ്മിലുള്ള അതിര്‍ത്തിരേഖ മാഞ്ഞുതുടങ്ങിയിരുന്നു. 
തൊഴിലാളികളെ മൃഗതുല്യരായി കാണുന്ന സ്റ്റുഡിയോ ഉടമകള്‍ ഗില്‍ദിറോയ്‌ക്ക്‌ വിമാന യാത്രാക്കൂലി കൊടുക്കാന്‍ തയ്യാറാകുന്നില്ല. ഗില്‍ദിറോയ്‌ വന്നു എന്നു പറയുന്ന ദിവസം അങ്ങനെയൊരു ഫ്‌ളൈറ്റ്‌ ഉണ്ടായിരുന്നില്ല എന്ന്‌ അവര്‍ സമര്‍ത്ഥിക്കാന്‍ തുനിയുമ്പോഴേയ്‌ക്ക്‌ അയാള്‍ സാൻറീനിയുടെ ഹൊറര്‍ സിനിമ സൃഷ്‌ടിക്കുന്ന അയാര്‍ത്ഥലോകത്തിലേയ്‌ക്ക്‌ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. താന്‍ അനുഭവിക്കുന്നത്‌ യാഥാര്‍ത്ഥ്യമാണോ  സ്വപ്‌നമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേയ്‌ക്ക്‌ ഗില്‍ദിറോയ്‌ എടുത്തെറിയപ്പെട്ടു. സിനിമയുടെ നിര്‍മ്മാതാവിനെപ്പോലെ അയാളും പുതിയ നടിയെ മാനസികമായി പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. യാഥാസ്ഥിതികമായ ബ്രിട്ടീഷ്‌ സിനിമയുടെ ചുറ്റുപാടുകളില്‍ നിന്നു വന്ന ഒരാള്‍ക്ക്‌ ആഡംബരപൂര്‍ണ്ണവും അക്രമാസക്തവുമായ ഇറ്റാലിയന്‍ സാഹചര്യത്തില്‍ സംഭവിക്കുന്ന നിഷ്‌കളങ്കതാനഷ്‌ടമായും വേണമെങ്കില്‍ ഈ മാറ്റത്തെ വ്യാഖ്യാനിക്കാം. സിനിമയിലെ ശബ്‌ദസന്നിവേശനത്തിൻറെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സ്‌ട്രിക്‌ ലാന്‍ഡ്‌ ഈ സിനിമ സംവിധാനം ചെയ്‌തതെന്ന്‌ ആദ്യമേ പറഞ്ഞല്ലോ. 

സിനിമയ്‌ക്കുള്ളില്‍ പരാമര്‍ശിക്കപ്പെടുന്ന ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന ചിത്രത്തിൻറെ ഒരു ഷോട്ട്‌ പോലും പ്രേക്ഷകര്‍ കാണുന്നില്ല. ശബ്‌ദങ്ങള്‍ കൊണ്ടു മാത്രം ആ സിനിമ അനുഭവിപ്പിക്കാനാണ്‌ സ്‌ട്രിക്‌ ലാന്‍ഡ്‌ ശ്രമിക്കുന്നത്‌. ചിത്രം തുടങ്ങുമ്പോള്‍ കാണിക്കുന്ന ടൈറ്റിലുകള്‍ പോലും ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന സിനിമയ്‌ക്കുള്ളിലെ സിനിമയുടേതാണ്‌. എന്‍ഡ്‌ ക്രെഡിറ്റുകളില്‍ മാത്രമാണ്‌ ബെര്‍ബേറിയന്‍ സൗണ്ട്  സ്റ്റുഡിയോ എന്ന്‌ എഴുതിക്കാണിക്കുന്നത്‌. സിനിമയില്‍ അദൃശ്യമായിരിക്കുന്ന സാങ്കേതികതയെ ദൃശ്യമാക്കുകയാണ്‌ സ്‌ട്രിക്‌ ലാന്‍ഡിന്റെ ലക്ഷ്യം. ടോബി ജോണ്‍സ്‌ എന്ന വിഖ്യാതനടൻറെ തിളക്കമുള്ള പ്രകടനം ഈ സിനിമയെ സമ്പന്നമാക്കിയിരിക്കുന്നു. 
ടോബി ജോൺസ്‌ 
ഇന്‍ഫെയ്‌മസ്‌ (2006) എന്ന ജീവചരിത്ര സിനിമയില്‍ അമേരിക്കന്‍ സാഹിത്യകാരന്‍ ട്രൂമാന്‍ കപോട്ടിയായി വേഷമിട്ട ടോബി ജോണ്‍സ്‌ ബി ബി സി - എച്‌ ബി ഓ സംരംഭമായ ദി ഗേള്‍ (2012) എന്ന ചിത്രത്തില്‍  ആല്‍ഫ്രഡ്‌ ഹിച്‌കോക്കിൻറെ പുനരവതാരമായി. ഹിച്‌കോക്കിൻറെ സിനിമകളിലെ നായികമാരെക്കുറിച്ചായിരുന്നു ആ ചിത്രം .ആദ്യ ഫീച്ചര്‍ സിനിമയായ കാതലീന്‍ വര്‍ഗ (2009) യില്‍ത്തന്നെ സ്‌ട്രിക്‌ ലാന്‍ഡ്‌ കൈകാര്യം ചെയ്‌തത്‌ ഒരു പ്രതികാരകഥയാണ്‌. 2005 ല്‍ ബെര്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോയുടെ പ്രമേയം ഒരു ഹ്രസ്വചിത്രമായി ചെയ്‌തിരുന്നു. ശബ്‌ദസിനിമ വളര്‍ച്ചയുടെ വഴികളിലായിരുന്ന കാലഘട്ടത്തിൻറെ പുനരാവിഷ്‌കാരം എന്ന നിലയില്‍ ഈ സിനിമ ഓര്‍മ്മിക്കപ്പെടും. ഒപ്പം നവലോകസിനിമയിലെ ശക്തവും ദീപ്‌തവുമായ സാന്നിദ്ധ്യമായി ഈ സംവിധായകനും  ഉണ്ടാകും.


ഹെമിങ്‌വേയുടെ ശബ്‌ദം കേള്‍ക്കുമ്പോള്‍

കെ ബി വേണു The Spanish Earth/Joris Ivens/1937/Documentary/52 minutes


വിശ്വവിഖ്യാത സാഹിത്യകാരന്‍ ഏണസ്റ്റ്‌ ഹെമിങ്‌വേയുടെ ശബ്‌ദം ഏതാണ്ട്  ഒരു മണിക്കൂറോളം കേള്‍ക്കാനുള്ള അവസരമുണ്ടായതിൻറെ  കഥയാണ്‌ പറയാന്‍ പോകുന്നത്‌. 1937 ല്‍ ഡച്ച്‌ ഡോക്യുമെൻററി ചലച്ചിത്രകാരൻ  ജോറിസ്‌ ഐവന്‍സ്‌ സംവിധാനം ചെയ്‌ത ദി സ്‌പാനിഷ്‌ എര്‍ത്ത്‌ എന്ന സിനിമയിലാണ്‌ ഹെമിങ്‌വേയുടെ ശബ്‌ദമുള്ളത്‌. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധകാലത്ത്‌ ഹെമിങ്‌വേയും മറ്റു ചില സാഹിത്യകാരന്മാരും മുന്‍കയ്യെടുത്ത്‌ നിര്‍മ്മിച്ചതാണ്‌ ഈ ഡോക്യുമെൻററി ഇതിൻറെ സ്‌ക്രിപ്‌റ്റ്‌ എഴുതിയതും ശബ്‌ദം കൊടുത്തതും ഹെമിങ്‌വേ ആണ്‌. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൃശ്യരേഖയാണ്‌ ഈ സിനിമ. ലോകം കണ്ട ­ ഏറ്റവും സാഹസികനായ ഒരു സാഹിത്യകാരൻറെ, പത്രപ്രവര്‍ത്തകൻറെ ഒരിക്കലും ക്ഷീണിക്കാത്ത ശബ്‌ദത്തിൻറെ അമൂല്യമായ റെക്കോഡ്‌ കൂടിയാണ്‌ ഈ ചിത്രം. 1937 ജൂലൈ 17 മുതല്‍ 1939 ഏപ്രില്‍ ഒന്നു വരെയാണ്‌ സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധം നടന്നത്‌. സ്‌പാനിഷ്‌ റിപ്പബ്ലിക്കിനെ പിന്തുണച്ചിരുന്ന റിപ്പബ്ലിക്കന്‍മാരും ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ നയിച്ച വിമതസൈന്യമായ നാഷണലിസ്റ്റുകളും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. 
ജനറൽ ഫ്രാങ്കോ 

നാഷണലിസ്റ്റുകള്‍ വിജയം വരിച്ചതും പിന്നീട്‌ ഏതാണ്ടു നാലു പതിറ്റാണ്ടോളം ഫ്രാങ്കോ സ്‌പെയിനിനെ അടക്കി ഭരിച്ചതും ചരിത്രമാണ്‌. പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഹെമിങ്‌വേ 1937 ല്‍ യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വേണ്ടി സ്‌പെയിനിലെത്തി. നോര്‍ത്ത്‌ അമേരിക്കന്‍ ന്യൂസ്‌ പേപ്പര്‍ അലയന്‍സിനു വേണ്ടിയാണ്‌ അദ്ദേഹം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. അമേരിക്കയില്‍ നിന്നു പുറപ്പെടുന്നതിനു  മുമ്പ്‌ ആര്‍ച്ചിബാള്‍ഡ്‌ മക്‌ലീഷ്‌ അടക്കമുള്ള ഏതാനും  എഴുത്തുകാരും കലാകാരന്‍മാരുമായിച്ചേര്‍ന്ന്‌ അദ്ദേഹം കണ്ടംപററി ഹിസ്റ്റോറിയന്‍സ്‌ എന്നൊരു സംഘം രൂപീകരിക്കുകയുണ്ടായി. 
റിപ്പബ്ലിക്കന്‍മാരെ സഹായിക്കാനുള്ള ഒരു രാഷ്‌ട്രീയ പ്രചാരണചിത്രം നിര്‍മ്മിക്കുകയായിരുന്നു സംഘത്തിൻറെ ലക്ഷ്യം. പതിനെണ്ണായിരം അമേരിക്കന്‍ ഡോളര്‍ അവര്‍ സംഘടിപ്പിച്ചു. ഇടതുപക്ഷ അനുഭാവിയായ ജോറിസ്‌ ഐവന്‍സിനെ സംവിധാനച്ചുമതലയും ഏല്‍പിച്ചു. സ്‌പെയിനിൻറെ തെക്കു കിഴക്കു ഭാഗത്തുള്ള ഒരു കുഗ്രാമത്തിലെ ജനങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി കലാപത്തിൻറെ കഥ പറയാനായിരുന്നു പദ്ധതി. ഇതിനു  വേണ്ടി ചില സ്ഥലങ്ങളും സംഭവങ്ങളും കൃത്രിമമായി ആവിഷ്‌കരിക്കാന്‍ ഐവന്‍സ്‌ തീരുമാനിച്ചു. പക്ഷേ, ഈ ഗ്രാമത്തിലെത്തിയപ്പോള്‍ ഐവന്‍സിനും  ക്യാമറാമാന്‍ ഫേണോയ്‌ക്കും ഒരു കാര്യം ബോദ്ധ്യമായി. യുദ്ധത്തിൻറെ തീച്ചൂളയിലായ ഒരു രാജ്യത്ത്‌ സിനിമയ്‌ക്കു വേണ്ടിയുള്ള അത്തരം കൃത്രിമമായ ആവിഷ്‌കാരങ്ങള്‍ നടത്തുക അസാദ്ധ്യമാണ്‌. അപകടകരമായിരുന്നു ഷൂട്ടിങ്‌ പ്രക്രിയ. സദാസമയവും ജാഗരൂകനായി, എന്തു സഹായവും നല്‍കാന്‍ സന്നദ്ധനായി ഹെമിങ്‌വേ ഷൂട്ടിങ്ങില്‍ സജീവസാന്നിദ്ധ്യമായിരുന്നു. ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ എടുത്തു കൊണ്ടു  സഞ്ചരിക്കാന്‍ പോലും അദ്ദേഹം തയ്യാറായിരുന്നു. ഈ സിനിമയുടെ അതിസാഹസികമായ ഷൂട്ടിങ്ങിനെ ആസ്‌പദമാക്കി ഹെമിങ്‌ വേ പിന്നീട്‌ നൈറ്റ്‌ ബിഫോര്‍ ബാറ്റില്‍ എന്നൊരു ചെറുകഥ എഴുതുകയുണ്ടായി. ക്യാമറയുടെ ലെന്‍സില്‍ നിന്നു പുറപ്പെടുന്ന ചെറിയൊരു വെളിച്ചം പോലും ശത്രുപക്ഷത്തിൻറെ തോക്കുകളെ പ്രകോപിപ്പിക്കുന്ന അപകടാവസ്ഥയെക്കുറിച്ച്‌ ആ കഥ-യില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

 ഈ ചെറുകഥയിലും, യുദ്ധഭൂമിയില്‍ നിന്നയച്ച പത്രറിപ്പോര്‍ട്ടുകളിലുമായി ചരിത്രത്തില്‍ ചോര കൊണ്ടെഴെുതിയ ഒരു കലാപത്തിൻറെ ചിത്രങ്ങള്‍ ഹെമിങ്‌ വേ വരച്ചു വച്ചിട്ടുണ്ട്. സിനിമയുടെ ആഖ്യാന പാഠം ഹെമിങ്‌വേ പൂര്‍ത്തിയാക്കിയപ്പോള്‍ ഷൂട്ടിങ്‌ സംഘത്തില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തു. സ്‌ക്രിപ്‌റ്റില്‍ വാചാടോപം അല്‍പം കൂടുതലാണെന്നായിരുന്നു സംവിധായകൻറെ പക്ഷം സ്‌ക്രിപ്‌റ്റ്‌ വെട്ടിക്കുറയ്‌ക്കണമെന്ന സംവിധായകൻറെ  അഭിപ്രായത്തോട്‌ ഹെമിങ്‌ വേ ആദ്യം വിയോജിച്ചെങ്കിലും പിന്നീട്‌ തിരുത്തലുകള്‍ക്ക്‌ തയ്യാറായി. കാര്യങ്ങള്‍ വീണ്ടും  കുഴഞ്ഞു മറിഞ്ഞത്‌ ആഖ്യാനം റെക്കോഡ്‌ ചെയ്യുന്ന സമയത്താണ്‌. സുപ്രസിദ്ധ അമേരിക്കന്‍ സംവിധായകനും നടനുമായ ഓഴ്‌സണ്‍ വെല്‍സ്‌ വിവരണപാഠം ആഖ്യാനം ചെയ്യണമെന്നാണ്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌. ഹെമിങ്‌ വേ തിരുത്തി ചെറുതാക്കിയ വിവരണപാഠം അപ്പോഴും അതിവാചാലവും വിരസവുമാണെന്ന്‌ ഓഴ്‌സണ്‍ വെല്‍സ്‌ അഭിപ്രായപ്പെട്ടു. ചില സീനുകളില്‍ വിവരണം തന്നെ അനാവശ്യമാണെന്ന്‌ അദ്ദേഹം തുറന്നടിച്ചു. ഇതോടെ ഹെമിങ്‌വേ പ്രകോപിതനായി. “നിന്നെപ്പോലുള്ള പയ്യന്മാര്‍ക്ക്‌ ശരിക്കുമുള്ള യുദ്ധത്തെക്കുറിച്ച്‌ എന്തറിയാം?” എന്നായിരുന്നു ക്ഷുഭിതനായ ഹെമിങ്‌ വേയുടെ ചോദ്യം. ഓഴ്‌സണ്‍ വെല്‍സ്‌ വീണ്ടും ഹെമിങ്‌ വേയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ഇതോടെ അല്‍പം ലഹരിയിലായിരുന്ന ഹെമിങ്‌ വേ ഒരു കസേര കയ്യിലെടുത്തു കൊണ്ട് എഴുന്നേറ്റു. ഓഴ്‌സണ്‍ വെല്‍സും ഒരു കസേര കയ്യിലെടുത്ത്‌ ഏറ്റുമുട്ടലിനു  തയ്യാ-റായി. ഡബ്ബിങ്‌ തിയറ്ററിലെ സ്‌ക്രീനില്‍ സിനിമ ഓടിക്കൊണ്ടിരുന്നു. 
സ്‌പാനിഷ്‌ ആഭ്യന്തര കലാപത്തിൻറെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്കു മുന്നില്‍ വെച്ച്‌ ലോകപ്രശസ്‌തരായ അമേരിക്കന്‍ സാഹിത്യകാരനും  ചലച്ചിത്ര സംവിധായകനും  ഏറ്റുമുട്ടി.
ഏണസ്റ്റ് ഹെമിങ്‌വേ 
“ഒടുവില്‍ ഒരു കുപ്പി വിസ്‌കിയ്‌ക്കു മുന്നില്‍ ആ പോരാട്ടം അവ-സാ-നിച്ചു” എന്നാണ്‌ പില്‍ക്കാലത്ത്‌ ഈ സംഭവത്തെക്കുറിച്ച്‌ ഓഴ്‌സണ്‍ വെല്‍സ്‌ എഴുതിയത്‌. വെല്‍സ്‌ നല്‍കിയ ആഖ്യാനം സംവിധായകന്‌ ഇഷ്‌ടമായെങ്കിലും ഗ്രൂപ്പിലെ മറ്റു പലര്‍ക്കും അത്‌ അത്രയ്‌ക്ക്‌ രുചിച്ചില്ല. വെല്‍സിൻറെ ആഖ്യാനത്തില്‍ നാടകീയത വല്ലാതെ കൂടിപ്പോയെന്നായിരുന്നു പ്രധാന വിമര്‍ശനം. 
ഹെമിങ്‌ വേ തന്നെ വിവരണം നല്‍കിയാല്‍ മതിയെന്നായിരുന്നു അവരുടെ പക്ഷം. അങ്ങനെയാണ്‌ വെല്‍സിന്‌ അല്‍പം അപമാനകരമായ ആ തീരുമാനം ഉ­ണ്ടായത്‌. 
ഓഴ്‌സൺ വെൽസ് 
ഹെമിങ്‌വേ തന്നെ ചിത്രത്തിന്‌ വിവരണം നല്‍കി. സംവിധായകന്‍ മാത്രമല്ല, നടന്‍ കൂടിയായിരുന്ന ഓഴ്‌സണ്‍ വെല്‍സ്‌ അഭ്രപാളികളില്‍ അനശ്വരനാണ്‌. പക്ഷേ, ലോകം മുഴുവന്‍ ആരാധകരുള്ള ഒരെഴുത്തുകാരൻറെ  ശബ്‌ദം ദി സ്‌പാനിഷ്‌ എര്‍ത്ത്‌ എന്ന സിനിമയിലൂടെ അനശ്വരമാക്കപ്പെട്ടു. ഹെമിങ്‌ വേ, തൻറെ  ഗംഭീരമായ ശബ്‌ദത്തില്‍ ഇങ്ങനെ സംസാരിച്ചു തുടങ്ങുന്നു “സ്‌പെയിനിൻറെ മണ്ണ്‌ ഉണങ്ങിവരണ്ടു കടുത്തിരിക്കുന്നു. ഈ മണ്ണില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന മനുഷ്യരുടെ മുഖങ്ങളും വെയിലേറ്റ്‌ ഉണങ്ങി വരണ്ടു  കഠിനമായിരിക്കുന്നു.” 
ജോറിസ്‌ ഐവന്‍സ്‌ 
യുദ്ധം കൊത്തിപ്പറിച്ച മനുഷ്യ മുഖങ്ങളുടെ ക്ലോസ്‌ അപ്‌ ദൃശ്യങ്ങള്‍ കൊണ്ട് ഈ സിനിമ ഇപ്പോഴും പ്രക്ഷകരെ അമ്പരപ്പിക്കുന്നു. ഹെമിങ്‌വേയുടെ ശബ്‌ദം ഓഴ്‌സണ്‍ വെല്‍സിൻറെതു പോലെ പ്രാഫഷണല്‍ ആയിരുന്നില്ല. പക്ഷേ, യുദ്ധഭൂമിയില്‍ നിന്ന്‌ നേരിട്ട്‌ സംസാരിക്കുന്ന ഒരാളുടെ ശബ്‌ദമായിരുന്നു അദ്ദേഹത്തിൻറെത്‌. അതില്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും സാഹിത്യകാരന്‍ എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ മനുഷ്യ സ്‌നേഹവും പുരോഗമന  ചിന്തകളും നിറഞ്ഞു നിന്നിരുന്നു സിനിമ ക­ണ്ടതിനു ശേഷം അമേരിക്കന്‍ എഴുത്തുകാരനായ എഫ്‌ സ്‌കോട്ട്‌ ഫിസ്‌ജെറാള്‍ഡ്‌ ഹെമിങ്‌ വേയ്‌ക്ക്‌ ഒരു ടെലിഗ്രാം അയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: “The picture was beyond praise and so was your attitude”
“മനുഷ്യനെ കൊല്ലാം. പക്ഷേ, പരാജയപ്പെടുത്താനാകില്ല” എന്ന്‌ വര്‍ഷങ്ങള്‍ക്കു  ശേഷം കിഴവനും  കടലും എന്ന മാസ്റ്റർ പീസ് നോവലില്‍ എഴുതിവെച്ച ഏണസ്റ്റ്‌ ഹെമിങ്‌ വേ ഉദാത്തമായ മനോഭാവങ്ങളുടെ പേരിലാണല്ലോ അനശ്വരനായിരിക്കുന്നത്‌. അതിചടുലമായി ചലിക്കുന്ന ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ദൃശ്യങ്ങള്‍ക്കു മുകളിലൂടെ അദ്ദേഹത്തിൻറെ  ശബ്‌ദം ഒഴുകുമ്പോള്‍ എത്ര പ്രശംസിച്ചാലും മതിയാകാത്ത ആ മനോഭാവമാണ്‌ നമ്മെ കീഴടക്കുന്നത്‌..


ദി സ്പാനിഷ് എർത് ഈ ലിങ്കിൽ കാണാം  
https://www.youtube.com/watch?v=MT8q6VAyTi8