കെ ബി വേണു
The Spanish Earth/Joris
Ivens/1937/Documentary/52 minutes
വിശ്വവിഖ്യാത സാഹിത്യകാരന്‍ ഏണസ്റ്റ് ഹെമിങ്‌വേയുടെ ശബ്‌ദം ഏതാണ്ട് ഒരു മണിക്കൂറോളം കേള്‍ക്കാനുള്ള അവസരമുണ്ടായതിൻറെ കഥയാണ് പറയാന്‍ പോകുന്നത്. 1937 ല്‍ ഡച്ച് ഡോക്യുമെൻററി ചലച്ചിത്രകാരൻ ജോറിസ് ഐവന്‍സ് സംവിധാനം ചെയ്‌ത ദി സ്‌പാനിഷ് എര്‍ത്ത് എന്ന സിനിമയിലാണ് ഹെമിങ്‌വേയുടെ ശബ്‌ദമുള്ളത്. സ്‌പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഹെമിങ്‌വേയും മറ്റു ചില സാഹിത്യകാരന്മാരും മുന്‍കയ്യെടുത്ത് നിര്‍മ്മിച്ചതാണ് ഈ ഡോക്യുമെൻററി ഇതിൻറെ സ്‌ക്രിപ്‌റ്റ് എഴുതിയതും ശബ്‌ദം കൊടുത്തതും ഹെമിങ്‌വേ ആണ്. സ്‌പാനിഷ് ആഭ്യന്തരയുദ്ധത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൃശ്യരേഖയാണ് ഈ സിനിമ. ലോകം കണ്ട ഏറ്റവും സാഹസികനായ ഒരു സാഹിത്യകാരൻറെ, പത്രപ്രവര്‍ത്തകൻറെ ഒരിക്കലും ക്ഷീണിക്കാത്ത ശബ്‌ദത്തിൻറെ അമൂല്യമായ റെക്കോഡ് കൂടിയാണ് ഈ ചിത്രം. 1937 ജൂലൈ 17 മുതല്‍ 1939 ഏപ്രില്‍ ഒന്നു വരെയാണ് സ്‌പാനിഷ് ആഭ്യന്തര യുദ്ധം നടന്നത്. സ്‌പാനിഷ് റിപ്പബ്ലിക്കിനെ പിന്തുണച്ചിരുന്ന റിപ്പബ്ലിക്കന്‍മാരും ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ നയിച്ച വിമതസൈന്യമായ നാഷണലിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടിയത്.
ജനറൽ ഫ്രാങ്കോ |
നാഷണലിസ്റ്റുകള്‍ വിജയം വരിച്ചതും പിന്നീട് ഏതാണ്ടു നാലു പതിറ്റാണ്ടോളം ഫ്രാങ്കോ സ്‌പെയിനിനെ അടക്കി ഭരിച്ചതും ചരിത്രമാണ്. പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഹെമിങ്‌വേ 1937 ല്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി സ്‌പെയിനിലെത്തി. നോര്‍ത്ത് അമേരിക്കന്‍ ന്യൂസ് പേപ്പര്‍ അലയന്‍സിനു വേണ്ടിയാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. അമേരിക്കയില്‍ നിന്നു പുറപ്പെടുന്നതിനു മുമ്പ് ആര്‍ച്ചിബാള്‍ഡ് മക്‌ലീഷ് അടക്കമുള്ള ഏതാനും എഴുത്തുകാരും കലാകാരന്‍മാരുമായിച്ചേര്‍ന്ന് അദ്ദേഹം കണ്ടംപററി ഹിസ്റ്റോറിയന്‍സ് എന്നൊരു സംഘം രൂപീകരിക്കുകയുണ്ടായി.
റിപ്പബ്ലിക്കന്‍മാരെ സഹായിക്കാനുള്ള ഒരു രാഷ്‌ട്രീയ പ്രചാരണചിത്രം നിര്‍മ്മിക്കുകയായിരുന്നു സംഘത്തിൻറെ ലക്ഷ്യം. പതിനെണ്ണായിരം അമേരിക്കന്‍ ഡോളര്‍ അവര്‍ സംഘടിപ്പിച്ചു. ഇടതുപക്ഷ അനുഭാവിയായ ജോറിസ് ഐവന്‍സിനെ സംവിധാനച്ചുമതലയും ഏല്‍പിച്ചു. സ്‌പെയിനിൻറെ തെക്കു കിഴക്കു ഭാഗത്തുള്ള ഒരു കുഗ്രാമത്തിലെ ജനങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി കലാപത്തിൻറെ കഥ പറയാനായിരുന്നു പദ്ധതി. ഇതിനു വേണ്ടി ചില സ്ഥലങ്ങളും സംഭവങ്ങളും കൃത്രിമമായി ആവിഷ്‌കരിക്കാന്‍ ഐവന്‍സ് തീരുമാനിച്ചു. പക്ഷേ, ഈ ഗ്രാമത്തിലെത്തിയപ്പോള്‍ ഐവന്‍സിനും ക്യാമറാമാന്‍ ഫേണോയ്‌ക്കും ഒരു കാര്യം ബോദ്ധ്യമായി. യുദ്ധത്തിൻറെ തീച്ചൂളയിലായ ഒരു രാജ്യത്ത് സിനിമയ്‌ക്കു വേണ്ടിയുള്ള അത്തരം കൃത്രിമമായ ആവിഷ്‌കാരങ്ങള്‍ നടത്തുക അസാദ്ധ്യമാണ്. അപകടകരമായിരുന്നു ഷൂട്ടിങ് പ്രക്രിയ. സദാസമയവും ജാഗരൂകനായി, എന്തു സഹായവും നല്‍കാന്‍ സന്നദ്ധനായി ഹെമിങ്‌വേ ഷൂട്ടിങ്ങില്‍ സജീവസാന്നിദ്ധ്യമായിരുന്നു. ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ എടുത്തു കൊണ്ടു സഞ്ചരിക്കാന്‍ പോലും അദ്ദേഹം തയ്യാറായിരുന്നു. ഈ സിനിമയുടെ അതിസാഹസികമായ ഷൂട്ടിങ്ങിനെ ആസ്‌പദമാക്കി ഹെമിങ് വേ പിന്നീട് നൈറ്റ് ബിഫോര്‍ ബാറ്റില്‍ എന്നൊരു ചെറുകഥ എഴുതുകയുണ്ടായി. ക്യാമറയുടെ ലെന്‍സില്‍ നിന്നു പുറപ്പെടുന്ന ചെറിയൊരു വെളിച്ചം പോലും ശത്രുപക്ഷത്തിൻറെ തോക്കുകളെ പ്രകോപിപ്പിക്കുന്ന അപകടാവസ്ഥയെക്കുറിച്ച് ആ കഥ-യില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
ഈ ചെറുകഥയിലും, യുദ്ധഭൂമിയില്‍ നിന്നയച്ച പത്രറിപ്പോര്‍ട്ടുകളിലുമായി ചരിത്രത്തില്‍ ചോര കൊണ്ടെഴെുതിയ ഒരു കലാപത്തിൻറെ ചിത്രങ്ങള്‍ ഹെമിങ് വേ വരച്ചു വച്ചിട്ടുണ്ട്. സിനിമയുടെ ആഖ്യാന പാഠം ഹെമിങ്‌വേ പൂര്‍ത്തിയാക്കിയപ്പോള്‍ ഷൂട്ടിങ് സംഘത്തില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തു. സ്‌ക്രിപ്‌റ്റില്‍ വാചാടോപം അല്‍പം കൂടുതലാണെന്നായിരുന്നു സംവിധായകൻറെ പക്ഷം സ്‌ക്രിപ്‌റ്റ് വെട്ടിക്കുറയ്‌ക്കണമെന്ന സംവിധായകൻറെ അഭിപ്രായത്തോട് ഹെമിങ് വേ ആദ്യം വിയോജിച്ചെങ്കിലും പിന്നീട് തിരുത്തലുകള്‍ക്ക് തയ്യാറായി. കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിഞ്ഞത് ആഖ്യാനം റെക്കോഡ് ചെയ്യുന്ന സമയത്താണ്. സുപ്രസിദ്ധ അമേരിക്കന്‍ സംവിധായകനും നടനുമായ ഓഴ്‌സണ്‍ വെല്‍സ് വിവരണപാഠം ആഖ്യാനം ചെയ്യണമെന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഹെമിങ് വേ തിരുത്തി ചെറുതാക്കിയ വിവരണപാഠം അപ്പോഴും അതിവാചാലവും വിരസവുമാണെന്ന് ഓഴ്‌സണ്‍ വെല്‍സ് അഭിപ്രായപ്പെട്ടു. ചില സീനുകളില്‍ വിവരണം തന്നെ അനാവശ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതോടെ ഹെമിങ്‌വേ പ്രകോപിതനായി. “നിന്നെപ്പോലുള്ള പയ്യന്മാര്‍ക്ക് ശരിക്കുമുള്ള യുദ്ധത്തെക്കുറിച്ച് എന്തറിയാം?” എന്നായിരുന്നു ക്ഷുഭിതനായ ഹെമിങ് വേയുടെ ചോദ്യം. ഓഴ്‌സണ്‍ വെല്‍സ് വീണ്ടും ഹെമിങ് വേയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ഇതോടെ അല്‍പം ലഹരിയിലായിരുന്ന ഹെമിങ് വേ ഒരു കസേര കയ്യിലെടുത്തു കൊണ്ട് എഴുന്നേറ്റു. ഓഴ്‌സണ്‍ വെല്‍സും ഒരു കസേര കയ്യിലെടുത്ത് ഏറ്റുമുട്ടലിനു തയ്യാ-റായി. ഡബ്ബിങ് തിയറ്ററിലെ സ്‌ക്രീനില്‍ സിനിമ ഓടിക്കൊണ്ടിരുന്നു.
ഏണസ്റ്റ് ഹെമിങ്‌വേ |
ഓഴ്‌സൺ വെൽസ് |
ജോറിസ് ഐവന്‍സ് |
“മനുഷ്യനെ കൊല്ലാം. പക്ഷേ, പരാജയപ്പെടുത്താനാകില്ല” എന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കിഴവനും കടലും എന്ന മാസ്റ്റർ പീസ് നോവലില്‍ എഴുതിവെച്ച ഏണസ്റ്റ് ഹെമിങ് വേ ഉദാത്തമായ മനോഭാവങ്ങളുടെ പേരിലാണല്ലോ അനശ്വരനായിരിക്കുന്നത്. അതിചടുലമായി ചലിക്കുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ക്കു മുകളിലൂടെ അദ്ദേഹത്തിൻറെ ശബ്‌ദം ഒഴുകുമ്പോള്‍ എത്ര പ്രശംസിച്ചാലും മതിയാകാത്ത ആ മനോഭാവമാണ് നമ്മെ കീഴടക്കുന്നത്..
ദി സ്പാനിഷ് എർത് ഈ ലിങ്കിൽ കാണാം
https://www.youtube.com/watch?v=MT8q6VAyTi8
No comments:
Post a Comment