Monday, August 28, 2017

അല്‍മൊദോവാറിൻറെ ഒഴിവുകാല വിനോദയാത്ര

കെ ബി വേണു 



I Am So Excited/ Pedro Almodovar/ Spain/2013/90 minutes


ലോകം മുഴുവന്‍ ആരാധകരുള്ള സമകാലികസംവിധായകരില്‍ പ്രമുഖനാണ്‌ പെദ്രാ അല്‍മൊദോവാര്‍. ജനപ്രിയഘടകങ്ങള്‍ കൂട്ടിയിണക്കിക്കൊ­ണ്ടാണ്‌ അദ്ദേഹം കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരുക്കാറുള്ളത്‌. ഓള്‍ എബൗട്ട്‌ മൈ മദര്‍, ടോക്‌ റ്റു ഹെര്‍, വോള്‍വെര്‍ തുടങ്ങിയ അല്‍മൊദോവാറിൻറെ മികച്ച സിനിമകളെല്ലാം കലയുടെയും കച്ചവടത്തിൻറെയും സമര്‍ത്ഥമായ സംയോജനങ്ങളായിരുന്നു. വളരെ ഗൗരവമുള്ള വിഷയങ്ങള്‍ പറയുമ്പോഴും കഥാഗതിക്ക്‌ ഒരു ഭംഗവും വരാതെ തമാശകളും ഗാനങ്ങളും രതിയും അവതരിപ്പിക്കുന്ന സമ്പ്രദായമാണ്‌ അദ്ദേഹത്തിൻറെത്‌. തികച്ചും ഉദ്വേഗജനകമായ അവതരണം കൊണ്ട് തൻറെ സിനിമകളെ അല്‍മൊദോവാര്‍ ഒന്നിനൊന്ന്‌ വ്യത്യസ്‌തമാക്കി. തീക്ഷ്‌ണമായ സ്‌പാനിഷ്‌ ജീവിതപരിസരത്തിലെ വിചിത്ര കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തനിമചോരാതെ അദ്ദേഹം ലോകത്തിനു  മുന്നില്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളും, ലൈംഗികത്തൊഴിലാളികളും ഭ്രാന്തന്‍മാരും ഉണ്ടായിരുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പ്‌ ലംഘിക്കുന്ന പല സന്ദര്‍ഭങ്ങളും അല്‍മൊദോവാറിൻറെ സിനിമകളില്‍ കാണാം. പക്ഷേ പ്രേക്ഷകര്‍ അതില്‍ അസ്വാഭാവികതയൊന്നും കാണാറില്ല. ഹോളിവുഡ്‌ സിനിമകള്‍ അല്‍മൊദോവാറിനെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഹോളിവുഡിൻറെ മോഹവലയത്തില്‍ അദ്ദേഹം വീണുപോയിട്ടുമില്ല. 
പെദ്രോ അൽമൊദോവാർ 

സ്‌പെയിനില്‍ നിന്ന്‌ മെക്‌സിക്കോ സിറ്റിയിലേയ്‌ക്കു പോകുന്ന ഒരു വിമാനം യന്ത്രത്തകരാര്‍ കാരണം ആകാശത്ത്‌ ചുറ്റിക്കറങ്ങുന്നു. വിമാനം ഇടിച്ചിറക്കുകയേ പോംവഴിയുള്ളൂ. സംഘര്‍ഷഭരിതമായ ഈ അവസ്ഥയെ തുള്ളിത്തുളുമ്പുന്ന നര്‍മ്മരസത്തോടെ അവതരിപ്പിക്കുകയാണ്‌ അല്‍മൊദോവാറിൻറെ ഐ ആം സോ എക്‌സൈറ്റഡ്‌ (2013) എന്ന ചിത്രം. വിമാനം അപകടസ്ഥിതിയിലാണെന്നറിഞ്ഞാല്‍ യാത്രക്കാര്‍ പരിഭ്രാന്തരാകുമെന്ന്‌ മുന്‍കൂട്ടിക്ക­ണ്ട  പരിചാരകര്‍ ഭക്ഷണപാനീയങ്ങളില്‍ അല്‍പം മയക്കുമരുന്ന്‌ കലര്‍ത്തി അവരെ ഉറക്കിക്കിടത്തുന്നു. ഇക്കോണമി ക്ലാസിലെ യാത്രക്കാരെ മാത്രമാണ്‌ മയക്കിക്കിടത്തുന്നത്‌. ബിസിനസ്‌ ക്ലാസ്സിലെ യാത്രക്കാര്‍ സത്യാവസ്ഥ മനസ്സിലാക്കുന്നു. അക്കൂട്ടത്തില്‍ പ്രശസ്‌തനായ ഒരു ചലച്ചിത്രനടനുണ്ട്. ഒരു കോര്‍പറേറ്റ്‌ സി ഇ ഒ ഉണ്ട്, ലോകത്തിലെ അറുന്നൂറോളം സുപ്രധാന വ്യക്തികളുടെ രഹസ്യ രതിജീവിതങ്ങള്‍ പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളും കൈവശമുണ്ടെന്നവകാശപ്പെടുന്ന ഒരു മദ്ധ്യവയസ്‌കയു­ണ്ട്, ഈ വിമാനത്തില്‍ത്തന്നെ യാത്ര ചെയ്യുന്ന ഒരാളെ വധിക്കാന്‍ കരാറെടുത്തിട്ടുള്ള വാടകക്കൊലയാളിയുണ്ട്. ഇതൊന്നും പോരാതെ അസാമാന്യമായ പ്രവചനപ്രതിഭയു­ണ്ടെന്നവകാശപ്പെടുന്ന, അല്‌പം കിറുക്കുള്ള ഒരു നാല്‍പതുകാരിയുണ്ട്. വിമാനം താഴെയിറങ്ങും മുമ്പ്‌ തൻറെ കന്യകാത്വം ത്യജിക്കും എന്നതാണ്‌ അവളുടെ ഏറ്റവും പുതിയ പ്രവചനം. 


വിമാനത്തിലെ പരിചാരകരിലൊരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്‌. പൈലറ്റുമാരില്‍ ഒരാളുമായി അയാള്‍ക്ക്‌ ബന്ധവുമുണ്ട്. ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ ബോധം കെട്ടുറങ്ങുമ്പോള്‍ ബിസിനസ്‌ ക്ലാസില്‍ ജീവിതത്തിനും  മരണത്തിനും  ഇടയ്‌ക്കുള്ള അവസാനത്തെ ആഘോഷം പൊടിപൊടിക്കുന്നു. പരിചാരകര്‍ യാത്രക്കാര്‍ക്ക്‌ അമിത രതിവികാരം ഉണര്‍ത്തുന്ന ഒരു പദാര്‍ത്ഥം അവരറിയാതെ ഭക്ഷണപാനീയങ്ങളില്‍ ചേര്‍ത്തു കൊടുക്കുന്നു. അതോടെ എല്ലാവരും ഉള്ളിലുള്ള രഹസ്യങ്ങള്‍ പുറത്തു പറയാന്‍ തുടങ്ങി. ഭൂമിയില്‍ മാന്യതയുടെ മുഖംമൂടി ധരിച്ച ഉന്നതവ്യക്തികള്‍ ഒന്നും മറച്ചുവയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തോന്നിയതുപോലൊക്കെ പെരുമാറുകയായി. മദ്യത്തിൻറെയും രതിയുടെയും ലഹരി അവര്‍ക്കിടയില്‍ പടര്‍ന്നു. ഇതിനൊക്കെ അരങ്ങൊരുക്കിയ പരിചാരകവൃന്ദം പോയിന്റര്‍ സിസ്റ്റേഴ്‌സ്‌ എന്ന അമേരിക്കന്‍ സംഗീതസംഘത്തിന്റെ ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന ഗാനത്തിനൊപ്പം ചുണ്ടനക്കിയും ചുവടുവെച്ചും രംഗം കൊഴുപ്പിച്ചു. 


പാട്ടിൻറെ വരികള്‍ ഇങ്ങനെ: 


I'm so excited and I just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
And I know, I know, I know, I know, I know I want you

We shouldn't even think about tomorrow
Sweet memories will last for long long time
We'll have a good time, baby, don't you worry
And if we're still playing around boy that's just fine

Let's get excited, we just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
I know, I know, I know, I know, I know, I want you, I want you
ലോല ദ്യുനസ് 

മരണം വാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും ജീവിതലഹരിയുടെ അവസാനമധുരവും ഌണയാനുള്ള ആസക്തിയാണ്‌ ഇവരില്‍. മരണവും രതിയും തമ്മിലുണ്ടെന്നു  പറയപ്പെടുന്ന അനിര്‍വചനീയമായ ബന്ധത്തെക്കുറിച്ചു തന്നെയാകാം ഒരുപക്ഷേ അല്‍മൊദോവാര്‍ വിവക്ഷിക്കുന്നത്‌.
 1980 ല്‍ ചലച്ചിത്രജീവിതമാരംഭിച്ച അല്‍മൊദോവാറുടെ ആദ്യകാലചിത്രങ്ങള്‍ കാര്യമായ നിരൂപകശ്രദ്ധയൊന്നും നേടിയിരുന്നില്ല. ചില സിനിമകള്‍ സോഫ്‌റ്റ്‌ പോണ്‍ നിലവാരത്തിലുള്ള രംഗങ്ങള്‍ കൊണ്ടു  സമൃദ്ധമായിരുന്നു താനും. 1999 ല്‍ പുറത്തുവന്ന ഓള്‍ എബൗട്ട്‌ മൈ മദര്‍ എന്ന ചിത്രമാണ്‌ അല്‍മൊദോവാറുടെ കഥാകഥനരീതിയെ ലോകപ്രശസ്‌തമാക്കിയത്‌. തുടര്‍ന്നുവന്ന ടോക്‌ റ്റു ഹെര്‍ (2002), ബാഡ്‌ എജ്യുക്കേഷന്‍ (2004), വോള്‍വെര്‍ (2006), ബ്രോക്കണ്‍ എംബ്രയ്‌സസ്‌ (2009), ദ്‌ സ്‌കിന്‍ ഐ ലിവ്‌ ഇന്‍ (2011) തുടങ്ങിയ സിനിമകളില്‍ ഗൗരവമുള്ള വിഷയങ്ങളെ അനനുകരണീയമായ ആഖ്യാനശൈലിയില്‍ അദ്ദേഹം ആവിഷ്‌കരിച്ചു. 
പെനിലോപ് ക്രൂസിനൊപ്പം
അൽമൊദോവാർ 
ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന സിനിമയില്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സ്വന്തം സിനിമകളിലേയ്‌ക്ക്‌ അല്‍മൊദോവാര്‍ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കുന്നതായി അനുഭവപ്പെടുന്നു. മുന്‍പ്‌ പല സിനിമകളിലും അല്‍മൊദോവാറുമായി സഹകരിച്ചിട്ടുള്ള പ്രഗത്ഭതാരങ്ങള്‍ പലരും ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. സെസിലിയ റോത്ത്‌, ജാവിയര്‍ കമാറ, ലോല ദ്യുനാസ്‌ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായപ്പോള്‍ അൻറോണിയോ ബൻറാറസും പെനിലോപ്‌ ക്രൂസും ആദ്യരംഗത്തിലെ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടുന്നു. സിനിമകള്‍ക്ക്‌ ആവശ്യമായ വ്യത്യസ്‌ത കഥാപശ്ചാത്തലങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്‌ദ്ധനാണ്‌ അല്‍മൊദോവാര്‍. ഈ സിനിമയുടെ പശ്ചാത്തലവും അത്തരത്തില്‍ വ്യത്യസ്‌തമാണ്‌. സങ്കീര്‍ണ്ണമായ പ്രമേയങ്ങള്‍ ആവിഷ്‌കരിച്ച ഏതാനും  സിനിമകള്‍ക്കു ശേഷം അല്‍മൊദോവാര്‍ നടത്തിയ ഒരു ഒഴിവുകാല വിനോദയാത്ര പോലെയാണ്‌ ഈ സിനിമ അനുഭവപ്പെടുന്നത്‌. എങ്കില്‍പ്പോലും ഉറവ വറ്റാത്ത പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇവിടെയും കാണാം - അല്‍മൊദോവാറുടെ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും.

FROM THE PAST

കെ ജി ജോർജ്ജിനെക്കുറിച്ചും അദ്ദേഹത്തിൻറെ സിനിമകളെക്കുറിച്ചും വളരെയേറെ എഴുതാൻ അവസരമുണ്ടായിട്ടുണ്ട്. ഇതോടൊപ്പമുള്ളത് ഞാൻ ആദ്യമായി അദ്ദേഹത്തെ ഇൻറർവ്യൂ ചെയ്ത് എഴുതിയ ലേഖനമാണ്. ഇന്ത്യൻ എക്സ്പ്ര സ്സിൻറെ  കോഴിക്കോട് ഏഡിഷനിലായിരുന്നു അന്ന്...

ശബ്‌ദഭീകരതയുടെ ചലച്ചിത്രകാലം


കെ ബി വേണു 


Berberian Sound Studio/Peter Strickland/2012/UK/92 Minutes






1927 ല്‍ ജാസ്‌ സിങ്ങര്‍ എന്ന അമേരിക്കന്‍ സിനിമ പുറത്തുവന്നതോടെയാണ്‌ നിശ്ശബ്‌ദചിത്രങ്ങള്‍ ശബ്‌ദചിത്രങ്ങളായി മാറിയത്‌. പക്ഷേ നിശ്ശബ്‌ദചിത്രങ്ങളും വലിയ ശബ്‌ദഘോഷത്തോടെയാണ്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ അനുയോജ്യമായ വാദ്യസംഗീതവും കഥാസാരം തത്സമയം ഉറക്കെ വിളിച്ചുപറയുന്ന പ്രസംഗകരും ചേര്‍ന്ന്‌ തിയറ്ററുകളെ ശബ്‌ദമുഖരിതമാക്കിയ കാലമായിരുന്നു അത്‌. സിനിമയില്‍ ശബ്‌ദം വന്നാല്‍ ഫ്രേയ്‌മുകളിലെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന്‌ വാദിച്ചവരും അക്കാലത്തുണ്ടായിരുന്നു. നിശ്ശബ്‌ദ കാലഘട്ടം കഴിഞ്ഞിട്ടും രണ്ടു നിശ്ശബ്‌ദസിനിമകള്‍ -  സിറ്റി ലൈറ്റ്‌സ്‌ (1931), മോഡേണ്‍ ടൈംസ്‌ (1936) - സംവിധാനം ചെയ്‌തയാളാണ്‌ ചാര്‍ളി ചാപ്ലിന്‍. പൂര്‍ണ്ണമായും നിശ്ശബ്‌ദമായിരുന്നു ഈ ചിത്രങ്ങളെന്നു പറയാന്‍ വയ്യ. കാരണം രണ്ടിലും സൗണ്ട് ഇഫക്‌റ്റ്‌ ഉപയോഗിച്ചിരുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം ശബ്‌ദം എത്ര പ്രധാനമാണെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാകും. 

ചാർളി ചാപ്ലിൻ 
ശബ്‌ദങ്ങളെയും ദൃശ്യങ്ങളെയും എങ്ങനെ വേണമെങ്കിലും സൃഷ്‌ടിക്കാനും  വികസിപ്പിക്കാനുമുള്ള സാങ്കേതിക വിദ്യ ലഭ്യമായിട്ടുള്ള ഈ നൂറ്റാണ്ടില്‍ എഴുപതുകളിലെ സിനിമകളില്‍ ഉപയോഗിച്ചിരുന്ന ശബ്‌ദസാങ്കേതിക വിദ്യിയിലേയ്‌ക്ക്‌ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കുകയാണ്‌ പീറ്റര്‍ സ്‌ട്രിക്‌ ലാന്‍ഡ്‌ സംവിധാനം ചെയ്‌ത ബെര്‍ബേറിയന്‍ സൗണ്ട്  സ്റ്റുഡിയോ എന്ന ബ്രിട്ടീഷ്‌ സിനിമ. പോയ നൂറ്റാണ്ടിലെ ചലച്ചിത്ര ശബ്‌ദ സാങ്കേതിക വിദ്യയ്‌ക്കും അക്കാലത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക വിദഗ്‌ദ്ധര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള ആദരം കൂടിയാണ്‌ ഈ ചിത്രം. ഹൊറര്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന ഒരു ഇറ്റാലിയന്‍ സ്റ്റുഡിയോ ആണ്‌ പശ്ചാത്തലം. (ഈ ഒരൊറ്റ ലൊക്കേഷന്‍ മാത്രമേ സിനിമയിലുള്ളൂ) 
പീറ്റര്‍ സ്‌ട്രിക്‌ ലാന്‍ഡ്‌ 

സാൻറ്റിനി എന്ന സംവിധായകൻറെ  ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന സിനിമയുടെ പോസ്റ്റ്‌ പ്രാഡക്‌ഷന്‍ ജോലികള്‍ നടക്കുകയാണ്‌. സൗണ്ട് ഇഫക്‌റ്റുകള്‍ റെക്കോഡ്‌ ചെയ്യാനായി ഗില്‍ദിറോയ്‌ എന്ന ശുദ്ധഗതിക്കാരനായ ബ്രിട്ടീഷ്‌ സൗണ്ട് എഞ്ചിനീയറെ കൊണ്ടു വന്നിരിക്കുകയാണ്‌. ഫോളി ആര്‍ട്ടിസ്റ്റുകള്‍ എന്നാണ്‌ ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നത്‌. പാത്രത്തില്‍ നിന്ന്‌ കപ്പിലേയ്‌ക്ക്‌ ചായ പകരുന്നതിൻറെ, കര്‍ട്ടനുകള്‍ ഉലയുന്നതിൻറെ, വാഹനങ്ങളുടെ….അങ്ങനെ സൗണ്ട്  ഇഫക്‌റ്റിൻറെ മൊത്തം ജോലികള്‍ ഇവരുടെ ചുമതലയിലായിരുന്നു. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷത്തിലേയ്‌ക്കാണ്‌ സാധുവായ ഗില്‍ദിറോയ്‌ വന്നുപെട്ടത്‌. 

സ്റ്റുഡിയോയിലെ സുന്ദരിയായ റിസപ്‌ഷനിസ്റ്റ്‌ അടക്കം ആരും അയാളോട്‌ സൗഹാര്‍ദ്ദത്തോടെ പെരുമാറിയില്ല. കുതിരകളുമായി ബന്ധപ്പെട്ട പ്രമേയമാണ്‌ സിനിമയുടേതെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ അയാള്‍ വന്നത്‌. “ഇക്വേസ്‌ട്രിയന്‍” എന്ന ആംഗലേയപദത്തിന്‌ “കുതിരസവാരിയുമായി ബന്ധപ്പെട്ടത്‌” എന്നാണല്ലോ അര്‍ത്ഥം. പക്ഷേ അതൊരു രക്തരൂഷിതമായ ഹൊറര്‍ സിനിമയാണെന്ന്‌ അയാള്‍ ഞെട്ടലോടെ മനസ്സിലാക്കി. അതിനു മുമ്പ്‌ അയാള്‍ ഹൊറര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നു. പ്രകൃതിയും പക്ഷിമൃഗാദികളും മഌഷ്യനും  ഇണങ്ങി ജീവിക്കുന്ന ഹരിതാഭമായ ഇംഗ്ലീഷ്‌ നാട്ടിന്‍പുറങ്ങളിലായിരുന്നു അയാള്‍ പ്രവര്‍ത്തിച്ച പല സിനിമകളും ചിത്രീകരിച്ചത്‌. ശാന്തസുന്ദരമായ ജന്മ ദേശത്തുനിന്ന്‌ വാത്സല്യത്തിൻറെ ഇളംകാറ്റുമായി ഇടയ്‌ക്കിടെ വന്നുകൊ­ിരുന്ന അമ്മയുടെ കത്തുകള്‍ ഗില്‍ദിറോയെ സ്റ്റുഡിയോ അന്തരീക്ഷത്തില്‍ നിന്ന്‌ മാനസികമായി അകറ്റിക്കൊണ്ടിരുന്നു. അക്കാലത്തെ സിനിമയില്‍ സൗണ്ട് ഇഫക്‌റ്റുകള്‍ എങ്ങനെയാണ്‌ സൃഷ്‌ടിച്ചിരുന്നത്‌ എന്നതിൻറെ വിശദാംശങ്ങള്‍ ഈ ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അന്നു തിയറ്ററുകളില്‍ കേട്ട പൊട്ടിച്ചിരികള്‍, രോദനങ്ങള്‍, അലര്‍ച്ചകള്‍, കാല്‍പ്പെരുമാറ്റങ്ങള്‍ ….അവയൊക്കെ സൃഷ്‌ടിക്കാന്‍ വേണ്ടി കഷ്‌ടപ്പെട്ട കലാകാരന്‍മാര്‍…അവരോട്‌ നിര്‍മ്മാതാക്കളും സംവിധായകരും കാണിച്ച അനീതികള്‍… 


സില്‍വിയ എന്നും ക്ലോഡിയ എന്നും പേരുള്ള രണ്ടു നടിമാരാണ്‌ സിനിമയിലെ ഹൊറര്‍ സീനുകള്‍ക്ക്‌ ഭാവതീവ്രത വരുത്താന്‍ വേണ്ടി തൊണ്ട ­പൊട്ടി അലറുകയും കരയുകയുമൊക്കെ ചെയ്യുന്നത്‌. ദുര്‍മ്മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട കഥാപാത്രങ്ങളെ പുരോഹിതനും  സംഘവും പീഡിപ്പിക്കുന്ന രംഗങ്ങളാണ്‌.  കൊട്ടക്കണക്കിനു  കൊണ്ടുവരുന്ന പഴങ്ങളിലും പച്ചക്കറികളിലും കത്തികൊണ്ടു കുത്തിയും മറ്റും മനുഷ്യമാംസത്തില്‍ മാരകായുധങ്ങളും പീഡനോപകരണങ്ങളും പ്രയോഗിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദങ്ങള്‍ ഗില്‍ദിറോയും കൂട്ടരും പുനഃസൃഷ്‌ടിക്കുന്നു. സില്‍വിയയുടെയും ക്ലോഡിയയുടെയും അലര്‍ച്ചകള്‍ ആ ശബ്‌ദങ്ങളുമായി കൂടിക്കലരുമ്പോള്‍ സ്റ്റുഡിയോ ഒരു പ്രേതഭവനവും പീഡനഗൃഹവുമായി അനുഭവപ്പെടുന്നു. ദുര്‍മ്മന്ത്രവാദിനിയുടെ ഗുഹ്യഭാഗത്തിലേയ്‌ക്ക്‌ ഒരു പീഡനോപകരണം കടത്തുന്നതിൻറെ ശബ്‌ദം എങ്ങനെയുണ്ടാക്കാമെന്ന്‌ സംവിധായകന്‍ ചര്‍ച്ച ചെയ്യുമ്പോഴേയ്‌ക്ക്‌ ദുര്‍ബ്ബലമനസ്‌കനായ ഗില്‍ദിറോയ്‌ തകര്‍ന്നുപോകുന്നു. തികഞ്ഞ അഹംഭാവിയും സ്‌ത്രീലമ്പടനുമാണ്‌ സംവിധായകന്‍ സാൻറീനി. താന്‍ സംവിധാനം ചെയ്യുന്നത്‌ ഹൊറര്‍ സിനിമയല്ലെന്നും അതൊരു മഹത്തായ ആര്‍ട്‌ സിനിമയാണെന്നും അയാള്‍ ഗില്‍ദിറോയോട്‌ ഉറപ്പിച്ചു പറഞ്ഞു. 
ൻറെ സിനിമയുമായി സഹകരിക്കുന്ന നടിമാരെ വെറും ഭോഗവസ്‌തുക്കളായാണ്‌ അയാള്‍ കാണുന്നത്‌.
ദുര്‍മ്മന്ത്രവാദിനിക്കു വേണ്ടി  അലറുന്ന നടിയോട്‌ അയാള്‍ പറഞ്ഞു:  “നീ ഓര്‍ഗാസമനുഭവിക്കുന്ന ശബ്‌ദം അനുകരിച്ചു കേള്‍പ്പിച്ചു കഷ്‌ടപ്പെടേ­ണ്ട. ആ ശബ്‌ദം നിൻറെ അടുത്ത കാസ്റ്റിങ്‌ ഡയറക്‌റ്ററെ കേള്‍പ്പിച്ചാല്‍ മതി.” പിന്നീട്‌ സാന്തീനി സില്‍വിയയെ ബലാത്‌കാരം ചെയ്‌തതായി ഗില്‍ദിറോയ്‌ മനസ്സിലാക്കുന്നു. അതുവരെ ചെയ്‌തു വെച്ച ജോലികള്‍ മുഴുവന്‍ താറുമാറാക്കിക്കൊണ്ട് ഒരു രാത്രിയില്‍ സില്‍വിയ അപ്രത്യക്ഷയാകുന്നു. എലിസ എന്ന മറ്റൊരു നടി ആ ജോലികള്‍ പൂര്‍ത്തിയാക്കാനെത്തുമ്പോഴേയ്‌ക്കും യാഥാര്‍ത്ഥ്യവും സിനിമയും തമ്മിലുള്ള അതിര്‍ത്തിരേഖ മാഞ്ഞുതുടങ്ങിയിരുന്നു. 
തൊഴിലാളികളെ മൃഗതുല്യരായി കാണുന്ന സ്റ്റുഡിയോ ഉടമകള്‍ ഗില്‍ദിറോയ്‌ക്ക്‌ വിമാന യാത്രാക്കൂലി കൊടുക്കാന്‍ തയ്യാറാകുന്നില്ല. ഗില്‍ദിറോയ്‌ വന്നു എന്നു പറയുന്ന ദിവസം അങ്ങനെയൊരു ഫ്‌ളൈറ്റ്‌ ഉണ്ടായിരുന്നില്ല എന്ന്‌ അവര്‍ സമര്‍ത്ഥിക്കാന്‍ തുനിയുമ്പോഴേയ്‌ക്ക്‌ അയാള്‍ സാൻറീനിയുടെ ഹൊറര്‍ സിനിമ സൃഷ്‌ടിക്കുന്ന അയാര്‍ത്ഥലോകത്തിലേയ്‌ക്ക്‌ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. താന്‍ അനുഭവിക്കുന്നത്‌ യാഥാര്‍ത്ഥ്യമാണോ  സ്വപ്‌നമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേയ്‌ക്ക്‌ ഗില്‍ദിറോയ്‌ എടുത്തെറിയപ്പെട്ടു. സിനിമയുടെ നിര്‍മ്മാതാവിനെപ്പോലെ അയാളും പുതിയ നടിയെ മാനസികമായി പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. യാഥാസ്ഥിതികമായ ബ്രിട്ടീഷ്‌ സിനിമയുടെ ചുറ്റുപാടുകളില്‍ നിന്നു വന്ന ഒരാള്‍ക്ക്‌ ആഡംബരപൂര്‍ണ്ണവും അക്രമാസക്തവുമായ ഇറ്റാലിയന്‍ സാഹചര്യത്തില്‍ സംഭവിക്കുന്ന നിഷ്‌കളങ്കതാനഷ്‌ടമായും വേണമെങ്കില്‍ ഈ മാറ്റത്തെ വ്യാഖ്യാനിക്കാം. സിനിമയിലെ ശബ്‌ദസന്നിവേശനത്തിൻറെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സ്‌ട്രിക്‌ ലാന്‍ഡ്‌ ഈ സിനിമ സംവിധാനം ചെയ്‌തതെന്ന്‌ ആദ്യമേ പറഞ്ഞല്ലോ. 

സിനിമയ്‌ക്കുള്ളില്‍ പരാമര്‍ശിക്കപ്പെടുന്ന ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന ചിത്രത്തിൻറെ ഒരു ഷോട്ട്‌ പോലും പ്രേക്ഷകര്‍ കാണുന്നില്ല. ശബ്‌ദങ്ങള്‍ കൊണ്ടു മാത്രം ആ സിനിമ അനുഭവിപ്പിക്കാനാണ്‌ സ്‌ട്രിക്‌ ലാന്‍ഡ്‌ ശ്രമിക്കുന്നത്‌. ചിത്രം തുടങ്ങുമ്പോള്‍ കാണിക്കുന്ന ടൈറ്റിലുകള്‍ പോലും ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന സിനിമയ്‌ക്കുള്ളിലെ സിനിമയുടേതാണ്‌. എന്‍ഡ്‌ ക്രെഡിറ്റുകളില്‍ മാത്രമാണ്‌ ബെര്‍ബേറിയന്‍ സൗണ്ട്  സ്റ്റുഡിയോ എന്ന്‌ എഴുതിക്കാണിക്കുന്നത്‌. സിനിമയില്‍ അദൃശ്യമായിരിക്കുന്ന സാങ്കേതികതയെ ദൃശ്യമാക്കുകയാണ്‌ സ്‌ട്രിക്‌ ലാന്‍ഡിന്റെ ലക്ഷ്യം. ടോബി ജോണ്‍സ്‌ എന്ന വിഖ്യാതനടൻറെ തിളക്കമുള്ള പ്രകടനം ഈ സിനിമയെ സമ്പന്നമാക്കിയിരിക്കുന്നു. 
ടോബി ജോൺസ്‌ 
ഇന്‍ഫെയ്‌മസ്‌ (2006) എന്ന ജീവചരിത്ര സിനിമയില്‍ അമേരിക്കന്‍ സാഹിത്യകാരന്‍ ട്രൂമാന്‍ കപോട്ടിയായി വേഷമിട്ട ടോബി ജോണ്‍സ്‌ ബി ബി സി - എച്‌ ബി ഓ സംരംഭമായ ദി ഗേള്‍ (2012) എന്ന ചിത്രത്തില്‍  ആല്‍ഫ്രഡ്‌ ഹിച്‌കോക്കിൻറെ പുനരവതാരമായി. ഹിച്‌കോക്കിൻറെ സിനിമകളിലെ നായികമാരെക്കുറിച്ചായിരുന്നു ആ ചിത്രം .ആദ്യ ഫീച്ചര്‍ സിനിമയായ കാതലീന്‍ വര്‍ഗ (2009) യില്‍ത്തന്നെ സ്‌ട്രിക്‌ ലാന്‍ഡ്‌ കൈകാര്യം ചെയ്‌തത്‌ ഒരു പ്രതികാരകഥയാണ്‌. 2005 ല്‍ ബെര്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോയുടെ പ്രമേയം ഒരു ഹ്രസ്വചിത്രമായി ചെയ്‌തിരുന്നു. ശബ്‌ദസിനിമ വളര്‍ച്ചയുടെ വഴികളിലായിരുന്ന കാലഘട്ടത്തിൻറെ പുനരാവിഷ്‌കാരം എന്ന നിലയില്‍ ഈ സിനിമ ഓര്‍മ്മിക്കപ്പെടും. ഒപ്പം നവലോകസിനിമയിലെ ശക്തവും ദീപ്‌തവുമായ സാന്നിദ്ധ്യമായി ഈ സംവിധായകനും  ഉണ്ടാകും.


ഹെമിങ്‌വേയുടെ ശബ്‌ദം കേള്‍ക്കുമ്പോള്‍

കെ ബി വേണു 



The Spanish Earth/Joris Ivens/1937/Documentary/52 minutes


വിശ്വവിഖ്യാത സാഹിത്യകാരന്‍ ഏണസ്റ്റ്‌ ഹെമിങ്‌വേയുടെ ശബ്‌ദം ഏതാണ്ട്  ഒരു മണിക്കൂറോളം കേള്‍ക്കാനുള്ള അവസരമുണ്ടായതിൻറെ  കഥയാണ്‌ പറയാന്‍ പോകുന്നത്‌. 1937 ല്‍ ഡച്ച്‌ ഡോക്യുമെൻററി ചലച്ചിത്രകാരൻ  ജോറിസ്‌ ഐവന്‍സ്‌ സംവിധാനം ചെയ്‌ത ദി സ്‌പാനിഷ്‌ എര്‍ത്ത്‌ എന്ന സിനിമയിലാണ്‌ ഹെമിങ്‌വേയുടെ ശബ്‌ദമുള്ളത്‌. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധകാലത്ത്‌ ഹെമിങ്‌വേയും മറ്റു ചില സാഹിത്യകാരന്മാരും മുന്‍കയ്യെടുത്ത്‌ നിര്‍മ്മിച്ചതാണ്‌ ഈ ഡോക്യുമെൻററി ഇതിൻറെ സ്‌ക്രിപ്‌റ്റ്‌ എഴുതിയതും ശബ്‌ദം കൊടുത്തതും ഹെമിങ്‌വേ ആണ്‌. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൃശ്യരേഖയാണ്‌ ഈ സിനിമ. ലോകം കണ്ട ­ ഏറ്റവും സാഹസികനായ ഒരു സാഹിത്യകാരൻറെ, പത്രപ്രവര്‍ത്തകൻറെ ഒരിക്കലും ക്ഷീണിക്കാത്ത ശബ്‌ദത്തിൻറെ അമൂല്യമായ റെക്കോഡ്‌ കൂടിയാണ്‌ ഈ ചിത്രം. 1937 ജൂലൈ 17 മുതല്‍ 1939 ഏപ്രില്‍ ഒന്നു വരെയാണ്‌ സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധം നടന്നത്‌. സ്‌പാനിഷ്‌ റിപ്പബ്ലിക്കിനെ പിന്തുണച്ചിരുന്ന റിപ്പബ്ലിക്കന്‍മാരും ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ നയിച്ച വിമതസൈന്യമായ നാഷണലിസ്റ്റുകളും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. 
ജനറൽ ഫ്രാങ്കോ 

നാഷണലിസ്റ്റുകള്‍ വിജയം വരിച്ചതും പിന്നീട്‌ ഏതാണ്ടു നാലു പതിറ്റാണ്ടോളം ഫ്രാങ്കോ സ്‌പെയിനിനെ അടക്കി ഭരിച്ചതും ചരിത്രമാണ്‌. പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഹെമിങ്‌വേ 1937 ല്‍ യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വേണ്ടി സ്‌പെയിനിലെത്തി. നോര്‍ത്ത്‌ അമേരിക്കന്‍ ന്യൂസ്‌ പേപ്പര്‍ അലയന്‍സിനു വേണ്ടിയാണ്‌ അദ്ദേഹം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. അമേരിക്കയില്‍ നിന്നു പുറപ്പെടുന്നതിനു  മുമ്പ്‌ ആര്‍ച്ചിബാള്‍ഡ്‌ മക്‌ലീഷ്‌ അടക്കമുള്ള ഏതാനും  എഴുത്തുകാരും കലാകാരന്‍മാരുമായിച്ചേര്‍ന്ന്‌ അദ്ദേഹം കണ്ടംപററി ഹിസ്റ്റോറിയന്‍സ്‌ എന്നൊരു സംഘം രൂപീകരിക്കുകയുണ്ടായി. 
റിപ്പബ്ലിക്കന്‍മാരെ സഹായിക്കാനുള്ള ഒരു രാഷ്‌ട്രീയ പ്രചാരണചിത്രം നിര്‍മ്മിക്കുകയായിരുന്നു സംഘത്തിൻറെ ലക്ഷ്യം. പതിനെണ്ണായിരം അമേരിക്കന്‍ ഡോളര്‍ അവര്‍ സംഘടിപ്പിച്ചു. ഇടതുപക്ഷ അനുഭാവിയായ ജോറിസ്‌ ഐവന്‍സിനെ സംവിധാനച്ചുമതലയും ഏല്‍പിച്ചു. സ്‌പെയിനിൻറെ തെക്കു കിഴക്കു ഭാഗത്തുള്ള ഒരു കുഗ്രാമത്തിലെ ജനങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി കലാപത്തിൻറെ കഥ പറയാനായിരുന്നു പദ്ധതി. ഇതിനു  വേണ്ടി ചില സ്ഥലങ്ങളും സംഭവങ്ങളും കൃത്രിമമായി ആവിഷ്‌കരിക്കാന്‍ ഐവന്‍സ്‌ തീരുമാനിച്ചു. പക്ഷേ, ഈ ഗ്രാമത്തിലെത്തിയപ്പോള്‍ ഐവന്‍സിനും  ക്യാമറാമാന്‍ ഫേണോയ്‌ക്കും ഒരു കാര്യം ബോദ്ധ്യമായി. യുദ്ധത്തിൻറെ തീച്ചൂളയിലായ ഒരു രാജ്യത്ത്‌ സിനിമയ്‌ക്കു വേണ്ടിയുള്ള അത്തരം കൃത്രിമമായ ആവിഷ്‌കാരങ്ങള്‍ നടത്തുക അസാദ്ധ്യമാണ്‌. അപകടകരമായിരുന്നു ഷൂട്ടിങ്‌ പ്രക്രിയ. സദാസമയവും ജാഗരൂകനായി, എന്തു സഹായവും നല്‍കാന്‍ സന്നദ്ധനായി ഹെമിങ്‌വേ ഷൂട്ടിങ്ങില്‍ സജീവസാന്നിദ്ധ്യമായിരുന്നു. ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ എടുത്തു കൊണ്ടു  സഞ്ചരിക്കാന്‍ പോലും അദ്ദേഹം തയ്യാറായിരുന്നു. ഈ സിനിമയുടെ അതിസാഹസികമായ ഷൂട്ടിങ്ങിനെ ആസ്‌പദമാക്കി ഹെമിങ്‌ വേ പിന്നീട്‌ നൈറ്റ്‌ ബിഫോര്‍ ബാറ്റില്‍ എന്നൊരു ചെറുകഥ എഴുതുകയുണ്ടായി. ക്യാമറയുടെ ലെന്‍സില്‍ നിന്നു പുറപ്പെടുന്ന ചെറിയൊരു വെളിച്ചം പോലും ശത്രുപക്ഷത്തിൻറെ തോക്കുകളെ പ്രകോപിപ്പിക്കുന്ന അപകടാവസ്ഥയെക്കുറിച്ച്‌ ആ കഥ-യില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

 ഈ ചെറുകഥയിലും, യുദ്ധഭൂമിയില്‍ നിന്നയച്ച പത്രറിപ്പോര്‍ട്ടുകളിലുമായി ചരിത്രത്തില്‍ ചോര കൊണ്ടെഴെുതിയ ഒരു കലാപത്തിൻറെ ചിത്രങ്ങള്‍ ഹെമിങ്‌ വേ വരച്ചു വച്ചിട്ടുണ്ട്. സിനിമയുടെ ആഖ്യാന പാഠം ഹെമിങ്‌വേ പൂര്‍ത്തിയാക്കിയപ്പോള്‍ ഷൂട്ടിങ്‌ സംഘത്തില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തു. സ്‌ക്രിപ്‌റ്റില്‍ വാചാടോപം അല്‍പം കൂടുതലാണെന്നായിരുന്നു സംവിധായകൻറെ പക്ഷം സ്‌ക്രിപ്‌റ്റ്‌ വെട്ടിക്കുറയ്‌ക്കണമെന്ന സംവിധായകൻറെ  അഭിപ്രായത്തോട്‌ ഹെമിങ്‌ വേ ആദ്യം വിയോജിച്ചെങ്കിലും പിന്നീട്‌ തിരുത്തലുകള്‍ക്ക്‌ തയ്യാറായി. കാര്യങ്ങള്‍ വീണ്ടും  കുഴഞ്ഞു മറിഞ്ഞത്‌ ആഖ്യാനം റെക്കോഡ്‌ ചെയ്യുന്ന സമയത്താണ്‌. സുപ്രസിദ്ധ അമേരിക്കന്‍ സംവിധായകനും നടനുമായ ഓഴ്‌സണ്‍ വെല്‍സ്‌ വിവരണപാഠം ആഖ്യാനം ചെയ്യണമെന്നാണ്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌. ഹെമിങ്‌ വേ തിരുത്തി ചെറുതാക്കിയ വിവരണപാഠം അപ്പോഴും അതിവാചാലവും വിരസവുമാണെന്ന്‌ ഓഴ്‌സണ്‍ വെല്‍സ്‌ അഭിപ്രായപ്പെട്ടു. ചില സീനുകളില്‍ വിവരണം തന്നെ അനാവശ്യമാണെന്ന്‌ അദ്ദേഹം തുറന്നടിച്ചു. ഇതോടെ ഹെമിങ്‌വേ പ്രകോപിതനായി. “നിന്നെപ്പോലുള്ള പയ്യന്മാര്‍ക്ക്‌ ശരിക്കുമുള്ള യുദ്ധത്തെക്കുറിച്ച്‌ എന്തറിയാം?” എന്നായിരുന്നു ക്ഷുഭിതനായ ഹെമിങ്‌ വേയുടെ ചോദ്യം. ഓഴ്‌സണ്‍ വെല്‍സ്‌ വീണ്ടും ഹെമിങ്‌ വേയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ഇതോടെ അല്‍പം ലഹരിയിലായിരുന്ന ഹെമിങ്‌ വേ ഒരു കസേര കയ്യിലെടുത്തു കൊണ്ട് എഴുന്നേറ്റു. ഓഴ്‌സണ്‍ വെല്‍സും ഒരു കസേര കയ്യിലെടുത്ത്‌ ഏറ്റുമുട്ടലിനു  തയ്യാ-റായി. ഡബ്ബിങ്‌ തിയറ്ററിലെ സ്‌ക്രീനില്‍ സിനിമ ഓടിക്കൊണ്ടിരുന്നു. 
സ്‌പാനിഷ്‌ ആഭ്യന്തര കലാപത്തിൻറെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്കു മുന്നില്‍ വെച്ച്‌ ലോകപ്രശസ്‌തരായ അമേരിക്കന്‍ സാഹിത്യകാരനും  ചലച്ചിത്ര സംവിധായകനും  ഏറ്റുമുട്ടി.
ഏണസ്റ്റ് ഹെമിങ്‌വേ 
“ഒടുവില്‍ ഒരു കുപ്പി വിസ്‌കിയ്‌ക്കു മുന്നില്‍ ആ പോരാട്ടം അവ-സാ-നിച്ചു” എന്നാണ്‌ പില്‍ക്കാലത്ത്‌ ഈ സംഭവത്തെക്കുറിച്ച്‌ ഓഴ്‌സണ്‍ വെല്‍സ്‌ എഴുതിയത്‌. വെല്‍സ്‌ നല്‍കിയ ആഖ്യാനം സംവിധായകന്‌ ഇഷ്‌ടമായെങ്കിലും ഗ്രൂപ്പിലെ മറ്റു പലര്‍ക്കും അത്‌ അത്രയ്‌ക്ക്‌ രുചിച്ചില്ല. വെല്‍സിൻറെ ആഖ്യാനത്തില്‍ നാടകീയത വല്ലാതെ കൂടിപ്പോയെന്നായിരുന്നു പ്രധാന വിമര്‍ശനം. 
ഹെമിങ്‌ വേ തന്നെ വിവരണം നല്‍കിയാല്‍ മതിയെന്നായിരുന്നു അവരുടെ പക്ഷം. അങ്ങനെയാണ്‌ വെല്‍സിന്‌ അല്‍പം അപമാനകരമായ ആ തീരുമാനം ഉ­ണ്ടായത്‌. 
ഓഴ്‌സൺ വെൽസ് 
ഹെമിങ്‌വേ തന്നെ ചിത്രത്തിന്‌ വിവരണം നല്‍കി. സംവിധായകന്‍ മാത്രമല്ല, നടന്‍ കൂടിയായിരുന്ന ഓഴ്‌സണ്‍ വെല്‍സ്‌ അഭ്രപാളികളില്‍ അനശ്വരനാണ്‌. പക്ഷേ, ലോകം മുഴുവന്‍ ആരാധകരുള്ള ഒരെഴുത്തുകാരൻറെ  ശബ്‌ദം ദി സ്‌പാനിഷ്‌ എര്‍ത്ത്‌ എന്ന സിനിമയിലൂടെ അനശ്വരമാക്കപ്പെട്ടു. ഹെമിങ്‌ വേ, തൻറെ  ഗംഭീരമായ ശബ്‌ദത്തില്‍ ഇങ്ങനെ സംസാരിച്ചു തുടങ്ങുന്നു “സ്‌പെയിനിൻറെ മണ്ണ്‌ ഉണങ്ങിവരണ്ടു കടുത്തിരിക്കുന്നു. ഈ മണ്ണില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന മനുഷ്യരുടെ മുഖങ്ങളും വെയിലേറ്റ്‌ ഉണങ്ങി വരണ്ടു  കഠിനമായിരിക്കുന്നു.” 
ജോറിസ്‌ ഐവന്‍സ്‌ 
യുദ്ധം കൊത്തിപ്പറിച്ച മനുഷ്യ മുഖങ്ങളുടെ ക്ലോസ്‌ അപ്‌ ദൃശ്യങ്ങള്‍ കൊണ്ട് ഈ സിനിമ ഇപ്പോഴും പ്രക്ഷകരെ അമ്പരപ്പിക്കുന്നു. ഹെമിങ്‌വേയുടെ ശബ്‌ദം ഓഴ്‌സണ്‍ വെല്‍സിൻറെതു പോലെ പ്രാഫഷണല്‍ ആയിരുന്നില്ല. പക്ഷേ, യുദ്ധഭൂമിയില്‍ നിന്ന്‌ നേരിട്ട്‌ സംസാരിക്കുന്ന ഒരാളുടെ ശബ്‌ദമായിരുന്നു അദ്ദേഹത്തിൻറെത്‌. അതില്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും സാഹിത്യകാരന്‍ എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ മനുഷ്യ സ്‌നേഹവും പുരോഗമന  ചിന്തകളും നിറഞ്ഞു നിന്നിരുന്നു സിനിമ ക­ണ്ടതിനു ശേഷം അമേരിക്കന്‍ എഴുത്തുകാരനായ എഫ്‌ സ്‌കോട്ട്‌ ഫിസ്‌ജെറാള്‍ഡ്‌ ഹെമിങ്‌ വേയ്‌ക്ക്‌ ഒരു ടെലിഗ്രാം അയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: “The picture was beyond praise and so was your attitude”
“മനുഷ്യനെ കൊല്ലാം. പക്ഷേ, പരാജയപ്പെടുത്താനാകില്ല” എന്ന്‌ വര്‍ഷങ്ങള്‍ക്കു  ശേഷം കിഴവനും  കടലും എന്ന മാസ്റ്റർ പീസ് നോവലില്‍ എഴുതിവെച്ച ഏണസ്റ്റ്‌ ഹെമിങ്‌ വേ ഉദാത്തമായ മനോഭാവങ്ങളുടെ പേരിലാണല്ലോ അനശ്വരനായിരിക്കുന്നത്‌. അതിചടുലമായി ചലിക്കുന്ന ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ദൃശ്യങ്ങള്‍ക്കു മുകളിലൂടെ അദ്ദേഹത്തിൻറെ  ശബ്‌ദം ഒഴുകുമ്പോള്‍ എത്ര പ്രശംസിച്ചാലും മതിയാകാത്ത ആ മനോഭാവമാണ്‌ നമ്മെ കീഴടക്കുന്നത്‌..


ദി സ്പാനിഷ് എർത് ഈ ലിങ്കിൽ കാണാം  
https://www.youtube.com/watch?v=MT8q6VAyTi8


കാലത്തിൻറെ ഘനീഭവിച്ച ഫ്രെയ്മുകളിലൂടെ

കെ ബി വേണു 
Thou still unravished bride of quietness,
Thou foster-child of silence and slow time,
Sylvan historian, who canst thus express
A flowery tale more sweetly than our rhyme…

-John Keats (Ode on a Grecian Urn)

SHIRLEY: VISIONS OF REALITY (2013)/GUSTAV DEUTSCH/AUSTRIA/92 minutes


ചരിത്രം എഴുതിവെച്ച ചിത്രത്താളുകളില്‍ നിന്ന്‌ ഇറങ്ങിവന്നവളാണ്‌ ഷേളി. കാലത്തിനും  ചരിത്രത്തിനും  അതീതയാണവള്‍. മൂന്നു പതിറ്റാണ്ടുകളിലെ പ്രക്ഷുബ്‌ധമായ സംഭവവികാസങ്ങളിലൂടെ സ്ഥിതപ്രജ്ഞയും സ്വതന്ത്രയുമായ ഒരു ബുദ്ധിജീവിയുടെ കാഴ്‌ചപ്പാടുകളോടെ കടന്നുപോകുമ്പോഴും അവളെ ജരാനരകള്‍ ബാധിക്കുന്നില്ല. സാങ്കല്‌പിക കഥാപാത്രമാണെങ്കിലും ഷേളി ഒരു യാഥാര്‍ത്ഥ്യമാണ്‌…..പ്രസിദ്ധ അമേരിക്കന്‍ ചിത്രകാരന്‍ എഡ്വേര്‍ഡ്‌ ഹോപ്പറുടെ (1882-1967) പതിമ്മൂന്ന്‌ ഓയില്‍ പെയിൻറ്റിങ്ങുകളെ ആസ്‌പദമാക്കി ഓസ്‌ട്രിയന്‍ സംവിധായകന്‍ ഗസ്റ്റാവ്‌ ഡോയിറ്റ്‌ ഒരുക്കിയ ഷേളി :വിഷന്‍സ്‌ ഓഫ്‌ റിയാലിറ്റി (2013) എന്ന സിനിമയിലെ നായികയാണ്‌ അവള്‍.

ലൂമിയര്‍ സഹോദരന്‍മാരില്‍ നിന്ന്‌ സിനിമാറ്റോഗ്രാഫ്‌ ഉപകരണം വിലയ്‌ക്കു വാങ്ങാന്‍ പോയിട്ട്‌ അതു കിട്ടാതെ നിരാശനായി മടങ്ങിയ ജോര്‍ജ്ജ്‌ മിലീസിൻറെ  കാലം മുതല്‍ തന്നെ ചിത്രകല സിനിമ-യില്‍ സജീവസാന്നിദ്ധ്യമാണ്‌. ചിത്രകാരനും  മജീഷ്യനുമൊക്കെയായിരുന്ന ബഹുമുഖപ്രതിഭയായ മിലീസിലൂടെയാണല്ലോ സിനിമയ്‌ക്ക്‌ സിനിമയുടെ സ്വഭാവം കൈവന്നത്‌. വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ഒരോ ഘട്ടങ്ങളിലും പല രൂപങ്ങളില്‍ ചിത്രകല സിനിമയെ സ്വാധീനിച്ചു. വിഖ്യാത സര്‍റിയലിസ്റ്റ്‌ പെയിൻറര്‍ സല്‍വദോര്‍ ദാലിയുമായി സഹകരിച്ചാണ്‌ ലൂയി ബുനുവല്‍ ആന്‍ ആന്‍ഡലൂഷ്യന്‍ ഡോഗ്‌ (1929) ഒരുക്കിയത്‌ എന്നോര്‍ക്കുക.



കംപ്യൂട്ടര്‍ ഗ്രാഫിക്‌സിൻറെ  സഹായത്തോടെ ഫ്രേയ്‌മുകളില്‍ മായാജാലങ്ങള്‍ കാണിക്കുന്ന ആധുനികകാലത്ത്‌ സിനിമയെ അതീവസാങ്കല്‍പിക തലങ്ങളിലേയ്‌ക്കുയര്‍ത്താന്‍ അനിമേഷനും ത്രീ ഡി യും അടക്കം നിരവധി സങ്കേതങ്ങളുണ്ട്. പക്ഷേ, ഇവിടെ ചിത്രകലയെ സിനിമയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന പുതിയൊരു രീതിയാണ്‌ ഗസ്റ്റാവ്‌ ഡോയിറ്റും അദ്ദേഹത്തിൻറെ പ്രഗത്ഭനായ ക്യാമറാമാന്‍ ജെഴ്‌സി പലാക്‌സും ചേര്‍ന്ന്‌ പരീക്ഷിക്കുന്നത്‌. ഹോപ്പറുടെ ഓരോ പെയിൻറിങ്ങു രചിക്കപ്പെട്ട അതേ വര്‍ഷങ്ങളില്‍ത്തന്നെ സിനിമയിലെ സംഭവങ്ങളും ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തിനൊപ്പം നടക്കുന്ന സിനിമയാണിതെന്നു പറയാം. 


എഡ്‌വേഡ്‌ ഹോപ്പറുടെ ചെയർ കാർ എന്ന പെയ്ൻറിങ് 
1965 ല്‍ ഹോപ്പര്‍ രചിച്ച ചെയര്‍ കാര്‍ എന്ന പെയിൻറിങ്ങില്‍ നിന്നാണ്‌ തുടക്കം. ഓരോ പെയിൻറിങ്ങും ഏതാണ്ട് അതേ മിഴിവോടെ തന്നെ സിനിമയുടെ ഫ്രയ്‌മില്‍ കൊണ്ടുവരാനുള്ള ശ്രമമാണ്‌ സംവിധായകനും ഛായാഗ്രാഹകനും നടത്തുന്നത്‌ ചെയര്‍ കാര്‍ എന്ന പെയിൻറിങ്ങില്‍ ട്രയിനിൻറെ ചെയര്‍ കാറില്‍ ഒരു പുസ്‌തകം വായിച്ചുകൊണ്ട് മറ്റു യാത്രക്കാര്‍ക്കൊപ്പം ഇരിക്കുന്ന ഒരു സ്‌ത്രീയെയാണ്‌ ഹോപ്പര്‍ ചിത്രീകരിച്ചിട്ടുള്ളത്‌. സിനിമയില്‍ ഉപയോഗിച്ച എല്ലാ പെയിൻറിങ്ങുകളിലെയും സ്‌ത്രീകള്‍ക്ക്‌ ഷേളി തന്നെയാണ്‌ ജീവന്‍ പകരുന്നത്‌. ചെയര്‍ കാറില്‍ ഇരുന്ന്‌ യാത്ര ചെയ്യുന്ന ഷേളി വായിക്കുന്ന പുസ്‌തകം എമിലി ഡിക്കിന്‍സൻറെ കവിതാ സമാഹാരമാണെന്ന്‌ ഗസ്റ്റാവ്‌ ഡോയിറ്റ്‌ സങ്കല്‍പിക്കുന്നു. അവിടെയാണ്‌ സംവിധായകൻറെ ഭാവനയുടെ പ്രസക്തി. ഘനീഭൂതമായ ഓര്‍മ്മകള്‍ നിറഞ്ഞ നിരവധി കവിതകള്‍ എമിലി ഡിക്കിന്‍സണ്‍ രചിച്ചിട്ടുണ്ട്.1965 ല്‍ ട്രെയിനിലിരുന്ന്‌ എമിലി ഡിക്കിന്‍സൻറെ കവിത വായിക്കുന്ന ഷേളി പിന്നീട്‌ ഓര്‍മ്മകളിലേയ്‌ക്കും അതുവഴി ചരിത്രത്തിലേയ്‌ക്കും കടന്നുപോകുന്നു. 
വര്‍ഷം 1931. പാരീ-സിലെ ഒരു ഹോട്ടല്‍ മുറി. തിയതി ഓഗസ്റ്റ്‌ 28, ശനിയാഴ്‌ച. (പതിമ്മൂന്നു പെയിൻറിങ്ങുകളെ ആസ്‌പദമാക്കി ഒരുക്കിയ പതിമ്മൂന്നു സീനുകളിലും ഓഗസ്റ്റ്‌ 28 എന്ന തിയതിയാണ്‌ കാണിക്കുന്നത്‌.) ഹോട്ടല്‍ റൂം എന്ന പെയിന്റി-ങ്ങാണ്‌ ഈ സീക്വന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഒരു യൂറോപ്യന്‍ പര്യടനത്തിലാണ്‌ ഷേളി. റേഡിയോയില്‍ വാര്‍ത്ത കേള്‍ക്കുന്നുണ്ട്. ഓരോ സീനിലും ഈ റേഡിയോ ന്യൂസ്‌ റീഡര്‍ ആ പ്രത്യേക ദിവസത്തിൻറെ ചരിത്രപരമായ പ്രാധാന്യം കുറിക്കുന്ന വാര്‍ത്താശകലങ്ങള്‍ വായിക്കുന്നുണ്ട്. അമേരിക്കയെ ബാധിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ ആ ദിവസത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. 

1932 ഓഗസ്റ്റ്‌ 28 ഞായറാഴ്‌ച. ന്യൂയോര്‍ക്ക്‌ സമയം രാത്രി 9 മണി.
 ഹോപ്പറുടെ റൂം ഇന്‍ ന്യൂ യോര്‍ക്ക്‌ (1932) എന്ന ചിത്രമാണിത്‌. ഷേളി ഹോട്ടല്‍ മുറിയില്‍. പശ്ചാത്തലത്തില്‍ മുസ്സോളിനിയുടെ പരാക്രമങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുന്ന റേഡിയോ. ഷേളിയുടെ ബോയ്‌ഫ്രണ്ട് സ്റ്റീഫന്‍ മുറിയിലേയ്‌ക്കു വരുന്നു. ന്യൂ യോര്‍ക്ക്‌ പോസ്റ്റ്‌ എന്ന പത്രത്തിലെ ഫോട്ടോ  ജേണലിസ്റ്റാണ്‌ സ്റ്റീഫന്‍. നിശ്ശബ്‌ദനായ ഒരു കഥാപാത്രം. ചിലപ്പോള്‍ ഒരു പ്രേതസാന്നിദ്ധ്യം. ഷേളിക്ക്‌ അയാളോട്‌ പ്രണയമുണ്ട്. പക്ഷേ ഒരു പരമ്പരാഗത വിവാഹബന്ധത്തില്‍ അവള്‍ വിശ്വസിക്കുന്നില്ല ഒന്നും മിണ്ടാതെ പത്രം വായിച്ചുകൊണ്ടിരിക്കുന്ന അയാളെ പ്രണയത്തിനുമപ്പുറമുള്ള ഒരു കൗതുകത്തോടെ ഷേളി നോക്കിക്കൊണ്ടിരിക്കുന്നു. 
ന്യൂ യോർക്ക് മൂവി എന്ന പെയ്ൻറിങ്

ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു. 1939 ഓഗസ്റ്റ്‌ 28, ഞായറാഴ്‌ച. ന്യൂ യോര്‍ക്ക്‌ നഗരം. സമയം രാത്രി പത്തു മണി. ഷേളി ഒരു സിനിമാ തിയറ്ററിലെ അറ്റന്‍ഡറാണ്‌. കാണികള്‍ക്ക്‌ ഇരുട്ടില്‍ ഇരിപ്പിടം കാണിച്ചുകൊടുക്കുകയും മറ്റുമാണ്‌ അവളുടെ ജോലി. വില്ല്യം വൈലറുടെ ഡെഡ്‌ എന്‍ഡ്‌ (1937) എന്ന ചിത്രമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അതിലെ പല സംഭാഷണങ്ങളും ഷേളിക്ക്‌ മനഃപാഠമാണ്‌. തികച്ചും വിരസമായ ഈ അറ്റന്‍ഡര്‍ പണിയും ഷേളി ക്ഷമയോടെ ചെയ്യുന്നു. കാരണം അവള്‍ സ്വതന്ത്രയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഹോപ്പറുടെ ന്യൂ യോര്‍ക്ക്‌ മൂവി (1939) എന്ന പെയ്‌ൻറിങ്ങാണ്‌ ഈ സീക്വന്‍സിന്‌ പ്രചോദനമായത്‌.

അടുത്ത വര്‍ഷം ഇതേ ദിവസം രാത്രി 10 മണിക്ക്‌ ഷേളിയെ കാണുന്നത്‌ ന്യൂയോര്‍ക്കില്‍ ഒരു ഓഫീസ്‌ സെക്രട്ടറിയുടെ റോളിലാണ്‌. അവളുടെ ബോസ്‌ ആയി വരുന്നത്‌ സ്റ്റീഫന്‍ തന്നെയാണ്‌. സെക്രട്ടറിയും ബോസും എന്ന ഔദ്യോഗിക ബന്ധത്തിനപ്പുറം ഒരു തീവ്രരഹസ്യം അവര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു­ന്നെ്‌ വ്യക്തമാണ്‌. എഡ്വേഡ്‌ ഹോപ്പര്‍ക്ക്‌ മാദകസുന്ദരിയായ ഒരു സെക്രട്ടറിയു­ായിരുന്നെന്നും അവളുടെ രൂപമാണ്‌ അദ്ദേഹം പല പെയ്‌ൻറിങ്ങുകളിലും വരച്ചിരുന്നതെന്നും പറയപ്പെടുന്നു. ഈ സുന്ദരിയെ ഹോപ്പറുടെ കുടുംബാംഗങ്ങള്‍ ഷേളി എന്നാണ്‌ വിളിച്ചിരുന്നതത്ര. അതുകൊണ്ടാണ്‌ ഗസ്റ്റാവ്‌ ഡോയിറ്റും തൻറെ നായികയെ ഷേളി എന്നു വിളിക്കുന്നത്‌. ഹോപ്പറുടെ ഓഫീസ്‌ അറ്റ്‌ നൈറ്റ്‌ (1940) എന്ന പെയ്‌ൻറിങ്ങില്‍ നിന്നാണ്‌ ഈ സീക്വന്‍സ്‌ രൂപം കൊണ്ട­ത്‌.

വിഖ്യാത നാടക - ചലച്ചിത്ര സംവിധായകന്‍ ഏലിയ കസാന്‍ അടുത്ത രണ്ട്  ഉപാഖ്യാനങ്ങളിലും കടന്നു വരുന്നു. തോണ്‍ടണ്‍ വൈല്‍ഡര്‍ എഴുതി ഏലിയ കസാന്‍ സംവിധാനം ചെയ്യുന്ന ദി സ്‌കിന്‍ ഓഫ്‌ ഔര്‍ ടീത്ത്‌ എന്ന നാടകത്തിലെ സംഭാഷണങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്‌ ഷേളി. ഒരു നാടക നടിയാണ്‌ അവളിപ്പോള്‍. ഏലിയാ കസാനുമായും അദ്ദേഹത്തിൻറെ ഗ്രൂപ്പ്‌ തിയറ്റര്‍ പ്രസ്ഥാനവുമായും ഷേളിക്ക്‌ ബന്ധമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന സീക്വന്‍സാണിത്‌. 


കാലം 1942. ഹോപ്പറുടെ ഹോട്ടല്‍ ലോബി എന്ന പെയ്‌ൻറിങ്‌. ഷേളിയെ പിന്നീടു കാണുന്നത്‌ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്കിലെ ഒരു ഹോട്ടല്‍ മുറിയിലാണ്‌. കടുത്ത വിഷാദരോഗത്തിലാണ്‌ ഷേളി. പത്തു വര്‍ഷം മുമ്പ്‌ ബഹുമാനത്തോടെ ക­ണ്ടിരുന്ന ഏലിയ കസാനെ ഇപ്പോള്‍ അവള്‍ വെറുക്കുന്നു. കാരണം കമ്യൂണിസ്റ്റുകളും പുരോഗമനവാദികളുമായ തൻറെ നാടകസഹപ്രവര്‍ത്തകരെ കസാന്‍ ഒറ്റിക്കൊടുത്തിരിക്കുന്നു. 1951 ല്‍ എ സ്‌ട്രീറ്റ്‌ കാര്‍ നെയ്‌മ്‌ഡ്‌ ഡിസൈര്‍ എന്ന സിനിമ സംവിധാനം ചെയ്‌ത ഏലിയ കസാന്‍ അപ്പോഴേയ്‌ക്കും ഹോളിവുഡ്ഡില്‍ ചുവടുറപ്പിച്ചിരുന്നു. ഇതിനാസ്‌പദമായ മോണിങ്‌ സണ്‍ എന്ന ചിത്രം ഹോപ്പര്‍ രചിച്ചത്‌ 1952 ലാണ്‌.

1956 ല്‍ വളരെ പ്രസാദവതിയായാണ്‌ ഷേളി കാണപ്പെടുന്നത്‌. ന്യൂയോര്‍ക്കിലെ ഒരു പ്രഭാതം. സ്‌റ്റീഫനോടൊപ്പം തെളിഞ്ഞ സൂര്യവെളിച്ചത്തില്‍ ഒരു ഒഴിവുകാല വസതിക്കു മുന്നില്‍ അവള്‍ ഇരിക്കുന്നു. അമേരിക്കന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു യോഗം മാര്‍ച്ചു മാസത്തില്‍ നടക്കുന്നു­ന്നെ വാര്‍ത്ത റേഡിയോയില്‍ കേള്‍ക്കാം. ഇതേ വര്‍ഷം ഹോപ്പര്‍ വരച്ച സണ്‍ലൈറ്റ്‌ ഓണ്‍ ബ്രൗണ്‍ സ്റ്റോണ്‍സ്‌ എന്ന ചിത്രത്തിൻറെ പുനരാവിഷ്‌കാരമാണിത്‌. വെസ്റ്റേണ്‍ മോട്ടല്‍ (1957) എന്ന ഹോപ്പര്‍ പെയ്‌ൻറിങ്ങിലൂടെ സ്റ്റീഫനുമായുള്ള ഷേളിയുടെ ബന്ധത്തെ മറ്റൊരു തലത്തില്‍ ഡോയിറ്റ്‌ നിര്‍വ്വചിക്കുന്നു. സ്റ്റീഫന്‍ അവളുടെ ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ്‌. അയാള്‍ ഫ്രേയിമിലില്ല. അയാളുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം കേള്‍ക്കാം. അയാള്‍ക്കു മുന്നില്‍ പോസ്‌ ചെയ്‌തുകൊണ്ടിരിക്കേ ഷേളിയുടെ ആത്മഗതം ഇങ്ങനെയാണ്‌ - “അന്നാദ്യമായാണ്‌ സ്റ്റീഫന്‍ എന്നോട്‌ ഫോട്ടോയ്‌ക്കു വേണ്ടി  പോസ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടത്‌. ആ നിമിഷങ്ങളില്‍ അവന്‍ എനിക്ക്‌ അപരിചിതനായി. അവൻറെ സങ്കല്‍പത്തിലുള്ള മറ്റൊരു പെണ്ണായി ഞാന്‍ കാണപ്പെടണമെന്ന്‌ അവന്‍ ആഗ്രഹിക്കുന്നതു പോലെ… ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ള വ്യക്തി എന്നോട്‌ അപരിചിതനെപ്പോലെ പെരുമാറുന്നു.” 


വിചിത്ര സ്വഭാവികളായ ഈ കമിതാക്കളെ വീണ്ടും നമ്മള്‍ കാണുന്നത്‌ രണ്ടു വര്‍ഷത്തിനു  ശേഷം കേപ്‌ കോഡ്‌ എന്ന സ്ഥലത്തുള്ള ഒരു ഹോട്ടല്‍ മുറിയിലാണ്‌. പ്ലേറ്റോയുടെ റിപ്പബ്ലിക്‌ എന്ന വിഖ്യാതമായ പുസ്‌തകം വായിച്ചുകൊണ്ട് ഷേളി കട്ടിലില്‍ കിടക്കുന്നുണ്ട്. സ്റ്റീഫൻറെ കാല്‍പ്പെരുമാറ്റം കേള്‍ക്കുമ്പോള്‍ പുസ്‌തകമടച്ചുവെച്ച്‌ ഉറക്കം നടിച്ച്‌ അവള്‍ തിരിഞ്ഞു കിടക്കുന്നു. നഗ്നമായ അവളുടെ നിതംബം അനാവൃതമാകുന്നു. സ്റ്റീഫന്‍ കടന്നുവന്ന്‌ കട്ടിലില്‍ ഇരിക്കുന്നു. പുസ്‌തകം തുറന്ന്‌ അയാളും വായിക്കുന്നു. പിന്നീട്‌ ഷേളിയെ സ്‌പര്‍ശിക്കാന്‍ ഒരുങ്ങുന്നു­ണ്ടെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ മുറിയില്‍ നിന്നു പോകുന്നു. ഷേളി എഴുന്നേറ്റ്‌ പുസ്‌തകം തറയിലേയ്‌ക്ക്‌ എറിയുന്നു. എക്‌സ്‌കര്‍ഷന്‍ ഇൻറു ഫിലോസഫി എന്നാണ്‌ 1959 ല്‍ രചിച്ച ഈ പെയ്‌ന്റിങ്ങിൻറെ  പേര്‌.



 എ വുമണ്‍ ഇന്‍ ദ സണ്‍ (1961) ഒരു ന്യൂഡ്‌ ആണ്‌. കേപ്‌ കോഡിലെ ഹോട്ടല്‍ മുറിയില്‍ പരിപൂര്‍ണ്ണ നഗ്നയായി ഷേളി ഉലാത്തുന്നു. പുലര്‍ച്ചെ ഏഴു മണി നേരം. സൂര്യരശ്‌മികള്‍ ആ മുറിയില്‍ തീര്‍ക്കുന്ന വെളിച്ചത്തിൻറെ വിന്യാസങ്ങള്‍ അവളുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ്‌. 
സിനിമയുമായി നേരിട്ടു ബന്ധമുള്ളതാണ്‌ അടുത്ത ഉപാഖ്യാനം. ഇൻറര്‍മിഷന്‍ (1963) എന്ന പെയിൻറിങ്‌ ആണ്‌ പ്രചോദനം. ആല്‍ബനിയിലുള്ള ഒരു തിയറ്ററില്‍ ഷേളി സിനിമ കണ്ടുകൊണ്ടിരിക്കുന്നു. സ്‌ക്രീനിലെ വെളിച്ചം അവളുടെ മുഖത്ത്‌ പ്രതിഫലിക്കുന്നു. ഹെന്‍റി കോല്‍പി സംവിധാനം ചെയ്‌ത ദി ലോങ്‌ ആബ്‌സെന്‍സ്‌ എന്ന ഫ്രഞ്ച്‌ സിനിമയാണത്‌. പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത്‌ ദുഃഖിക്കുന്നവളാണ്‌ ആ സിനിമയിലെ നായിക. Long Absence  നെ “സുദീര്‍ഘമായ അസാന്നിദ്ധ്യം” എന്ന്‌ വിവര്‍ത്തനം ചെയ്‌താല്‍ ഷേളി ഇപ്പോള്‍ സ്റ്റീഫൻറെ ഓര്‍മ്മകളിലാണെന്നു വ്യക്തമാകും. തിയറ്ററില്‍ അവള്‍ ഒറ്റയ്‌ക്കാണ്‌. പക്ഷേ സ്റ്റീഫൻറെ സാന്നിദ്ധ്യം അവള്‍ അനുഭവിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ അപ്രത്യക്ഷനാകുന്നു. സിനിമയുടെ ഇടവേളയെത്തുമ്പോള്‍ ഷേളി പറയുന്നു “ഇടവേള…..ഒരു സ്വപ്‌നത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നതുപോലെ…”. 

അതേ നഗരത്തില്‍ത്തന്നെയുള്ള ഒരു ഹോട്ടല്‍ മുറിയില്‍ തൊട്ടടുത്ത ദിവസമാണ്‌ അടുത്ത സീന്‍ നടക്കുന്നത്‌. അവലംബം സണ്‍ ഇന്‍ ആന്‍ എംപ്‌റ്റി റൂം (1963) എന്ന പെയ്‌ൻറിങ്‌. റേഡിയോയില്‍ ആഫ്രാ അമേരിക്കന്‍ വംശജരുടെ വീരനായകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിൻറെ  ചരിത്ര പ്രസിദ്ധമായ ആ പ്രസംഗം......I have a dream… ഷേളി റേഡിയോ എടുത്തു കൊണ്ടു പോകുന്നു. മുറി ശൂന്യമാകുന്നു. സ്‌ക്രീനിലും ഒരു സെക്കന്‍ഡ്‌ ഇരുട്ട്‌…ഫെയ്‌ഡ്‌ ഔട്ട്‌…. 

കാലത്തിൻറെ കല്ലറകളില്‍ ഉറങ്ങിക്കിടക്കുന്ന പ്രക്ഷുബ്‌ധമായ ചരിത്രമുഹൂര്‍ത്തങ്ങളെ കടുത്ത നിറങ്ങളില്‍ പുനഃസൃഷ്‌ടിക്കുന്ന സിനിമയാണിത്‌. വിഷാദത്തിൻറെയും പ്രത്യാശയുടെയും നിറങ്ങള്‍ അതിൻറെ ഫ്രേയ്‌മുകളില്‍ ചിതറിക്കിടക്കുന്നു. എഡ്വേഡ്‌ ഹോപ്പറുടെ പെയിൻറിങ്ങുകളില്‍ അമേരിക്കന്‍ ക്രൈം ത്രില്ലര്‍ സിനിമകളുടെ സ്വാധീനമുണ്ട്. ഹോപ്പറുടെ ചിത്രങ്ങള്‍ ഹിച്ച്‌കോക്‌ അടക്കമുള്ള സംവിധായകരെയും സ്വാധീനിച്ചിട്ടുണ്ട്. 
ദി ഹൗസ്‌ ബൈ  ദി  റെയില്‍ റോഡ്‌ 
ഹിച്ച്‌കോക്കിൻറെ  സൈക്കോ എന്ന പ്രസിദ്ധമായ സിനിമയിലെ ബെയ്‌റ്റ്‌സ്‌ ഭവനം ഹോപ്പറുടെ ദി ഹൗസ്‌ ബൈ  ദി  റെയില്‍ റോഡ്‌ എന്ന പെയിൻറിങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ രൂപകല്‍പന ചെയ്‌തത്‌. ടെറന്‍സ്‌ മാലിക്കിൻറെ  ഡേയ്‌സ്‌ ഓഫ്‌ ഹെവന്‍ എന്ന ചിത്രത്തിലും ഈ പെയിൻറിങ്ങിൻറെ  സ്വാധീനമുണ്ട്. വിം വെന്‍ഡേഴ്‌സ്‌, റിഡ്‌ലി സ്‌കോട്ട്‌ തുടങ്ങിയവരും ഹോപ്പറുടെ പെയിൻറിങ്ങുകളാല്‍ പ്രചോദിതരായ സംവിധായകരാണ്‌. പക്ഷേ, പ്രത്യക്ഷത്തില്‍ പരസ്‌പരബന്ധമില്ലാത്ത ഒരു കൂട്ടം ചിത്രങ്ങളെ കാലഗണനാക്രമത്തില്‍ത്തന്നെ ചരിത്രവുമായി കൂട്ടിച്ചേര്‍ത്തു എന്നതാണ്‌ ഡോയിറ്റിൻറെ സിനിമയുടെ സവിശേഷത. 


ഗസ്റ്റാവ്‌ ഡോയിറ്റ്‌
എഡ്‌വേഡ്‌ ഹോപ്പർ- സെൽഫ് പോർട്രൈറ് 
ഒരു കല മറ്റൊരു കലയെ ഏറ്റവും ഭംഗിയായി അനുകരിക്കുകയാണിവിടെ. 1931 മുതല്‍ 1963 വരെയുള്ള മൂന്നു പതിറ്റാണ്ടുകളിലൂടെ കടന്നുപോകുന്ന ഈ സിനിമ  രണ്ടാം ലോകയുദ്ധം അമേരിക്കന്‍ സാമ്പത്തികമാന്ദ്യം, ആഫ്രാ അമേരിക്കന്‍ വംശജരുടെ കലാപം, ജാസ്‌ സംഗീതം, ഏലിയാ കസാന്‍, ലിവിങ്‌ തിയറ്റര്‍, ശീതയുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിങ്ങനെ നിരവധി സംഭവങ്ങളെയും വ്യക്തികളെയും പരാമര്‍ശിക്കുന്നു. സഞ്ചരിച്ച കാലങ്ങളോട്‌ കലഹിച്ചുകൊ­ണ്ടാണ്‌ ഷേളി മുന്നോട്ടുപോകുന്നത്‌. ചരിത്രം അവള്‍ക്ക്‌ വ്യക്തിപരമായ അനുഭവങ്ങളുടെ സമാഹാരമാണ്‌. 1963 ലെ സണ്‍ ഇന്‍ ദി എംപ്‌റ്റി റൂം എന്ന എപ്പിസോഡില്‍ നിന്ന്‌ വീണ്ടും 1965 ല്‍ ചെയര്‍കാറില്‍ ഇരുന്ന്‌ എമിലി ഡിക്കിന്‍സൻറെ കവിതാസമാഹാരം വായിക്കുന്ന ഷേളിയിലേയ്‌ക്ക്‌ സിനിമ മടങ്ങി വരുന്നു. എമിലി ഡിക്കിന്‍സൻറെ കവിത ഷേളി ഉറക്കെ വായിക്കുന്നു

If anybody’s friend be dead
It’s sharpest of the theme
The thinking how they walked along
At such and such a time….

 അവള്‍ സഞ്ചരിച്ചിരുന്ന ട്രയിനിൻറെ  ചലനം ഇതുവരെ സിനിമയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ നിഴലുകള്‍ നീങ്ങുന്നത്‌ കാണാന്‍ കഴിയുന്നു. ഘനീഭവിച്ച കാലത്തിൻറെ  ഫ്രേയ്‌മുകളില്‍ നിന്ന്‌ വര്‍ത്തമാനകാലത്തിൻറെ  പുതിയ വെളിച്ചത്തിലേയ്‌ക്ക്‌ ഷേളി ഉണര്‍ന്നിരിക്കുന്നു. ചരിത്രത്തിൻറെ അടുത്ത ഘട്ടങ്ങളിലൂടെ ചിരഞ്‌ജീവിയായ ഷേളിയുടെ യാത്ര വീണ്ടും  തുടങ്ങുന്നു..