കെ ബി വേണു
Berberian
Sound Studio/Peter Strickland/2012/UK/92 Minutes
1927 ല്‍ ജാസ് സിങ്ങര്‍ എന്ന അമേരിക്കന്‍ സിനിമ പുറത്തുവന്നതോടെയാണ് നിശ്ശബ്‌ദചിത്രങ്ങള്‍ ശബ്‌ദചിത്രങ്ങളായി മാറിയത്. പക്ഷേ നിശ്ശബ്‌ദചിത്രങ്ങളും വലിയ ശബ്‌ദഘോഷത്തോടെയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ വാദ്യസംഗീതവും കഥാസാരം തത്സമയം ഉറക്കെ വിളിച്ചുപറയുന്ന പ്രസംഗകരും ചേര്‍ന്ന് തിയറ്ററുകളെ ശബ്‌ദമുഖരിതമാക്കിയ കാലമായിരുന്നു അത്. സിനിമയില്‍ ശബ്‌ദം വന്നാല്‍ ഫ്രേയ്‌മുകളിലെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന് വാദിച്ചവരും അക്കാലത്തുണ്ടായിരുന്നു. നിശ്ശബ്‌ദ കാലഘട്ടം കഴിഞ്ഞിട്ടും രണ്ടു നിശ്ശബ്‌ദസിനിമകള്‍ - സിറ്റി ലൈറ്റ്‌സ് (1931), മോഡേണ്‍ ടൈംസ് (1936) - സംവിധാനം ചെയ്‌തയാളാണ് ചാര്‍ളി ചാപ്ലിന്‍. പൂര്‍ണ്ണമായും നിശ്ശബ്‌ദമായിരുന്നു ഈ ചിത്രങ്ങളെന്നു പറയാന്‍ വയ്യ. കാരണം രണ്ടിലും സൗണ്ട് ഇഫക്‌റ്റ് ഉപയോഗിച്ചിരുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം ശബ്‌ദം എത്ര പ്രധാനമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാകും.
ചാർളി ചാപ്ലിൻ |
പീറ്റര്‍ സ്‌ട്രിക് ലാന്‍ഡ് |
സാൻറ്റിനി എന്ന സംവിധായകൻറെ ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ് എന്ന സിനിമയുടെ പോസ്റ്റ് പ്രാഡക്‌ഷന്‍ ജോലികള്‍ നടക്കുകയാണ്. സൗണ്ട് ഇഫക്‌റ്റുകള്‍ റെക്കോഡ് ചെയ്യാനായി ഗില്‍ദിറോയ് എന്ന ശുദ്ധഗതിക്കാരനായ ബ്രിട്ടീഷ് സൗണ്ട് എഞ്ചിനീയറെ കൊണ്ടു വന്നിരിക്കുകയാണ്. ഫോളി ആര്‍ട്ടിസ്റ്റുകള്‍ എന്നാണ് ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നത്. പാത്രത്തില്‍ നിന്ന് കപ്പിലേയ്‌ക്ക് ചായ പകരുന്നതിൻറെ, കര്‍ട്ടനുകള്‍ ഉലയുന്നതിൻറെ, വാഹനങ്ങളുടെ….അങ്ങനെ സൗണ്ട് ഇഫക്‌റ്റിൻറെ മൊത്തം ജോലികള്‍ ഇവരുടെ ചുമതലയിലായിരുന്നു. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷത്തിലേയ്‌ക്കാണ് സാധുവായ ഗില്‍ദിറോയ് വന്നുപെട്ടത്.
സ്റ്റുഡിയോയിലെ സുന്ദരിയായ റിസപ്‌ഷനിസ്റ്റ് അടക്കം ആരും അയാളോട് സൗഹാര്‍ദ്ദത്തോടെ പെരുമാറിയില്ല. കുതിരകളുമായി ബന്ധപ്പെട്ട പ്രമേയമാണ് സിനിമയുടേതെന്ന് തെറ്റിദ്ധരിച്ചാണ് അയാള്‍ വന്നത്. “ഇക്വേസ്‌ട്രിയന്‍” എന്ന ആംഗലേയപദത്തിന് “കുതിരസവാരിയുമായി ബന്ധപ്പെട്ടത്” എന്നാണല്ലോ അര്‍ത്ഥം. പക്ഷേ അതൊരു രക്തരൂഷിതമായ ഹൊറര്‍ സിനിമയാണെന്ന് അയാള്‍ ഞെട്ടലോടെ മനസ്സിലാക്കി. അതിനു മുമ്പ് അയാള്‍ ഹൊറര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നു. പ്രകൃതിയും പക്ഷിമൃഗാദികളും മഌഷ്യനും ഇണങ്ങി ജീവിക്കുന്ന ഹരിതാഭമായ ഇംഗ്ലീഷ് നാട്ടിന്‍പുറങ്ങളിലായിരുന്നു അയാള്‍ പ്രവര്‍ത്തിച്ച പല സിനിമകളും ചിത്രീകരിച്ചത്. ശാന്തസുന്ദരമായ ജന്മ ദേശത്തുനിന്ന് വാത്സല്യത്തിൻറെ ഇളംകാറ്റുമായി ഇടയ്‌ക്കിടെ വന്നുകൊിരുന്ന അമ്മയുടെ കത്തുകള്‍ ഗില്‍ദിറോയെ സ്റ്റുഡിയോ അന്തരീക്ഷത്തില്‍ നിന്ന് മാനസികമായി അകറ്റിക്കൊണ്ടിരുന്നു. അക്കാലത്തെ സിനിമയില്‍ സൗണ്ട് ഇഫക്‌റ്റുകള്‍ എങ്ങനെയാണ് സൃഷ്‌ടിച്ചിരുന്നത് എന്നതിൻറെ വിശദാംശങ്ങള്‍ ഈ ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അന്നു തിയറ്ററുകളില്‍ കേട്ട പൊട്ടിച്ചിരികള്‍, രോദനങ്ങള്‍, അലര്‍ച്ചകള്‍, കാല്‍പ്പെരുമാറ്റങ്ങള്‍ ….അവയൊക്കെ സൃഷ്‌ടിക്കാന്‍ വേണ്ടി കഷ്‌ടപ്പെട്ട കലാകാരന്‍മാര്‍…അവരോട് നിര്‍മ്മാതാക്കളും സംവിധായകരും കാണിച്ച അനീതികള്‍…
സില്‍വിയ എന്നും ക്ലോഡിയ എന്നും പേരുള്ള രണ്ടു നടിമാരാണ് സിനിമയിലെ ഹൊറര്‍ സീനുകള്‍ക്ക് ഭാവതീവ്രത വരുത്താന്‍ വേണ്ടി തൊണ്ട പൊട്ടി അലറുകയും കരയുകയുമൊക്കെ ചെയ്യുന്നത്. ദുര്‍മ്മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട കഥാപാത്രങ്ങളെ പുരോഹിതനും സംഘവും പീഡിപ്പിക്കുന്ന രംഗങ്ങളാണ്. കൊട്ടക്കണക്കിനു കൊണ്ടുവരുന്ന പഴങ്ങളിലും പച്ചക്കറികളിലും കത്തികൊണ്ടു കുത്തിയും മറ്റും മനുഷ്യമാംസത്തില്‍ മാരകായുധങ്ങളും പീഡനോപകരണങ്ങളും പ്രയോഗിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദങ്ങള്‍ ഗില്‍ദിറോയും കൂട്ടരും പുനഃസൃഷ്‌ടിക്കുന്നു. സില്‍വിയയുടെയും ക്ലോഡിയയുടെയും അലര്‍ച്ചകള്‍ ആ ശബ്‌ദങ്ങളുമായി കൂടിക്കലരുമ്പോള്‍ സ്റ്റുഡിയോ ഒരു പ്രേതഭവനവും പീഡനഗൃഹവുമായി അനുഭവപ്പെടുന്നു. ദുര്‍മ്മന്ത്രവാദിനിയുടെ ഗുഹ്യഭാഗത്തിലേയ്‌ക്ക് ഒരു പീഡനോപകരണം കടത്തുന്നതിൻറെ ശബ്‌ദം എങ്ങനെയുണ്ടാക്കാമെന്ന് സംവിധായകന്‍ ചര്‍ച്ച ചെയ്യുമ്പോഴേയ്‌ക്ക് ദുര്‍ബ്ബലമനസ്‌കനായ ഗില്‍ദിറോയ് തകര്‍ന്നുപോകുന്നു. തികഞ്ഞ അഹംഭാവിയും സ്‌ത്രീലമ്പടനുമാണ് സംവിധായകന്‍ സാൻറീനി. താന്‍ സംവിധാനം ചെയ്യുന്നത് ഹൊറര്‍ സിനിമയല്ലെന്നും അതൊരു മഹത്തായ ആര്‍ട് സിനിമയാണെന്നും അയാള്‍ ഗില്‍ദിറോയോട് ഉറപ്പിച്ചു പറഞ്ഞു.
തൻറെ സിനിമയുമായി സഹകരിക്കുന്ന നടിമാരെ വെറും ഭോഗവസ്‌തുക്കളായാണ് അയാള്‍ കാണുന്നത്.
ദുര്‍മ്മന്ത്രവാദിനിക്കു വേണ്ടി അലറുന്ന നടിയോട് അയാള്‍ പറഞ്ഞു: “നീ ഓര്‍ഗാസമനുഭവിക്കുന്ന ശബ്‌ദം അനുകരിച്ചു കേള്‍പ്പിച്ചു കഷ്ടപ്പെടേണ്ട. ആ ശബ്‌ദം നിൻറെ അടുത്ത കാസ്റ്റിങ് ഡയറക്‌റ്ററെ കേള്‍പ്പിച്ചാല്‍ മതി.” പിന്നീട് സാന്തീനി സില്‍വിയയെ ബലാത്‌കാരം ചെയ്‌തതായി ഗില്‍ദിറോയ് മനസ്സിലാക്കുന്നു. അതുവരെ ചെയ്‌തു വെച്ച ജോലികള്‍ മുഴുവന്‍ താറുമാറാക്കിക്കൊണ്ട് ഒരു രാത്രിയില്‍ സില്‍വിയ അപ്രത്യക്ഷയാകുന്നു. എലിസ എന്ന മറ്റൊരു നടി ആ ജോലികള്‍ പൂര്‍ത്തിയാക്കാനെത്തുമ്പോഴേയ്‌ക്കും യാഥാര്‍ത്ഥ്യവും സിനിമയും തമ്മിലുള്ള അതിര്‍ത്തിരേഖ മാഞ്ഞുതുടങ്ങിയിരുന്നു.
തൊഴിലാളികളെ മൃഗതുല്യരായി കാണുന്ന സ്റ്റുഡിയോ ഉടമകള്‍ ഗില്‍ദിറോയ്‌ക്ക് വിമാന യാത്രാക്കൂലി കൊടുക്കാന്‍ തയ്യാറാകുന്നില്ല. ഗില്‍ദിറോയ് വന്നു എന്നു പറയുന്ന ദിവസം അങ്ങനെയൊരു ഫ്‌ളൈറ്റ് ഉണ്ടായിരുന്നില്ല എന്ന് അവര്‍ സമര്‍ത്ഥിക്കാന്‍ തുനിയുമ്പോഴേയ്‌ക്ക് അയാള്‍ സാൻറീനിയുടെ ഹൊറര്‍ സിനിമ സൃഷ്‌ടിക്കുന്ന അയാര്‍ത്ഥലോകത്തിലേയ്‌ക്ക് പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. താന്‍ അനുഭവിക്കുന്നത് യാഥാര്‍ത്ഥ്യമാണോ സ്വപ്‌നമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേയ്‌ക്ക് ഗില്‍ദിറോയ് എടുത്തെറിയപ്പെട്ടു. സിനിമയുടെ നിര്‍മ്മാതാവിനെപ്പോലെ അയാളും പുതിയ നടിയെ മാനസികമായി പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. യാഥാസ്ഥിതികമായ ബ്രിട്ടീഷ് സിനിമയുടെ ചുറ്റുപാടുകളില്‍ നിന്നു വന്ന ഒരാള്‍ക്ക് ആഡംബരപൂര്‍ണ്ണവും അക്രമാസക്തവുമായ ഇറ്റാലിയന്‍ സാഹചര്യത്തില്‍ സംഭവിക്കുന്ന നിഷ്‌കളങ്കതാനഷ്‌ടമായും വേണമെങ്കില്‍ ഈ മാറ്റത്തെ വ്യാഖ്യാനിക്കാം. സിനിമയിലെ ശബ്‌ദസന്നിവേശനത്തിൻറെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സ്‌ട്രിക് ലാന്‍ഡ് ഈ സിനിമ സംവിധാനം ചെയ്‌തതെന്ന് ആദ്യമേ പറഞ്ഞല്ലോ.
സിനിമയ്‌ക്കുള്ളില്‍ പരാമര്‍ശിക്കപ്പെടുന്ന ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ് എന്ന ചിത്രത്തിൻറെ ഒരു ഷോട്ട് പോലും പ്രേക്ഷകര്‍ കാണുന്നില്ല. ശബ്‌ദങ്ങള്‍ കൊണ്ടു മാത്രം ആ സിനിമ അനുഭവിപ്പിക്കാനാണ് സ്‌ട്രിക് ലാന്‍ഡ് ശ്രമിക്കുന്നത്. ചിത്രം തുടങ്ങുമ്പോള്‍ കാണിക്കുന്ന ടൈറ്റിലുകള്‍ പോലും ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ് എന്ന സിനിമയ്‌ക്കുള്ളിലെ സിനിമയുടേതാണ്. എന്‍ഡ് ക്രെഡിറ്റുകളില്‍ മാത്രമാണ് ബെര്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോ എന്ന് എഴുതിക്കാണിക്കുന്നത്. സിനിമയില്‍ അദൃശ്യമായിരിക്കുന്ന സാങ്കേതികതയെ ദൃശ്യമാക്കുകയാണ് സ്‌ട്രിക് ലാന്‍ഡിന്റെ ലക്ഷ്യം. ടോബി ജോണ്‍സ് എന്ന വിഖ്യാതനടൻറെ തിളക്കമുള്ള പ്രകടനം ഈ സിനിമയെ സമ്പന്നമാക്കിയിരിക്കുന്നു.
ടോബി ജോൺസ് |
No comments:
Post a Comment