കറകളഞ്ഞ യഥാതഥത്വമാണ് ഇറാനിയന്‍ സിനിമകളുടെ കരുത്ത്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ ഫ്രഞ്ച് നവതരംഗ സിനിമ ലോകമെങ്ങുമുള്ള ചലച്ചിത്ര സംവിധായകരില്‍ ഒരാവേശമായി നിറ ഞ്ഞപ്പോള്‍ ഇറാനിലും അതിൻറെ അലയൊലികളുണ്ടായി. ദാര്‍ശനിക രാഷ്‌ട്രീയ പ്രമേയങ്ങള്‍ കാവ്യാത്മകമായ ചലച്ചിത്ര ഭാഷയില്‍ ഇറാനിയന്‍ സംവിധായകര്‍ അവതരിപ്പിച്ചു. അബ്ബാസ് കിയരസ്‌താമി, മൊഹ്‌സെന്‍ മക്‌മല്‍ബഫ്, ജാഫര്‍ പനാഹി, മജീദ് മജീദി തുടങ്ങിയവര്‍ ഈ നവതരംഗ പാരമ്പര്യത്തിൻറെ അവകാശികളാണ്. (വ്യവസ്ഥിതിയെ വിമര്‍ശിക്കുന്ന സിനിമകള്‍ എടുക്കുന്നു എന്നാരോപിച്ച് 2010 ല്‍ അറസ്റ്റു ചെയ്യപ്പെട്ട ജാഫര്‍ പനാഹി ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇരുപതു വര്‍ഷത്തേയ്‌ക്ക് സിനിമയെടുക്കരുതെന്ന വിലക്കും നിലവിലുണ്ട്.) മറ്റൊരു പ്രധാനപ്പെട്ട യൂറോപ്യന്‍ യഥാതഥ ചലച്ചിത്ര സരണിയായ ഇറ്റാലിയന്‍ നിയോ റിയലിസവും ആധുനിക ഇറാനിയന്‍ സിനിമയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പത്തിനും ഇടയ്‌ക്കുള്ള അതിര്‍വരമ്പ് മായ്‌ച്ചു കളഞ്ഞ് അനുപമമായ ഒരു ചലച്ചിത്ര ഭാഷ സൃഷ്‌ടിക്കാനാണ് ഇറാനിയന്‍ ചലച്ചിത്രപ്രതിഭകൾ ശ്രമിച്ചിട്ടുള്ളത്. ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയും വിധം ലളിതമാണ് അവരുടെ സൃഷ്‌ടികള്‍. വൈവിദ്ധ്യ പൂര്‍ണ്ണമായ ഇറാനിയന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മനുഷ്യകഥാനുഗായികളായ ഈ സിനിമകള്‍ രചിക്കപ്പെട്ടിരിക്കുന്നത്. ക്യാമറയെ പേനയാക്കണമെന്ന ഫ്രഞ്ച് ന്യൂ വേവ് ആഹ്വാനം ഉള്‍ക്കൊള്ളുന്ന സിനിമകളാണവ. ക്യാമറ കൊണ്ടെഴെുതിയ കവിതകള്‍…ലാളിത്യം മുഖമുദ്രയാക്കിയ എത്രയോ ചലച്ചിത്ര കാവ്യങ്ങള്‍… ഇറാനിയന്‍ നവ തരംഗ പരമ്പരയിലെ മൂന്നാം തലമുറയില്‍പ്പെട്ട സംവിധായകനാണ് അസ്‌ഗര്‍ ഫറാദി.
|
അസ്‌ഗര്‍ ഫറാദി |
2003 ല്‍ ഡാന്‍സിങ് ഇന്‍ ദി ഡസ്റ്റ് എന്ന ചിത്രവുമായി അരങ്ങേറ്റം കുറിച്ച ഫറാദി 2011 ല്‍ എ സെപറഷന്‍ എന്ന സിനിമയിലൂടെ ലോകപ്രശസ്‌തനായി. ദി ബ്യൂട്ടിഫുള്‍ സിറ്റി (2004), ഫയര്‍വര്‍ക്‌സ് വെനസ്‌ഡേ (2006), എബൗട്ട് എല്ലി (2009) എന്നിവയാണ് അദ്ദേഹത്തിൻറെ മറ്റു ചിത്രങ്ങള്‍. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്‌ട്ര പുരസ്‌എ സെപ-റേഷന്‍ വിവാഹ മോചനത്തില്‍ അവസാനിക്കുന്ന ഒരു ദാമ്പത്യത്തിൻറെ പശ്ചാത്തലത്തില്‍ ഇറാനിലെ മദ്ധ്യവര്‍ഗ്ഗ ജീവിതം വരച്ചുകാട്ടിയ സിനിമയാണ് ഫറാദിയുടെ ഏറ്റവും പുതിയ സിനിമയായ ദി പാസ്റ്റ് ഫ്രഞ്ചു ഭാഷയിലാണ്. ദാമ്പത്യത്തിൻറെ സങ്കീര്‍ണ്ണതകളിലേയ്‌ക്കുതന്നെയാണ് ഇക്കുറിയും ഫറാദിയുടെ സഞ്ചാരം. അഹ്‌മദ് എന്ന ഇറാനിയന്‍ യുവാവ് പാരീസ് നഗരത്തിലെത്തുന്നത് ഫ്രഞ്ചുകാരിയായ ഭാര്യ മേരിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ്. നാലു വര്‍ഷമായി അയാള്‍ ടെഹ്‌റാനിലാണ് താമസിക്കുന്നത്. പാരീസിലെത്തുമ്പോഴാണ് ഒരു ഡ്രൈ ക്ലീനിങ് സ്ഥാപനം നടത്തുന്ന സമീര്‍ എന്ന അറേബ്യന്‍ യുവാവുമായി മേരി പ്രണയത്തിലാണെന്നും അയാളും അവള്‍ക്കൊപ്പം താമസിക്കുന്നുണ്ടെന്നും അഹ്‌മദ് മനസ്സിലാക്കുന്നത്. നേരത്തേയുള്ള വിവാഹബന്ധങ്ങളില്‍ നിന്നുള്ള രണ്ടു പെണ്‍മക്കള്‍ക്കു പുറമേ സമീറിൻറെ മകനും അതേ വീട്ടില്‍ മേരിക്കൊപ്പം താമസിക്കുന്നുണ്ട്. ഹോട്ടലില്‍ മുറിയെടുക്കാതെ മേരിക്കൊപ്പം താമസിക്കുന്ന അഹ്‌മദിന് ഇതെല്ലാം പുതിയ അറിവുകളായിരുന്നു. കൗമാരത്തിൻറെ എല്ലാ വിധ പ്രശ്‌നങ്ങളുമുള്ള മൂത്ത മകള്‍ ലൂസിക്ക് എങ്ങനെയും ആ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ബെല്‍ജിയംകാരനായ പിതാവിൻറെ അടുത്തെത്തണമെന്നാണ് ആഗ്രഹം. അമ്മയുടെ പുതിയ കൂട്ടുകാരനായ സമീറിനെ അവള്‍ക്കിഷ്‌ടവുമല്ല. വളരെ വൈകിയാണ് മിക്ക ദിവസവും അവള്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്. അസ്വസ്ഥയും വിഷാദവതിയുമായ ലൂസിയോട് സംസാരിക്കണമെന്നും അവളെ അനുനയിപ്പിക്കണമെന്നും മേരി അഹ്‌മദിനോട് ആവശ്യപ്പെടുന്നു. കാരണം ലൂസിയ്‌ക്കും അനുജത്തി ലിയയ്‌ക്കും ഇപ്പോഴും അഹ്‌മദിനോട് മാനസികമായി അടുപ്പമുണ്ട്. സ്വന്തം മക്കളല്ലെങ്കിലും പിതൃനിര്‍വിശേഷമായ വാത്സല്യത്തോടെയും അതിലുപരി സൗഹൃദത്തോടെയുമാണ് അഹ്‌മദ് അവരോട് പെരുമാറിയിരുന്നത്. വിവാഹമോചനത്തിൻറെ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചുപോകാന്‍ വന്ന അഹ്‌മദ് മേരിയുടെയും മക്കളുടെയും സമീറിൻറെയും സങ്കീര്‍ണ്ണമായ ജീവിതപരിസരങ്ങളിലേയ്‌ക്ക് കൂടുതല്‍ അടുക്കാന്‍ നിര്‍ബന്ധിതനാകുന്നതോടെ അവരോരുത്തരുടെയും ഭൂതകാല രഹസ്യങ്ങള്‍ അനാവൃതമാകാന്‍ തുടങ്ങുന്നു. മേരി ഗര്‍ഭിണിയാണെന്നതായിരുന്നു ആദ്യത്തെ രഹസ്യം. മക്കളില്‍ നിന്ന് അക്കാര്യം അവര്‍ മറച്ചുവെച്ചിരിക്കുകയാണ്. ലൂസിയുമായി സംസാരിക്കുമ്പോഴാണ് സമീറിൻറെ ഫ്രഞ്ചുകാരിയായ ഭാര്യ സെലീന്‍ ഒരു ആത്മഹത്യാശ്രമത്തിനു ശേഷം മാസങ്ങളായി അബോധാവസ്ഥയിലാണെന്ന സത്യം അഹ്‌മദ് അറിയുന്നത്. സമീറിന് മേരിയുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് അയാളുടെ ഭാര്യയെ അറിയിച്ചത് താനാണെന്ന് ലൂസി അഹ്‌മദിനോട് വെളിപ്പെടുത്തുന്നു. മേരിയുമായി ഇ-മെയില്‍ വഴി കൈമാറിയ പ്രണയസന്ദേശങ്ങള്‍ ലൂസി സമീറിൻറെ ഭാര്യയ്‌ക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. അത് വായിച്ചതിനു ശേഷമാണ് ആ സ്‌ത്രീ ആത്മഹത്യാ ശ്രമം നടത്തിയതെന്നും അവര്‍ ജീവച്ഛവമായിക്കിടക്കുന്നതിൻറെ ഉത്തരവാദിത്വം തനിക്കാണെന്നും ലൂസി കരുതുന്നു. ആ കുറ്റബോധം കാരണമാണ് ലൂസി സമീറില്‍ നിന്നകന്നു നില്‍ക്കുന്നതും ആ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നതും. സമീറിൻറെ ഭാര്യയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള അന്വേഷണം അയാളുടെ സ്ഥാപനത്തിലെ ഇറാനിയന്‍ അഭയാര്‍ത്ഥിയായ ജോലിക്കാരി നയ്‌മയില്‍ വരെ ചെന്നു നിൽക്കുന്നുണ്ട്. ഒരോ കഥാപാത്രവും ഒളിപ്പിച്ചു വെയ്‌ക്കാനും ഒളിച്ചോടാനും ശ്രമിക്കുന്ന ഭൂതകാല സംഭവപരമ്പരകളുടെ അവസാനത്തെ കണ്ണിയിലേയ്‌ക്കു വരെ ആ അന്വേഷണം തുടരുന്നു. അഹ്‌മദ് യഥാര്‍ത്ഥത്തില്‍ ഒരു കുറ്റാന്വേഷകൻറെ ദൗത്യമാണ് ഏറ്റെടുക്കുന്നത്. സംവിധായകന്‍ തന്നെ ഈ കഥാപാത്രത്തെ ആ അര്‍ത്ഥത്തില്‍ വിലയിരുത്തുന്നുണ്ട്. തുടക്കത്തില്‍ ഒരു സത്യാന്വേഷിയായി, മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്ന അഹ്‌മദിന് ആ കുടുംബത്തിൻറെ കലുഷിതമായ അവസ്ഥയ്‌ക്ക് താന്‍ കൂടി കാരണക്കാരനാണെന്ന് താമസിയാതെ ബോദ്ധ്യപ്പെടുന്നുണ്ട്. അയാള്‍ അന്വേ-ഷിച്ചറിയുന്ന ഓരോ വസ്‌തുതയും, വെളിപ്പെടുത്തുന്ന ഓരോ രഹസ്യവും ചുറ്റുമുള്ളവരെ കൂടുതല്‍ കൂടുതല്‍ കുഴപ്പങ്ങളിലേയ്‌ക്ക് തള്ളിയിടുന്നു. അനുനിമിഷം തകര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ പരസ്‌പര വിശ്വാസത്തിൻറെ പാലം പണിയാന്‍ നിയോഗിക്കപ്പെടുന്ന അഹ്‌മദിൻറെ മാനസികാവസ്ഥയെ പ്രതീകാത്മകമായി സംവിധായകന്‍ അവതരിപ്പിക്കുന്നു. പലപ്പോഴും ഒരു മെക്കാനിക്കിൻറെ ജോലിയാണ് അയാള്‍ക്ക് ചെയ്യേണ്ടി വരുന്നത്. കുട്ടികളുടെ സൈക്കിളിൻറെ ചെയിന്‍ തെറ്റിപ്പോകുമ്പോള്‍ അതു നേരെയാക്കിക്കൊടുത്തു കൊണ്ടാണ് അയാള്‍ ആ വീട്ടിലേയ്‌ക്കു പ്രവേശിക്കുന്നതു തന്നെ. വീട്ടിലെ പല റിപ്പയറിങ് ജോലികളും അയാള്‍ ഏറ്റെടുക്കുന്നുമുണ്ട്. കേടായ സിങ്ക് നന്നാക്കുക, ചുമരിന് പെയിൻറ്റടിക്കുക തുടങ്ങിയ പല ജോലികളും അയാള്‍ ചെയ്യുന്നു. മേരിയും ലൂസിയും തമ്മിലുള്ള ബന്ധത്തിലെ അകല്‍ച്ച ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും അയാളാണ്. എപ്പോഴും കലഹിക്കുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന ഫവാദിനെപ്പോലും (സമീറിൻറെ മകന്‍) ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് അഹ്‌മദ് ആണ്. പാരീസില്‍ എത്തിയ ദിവസം അയാള്‍ ഉറങ്ങുന്നതു തന്നെ ആ കുട്ടി കിടക്കുന്ന മുറിയിലാണ്. ആ വീടിനോടുള്ള ബന്ധം എന്നെന്നേയ്‌ക്കുമായി അവസാനിക്കാന്‍ പോകുകയാണെന്നറിഞ്ഞിട്ടും അയാളിതൊക്കെ ചെയ്യാന്‍ നിര്‍ബ്ബന്ധിതനാകുകയാണ്. മുറിഞ്ഞുപോകുന്ന സംവേദനങ്ങളുടെ കഥ കൂടിയാണിത്. സിനിമയുടെ തുടക്കം മുതല്‍ ഈ പ്രശ്‌നം സമര്‍ത്ഥമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അടഞ്ഞ വാതിലുകള്‍ക്കപ്പുറത്തും അകലങ്ങളിലുമായി നടക്കുന്ന, വെളിപ്പെടാത്ത നിരവധി സംവേദനങ്ങള്‍ ഈ സിനിമയിലുണ്ട്. എ സെപറേഷന്‍ എന്ന ചിത്രത്തില്‍ ഇറാനിയന്‍ സമൂഹത്തെയും സംസ്‌കാരത്തെയും അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഫറാദി ഈ സിനിമയില്‍ കുറച്ചുകൂടി ഉത്‌കൃഷ്‌ടമായ ഒരു തലത്തിലാണ് തൻറെ കഥാപാത്രങ്ങളെ പ്രതിഷ്‌ഠിക്കുന്നത്. ഏതു സംസ്‌കാരത്തില്‍ വളര്‍ന്നവര്‍ക്കും ഈ സിനിമയിലെ കഥാസന്ദര്‍ഭങ്ങളുമായി സമരസപ്പെടാം. ചിലപ്പോള്‍ അതിനാടകീയമാണെന്ന് തോന്നുന്ന മുഹൂര്‍ത്തങ്ങളെപ്പോലും യുക്തിയുടെ ബലമുള്ള തൂണുകളില്‍ ഉയര്‍ത്തിനിര്‍ത്തുകയാണ് ഫറാദി. ദീര്‍ഘകാലമായി ഇറാന് ഫ്രാന്‍സുമായുള്ള ബന്ധത്തെ പുതിയൊരു കാലഘട്ടത്തിൻറെ പശ്ചാത്തലത്തില്‍ നിര്‍വ്വചിക്കാനുള്ള ശ്രമം കൂടിയാണ് ഫറാദി നടത്തുന്നത്. ഭൂഖണ്ഡങ്ങളും കടന്നുള്ള പ്രണയബന്ധങ്ങളുടെ കഥയാണല്ലോ ഈ സിനിമ. ആഗോളീകൃതമായ ആധുനിക ലോകാവസ്ഥയില്‍ അത്തരമൊരു സാംഗത്യം കൂടി ഈ സിനിമയ്‌ക്കുണ്ട്. വിദേശ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇറാനിയന്‍ യുവാക്കള്‍ ദശാബ്‌ദങ്ങളായി പാരീസില്‍ എത്താറുണ്ടായിരുന്നു. ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ അമരക്കാരില്‍ ഒരാളായിരുന്ന ട്രൂഫോയുടെ അടുത്ത സുഹൃത്തായിരുന്നു അക്കാലത്ത് ഐക്യ രാഷ്‌ട്ര സഭയുടെ ഇറാനിയന്‍ അംബാസിഡറായിരുന്ന ഫെറെയ്‌ദൂന്‍ ഹൊവെയ്‌ദ. ഫ്രഞ്ച് നവതരംഗവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണമായ കാഹ്യേ ദു സിനിമയുമായും ഹൊവെയ്‌ദ സഹകരിച്ചിരുന്നു. ഇറ്റാലിയന്‍ നിയോ റിയലിസത്തിൻറെ ശില്‍പികളിലൊരാളായ റോബര്‍ട്ടോ റോസലീനിയുടെ ആദ്യകാല സിനിമകളിലും ഹൊവേയ്‌ദയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ട്രൂഫോയുടെയും ഗൊദാര്‍ദിൻറെയും സിനിമകളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ച സെര്‍ഗി റെസ്‌വാനിയും ഫ്രാന്‍സിൻറെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടം പിടിച്ച ഇറാനിയന്‍ കലാകാരന്‍മാരില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെ വര്‍ഷങ്ങളായുള്ള സാംസ്‌കാരിക സഹകരണമുണ്ടെങ്കെിലും വൈകാരിക തലത്തില്‍ യൂറോപ്പും ഏഷ്യയും ഒത്തുപോകില്ലെന്ന സൂചനയും ഈ സിനിമയിലുണ്ട്. ഫ്രഞ്ച് ഇറാനിയന്‍ സാംസ്‌കാരിക ബന്ധത്തെ വേറിട്ടൊരു കാഴ്‌ചപ്പാടിലൂടെ വ്യാഖ്യാനിക്കാനാണ് ഫറാദിയുടെ ശ്രമം. ഓരോ കഥാപാത്രത്തിൻറെയും മനഃശാസ്‌ത്രവും വ്യക്തിത്വവും സൂക്ഷ്‌മമായി അപഗ്രഥിക്കുന്നതില്‍ സംവിധായകനോടൊപ്പം അഭിനേതാക്കളും പ്രയത്‌നിച്ചിട്ടുണ്ട്. അഹ്‌മദ് ആയി അലി മൊസഫയും സമീര്‍ ആയി ഫ്രഞ്ച് നടന്‍ താഹര്‍ റഹീമും വേഷമിട്ടു. പക്ഷേ മിന്നുന്ന പ്രകടനം കാഴ്‌ച വച്ചത് മേരിയായി നിറഞ്ഞാടിയ ബെറെനിസ് ബെജോ തന്നെയാണ്. അര്‍ജൻറ്റീനയില്‍ ജനിച്ച് ഫ്രാന്‍സിലേയ്‌ക്ക് കുടിയേറിയവരാണ് ബെറെനിസിൻറെ മാതാപിതാക്കള്‍. അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും വാരിക്കൂട്ടിയ ദി ആര്‍ട്ടിസ്റ്റ് എന്ന ഫ്രഞ്ചു സിനിമയിലെ പെപ്പി മില്ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബെറെനിസിൻറെ മറ്റൊരു മുഖമാണ് ഈ ചിത്രത്തില്‍ കാണുന്നത് ലോക സിനിമയ്‌ക്ക് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്ന് നിസ്സംശയം പറയാവുന്ന ഒരു കൗമാര പ്രതിഭയും ഈ സിനിമയിലുണ്ട്. അതിസൂക്ഷ്‌മമായ പ്രകടനം ആവശ്യപ്പെടുന്ന ലൂസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പതിനേഴുകാരിയായ പൗളിന്‍ ബര്‍ലറ്റ്.
|
പൗളിന്‍ ബര്‍ലറ്റ് |
കുറ്റബോധവും ഭയവും അരക്ഷിത ബോധവും കൊണ്ട് മാനസികമായി തകര്‍ന്ന ലൂസിയെ തഴക്കം വന്ന ഒരഭിനേത്രിയുടെ പാടവത്തോടെയാണ് ബര്‍ലറ്റ് പകര്‍ന്നാടിയിരിക്കുന്നത്.
മാസങ്ങളോളമായി അബോധാവസ്ഥയില്‍ കിടക്കുന്ന സമീറിൻറെ ഭാര്യയിൽ സിനിമ അവസാനിക്കുന്നു. ഒരു പെര്‍ഫ്യൂം തൻറെ ശരീരത്തില്‍ പുരട്ടിയതിനു ശേഷം അവളുടെ കൈ പിടിച്ചു കൊണ്ട്സ മീര്‍ പറയുന്നു: “സെലീന്‍, ഈ സുഗന്ധം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ എൻറെ കയ്യില്‍ മുറുകെപ്പിടിക്കുക.” ആ നിമിഷം സെലീൻറെ കവിളിലൂടെ ഒരു കണ്ണീര്‍ത്തുള്ളി ഒഴുകിയിറങ്ങി. കൃത്യസമയത്ത് പ്രത്യക്ഷമായ ആ അശ്രുബിന്ദുവില്‍ സന്താപത്തിൻറെ നനവല്ല, മറിച്ച് പ്രതീക്ഷയുടെ വെളിച്ചമാണുള്ളത്. വ്യക്തമായി നിര്‍വ്വചിക്കാനാകാത്ത ഒരന്ത്യമാണിത്. എങ്ങനെ വേണമെങ്കിലും നിര്‍വ്വചിക്കാന്‍ വേണ്ടി പ്രേക്ഷകര്‍ക്കു മുന്നിലേയ്‌ക്ക് ഒരു ദൃശ്യ പ്രതീകം സമര്‍പ്പിക്കുമ്പോള്‍ സിനിമ എന്നെന്നേയ്‌ക്കുമായി ജീവിക്കാന്‍ തുടങ്ങുന്നു. ആകെ രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള അലക്‌സാന്‍ഡ്ര ക്ലെബാന്‍സ്‌ക എന്ന നടി ഈയൊരൊറ്റ സീനിലെ അഭിനയ പ്രകടനത്തിലൂടെ എക്കാലത്തും ഓര്‍മ്മിക്കപ്പെടും - ഉന്നത കലാമൂല്യമുള്ള ഒരു സിനിമയ്‌ക്ക് ഒരഭിനേത്രി നല്‍കിയ സംഭാവനയായി ആ കണ്ണുനീര്‍ച്ചാലും.
ഈ സിനിമ എഡിറ്റ് ചെയ്‌തു കൊണ്ടിരുന്നപ്പോള്‍ ഫറാദി ഒരു ഫ്രഞ്ച് പുസ്‌തകത്തെക്കുറിച്ച് പറഞ്ഞുകേട്ടുവത്രേ. ദീര്‍ഘകാലമായി അബോധാവസ്ഥയില്‍ കഴിഞ്ഞ ഒരു സ്‌ത്രീയുടെ കഥയാണത്. ജീവിതത്തിലേയ്‌ക്ക് എന്നെങ്കിലും മടങ്ങിവരുമെന്നുള്ള പ്രതീക്ഷ ഇല്ലാതായപ്പോള്‍ ഉയിരു നിലനിര്‍ത്തിയിരുന്ന യന്ത്രസംവിധാനങ്ങള്‍ എടുത്തു മാറ്റി അവരെ മരിക്കാന്‍ അനുവദിക്കാമെന്ന് ഡോക്‌റ്റര്‍മാര്‍ തീരുമാനിച്ചു. അതിനു സാക്ഷ്യം വഹിക്കാന്‍ അവരുടെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി. ഭാര്യയ്‌ക്ക് അന്ത്യയാത്രാമൊഴി നല്‍കാന്‍ ഒരുങ്ങി നിന്ന ഭര്‍ത്താവ് അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ ഒരു കണ്ണു-നീര്‍ത്തുള്ളി കണ്ടു. പിന്നെ അവരെ മരണത്തിലേയ്‌ക്ക് പറഞ്ഞയയ്‌ക്കാന്‍ അയാള്‍ക്കായില്ല. കുറേക്കാലം കൂടി അതേ അവസ്ഥയില്‍ കിടന്നെങ്കിലും ആ സ്‌ത്രീ പിന്നീട് ജീവിതത്തിലേയ്‌ക്ക് മടങ്ങി വന്നു.
The Teardrop That Saved My Life എന്നാണ് പുസ്‌തകത്തിൻറെ പേര്. ആരോടും ഒന്നും പറയാന്‍ കഴിയാതെ, ജീവിതത്തിനും മരണത്തിനുമിടയിലെ ഏതോ സന്ധിയില്‍ തിരസ്‌കൃതയായിക്കിടന്ന ആ സ്‌ത്രീ ഒരു കണ്ണുനീര്‍ത്തുള്ളിയിലൂടെയാണ് തൻറെ ജീവിതകാമന പ്രകടിപ്പിച്ചത്. ഫറാദിയുടെ സിനിമയില്‍ അത്തരമൊരു സന്ദര്‍ഭം ആകസ്‌മികമായി ഉണ്ടായതാണ്. അത്തരം ചില ആകസ്‌മികതകള്‍ പല ഉത്‌കൃഷ്‌ട ചലച്ചിത്ര സൃഷ്‌ടികളിലും സംഭവിക്കാറുണ്ട്. ജീവിതത്തിലെ ആകസ്‌മികതകളെ വല്ലാതെ ആശ്രയിക്കുന്ന റിയലിസ്റ്റിക് സിനിമകള്‍ അങ്ങനെയാണ് ഉരുവം കൊള്ളേണ്ടതും.. അവസാനത്തില്‍ നിന്നുള്ള ആരംഭങ്ങള്‍….
ദി ടെംപെസ്റ്റില്‍ ഷേയ്‌ക്‌സ്‌പിയര്‍ പറഞ്ഞതുപോലെ……
What's past is prologue
|
ആ കണ്ണുനീർത്തുള്ളി: അലക്‌സാന്‍ഡ്ര ക്ലെബാന്‍സ്‌കയും താഹര്‍ റഹീമും |
No comments:
Post a Comment