Saturday, August 26, 2017

ചലച്ചിത്രങ്ങളേക്കാൾ വാചാലമായ ചിത്രങ്ങൾക്കു പിന്നിൽ

കെ ബി വേണു 



I design dreams
-Ralph Lauren





Drew: The Man Behind the Poster (2013)/Erik P Sharkey/USA/Documentary/97 minutes


സംസാരിക്കാന്‍ തുടങ്ങും മുമ്പേ അവന്‍ വരയ്‌ക്കാന്‍ തുടങ്ങിയിരുന്നു. ടോയ്‌ലറ്റ്‌ പേപ്പറിലാണ്‌ വരയ്‌ക്കുക. കാരണം വീട്ടില്‍ കിട്ടാവുന്ന പേപ്പര്‍ അതു മാത്രമായിരുന്നു. അച്ഛനുമമ്മയ്‌ക്കും അവനെ തീരെ ഇഷ്‌ടമായിരുന്നില്ല. അവര്‍ക്ക്‌ അവനോട്‌ അകാരണമായ ഭയവുമുണ്ടായിരുന്നു. അതുകൊണ്ട്‌ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ത്തന്നെ അവന്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോന്നു. ഒരു ബാഗു പോലും എടുത്തില്ല. അതുകൊണ്ട്‌ അവനൊന്നും നഷ്‌ടപ്പെടാനും  ഇല്ലായിരുന്നു. ചിത്രരചനയ്‌ക്കു വേണ്ടി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ആ പയ്യന്‍ പില്‍ക്കാലത്ത്‌ ഹോളിവുഡ്ഡില്‍ ഒരു ഇതിഹാസമായി വളര്‍ന്നു. പലര്‍ക്കും അദ്ദേഹത്തിൻറെ പേര്‌ അറിയില്ലായിരിക്കാം. പക്ഷേ, അദ്ദേഹത്തിൻറെ രചനകള്‍ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത സിനിമാപ്രേമികളുണ്ടാകില്ല. പോസ്റ്റര്‍ ഡിസൈനിങ്ങ്‌ എന്ന കലയെ അതിൻറെഏറ്റവും ഉദാത്തമായ തലങ്ങളിലെത്തിച്ച ഡ്രൂ സ്‌ട്രൂസാന്‍ എന്ന ചിത്രകാരനെക്കുറിച്ചാണ്‌ ഇത്രയും പറഞ്ഞത്‌. എറിക്‌ പി ഷാര്‍ക്കി സംവിധാനം ചെയ്‌ത ദ്‌ മാന്‍ ബിഹൈന്‍ഡ്‌ ദ്‌ പോസ്റ്റര്‍ എന്ന ഡോക്യുമെൻറ്ററി സ്‌ട്രൂസാൻറെ വര്‍ണ്ണശബളമായ കലാപ്രപഞ്ചത്തെയും സംഭവബഹുലമായ ജീവിതത്തെയും പരിശോധിക്കുന്നു. 



ദാരിദ്യ്രവും ഇല്ലായ്‌മയും നിറഞ്ഞ ആദ്യകാല ജീവിതം സ്‌ട്രൂസാന്‍ ക്ഷമയോടെ അനുഭവിച്ചു. വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം ഒരു ആര്‍ട്ട്‌ സ്‌കൂളില്‍ ചേര്‍ന്നു. ആദ്യത്തെ ടേം കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോയിരുന്നു. പക്ഷേ, വീട്ടുകാര്‍ പുറത്താക്കി പടി കൊട്ടിയച്ചു. പിന്നെ ആ വഴിയ്‌ക്കു പോയിട്ടേയില്ല. സ്‌ട്രൂസാൻറെ ജീവിതം പുനര്‍നിര്‍വചിക്കപ്പെട്ടത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയാറിലാണ്‌. സാന്‍ ജോസ്‌ എന്ന സ്ഥലത്തു വച്ച്‌ ഒരു ഡാന്‍സ്‌ പാര്‍ട്ടിക്കിടയില്‍ ഡിലന്‍ എന്ന പെണ്‍കുട്ടിയെ സ്‌ട്രൂസാന്‍ കണ്ടുമുട്ടി. രണ്ടുപേരും ഏതാണ്ട്‌ ഒരേ അവസ്ഥയിലായിരുന്നു. തികച്ചും ഏകാകികള്‍. വീട്ടുകാരും ബന്ധുക്കളുമില്ല. സ്‌നേഹമായിരുന്നു, ആശ്രയമായിരുന്നു ഇരുവര്‍ക്കും വേണ്ടിയിരുന്നത്‌. ഒരേ മനസ്സായിരുന്നു, ഒരേ വികാരങ്ങളായിരുന്നു ഇരുവര്‍ക്കും. നാല്‍പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൗമാര പ്രായത്തില്‍ കണ്ടുമുട്ടിയ ഡ്രൂവും ഡിലനും  അന്നു മുതൽക്കെ  ഒരുമിച്ചാണ്‌.അവരെ രണ്ടു വ്യക്തികളായിട്ടല്ല ഒരൊറ്റ സ്വത്വമായാണ്‌ താന്‍ കണക്കാക്കുന്നതെന്ന്‌ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടൊറോ പറയുന്നു.

ആര്‍ട്‌സ്‌ കോളേജില്‍ സ്‌ട്രൂസാന്‍ മുഖ്യവിഷയമായി തെരഞ്ഞെടുത്തത്‌ ഫൈന്‍ ആര്‍ട്‌സ്‌ ആയിരുന്നില്ല; ഇലസ്‌ട്രഷന്‍ ആയിരുന്നു. കാരണം ഇലസ്‌ട്രറ്റര്‍മാര്‍ക്ക്‌ അത്യാവശ്യം പ്രതിഫലം കിട്ടിയിരുന്നു. ഫീസ്‌ കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട്‌ പലപ്പോഴും ക്ലാസ്സില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട്‌ ഫീസ്‌ കൊടുത്തു. പട്ടിണി കിടന്ന്‌ പണം ലാഭിക്കുകയായിരുന്നു മറ്റൊരു മാര്‍ഗ്ഗം. ആഴ്‌ചയില്‍ രണ്ടു ദിവസമാണ്‌ ഭക്ഷണം കഴിച്ചിരുന്നത്‌. ഭക്ഷണം കഴിക്കാനുള്ള സമയം പോലും പടം വരയ്‌ക്കാനാണ്‌ അദ്ദേഹം അക്കാലത്ത്‌ ഉപയോഗിച്ചിരുന്നതെന്ന്‌ ഭാര്യ ഡിലന്‍ ചിരിച്ചു കൊണ്ടു പറയുന്നു. പട്ടിണിക്കാരനായ ആ ചിത്രകാരന്‍ അന്നും ഒന്നാന്തരം പ്രാഫഷണലായിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഡ്രൂവും ഡിലനും  വിവാഹിതരായി. കല്യാണം കഴിഞ്ഞ്‌ ആദ്യവര്‍ഷം തന്നെ പുത്രലബ്‌ധിയുമുണ്ടായി. 1500 ഡോളറാണ്‌ ആ ഇനത്തില്‍ ചെലവായത്‌. ആ വര്‍ഷത്തെ ആകെ വരുമാനം മൂവായിരം ഡോളറായിരുന്നു. ഡിലന്‌ ജോലിയും ഉണ്ടായിരുന്നില്ല. മൂന്നു പേരുള്ള കുടുംബം ആയിരത്തി അഞ്ഞൂറു ഡോളര്‍ കൊണ്ട്‌ ഞെങ്ങിഞെരുങ്ങി ജീവിച്ചു. എന്നിട്ടും അവര്‍ സന്തുഷ്‌ടരായിരുന്നു. ദാരിദ്യ്രരേഖയ്‌ക്കു താഴെയുള്ള ആ ജീവിതകാലത്ത്‌ ഭക്ഷണം ഉപേക്ഷിക്കാന്‍ ഡ്രൂവിന്‌ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ഒന്നുകില്‍ വരയ്‌ക്കാനുള്ള പെയിൻറ്റ്; അല്ലെങ്കില്‍ ഭക്ഷണം അതായിരുന്നു അവസ്ഥ. പെയിൻറ്റ്  മതി എന്നു ഡ്രൂ തീരുമാനിച്ചു. ഭക്ഷണം കഴിക്കുന്നത്‌ ധനനഷ്‌ടമുണ്ടാക്കുന്ന ഏര്‍പ്പാടാണെന്ന്‌ വിശ്വസിച്ചു. പെയിൻറ്റ്  തന്നെ പിശുക്കിയാണ്‌ ഉപയോഗിച്ചത്‌. ട്യൂബില്‍നിന്ന്‌ വളരെക്കുറച്ച്‌ പെയിൻറ്റ് ഞെക്കിയെടുത്ത്‌ നേര്‍പ്പിച്ച നിറത്തില്‍ വരച്ചു. ഇപ്പോഴും ഡ്രൂവിൻറെ ചിത്രങ്ങളുടെ മുഖമുദ്രയാണത്‌. ദാരിദ്യ്രത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ചിത്രരചനാശൈലി. 
ഡ്രൂ സ്‌ട്രൂസാന്‍ 

വളരെ ചെറുപ്പത്തില്‍ത്തന്നെ തൻറെ മേഖല കണ്ടെത്തുകയും അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്‌തതാണ്‌ ഡ്രൂവിൻറെ തൊഴില്‍പരമായ വിജയത്തിന്‌ കാരണം. ചെറുപ്പത്തില്‍ത്തന്നെ ഡിലനെ കണ്ടെത്തുകയും ആ ദാമ്പത്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തതു കൊണ്ട്‌ വ്യക്തിജീവിതത്തിലും വിജയിച്ചു. സംഗീത ആല്‍ബങ്ങളുടെ കവറുകള്‍ വരച്ചുകൊണ്ടായിരുന്നു ഡ്രൂവിൻറെ തുടക്കം തൻറെ ചിത്രങ്ങളടങ്ങിയ ബുക്കുമായി പസഫിക്‌ ഐ ആന്‍ഡ്‌ ഇയര്‍ എന്ന സ്ഥാപനത്തിൻറെ ക്രിയേറ്റിവ്‌ ഡയറക്‌റ്റര്‍ ഏണി സെഫാലുവിനെ ഡ്രൂ ചെന്നു കണ്ടു. ആഴ്‌ചയില്‍ അഞ്ചു ദിവസം ജോലി ചെയ്യാം; നാലു ദിവസത്തെ കൂലി തന്നാല്‍ മതി -  ഇതാണ്‌ ഡ്രൂ മുന്നോട്ടു വെച്ച തൊഴില്‍ കരാര്‍. പക്ഷേ ചിത്രങ്ങള്‍ കണ്ട സെഫാലു പറ-ഞ്ഞു ''നിങ്ങള്‍ക്ക്‌ അഞ്ചു ദിവസം ജോലി ചെയ്യാം. അഞ്ചു ദിവ-സത്തെ കൂലിയും വാങ്ങാം.'' അങ്ങനെ ജീവിക്കാനുള്ള മാര്‍ഗ്ഗമായി. ഏതെങ്കിലും ഡിസൈന്‍ ചര്‍ച്ച ചെയ്‌തു തുടങ്ങുമ്പോള്‍ത്തന്നെ ഡ്രൂ കടലാസില്‍ വരയ്‌ക്കാന്‍ തുടങ്ങിയിരിക്കും. ചര്‍ച്ച കഴിയുമ്പോള്‍ ആ കടലാസ്സില്‍ കൃത്യമായ ഡിസൈന്‍ രൂപപ്പെട്ടിട്ടുണ്ടാകും. 

ചലച്ചിത്രലോകത്തിലേയ്‌ക്കുള്ള ഡ്രൂവിൻറെ പ്രവേശനത്തിനു  വഴിവെച്ചത്‌ ടോണി സെനിഗര്‍ എന്ന പരസ്യക്കമ്പനിയുടമയാണ്‌. ടോണിയോട്‌ ഡ്രൂവിനെപ്പറ്റി പറയുന്നത്‌ കലാസംവിധായകനായ ബാരി ഷെറെഷെവ്‌സ്‌കിയാണ്‌. അദ്ദേഹം കാറോടിച്ചു പോകുമ്പോള്‍ ഒരു ആല്‍ബത്തിൻറെ കൂറ്റന്‍ പരസ്യം കണ്ടു. ഡ്രൂ ഡിസൈന്‍ ചെയ്‌ത ആലീസ്‌ കൂപ്പറുടെ വെല്‍കം റ്റു മൈ നൈറ്റ്‌മെയര്‍ എന്ന ആല്‍ബത്തിൻറെ പരസ്യമായിരുന്നു അത്‌. ബാരി ഉടന്‍ തന്നെ ആ റെക്കോഡ്‌ വാങ്ങി -  അതിൻറെ കവര്‍ ഇലസ്‌ട്രേറ്റ്‌ ചെയ്‌തതാരെന്നറിയാന്‍. താമസിയാതെ ഡ്രൂവിനെത്തേടി ടോണിയുടെ ഫോണ്‍ കോള്‍ വന്നു. സിനിമയ്‌ക്ക്‌ പോസ്റ്റര്‍ ചെയ്യാന്‍ താത്‌പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ഡ്രൂവിന്‌ സങ്കോചമായിരുന്നു. ഒടുവില്‍ ഒരു വൈകുന്നേരം അദ്ദേഹം ടോണിയുടെ ഓഫീസിലെത്തി. പസിഫിക്‌ ഐ ആന്‍ഡ്‌ ഇയറില്‍ എത്ര ശമ്പളം കിട്ടുമെന്ന്‌ ടോണി അന്വേഷിച്ചു. അത്രയും കഴിവുകളുള്ള ഒരു കലാകാരന്‍ വാങ്ങുന്ന പ്രതിഫലം കേട്ട്‌ ടോണി ഞെട്ടിപ്പോയി. ഒരു സിനിമയ്‌ക്ക്‌ പോസ്റ്റര്‍ ചെയ്‌താല്‍ ഒരു വര്‍ഷം പസഫിക്കില്‍ കിട്ടുന്ന പ്രതിഫലം കിട്ടുമെന്ന്‌ ടോണി ഡ്രൂവിനെ ബോദ്ധ്യപ്പെടുത്തി. അങ്ങനെയാണ്‌ സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഡ്രൂ തീരുമാനിക്കുന്നത്‌. ഡേവിഡ്‌ ഗൈലര്‍ സംവിധാനം ചെയ്‌ത ദി ബ്ലാക്‌ ബേഡ്‌ എന്ന ചിത്രത്തിലായിരുന്നു തുടക്കം. 1975 ലായിരുന്നു അത്‌. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമാലോകം ഡ്രൂവിനെ തേടി വരാന്‍ തുടങ്ങി. ടോണിയും ഡ്രൂവും ഇരുപതു വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. 1991 -ല്‍ പുറത്തുവന്ന സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്ഗിന്റെ ഹൂക്‌ ആയിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം. 
ടോണിയെക്കുറിച്ച്‌ ഡ്രൂ ഇങ്ങനെ പറയുന്നു - “സിനിമയ്‌ക്കു വേണ്ടി വരയ്‌ക്കാന്‍ എനിയ്‌ക്കറിയില്ലായിരുന്നു. പക്ഷേ, നന്നേ ചെറുപ്പത്തില്‍ത്തന്നെ എന്നെ ടോണി കണ്ടെത്തി. ഒരുപാടു നല്ല പോസ്റ്ററുകള്‍ ചെയ്യാന്‍ അവസരം തന്നു. പോസ്റ്ററുകളെക്കുറിച്ച്‌ ഒന്നുമറിയില്ലാതിരുന്ന എന്നെ പോസ്റ്റര്‍ ഡിസൈനറാക്കിയത്‌ ടോണിയാണ്‌.” പ്രസിദ്ധമായ സ്റ്റാര്‍ വാഴ്‌സ്‌ സിനിമാ പരമ്പരയുമായി ബന്ധപ്പെടുന്നത്‌ സഹപാഠിയായ ചാര്‍ളി വൈറ്റ്‌ മുഖാന്തിരമാണ്‌. എയര്‍ ബ്രഷ്‌ ഉപയോഗിക്കുന്നതില്‍ അതിപ്രഗത്ഭനായ പെയിൻറ്ററായിരുന്നു ചാര്‍ളി. പക്ഷേ, ഒരിക്കലും പോര്‍ട്രയ്‌റ്റുകള്‍ വരയ്‌ക്കാറില്ല. ചാര്‍ളിക്ക്‌ ഒരു സിനിമയുടെ പോസ്റ്റര്‍ ചെയ്യണം അതിലെ റോബോട്ടുകളുടെയും മറ്റും രൂപങ്ങള്‍ ചാര്‍ളി തന്നെ വരയ്‌ക്കാം. മനുഷ്യമുഖങ്ങള്‍ ഡ്രൂ വരയ്‌ക്കണം. ഇതായിരുന്നു ചാര്‍ളിയുടെ ആവശ്യം. രണ്ടുപേര്‍ ചേര്‍ന്നൊരുക്കുന്ന ഒരു പോസ്റ്റര്‍. ഡ്രൂ സമ്മതിച്ചു. അവിടെയും അദ്ദേഹം ഒരു വ്യവസ്ഥ വച്ചു. ചാര്‍ളി എയര്‍ ബ്രഷ്‌ ഉപയോഗിച്ച്‌ പെയിൻറ്റ് ചെയ്യുന്നത്‌ കാണാന്‍ അവസരമുണ്ടാക്കണം. അങ്ങനെ ഇരുവരും ചേര്‍ന്ന്‌ രണ്ടു വ്യത്യസ്‌ത ശൈലികളില്‍ ഒരാഴ്‌ച കൊണ്ട്‌ ജോലി തീര്‍ത്തു. പക്ഷേ, സാങ്കേതിക വിദഗ്‌ദ്ധരുടെ പേരു വയ്‌ക്കാനുള്ള സ്ഥലം വിടാന്‍ മറന്നു. പീന്നീട്‌ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി ആ പ്രശ്‌നം പരിഹരിച്ചു. സിനിമയുടെ ചരിത്രത്തില്‍ത്തന്നെ മഹാസംഭവമായി മാറിയ സ്റ്റാര്‍ വാഴ്‌സിൻറെ പോസ്റ്ററായിരുന്നു അത്‌. 


ഇന്‍ഡ്യാനാ ജോണ്‍സിൻറെ പോസ്റ്ററുകളില്‍ ഹാരിസണ്‍ ഫോര്‍ഡിനെ വിഗ്രഹവത്‌കരിച്ചത്‌ ഡ്രൂ പകര്‍ന്ന അനുപമമായ ഭാവങ്ങളാണ്‌. ഡ്രൂ തന്നെ സുന്ദരനാക്കി അവതരിപ്പിച്ചു എന്ന്‌ ഹാരിസണ്‍ ഫോര്‍ഡ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കന്‍ സിനിമയുടെ പഴയ കാലങ്ങളുടെ നിറങ്ങള്‍ അദ്ദേഹം ആ പോസ്റ്ററുകളില്‍ പുനരാവിഷ്‌കരിച്ചിരുന്നു. പ്രേക്ഷകരെ തിയറ്ററിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്ന പോസ്റ്ററുകളായിരുന്നു അവ. പോസ്റ്റര്‍ ഒരു കടലാസ്സു കഷണമാണ്‌. പക്ഷേ അതില്‍ നിന്ന്‌ സിനിമയെക്കുറിച്ചുള്ള എന്തെല്ലാം പ്രതീക്ഷകളാണ്‌ ഉണ്ടാകുന്നത്‌. ഇന്‍ഡ്യാനാ ജോണ്‍സില്‍ സാഹസികതയും റൊമാന്‍സും നിഗൂഢതയുമുണ്ടെന്ന്‌ പോസ്റ്റര്‍ കണ്ടാല്‍ത്തന്നെ തോന്നുമായിരുന്നു. ഇന്‍ഡ്യാനാ ജോണ്‍സ്‌ പരമ്പരയിലെ രണ്ടാ-മത്തെ സിനിമയായ ടെംപിള്‍ ഓഫ്‌ ഡൂമില്‍ മറ്റൊരു ഡിസൈനറാണ്‌ ആദ്യം ജോലി ചെയ്‌തത്‌. പക്ഷേ, ഒരാഴ്‌ചയ്‌ക്കകം ആ ജോലി അവര്‍ ഡ്രൂവിനെത്തന്നെ ഏല്‍പിച്ചു. സത്യത്തില്‍ അദ്ദേഹത്തിൻറെ ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു ആ സംഭവം. കലാകാരൻറെ സമ്പൂര്‍ണ്ണമായ സ്വാതന്ത്യ്രം ഉപയോഗിച്ച്‌ ആരുടെയും ഇടപെടലുകളില്ലാതെ ചെയ്‌ത പോസ്റ്ററുകളായിരുന്നു അവ. പ്രസിദ്ധമായ “ഇന്‍ഡി ലുക്‌” അങ്ങനെ നിര്‍വ്വചിക്കപ്പെട്ടു. അവിടെ നിന്നങ്ങോട്ട്‌ നിരന്തരമായി പുതിയ പല പരീക്ഷണങ്ങളും ഡ്രൂ നടത്താന്‍ തുടങ്ങി. 2008 - ല്‍ ഇന്‍ഡ്യാനാ ജോണ്‍സ്‌ പരമ്പരയിലെ കിങ്‌ഡം ഓഫ്‌ ദി ക്രിസ്റ്റല്‍ സ്‌കള്‍ പുറത്തിറങ്ങി. 


ഇന്‍ഡ്യാനാ ജോണ്‍സ്‌ എന്ന കഥാപാത്രത്തിനും ഹാരിസണ്‍ ഫോര്‍ഡ്‌ എന്ന നടനും പ്രായമായിരിക്കുന്നു. ആ വ്യത്യാസം പ്രകടമാകേണ്ടിയിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ കണ്ട സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ ക്യാമറാമാനോട്‌ പറഞ്ഞു - “ഈ ചിത്രത്തില്‍ കാണുന്നതു പോലെ വേണം ഹാരിസണ്‍ ഫോര്‍ഡ്‌ സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍.” ജോണ്‍ കാര്‍പെൻറ്റനറുടെ ദി തിങ്‌ എന്ന സിനിമയുടെ പ്രസിദ്ധമായ പോസ്റ്റര്‍ ഒറ്റ രാത്രി കൊണ്ട്‌ ഒരു തരത്തിലുള്ള റഫറന്‍സുകളുമില്ലാതെ വരച്ചുകൊടുത്ത വീരചരിത്രവും ഡ്രൂവിൻറെ പേരിലുണ്ട്‌. ബാക്‌ റ്റു ദി ഫ്യൂച്ചര്‍, റാംബോ, പൊലീസ്‌ അക്കാദമി, ഇ റ്റി, ബ്ലേഡ്‌ റണ്ണര്‍, മപ്പെറ്റ്‌ മൂവിസ്‌ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകള്‍ ഡ്രൂവിൻറെ കലാജീവിതത്തിലെ അനശ്വരമുദ്രകളാണ്‌. 

സിനിമാലോകത്തിൻറെയും ബിസിനസ്‌ ലോകത്തിൻറെയും ചതികള്‍ അറിയാത്തതുകൊണ്ട്‌ പലരും ഡ്രൂവിനെ കബളിപ്പിച്ചിട്ടുണ്ട്‌. പാര്‍ട്‌ണര്‍മാരായി പറ്റിക്കൂടിയ ഒരച്ഛനും മകനും  കൂടി അദ്ദേഹത്തിൻറെ നൂറു പോസ്റ്ററുകളുടെ ഒറിജിനല്‍ കോപ്പികള്‍ തട്ടിയെടുത്തു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍ ആ ചിത്രങ്ങള്‍ ലേലത്തിനു വെച്ചു. ഡ്രൂ കേസ്‌ കൊടുത്തു. ഒടുവില്‍ എല്ലാ പോസ്റ്ററുകളും അദ്ദേഹത്തിനു  മടക്കിക്കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. 
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ലോകമെങ്ങും പോസ്റ്റര്‍ ഡിസൈനിങ്ങില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ്‌ സിനിമയുടെ അവസാനഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. 


ഫോട്ടോഗ്രാഫുകളെ അതിശയിക്കുന്ന കൃത്യതയുള്ള പെയിൻറ്റിങ്ങുകള്‍ ഉപയോഗിച്ച്‌ ഡ്രൂ സൃഷ്‌ടിച്ച പോസ്റ്ററുകള്‍ ചരിത്രത്തിൻറെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഡ്രൂ സൃഷ്‌ടിച്ച പോസ്റ്ററുകളില്‍ നിന്ന്‌ കഥാപാത്രങ്ങള്‍ പുറത്തേയ്‌ക്കു ചാടാന്‍ വെമ്പിനില്‍ക്കുന്നതായി തോന്നുമായിരുന്നു. അതിനു കാരണമെന്താണെന്ന്‌ സ്‌പീല്‍ബെര്‍ഗ്‌ പറയുന്നു  - “ഞാനിപ്പോഴും 35 എം എം ഫിലിമില്‍ ഷൂട്ടു ചെയ്യുന്നു, എഡിറ്റു ചെയ്യുന്നു, പ്രൊജക്‌റ്റ്‌ ചെയ്യുന്നു. അതുപോലെ ഡ്രൂ കൈ കൊണ്ടാണ്‌ ഇപ്പോഴും വരയ്‌ക്കുന്നത്‌ - കീ ബോര്‍ഡു കൊണ്ടല്ല. പെയിൻറ്റു  കൊണ്ടാണ്‌ അദ്ദേഹം വരയ്‌ക്കുന്നത്‌; പിക്‌സലുകള്‍ കൊണ്ടല്ല. ഞാന്‍ ആ നിഷ്‌കര്‍ഷയെ ബഹുമാനിക്കു-ന്നു.”
കമ്പ്യൂട്ടറുകള്‍ ചിത്രം വരയ്‌ക്കാന്‍ തുടങ്ങിയതോടെ കലാകാരന്‍ അപ്രസക്തനായി. ആര്‍ക്കും അഭിപ്രായം പറയാമെന്നായി. അത്രയ്‌ക്ക്‌ ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലാത്തതു കൊണ്ട്‌ ഡ്രൂ സ്‌ട്രൂസാന്‍ എന്ന ഐതിഹാസിക പോസ്റ്റര്‍ ഡിസൈനര്‍ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തി. കലാകാരന്‍മാര്‍ക്ക്‌ വിരമിക്കാന്‍ കഴിയില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ ഡ്രൂ സ്‌ട്രൂസാൻറ്റെ  മടങ്ങിവരവ്‌ ഏതു നിമിഷവും പ്രതീക്ഷിക്കുകയാണ്‌ അന്താരാഷ്‌ട്ര ചലച്ചിത്രലോകം.





No comments: