Wednesday, August 23, 2017

അതിജീവനത്തിൻറെ ബാലകാണ്ഡം


അതിജീവനത്തിൻറെ ബാലകാണ്ഡം 
കെ ബി വേണു 

(The Rocket/2013/Kim Mordaunt/Laos-Australia)


We are all in the gutter, but some of us are looking at the stars.




ദി റോക്കറ്റ് - പ്രശസ്തമായ പോസ്റ്റർ 
വിയറ്റ്‌നാം യുദ്ധത്തിൻറെ  കെടുതികള്‍ ഇപ്പോഴും അനുഭവിക്കുന്ന രാജ്യമാണ്‌ ലാവോസ്‌. ചൈനയും ബര്‍മ്മയും വിയറ്റ്‌നാമും കംബോഡിയയും തായ്‌ലന്‍ഡുമാണ്‌ ഈ കൊച്ചുരാജ്യത്തിൻറെ അയല്‍ക്കാര്‍. വിയറ്റ്‌നാം യുദ്ധകാലത്ത്‌ അമേരിക്ക ഏറ്റവുമധികം ബോംബ്‌ വര്‍ഷിച്ചത്‌ ലാവോസിലാണ്‌. 1964 നും 1973 നും ഇടയില്‍ രണ്ടു മില്ല്യണ്‍ ടണ്‍ ബോംബുകള്‍ ഈ മണ്ണില്‍ വീണു. അതില്‍ മുപ്പതു ശതമാനം ബോംബുകളും പൊട്ടിയില്ല. പൊട്ടിത്തെറിക്കാതെ കിടക്കുന്ന ബോംബുകളും മറ്റു സ്‌ഫോടക വസ്‌തുക്കളും ഇപ്പോഴും അവിടുത്തെ ജനങ്ങള്‍ക്ക്‌ ജീവാപായമുണ്ടാക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വീണ ഈ രാജ്യത്തിൻറെ മണ്ണ്‌ കൃഷിക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയില്ല. കാരണം പല സ്ഥലങ്ങളിലും കാലുകുത്താന്‍ തന്നെ ജനങ്ങള്‍ക്കു ഭയമാണ്‌. അങ്ങനെ ലാവോസ്‌ ഒരു ദരിദ്രരാഷ്‌ട്രമായി മാറി. ലാവോസിൻറെ പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ 2007 ല്‍ ഒരു ഡോക്യുമെൻറെറി നിര്‍മ്മിക്കപ്പെട്ടു. ബോംബ്‌ ഹാര്‍വെസ്റ്റ്‌ എന്ന ഈ ഡോക്യുമെന്ററി ഓസ്‌ട്രേലിയന്‍ ചലച്ചിത്രകാരനായ കിം മോര്‍ഡൻറ്  ആണ്‌ സംവിധാനം ചെയ്‌തത്‌. ബോംബുകള്‍ നിര്‍വ്വീര്യമാക്കുന്നതില്‍ വിദഗ്‌ധ പരിശീലനം നേടിയ ഒരു ഓസ്‌ട്രേലിയക്കാരനെ പിന്തുടരുകയാണ്‌ ഈ ഡോക്യുമെൻറ്ററി. ബോംബുകള്‍ നിര്‍വ്വീര്യമാക്കാന്‍ നാട്ടുകാരെ പരിശീലിപ്പിക്കുകയും മറ്റുമാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ഈ ഡോക്യുമെൻറ്ററിയുടെ ചിത്രീകരണ വേളയില്‍ സംവിധായകന്‍ മോര്‍ഡൻറ്റും നിര്‍മ്മാതാവ്‌ സില്‍വിയയും ഒരു തീരുമാനമെടുത്തു. ലാവോസിൻറെ  പശ്ചാത്തലത്തില്‍ ഒരു ഫീച്ചര്‍ സിനിമ ചെയ്യണം. അങ്ങനെ 2013 ല്‍ അവര്‍ നിര്‍മ്മിച്ച സിനിമയാണ്‌ ദി റോക്കറ്റ്‌. ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ സിനിമ കേരളത്തിൻറെ  അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും പ്രേക്ഷക പ്രശംസ നേടുകയുണ്ടായി.


ആലോയുടെ പരീക്ഷണ നിമിഷങ്ങൾ 
ലാവോസിൻറെ വടക്കന്‍ മേഖലയിലെ പര്‍വ്വത പ്രദേശങ്ങളാണ്‌ സിനിമയുടെ പശ്ചാത്തലം. അവിടെയുള്ള ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളിലൊന്നില്‍ സുന്ദരിയായ ഒരു യുവതി ഒരാണ്‍കുഞ്ഞിന്‌ ജന്മം കൊടുക്കുന്നതോടെ സിനിമ ആരംഭിക്കുന്നു. മാലി എന്നാണ്‌ ആ യുവതിയുടെ പേര്‌. പെട്ടെന്നു വീണ്ടും പേറ്റുനോവുണ്ടാകുമ്പോഴാണ്‌ താന്‍ ഇരട്ടക്കുട്ടികളെയാണ്‌ വയറ്റില്‍ ചുമന്നതെന്ന്‌ മാലി മനസ്സിലാക്കിയത്‌. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ഭാഗ്യവും മറ്റൊരാള്‍ ദുരിതവും കൊണ്ടുവരുമെന്നാണ്‌ ആ ഗോത്രക്കാര്‍ക്കിടയിലെ അന്ധവിശ്വാസം. അതുകൊണ്ട് ഇരട്ടക്കുട്ടികളെ ജനിക്കുമ്പോള്‍ത്തന്നെ കൊന്നുകളയുകയാണ്‌ പതിവ്‌. പക്ഷേ മാലി രണ്ടാമതു പ്രസവിച്ചത്‌ ചാപിള്ളയെയായിരുന്നു. എന്നിട്ടും ആദ്യം പെറ്റ കുഞ്ഞിനെയും കൊന്നുകളയണമെന്നാണ്‌ പ്രസവത്തിന്‌ സാക്ഷ്യം വഹിച്ച മാലിയുടെ അമ്മായിയമ്മ നിര്‍ബ്ബന്ധിച്ചത്‌. പക്ഷേ മാലിയുടെ കരച്ചിലിനു  മുന്നില്‍ വൃദ്ധ മനസ്സില്ലാമനസ്സോടെ കീഴടങ്ങി. ഇരട്ടക്കുട്ടികളെ പ്രസവിച്ച കാര്യം  ഭര്‍ത്താവിനെപ്പോലും അറിയിക്കരുതെന്ന്‌ അവര്‍ താക്കീതു നല്‍കുകയും ചെയ്‌തു. അങ്ങനെ വലിയൊരു അതിജീവനത്തിലൂടെ ആ കുഞ്ഞ്‌ ജീവിതം തുടങ്ങി. ആലോ എന്നാണ്‌ അവൻറെ പേര്‌. കുട്ടി ശപിക്കപ്പെട്ടവനായിരിക്കാമെന്നും അവന്‍ കുടുംബത്തിനും  നാട്ടുകാര്‍ക്കും ദുരിതം സമ്മാനിക്കുമെന്നുമുള്ള ആശങ്ക മുത്തശ്ശിയെ വിട്ടൊഴിഞ്ഞില്ല. മാലി അവനെ ആവശ്യത്തിലധികം ലാളിച്ചു. അമ്മയും മകനും  തമ്മിലുള്ള ബന്ധം വിവരിക്കാനാകാത്തതിലുമധികം ചേതോഹരമായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

സംവിധായകന്‍ കിം മോര്‍ഡൻറ്റ് 
ഒരു ദിവസം സര്‍ക്കാരിൻറെ അറിയിപ്പു വന്നു. അവരുടെ ഗ്രാമത്തില്‍ വലിയൊരു അണക്കെട്ടു വരാന്‍ പോകുന്നു. എല്ലാവരും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റൊരു മേഖലയിലേയ്‌ക്ക്‌ മാറിത്താമസിക്കണം. ആലോയുടെ ശപ്‌തജന്മത്തിൻറെ ആദ്യ കനിയാണ്‌ ഈ കുടിയൊഴിപ്പിക്കലെന്ന്‌ മുത്തശ്ശി കരുതി. തനിക്ക്‌ പ്രിയപ്പെട്ട തോണി കൂടെക്കൊണ്ടു പോകണമെന്ന്‌ ആലോ വാശിപിടിച്ചു. മല കയറിയുള്ള യാത്രയാണ്‌. ഒരു പോത്തിനെക്കൊണ്ട് തോണി മലയിലൂടെ വലിച്ചു കയറ്റാന്‍ അവര്‍ തീരുമാനിച്ചു. കുത്തനെയുള്ള കയറ്റത്തിലൂടെ തോണി വലിച്ചു കയറ്റിയ പോത്ത്‌ പെട്ടെന്ന്‌ കയര്‍ വിട്ടുകളഞ്ഞു. വലിയ വേഗത്തില്‍ താഴേയ്‌ക്കു പതിച്ച തോണി മാലിയുടെ ദേഹത്ത്‌ വന്നിടിച്ചു. തല്‍ക്ഷണം അവള്‍ മരിച്ചു. സിനിമയില്‍ മരണം കണ്ടു കരഞ്ഞ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണിത്‌. അത്രയ്‌ക്കു വശ്യമായിരുന്നു സിനിമയിൽ ആ കഥാപാത്രത്തിൻറെ സാന്നിദ്ധ്യം. ആലീസ്‌ കെയോഹവോങ്‌ എന്ന നടിയാണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. വിയറ്റ്‌നാം യുദ്ധത്തിനു ശേഷം ഓസ്‌ട്രേലിയയിലേയ്‌ക്കു കുടിയേറിയ ലാവോസ്‌ കുടുംബമാണ്‌ ആലീസിന്റെത്‌. കുട്ടികള്‍ക്കിടയില്‍ നാടകപ്രവര്‍ത്തനവും പപ്പറ്റ്‌ ഷോയും നടത്തുകയായിരുന്ന ആലീസിനെ ക­ണ്ടെത്താൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായെന്ന്‌ സംവിധായകന്‍ പറയുന്നു. ആലോയെ അവതരിപ്പിച്ച സിത്തിഫോണ്‍ ദിസാമോ എന്ന ബാലനുമായി ആലീസ്‌ സ്ഥാപിച്ചെടുത്ത ചങ്ങാത്തം ഇരുവരുടെയും അഭിനയപ്രകടനത്തെ നന്നായി സഹായിച്ചു. അമ്മയുടെ മരണത്തിനു കാരണക്കാരന്‍ ജനിക്കുമ്പോള്‍ത്തന്നെ അപശകുനം പിടിച്ച മകനാണെന്ന്‌ മുത്തശ്ശി വിളിച്ചു പറഞ്ഞു. അപ്പോഴാണ്‌ തനിക്കു പിറന്നത്‌ ഇരട്ടക്കുട്ടികളായിരുന്നെന്ന്‌ അച്ഛന്‍ അറിയുന്നതു തന്നെ. സര്‍ക്കാരിൻറെ വാഗ്‌ദത്തഭൂമി ഒരു തരത്തിലും ജനവാസയോഗ്യമല്ലാത്ത മലമ്പ്രദേശമായിരുന്നു. സസ്യജാലങ്ങള്‍ക്കും കന്നുകാലികള്‍ക്കും വളരാന്‍ പ്രയാസമുള്ള വര­ണ്ട  പ്രദേശം. അവിടെ പുതിയ വീടു പണിഞ്ഞു കൊടുക്കുമെന്ന പ്രഖ്യാപനം വീണ്‍വാക്കായിരുന്നു. വൃത്തിഹീനമായ തകരക്കുടിലുകളാണ് അവര്‍ക്കു താമസിക്കാന്‍ കിട്ടിയത്‌. ആവശ്യത്തിലേറെ ഊര്‍ജ്ജസ്വലനായ ആലോയ്‌ക്ക്‌ ഒരു മിനിറ്റുപോലും വെറുതെയിരിക്കാന്‍ വയ്യ. തികഞ്ഞ പാരമ്പര്യ നിഷേധിയായാണ്‌ അവന്‍ വളരുന്നത്‌. ആരാധനാസ്ഥലങ്ങളില്‍ നിന്ന്‌ ഭക്ഷണം മോഷ്‌ടിച്ചും, ശവസംസ്‌കാരത്തിനിടെ അര്‍പ്പിക്കപ്പെട്ട പുഷ്‌പങ്ങള്‍ എടുത്തുമാറ്റിയും അവന്‍ തന്റെ ശപ്‌തജന്മം  ഒരാഘോഷമാക്കുന്നു. അതിനിടെ അവന്‌ പുതിയൊരു കൂട്ടുകാരിയെയും കിട്ടി. ആലോയുടെ സമപ്രായക്കാരിയായ അവളുടെ പേര്‌ കിയ എന്നാണ്‌. മലേറിയ ബാധിച്ച്‌ അവളുടെ മാതാപിതാക്കളും മറ്റും മരിച്ചു പോയിരുന്നു. മുഴുവന്‍ സമയ മദ്യപനായ ഒരമ്മാവനാണ്‌ അവള്‍ക്കു തുണ. പര്‍പ്പിള്‍ എന്നാണ്‌ അയാളുടെ വിളിപ്പേര്‌. അമേരിക്കന്‍ സംഗീതജ്ഞന്‍ ജെയിംസ്‌ ബ്രൗണിൻറെ കടുത്ത ആരാധകനായ അയാള്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. വിയറ്റ്‌നാം യുദ്ധത്തിൻറെ അവശിഷ്‌ടങ്ങളായ പൊട്ടാത്ത ബോംബുകള്‍ നിറഞ്ഞ ആ ഭൂപ്രദേശത്ത്‌ യുദ്ധത്തിൻറെ ജീവിക്കുന്ന സ്‌മരണികയാണ്‌ ഈ മനുഷ്യന്‍. "ഉറങ്ങുന്ന കടുവകള്‍'' എന്നറിയപ്പെടുന്ന പൊട്ടാത്ത ബോംബുകളെക്കുറിച്ച്‌ കുട്ടികള്‍ക്കു മുന്നറിയിപ്പു നല്‍കുന്നതും അയാളാണ്‌. പര്‍പ്പിള്‍ താമസിക്കുന്ന ടെൻറ്റിലേയ്‌ക്ക്‌ വൈദ്യുതി മോഷ്‌ടിക്കാന്‍ ആലോ നടത്തിയ സാഹസികശ്രമം ദുരന്തത്തില്‍ കലാശിച്ചു. ചില തകരക്കുടിലുകള്‍ക്ക്‌ തീ പിടിച്ചു. അതോടെ ആലോയുടെ കുടുംബത്തിന്‌ അവിടം വിട്ടു പോകേണ്ടി വന്നു. പര്‍പ്പിളും കിയയും അവര്‍ക്കൊപ്പം ചേര്‍ന്നു. പൊട്ടാത്ത സ്‌ഫോടകവസ്‌തുക്കള്‍ കടത്തിക്കൊണ്ടു  പോകുന്ന ട്രക്കില്‍ കയറി അതിസാഹസികമായാണ്‌ അവര്‍ സ്ഥലം വിടുന്നത്‌. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ ഏതു നിമിഷവും ഉറങ്ങുന്ന കടുവകള്‍ ഗര്‍ജ്ജിച്ചേയ്‌ക്കാം. "നിര്‍ഭാഗ്യം പിടിച്ച എന്നെയും കൊണ്ടു തന്നെ വേണം ഇങ്ങനത്തെ യാത്ര നടത്താന്‍'' എന്ന്‌ ആലോ ആത്മഗതം നടത്തുന്നു. മരണവും മരണഭയവും നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ്‌ മോര്‍ഡൻറ്റ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ്‌ ഇതില്‍ നമ്മള്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍. അവരുടെ ദയനീയമായ ജീവിതത്തിന്‌ അവരല്ല കാരണക്കാര്‍. രാഷ്‌ട്രീയമായ കാരണങ്ങളാല്‍ ദരിദ്രരായിത്തീര്‍ന്ന ജനതയാണ്‌ ലാവോസിലേത്‌. ദാരിദ്യ്രത്തെയും മരണഭയത്തെയും മറികടക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ അവര്‍ അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിക്കുന്നു. ശാസ്‌ത്രസാങ്കേതിക വിദ്യയും വികസനവും അവരെ വീടും കുടിയുമില്ലാത്ത നാടോടികളാകാന്‍ വിധിക്കുന്നു. കാടിനും മേടിനുമപ്പുറത്തുള്ളവര്‍ക്കുമായി  നിര്‍മ്മിക്കപ്പെടുന്ന അണക്കെട്ടിനു  വേണ്ടി  കുടിയൊഴിയേണ്ടി വരുന്നത്‌ അവരാണ്‌. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്‌ദാനം ചെയ്‌ത്‌ സര്‍ക്കാര്‍ അവരെ കൊണ്ടു ചെന്നു തള്ളുന്നതോ, എപ്പോള്‍ വേണമെങ്കിലും ജീവാപായം സംഭവിക്കാവുന്ന, മരണം മണക്കുന്ന, അന്തരീക്ഷത്തിലേയ്‌ക്കും. പ്രതികൂലമായ ഈ ചുറ്റുപാടുകളില്‍ നിന്നു കൊണ്ടു തന്നെ സ്വന്തം കുടുംബത്തിന്‌ സൗഭാഗ്യം വരുത്താനുള്ള  ആലോയുടെ ശ്രമങ്ങളാണ്‌ സിനിമയുടെ അന്ത്യഭാഗത്തിന്‌ തിളക്കമേറ്റുന്നത്‌. ആ പ്രദേശത്തു നടക്കുന്ന റോക്കറ്റ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആലോ തീരുമാനിക്കുന്നു. ലഭ്യമായ സ്‌ഫോടക പദാര്‍ത്ഥങ്ങളും ലോഹക്കഷണങ്ങളും മുളയും ഉപയോഗിച്ച്‌ നാട്ടുകാര്‍ ഉണ്ടാക്കുന്ന നാടന്‍ റോക്കറ്റുകള്‍ ആകാശത്തേയ്‌ക്ക്‌ വിക്ഷേപിക്കുന്ന പരിപാടിയാണത്‌. അപകടം പിടിച്ച വിനോദമാണിത്‌. ഏറ്റവും ഉയരത്തില്‍ എത്തുന്ന റോക്കറ്റിൻറെ ഉടമയ്‌ക്ക്‌ സംഘാടകര്‍ നല്ല പാരിതോഷികവും നല്‍കും. ആകാശത്തിരിക്കുന്ന മഴദൈവത്തിൻറെ സന്നിധാനത്തിലേയ്‌ക്ക്‌ റോക്കറ്റുകള്‍ അയച്ച്‌ മഴ പെയ്യിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്‌ ഈ ഉത്സവത്തിൻറെ മറ്റൊരു ലക്ഷ്യം. വാശിയേറിയ മത്സരം നടക്കുന്നു. ആലോ സ്വന്തമായി ഉണ്ടാക്കിയ റോക്കറ്റ്‌ വിക്ഷേപിക്കാന്‍ സഹായിക്കുന്നത്‌ അവൻറെ അച്ഛന്‍ തന്നെയാണ്‌. ആ റോക്കറ്റ്‌ മേഘങ്ങളെയും കടന്ന്‌ മുകളിലേക്കു പോയി. അവിടെ വച്ച്‌ അത്‌ പൊട്ടിത്തെറിക്കുകയും വര്‍ണ്ണ വിസ്‌മയങ്ങള്‍ തീര്‍ക്കുകയും ചെയ്‌തു. ആലോയ്‌ക്ക്‌ പണം മാത്രമല്ല കിട്ടിയത്‌. താമസിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു കുടിലും സംഘാടകര്‍ അനുവദിച്ചുകൊടുത്തു. അങ്ങനെ ആലോ കുടുംബത്തിൻറെ ഭാഗ്യപ്രതീകമായി. വലിയൊരു അതിജീവനത്തിൻറെ അടയാളമായി.

മഹനീയമായ ഒരു ചലച്ചിത്രകൃതിയാണ്‌ ദി റോക്കറ്റ്‌ എന്നു പറയാന്‍ കഴിയില്ല. പക്ഷേ, ഇതുവരെ ചലച്ചിത്രകാരന്‍മാര്‍ കടന്നുചെന്നിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തിലേയ്‌ക്ക്‌ ക്യാമറയുമായി പോകാനും  ആ രാജ്യത്തിൻറെ  രാഷ്‌ട്രീയാവസ്ഥയെ അടയാളപ്പെടുത്താനുമുള്ള സത്യസന്ധമായ ശ്രമം സംവിധായകൻറെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഏതു നിമിഷവും മരണം അപഹരിച്ചെടുക്കാന്‍ സാദ്ധ്യതയുളള ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ മുന്നോട്ടു കൊണ്ടു പോകുകയാണ്‌ ഈ സിനിമയിലെ കഥാപാത്രങ്ങള്‍. ചിരികള്‍ക്കു പിന്നില്‍ ഒളിച്ചു വെച്ച കണ്ണീരും കരയുമ്പോഴും ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ചിരിയും അവരിലുണ്ട്. സംവിധായകന്‍ കിം മോര്‍ഡൻറ്റിൻറെ ശുഭാപ്‌തിവിശ്വാസം നിറഞ്ഞ സമീപനം മൂലമാണ്  ഈ കഥാപാത്രങ്ങള്‍ക്ക്‌ ഇത്രയേറെ മിഴിവുണ്ടായത്. അഭിനേതാവെന്ന നിലയിലും മികവു തെളിയിച്ച അദ്ദേഹത്തിന്‌ നടീനടന്‍മാരില്‍ നിന്ന്‌ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു  വരാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുന്നു. ഡോക്യുമെൻറ്ററികളില്‍ കഴിവു തെളിയിച്ചിട്ടുള്ളതുകൊണ്ട് ഫീച്ചര്‍ സിനിമ ചെയ്യുമ്പോഴും സംഭവങ്ങള്‍ക്ക്‌ തികഞ്ഞ യഥാതഥത്വം നല്‍കാന്‍ അദ്ദേഹത്തിനു  സാധിച്ചു. കറകളഞ്ഞ യഥാതഥത്വം തന്നെയാണ്‌ റോക്കറ്റ്‌ എന്ന സിനിമയുടെ സൗന്ദര്യം. ആദ്യത്തെ ഫീച്ചര്‍ സിനിമയിലൂടെത്തന്നെ ലോകചലച്ചിത്രവേദിയില്‍ ഇരിപ്പിടമുറപ്പിച്ച ഈ സംവിധായകൻറെ പുതിയ സംരംഭങ്ങള്‍ക്കായി കാത്തിരിക്കാം. 

No comments: