Wednesday, September 6, 2017

ഹിച്‌കോക്കിൻറെ പക്ഷികള്‍


കെ ബി വേണു 

ആൽഫ്രഡ് ഹിച്ച്കോക്ക് 
ഉദ്വേഗം അഥവാ സസ്‌പെന്‍സ്‌ ആണ്‌ സിനിമ അടക്കമുള്ള ഏല്ലാ കലാരൂപങ്ങളെയും ആകര്‍ഷകമാക്കുന്നത്‌. ഇത്‌ മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയ ചലച്ചിത്രകാരനാണ്‌ ആല്‍ഫ്രഡ്‌ ഹിച്‌കോക്ക്‌. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ ഒരു മനശ്ശാസ്‌ത്രജ്ഞൻറെ നിരീക്ഷണപാടവത്തോടെ ഹിച്‌കോക്ക്‌ അവതരിപ്പിക്കുന്നത്‌ യാഥാര്‍ത്ഥ്യ ബോധത്തിൻറെ ശക്തമായ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌. ലോകമെങ്ങുമുളള ചലച്ചിത്രപ്രമികള്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഹിച്‌കോക്ക്‌ എക്കാലത്തെയും മികച്ച ഒരു പാഠപുസ്‌തകമാകുന്നത്‌ അക്കാരണത്താലാണ്‌. വിഭ്രമത്തിനും യാഥാര്‍ത്ഥ്യത്തിനും  ഇടയ്‌ക്കുള്ള നേര്‍ത്ത വരമ്പിലൂടെയാണ്‌ ഹിച്‌കോക്കിൻറെ കിടയറ്റ ത്രില്ലറുകളെല്ലാം മുന്നോട്ടുപോകുന്നത്‌. 
കടുത്ത ഏകാന്തതയിലൂടെ കടന്നു പോയ ബാല്യമായിരിക്കണം ഹിച്‌കോക്കിനെ ഉദ്വേഗത്തിൻറെയും ഭയാനകമായ ജീവിതാവസ്ഥകളുടെയും ഉപാസകനാക്കിയത്‌. 

സൈക്കോ 
ബ്രിട്ടീഷ്‌ ചലച്ചിത്രലോകത്ത്‌ നിശ്ശബ്‌ദചിത്രങ്ങളുടെ കാലം തൊട്ടേ ലബ്‌ധപ്രതിഷ്‌ഠനായതിനു  ശേഷം 1939 ല്‍ ഹോളിവുഡ്ഡിലേക്കു ചുവടുമാറ്റിയ ഹിച്‌കോക്ക്‌ അവിടെയും തലയെടുപ്പുള്ള സംവിധായകനായി മാറി. ഹിച്‌കോക്കിൻറെ റബേക്ക, ഷാഡോ ഓഫ്‌ എ ഡൗട്ട്‌, സ്റ്റേജ്‌ ഫ്രയ്റ്റ്‌, ഡയല്‍ എം ഫോര്‍ മര്‍ഡര്‍, റിയര്‍ വിന്‍ഡോ, ദ്‌ മാന്‍ ഹു ന്യു റ്റു മച്‌, വെര്‍ടിഗോ, നോര്‍ത്‌ ബൈ നോര്‍ത്‌ വെസ്റ്റ്‌, സൈക്കോ, ബേഡ്‌സ്‌ തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങളെല്ലാം ഇക്കാലത്താണ്‌ പിറവിയെടുത്തത്‌. 

ഡാഫ്‌നി ഡി  മുറിയെയുടെ അതേ പേരിലുള്ള ഒരു കഥയാണ്‌ 1963 ല്‍ പുറത്തുവന്ന ബേഡ്‌സ്‌ എന്ന ചിത്രത്തിനാധാരം. മുറിയേയുടെ  തന്നെ റബേക്ക, ജമൈക്ക ഇന്‍ തുടങ്ങിയ നോവലുകളും ഹിച്‌കോക്ക്‌ സിനിമയാക്കിയിട്ടുണ്ട്‌.
 അമേരിക്കയിലെ ഒരു ചെറുപട്ടണത്തെ പക്ഷിക്കൂട്ടങ്ങള്‍ ആക്രമിക്കുന്നതിനെക്കുറിച്ചാണ്‌ ബേഡ്‌സ്‌ എന്ന സിനിമ. ബേഡ്‌സ്‌ പുറത്തിറങ്ങയിയിട്ട്‌ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അതിലെ ആക്രമണകാരികളായ പക്ഷികള്‍ ഉണര്‍ത്തിവിട്ട ഭീകരതയുടെ അലമാലകള്‍ അടങ്ങിയിട്ടില്ല. പശ്ചാത്തലസംഗീതത്തിനു  പകരം അന്തരീക്ഷത്തിലെ സ്വാഭാവികശബ്‌ദങ്ങളും തക്കം പാര്‍ത്തിരിക്കുന്ന പക്ഷികളുടെ ചിറകൊച്ചകളും കൊണ്ട്‌ ഹിച്‌കോക്ക്‌ സസ്‌പെന്‍സ്‌ സൃഷ്‌ടിച്ചു. തിയറ്ററിൻറെ അല്ലെങ്കില്‍ സ്വീകരണമുറിയുടെ വാതിലുകളും ജനാലകളും കൊത്തിപ്പൊളിച്ച്‌ ഏതു നിമിഷവും പറവകള്‍ ആക്രമിക്കുമെന്നു ഭയന്ന്‌ പ്രക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. 
ബേഡ്‌സ്‌ നിര്‍മ്മിക്കപ്പെട്ട കാലത്ത്‌ ലഭ്യമായിരുന്ന ഏറ്റവും മികച്ച അനിമേഷന്‍ ടെക്‌നോളജിയാണ്‌ ഹിച്‌കോക്ക്‌ ഉപയോഗിച്ചത്‌. അനിമേറ്റ്‌ ചെയ്‌ത പക്ഷികളെയും യഥാര്‍ത്ഥ പക്ഷികളെയും അദ്ദേഹം കൂട്ടിക്കലര്‍ത്തി. സ്‌പെഷ്യല്‍ ഇഫക്‌റ്റ്‌സിനുള്ള ഒരൊറ്റ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം മാത്രമാണ്‌ ബേഡ്‌സിനു  ലഭിച്ചത്‌. ക്ലിയോപാട്ര എന്ന ചിത്രത്തിന്‌ ഈ വിഭാഗത്തിലെ  ആ വര്‍ഷത്തെ  ഓസ്‌കാര്‍ ലഭിച്ചു. നിരൂപകരും അക്കാലത്ത്‌ ഈ സിനിമയെ വേണ്ടത്ര പ്രാത്സാഹിപ്പിച്ചില്ല. എന്നിട്ടും ബേഡ്‌സ്‌ കാലത്തെ അതിജീവിച്ചുകൊണ്ട്‌ നിലനില്‍ക്കുന്നു. 

എന്തുകൊണ്ടാണ്‌ ഈ പട്ടണത്തില്‍ പക്ഷികളുടെ സംഘടിതമായ ആക്രമണം നടന്നതെന്ന്‌ വ്യക്തമാക്കാന്‍ ഹിച്‌കോക്ക്‌ മുതിരുന്നില്ല. ചിത്രത്തിലൊരിടത്തും അതിനുള്ള വിശദീകരണങ്ങളില്ല. അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങളെ പലപ്പോഴും വിഷയമാക്കാറുള്ള അമേരിക്കന്‍ സിനിമയില്‍ ഭൂമിയില്‍ നിന്നു തന്നെയുള്ള, പ്രകൃതിയില്‍ നിന്നു തന്നെയുള്ള അകാരണമായ ഒരാക്രമണത്തിൻറെ കഥ പറഞ്ഞു കൊണ്ട്‌ ഹിച്‌കോക്ക്‌ വ്യത്യസ്‌തനായി.
ദി ബേഡ്‌സ് 
ശാന്തിയുടെയും സമാധാനത്തിൻറെയും പ്രണയത്തിൻറെയുമൊക്കെ പ്രതീകങ്ങളായി തിരശ്ശീലയില്‍ തെളിയാറുള്ള പക്ഷികളെ മാംസഭുക്കുകളായ ഭീകരജീവികളായി ചിത്രീകരിച്ചുകൊണ്ട്‌ ഹിച്ച്‌കോക്ക്‌ സ്വയം നിര്‍വ്വചിച്ചു. കാണികളെ കഴിയുന്നത്ര ഭയചകിതരാക്കുക എന്നതാണ്‌ (Always make the audience suffer as much as possible) തൻറെ ചലച്ചിത്രമീമാംസ എന്ന്‌ ഹിച്‌കോക്ക്‌ വിശ്വസിച്ചിരുന്നു. ചിത്രം അവസാനിക്കുമ്പോള്‍ ‘ദി എന്‍ഡ്‌’ എന്ന്‌ സംവിധായകന്‍ എഴുതിക്കാണിക്കുന്നില്ല. എല്ലാം ശാന്തമായെന്നു കരുതേണ്ടതില്ലെന്നും ഭീകരതയ്‌ക്കും ഉദ്വേഗത്തിനും  ഒരിക്കലും അവസാനമില്ലെന്നുമാണോ സസ്‌പെന്‍സിൻറെ ചക്രവര്‍ത്തിയായ ഹിച്‌കോക്ക്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌?
ദി ബേഡ്‌സ് : അവസാന രംഗം 

No comments: