കെ ബി വേണു
Thou
still unravished bride of quietness,
Thou
foster-child of silence and slow time,
Sylvan
historian, who canst thus express
A
flowery tale more sweetly than our rhyme…
-John Keats (Ode
on a Grecian Urn)
SHIRLEY: VISIONS OF REALITY (2013)/GUSTAV DEUTSCH/AUSTRIA/92 minutes
ചരിത്രം എഴുതിവെച്ച ചിത്രത്താളുകളില്‍ നിന്ന് ഇറങ്ങിവന്നവളാണ് ഷേളി. കാലത്തിനും ചരിത്രത്തിനും അതീതയാണവള്‍. മൂന്നു പതിറ്റാണ്ടുകളിലെ പ്രക്ഷുബ്‌ധമായ സംഭവവികാസങ്ങളിലൂടെ സ്ഥിതപ്രജ്ഞയും സ്വതന്ത്രയുമായ ഒരു ബുദ്ധിജീവിയുടെ കാഴ്‌ചപ്പാടുകളോടെ കടന്നുപോകുമ്പോഴും അവളെ ജരാനരകള്‍ ബാധിക്കുന്നില്ല. സാങ്കല്‌പിക കഥാപാത്രമാണെങ്കിലും ഷേളി ഒരു യാഥാര്‍ത്ഥ്യമാണ്…..പ്രസിദ്ധ അമേരിക്കന്‍ ചിത്രകാരന്‍ എഡ്വേര്‍ഡ് ഹോപ്പറുടെ (1882-1967) പതിമ്മൂന്ന് ഓയില്‍ പെയിൻറ്റിങ്ങുകളെ ആസ്‌പദമാക്കി ഓസ്‌ട്രിയന്‍ സംവിധായകന്‍ ഗസ്റ്റാവ് ഡോയിറ്റ് ഒരുക്കിയ ഷേളി :വിഷന്‍സ് ഓഫ് റിയാലിറ്റി (2013) എന്ന സിനിമയിലെ നായികയാണ് അവള്‍.
ലൂമിയര്‍ സഹോദരന്‍മാരില്‍ നിന്ന് സിനിമാറ്റോഗ്രാഫ് ഉപകരണം വിലയ്‌ക്കു വാങ്ങാന്‍ പോയിട്ട് അതു കിട്ടാതെ നിരാശനായി മടങ്ങിയ ജോര്‍ജ്ജ് മിലീസിൻറെ കാലം മുതല്‍ തന്നെ ചിത്രകല സിനിമ-യില്‍ സജീവസാന്നിദ്ധ്യമാണ്. ചിത്രകാരനും മജീഷ്യനുമൊക്കെയായിരുന്ന ബഹുമുഖപ്രതിഭയായ മിലീസിലൂടെയാണല്ലോ സിനിമയ്‌ക്ക് സിനിമയുടെ സ്വഭാവം കൈവന്നത്. വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ഒരോ ഘട്ടങ്ങളിലും പല രൂപങ്ങളില്‍ ചിത്രകല സിനിമയെ സ്വാധീനിച്ചു. വിഖ്യാത സര്‍റിയലിസ്റ്റ് പെയിൻറര്‍ സല്‍വദോര്‍ ദാലിയുമായി സഹകരിച്ചാണ് ലൂയി ബുനുവല്‍ ആന്‍ ആന്‍ഡലൂഷ്യന്‍ ഡോഗ് (1929) ഒരുക്കിയത് എന്നോര്‍ക്കുക.
കംപ്യൂട്ടര്‍ ഗ്രാഫിക്‌സിൻറെ സഹായത്തോടെ ഫ്രേയ്‌മുകളില്‍ മായാജാലങ്ങള്‍ കാണിക്കുന്ന ആധുനികകാലത്ത് സിനിമയെ അതീവസാങ്കല്‍പിക തലങ്ങളിലേയ്‌ക്കുയര്‍ത്താന്‍ അനിമേഷനും ത്രീ ഡി യും അടക്കം നിരവധി സങ്കേതങ്ങളുണ്ട്. പക്ഷേ, ഇവിടെ ചിത്രകലയെ സിനിമയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന പുതിയൊരു രീതിയാണ് ഗസ്റ്റാവ് ഡോയിറ്റും അദ്ദേഹത്തിൻറെ പ്രഗത്ഭനായ ക്യാമറാമാന്‍ ജെഴ്‌സി പലാക്‌സും ചേര്‍ന്ന് പരീക്ഷിക്കുന്നത്. ഹോപ്പറുടെ ഓരോ പെയിൻറിങ്ങു രചിക്കപ്പെട്ട അതേ വര്‍ഷങ്ങളില്‍ത്തന്നെ സിനിമയിലെ സംഭവങ്ങളും ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തിനൊപ്പം നടക്കുന്ന സിനിമയാണിതെന്നു പറയാം.
എഡ്‌വേഡ് ഹോപ്പറുടെ ചെയർ കാർ എന്ന പെയ്ൻറിങ് |
വര്‍ഷം 1931. പാരീ-സിലെ ഒരു ഹോട്ടല്‍ മുറി. തിയതി ഓഗസ്റ്റ് 28, ശനിയാഴ്‌ച. (പതിമ്മൂന്നു പെയിൻറിങ്ങുകളെ ആസ്‌പദമാക്കി ഒരുക്കിയ പതിമ്മൂന്നു സീനുകളിലും ഓഗസ്റ്റ് 28 എന്ന തിയതിയാണ് കാണിക്കുന്നത്.) ഹോട്ടല്‍ റൂം എന്ന പെയിന്റി-ങ്ങാണ് ഈ സീക്വന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു യൂറോപ്യന്‍ പര്യടനത്തിലാണ് ഷേളി. റേഡിയോയില്‍ വാര്‍ത്ത കേള്‍ക്കുന്നുണ്ട്. ഓരോ സീനിലും ഈ റേഡിയോ ന്യൂസ് റീഡര്‍ ആ പ്രത്യേക ദിവസത്തിൻറെ ചരിത്രപരമായ പ്രാധാന്യം കുറിക്കുന്ന വാര്‍ത്താശകലങ്ങള്‍ വായിക്കുന്നുണ്ട്. അമേരിക്കയെ ബാധിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആ ദിവസത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
1932 ഓഗസ്റ്റ് 28 ഞായറാഴ്‌ച. ന്യൂയോര്‍ക്ക് സമയം രാത്രി 9 മണി.
ഹോപ്പറുടെ റൂം ഇന്‍ ന്യൂ യോര്‍ക്ക് (1932) എന്ന ചിത്രമാണിത്. ഷേളി ഹോട്ടല്‍ മുറിയില്‍. പശ്ചാത്തലത്തില്‍ മുസ്സോളിനിയുടെ പരാക്രമങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന റേഡിയോ. ഷേളിയുടെ ബോയ്‌ഫ്രണ്ട് സ്റ്റീഫന്‍ മുറിയിലേയ്‌ക്കു വരുന്നു. ന്യൂ യോര്‍ക്ക് പോസ്റ്റ് എന്ന പത്രത്തിലെ ഫോട്ടോ ജേണലിസ്റ്റാണ് സ്റ്റീഫന്‍. നിശ്ശബ്‌ദനായ ഒരു കഥാപാത്രം. ചിലപ്പോള്‍ ഒരു പ്രേതസാന്നിദ്ധ്യം. ഷേളിക്ക് അയാളോട് പ്രണയമുണ്ട്. പക്ഷേ ഒരു പരമ്പരാഗത വിവാഹബന്ധത്തില്‍ അവള്‍ വിശ്വസിക്കുന്നില്ല ഒന്നും മിണ്ടാതെ പത്രം വായിച്ചുകൊണ്ടിരിക്കുന്ന അയാളെ പ്രണയത്തിനുമപ്പുറമുള്ള ഒരു കൗതുകത്തോടെ ഷേളി നോക്കിക്കൊണ്ടിരിക്കുന്നു.
ന്യൂ യോർക്ക് മൂവി എന്ന പെയ്ൻറിങ് |
ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു. 1939 ഓഗസ്റ്റ് 28, ഞായറാഴ്‌ച. ന്യൂ യോര്‍ക്ക് നഗരം. സമയം രാത്രി പത്തു മണി. ഷേളി ഒരു സിനിമാ തിയറ്ററിലെ അറ്റന്‍ഡറാണ്. കാണികള്‍ക്ക് ഇരുട്ടില്‍ ഇരിപ്പിടം കാണിച്ചുകൊടുക്കുകയും മറ്റുമാണ് അവളുടെ ജോലി. വില്ല്യം വൈലറുടെ ഡെഡ് എന്‍ഡ് (1937) എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിലെ പല സംഭാഷണങ്ങളും ഷേളിക്ക് മനഃപാഠമാണ്. തികച്ചും വിരസമായ ഈ അറ്റന്‍ഡര്‍ പണിയും ഷേളി ക്ഷമയോടെ ചെയ്യുന്നു. കാരണം അവള്‍ സ്വതന്ത്രയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഹോപ്പറുടെ ന്യൂ യോര്‍ക്ക് മൂവി (1939) എന്ന പെയ്‌ൻറിങ്ങാണ് ഈ സീക്വന്‍സിന് പ്രചോദനമായത്.
അടുത്ത വര്‍ഷം ഇതേ ദിവസം രാത്രി 10 മണിക്ക് ഷേളിയെ കാണുന്നത് ന്യൂയോര്‍ക്കില്‍ ഒരു ഓഫീസ് സെക്രട്ടറിയുടെ റോളിലാണ്. അവളുടെ ബോസ് ആയി വരുന്നത് സ്റ്റീഫന്‍ തന്നെയാണ്. സെക്രട്ടറിയും ബോസും എന്ന ഔദ്യോഗിക ബന്ധത്തിനപ്പുറം ഒരു തീവ്രരഹസ്യം അവര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുന്നെ് വ്യക്തമാണ്. എഡ്വേഡ് ഹോപ്പര്‍ക്ക് മാദകസുന്ദരിയായ ഒരു സെക്രട്ടറിയുായിരുന്നെന്നും അവളുടെ രൂപമാണ് അദ്ദേഹം പല പെയ്‌ൻറിങ്ങുകളിലും വരച്ചിരുന്നതെന്നും പറയപ്പെടുന്നു. ഈ സുന്ദരിയെ ഹോപ്പറുടെ കുടുംബാംഗങ്ങള്‍ ഷേളി എന്നാണ് വിളിച്ചിരുന്നതത്ര. അതുകൊണ്ടാണ് ഗസ്റ്റാവ് ഡോയിറ്റും തൻറെ നായികയെ ഷേളി എന്നു വിളിക്കുന്നത്. ഹോപ്പറുടെ ഓഫീസ് അറ്റ് നൈറ്റ് (1940) എന്ന പെയ്‌ൻറിങ്ങില്‍ നിന്നാണ് ഈ സീക്വന്‍സ് രൂപം കൊണ്ടത്.
വിഖ്യാത നാടക - ചലച്ചിത്ര സംവിധായകന്‍ ഏലിയ കസാന്‍ അടുത്ത രണ്ട് ഉപാഖ്യാനങ്ങളിലും കടന്നു വരുന്നു. തോണ്‍ടണ്‍ വൈല്‍ഡര്‍ എഴുതി ഏലിയ കസാന്‍ സംവിധാനം ചെയ്യുന്ന ദി സ്‌കിന്‍ ഓഫ് ഔര്‍ ടീത്ത് എന്ന നാടകത്തിലെ സംഭാഷണങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ഷേളി. ഒരു നാടക നടിയാണ് അവളിപ്പോള്‍. ഏലിയാ കസാനുമായും അദ്ദേഹത്തിൻറെ ഗ്രൂപ്പ് തിയറ്റര്‍ പ്രസ്ഥാനവുമായും ഷേളിക്ക് ബന്ധമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന സീക്വന്‍സാണിത്.
കാലം 1942. ഹോപ്പറുടെ ഹോട്ടല്‍ ലോബി എന്ന പെയ്‌ൻറിങ്. ഷേളിയെ പിന്നീടു കാണുന്നത് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്കിലെ ഒരു ഹോട്ടല്‍ മുറിയിലാണ്. കടുത്ത വിഷാദരോഗത്തിലാണ് ഷേളി. പത്തു വര്‍ഷം മുമ്പ് ബഹുമാനത്തോടെ കണ്ടിരുന്ന ഏലിയ കസാനെ ഇപ്പോള്‍ അവള്‍ വെറുക്കുന്നു. കാരണം കമ്യൂണിസ്റ്റുകളും പുരോഗമനവാദികളുമായ തൻറെ നാടകസഹപ്രവര്‍ത്തകരെ കസാന്‍ ഒറ്റിക്കൊടുത്തിരിക്കുന്നു. 1951 ല്‍ എ സ്‌ട്രീറ്റ് കാര്‍ നെയ്‌മ്‌ഡ് ഡിസൈര്‍ എന്ന സിനിമ സംവിധാനം ചെയ്‌ത ഏലിയ കസാന്‍ അപ്പോഴേയ്‌ക്കും ഹോളിവുഡ്ഡില്‍ ചുവടുറപ്പിച്ചിരുന്നു. ഇതിനാസ്‌പദമായ മോണിങ് സണ്‍ എന്ന ചിത്രം ഹോപ്പര്‍ രചിച്ചത് 1952 ലാണ്.
1956 ല്‍ വളരെ പ്രസാദവതിയായാണ് ഷേളി കാണപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ഒരു പ്രഭാതം. സ്‌റ്റീഫനോടൊപ്പം തെളിഞ്ഞ സൂര്യവെളിച്ചത്തില്‍ ഒരു ഒഴിവുകാല വസതിക്കു മുന്നില്‍ അവള്‍ ഇരിക്കുന്നു. അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു യോഗം മാര്‍ച്ചു മാസത്തില്‍ നടക്കുന്നുന്നെ വാര്‍ത്ത റേഡിയോയില്‍ കേള്‍ക്കാം. ഇതേ വര്‍ഷം ഹോപ്പര്‍ വരച്ച സണ്‍ലൈറ്റ് ഓണ്‍ ബ്രൗണ്‍ സ്റ്റോണ്‍സ് എന്ന ചിത്രത്തിൻറെ പുനരാവിഷ്‌കാരമാണിത്. വെസ്റ്റേണ്‍ മോട്ടല്‍ (1957) എന്ന ഹോപ്പര്‍ പെയ്‌ൻറിങ്ങിലൂടെ സ്റ്റീഫനുമായുള്ള ഷേളിയുടെ ബന്ധത്തെ മറ്റൊരു തലത്തില്‍ ഡോയിറ്റ് നിര്‍വ്വചിക്കുന്നു. സ്റ്റീഫന്‍ അവളുടെ ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ്. അയാള്‍ ഫ്രേയിമിലില്ല. അയാളുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം കേള്‍ക്കാം. അയാള്‍ക്കു മുന്നില്‍ പോസ് ചെയ്‌തുകൊണ്ടിരിക്കേ ഷേളിയുടെ ആത്മഗതം ഇങ്ങനെയാണ് - “അന്നാദ്യമായാണ് സ്റ്റീഫന്‍ എന്നോട് ഫോട്ടോയ്‌ക്കു വേണ്ടി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ആ നിമിഷങ്ങളില്‍ അവന്‍ എനിക്ക് അപരിചിതനായി. അവൻറെ സങ്കല്‍പത്തിലുള്ള മറ്റൊരു പെണ്ണായി ഞാന്‍ കാണപ്പെടണമെന്ന് അവന്‍ ആഗ്രഹിക്കുന്നതു പോലെ… ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ള വ്യക്തി എന്നോട് അപരിചിതനെപ്പോലെ പെരുമാറുന്നു.”
വിചിത്ര സ്വഭാവികളായ ഈ കമിതാക്കളെ വീണ്ടും നമ്മള്‍ കാണുന്നത് രണ്ടു വര്‍ഷത്തിനു ശേഷം കേപ് കോഡ് എന്ന സ്ഥലത്തുള്ള ഒരു ഹോട്ടല്‍ മുറിയിലാണ്. പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന വിഖ്യാതമായ പുസ്‌തകം വായിച്ചുകൊണ്ട് ഷേളി കട്ടിലില്‍ കിടക്കുന്നുണ്ട്. സ്റ്റീഫൻറെ കാല്‍പ്പെരുമാറ്റം കേള്‍ക്കുമ്പോള്‍ പുസ്‌തകമടച്ചുവെച്ച് ഉറക്കം നടിച്ച് അവള്‍ തിരിഞ്ഞു കിടക്കുന്നു. നഗ്നമായ അവളുടെ നിതംബം അനാവൃതമാകുന്നു. സ്റ്റീഫന്‍ കടന്നുവന്ന് കട്ടിലില്‍ ഇരിക്കുന്നു. പുസ്‌തകം തുറന്ന് അയാളും വായിക്കുന്നു. പിന്നീട് ഷേളിയെ സ്‌പര്‍ശിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ മുറിയില്‍ നിന്നു പോകുന്നു. ഷേളി എഴുന്നേറ്റ് പുസ്‌തകം തറയിലേയ്‌ക്ക് എറിയുന്നു. എക്‌സ്‌കര്‍ഷന്‍ ഇൻറു ഫിലോസഫി എന്നാണ് 1959 ല്‍ രചിച്ച ഈ പെയ്‌ന്റിങ്ങിൻറെ പേര്.
എ വുമണ്‍ ഇന്‍ ദ സണ്‍ (1961) ഒരു ന്യൂഡ് ആണ്. കേപ് കോഡിലെ ഹോട്ടല്‍ മുറിയില്‍ പരിപൂര്‍ണ്ണ നഗ്നയായി ഷേളി ഉലാത്തുന്നു. പുലര്‍ച്ചെ ഏഴു മണി നേരം. സൂര്യരശ്‌മികള്‍ ആ മുറിയില്‍ തീര്‍ക്കുന്ന വെളിച്ചത്തിൻറെ വിന്യാസങ്ങള്‍ അവളുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ്.
അതേ നഗരത്തില്‍ത്തന്നെയുള്ള ഒരു ഹോട്ടല്‍ മുറിയില്‍ തൊട്ടടുത്ത ദിവസമാണ് അടുത്ത സീന്‍ നടക്കുന്നത്. അവലംബം സണ്‍ ഇന്‍ ആന്‍ എംപ്‌റ്റി റൂം (1963) എന്ന പെയ്‌ൻറിങ്. റേഡിയോയില്‍ ആഫ്രാ അമേരിക്കന്‍ വംശജരുടെ വീരനായകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിൻറെ ചരിത്ര പ്രസിദ്ധമായ ആ പ്രസംഗം......I have a dream… ഷേളി റേഡിയോ എടുത്തു കൊണ്ടു പോകുന്നു. മുറി ശൂന്യമാകുന്നു. സ്‌ക്രീനിലും ഒരു സെക്കന്‍ഡ് ഇരുട്ട്…ഫെയ്‌ഡ് ഔട്ട്….
കാലത്തിൻറെ കല്ലറകളില്‍ ഉറങ്ങിക്കിടക്കുന്ന പ്രക്ഷുബ്‌ധമായ ചരിത്രമുഹൂര്‍ത്തങ്ങളെ കടുത്ത നിറങ്ങളില്‍ പുനഃസൃഷ്‌ടിക്കുന്ന സിനിമയാണിത്. വിഷാദത്തിൻറെയും പ്രത്യാശയുടെയും നിറങ്ങള്‍ അതിൻറെ ഫ്രേയ്‌മുകളില്‍ ചിതറിക്കിടക്കുന്നു. എഡ്വേഡ് ഹോപ്പറുടെ പെയിൻറിങ്ങുകളില്‍ അമേരിക്കന്‍ ക്രൈം ത്രില്ലര്‍ സിനിമകളുടെ സ്വാധീനമുണ്ട്. ഹോപ്പറുടെ ചിത്രങ്ങള്‍ ഹിച്ച്‌കോക് അടക്കമുള്ള സംവിധായകരെയും സ്വാധീനിച്ചിട്ടുണ്ട്.
ദി ഹൗസ് ബൈ ദി റെയില്‍ റോഡ് |
ഗസ്റ്റാവ് ഡോയിറ്റ് |
എഡ്‌വേഡ് ഹോപ്പർ- സെൽഫ് പോർട്രൈറ് |
If anybody’s friend be dead
It’s sharpest of the theme
The thinking how they walked along
At such and such a time….
അവള്‍ സഞ്ചരിച്ചിരുന്ന ട്രയിനിൻറെ ചലനം ഇതുവരെ സിനിമയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ നിഴലുകള്‍ നീങ്ങുന്നത് കാണാന്‍ കഴിയുന്നു. ഘനീഭവിച്ച കാലത്തിൻറെ ഫ്രേയ്‌മുകളില്‍ നിന്ന് വര്‍ത്തമാനകാലത്തിൻറെ പുതിയ വെളിച്ചത്തിലേയ്‌ക്ക് ഷേളി ഉണര്‍ന്നിരിക്കുന്നു. ചരിത്രത്തിൻറെ അടുത്ത ഘട്ടങ്ങളിലൂടെ ചിരഞ്‌ജീവിയായ ഷേളിയുടെ യാത്ര വീണ്ടും തുടങ്ങുന്നു..
No comments:
Post a Comment