Wednesday, September 6, 2017

ലോത്തും പോത്തും പോത്തിൻറെ പെൺമക്കളും

കെ ബി വേണു 




കുരീപ്പുഴയും ബെന്യാമിനും 


ഫേബിയൻ ബുക്സിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയാണ് കവി കുരീപ്പുഴ. അടുത്ത് ബെന്യാമിൻ. ഫേബിയൻ പ്രസിദ്ധീകരണങ്ങളിൽ അക്ഷരത്തെറ്റുകൾ വളരെക്കുറവാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഹരിയെ അദ്ദേഹം അഭിനന്ദിച്ചു...കൂട്ടത്തിൽ തൻറെ പ്രസിദ്ധമായ ജെസ്സി എന്ന കവിതയുമായി ബന്ധപ്പെട്ട ചില അക്ഷരപ്പിശാചുകളെ ഓർക്കുകയും ചെയ്‌തു..
ലോത്തിൻറെ പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ
എന്ന ഭാഗത്തു വന്നപ്പോൾ പ്രസാധകനു തോന്നി, ''ലോത്തിൻറെ'' എന്ന വാക്കിൽ ഒരക്ഷരം വിട്ടുപോയെന്ന്. ഒട്ടും മടിക്കാതെ അദ്ദേഹം അത് ''ലോകത്തിൻറെ'' എന്നു തിരുത്തി അച്ചടിച്ചു.
ലോകത്തിൻറെ പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ
അത് ക്ഷമിക്കാൻ കവി തയ്യാറായിരുന്നു. എല്ലാവരും ഈ ബൈബിൾ കഥകൾ വായിക്കണമെന്നു വാശിപിടിക്കരുതല്ലോ..പക്ഷെ മറ്റൊരു പ്രസാധകൻറെ മനോധർമ്മം ശരിക്കും അതിരുകടന്നു...അതിങ്ങനെയായിരുന്നു....
"പോത്തിൻറെ'' പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ ....
"ഇഷ്ടമുടിക്കായൽ" എന്ന കവിതയുടെ ശീർഷകം തന്നെ തെറ്റിയെന്നു ബോദ്ധ്യപ്പെട്ട് "അഷ്ടമുടിക്കായൽ" എന്നു തിരുത്തി പ്രസിദ്ധീകരിച്ചവരെയും കവി ഓർത്തു.
ഫാബിയൻ ഹരി 

കുരീപ്പുഴയുടെ ദീർഘമായ പ്രസംഗവും തുടർച്ചയായ കവിതാലാപനവും കൊണ്ട് ധന്യമായിരുന്നു ആ സന്ധ്യ..അത് സാദ്ധ്യമാക്കിയ പ്രിയപ്പെട്ട ഹരിക്ക് നന്ദി...(എൻറെ ആദ്യ രണ്ടു പുസ്തകങ്ങളുടെയും പ്രസാധകൻ ഹരിയായിരുന്നു.)
ഫേബിയൻ ബുക്ക്സ് കൂടുതൽ കൂടുതൽ പുസ്തകങ്ങളുമായി നമുക്കിടയിൽ നിറഞ്ഞു നിൽക്കട്ടെ...

No comments: