Tuesday, March 29, 2011

Roberto Bolano poem

റോബര്‍ട്ടോ ബൊളാനോ
ഗോജിറ മെക്സിക്കോയില്‍
വിവര്‍ത്തനം: കെ ബി വേണു



മകനേ...
ശ്രദ്ധിച്ചു കേള്‍ക്കുക..
മെക്സിക്കോ സിറ്റിക്കു മേല്‍
ബോംബു മഴ പെയ്യുകയായിരുന്നു..
പക്ഷേ ആരുമത് തിരിച്ചറിഞ്ഞില്ല.

തെരുവുകളിലൂടെ,
തുറന്നു കിടന്ന ജനാലകളിലൂടെ
വിഷക്കാറ്റ് വീശിക്കൊണ്ടിരുന്നു..

പ്രാതല്‍ കഴിഞ്ഞ്
ടി വി യില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു, നീ.
ഞാന്‍ കിടപ്പു മുറിയില്‍
വായിച്ചു കൊണ്ടിരുന്നു..
നമ്മള്‍ മരിക്കാന്‍ പോകുകയാണെന്ന്
ഞാന്‍ തിരിച്ചറിഞ്ഞു.…

മനംപിരട്ടലും തലകറക്കവും വകവയ്ക്കാതെ
വലിഞ്ഞിഴഞ്ഞ് ഞാന്‍ അടുക്കളയിലെത്തി..
തറയില്‍ വീണുകിടക്കുകയായിരുന്നു നീ…

ഞാന്‍ നിന്നെ ചേര്‍ത്തു പിടിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് നീ ചോദിച്ചു.
മരണത്തിന്റെ മെഗാ ടെലിവിഷന്‍ പരമ്പരയിലാണ്
നമ്മളിപ്പോഴെന്ന് ഞാന്‍ നിന്നോട് പറഞ്ഞില്ല.
പക്ഷേ, നിന്റെ ചെവിയില്‍ മന്ത്രിച്ചു:
നമ്മള്‍ ഒരു യാത്ര പോകുകയാണ്.
നീയും ഞാനും മാത്രം.
പേടിക്കണ്ട.

മടങ്ങിപ്പോകുമ്പോള്‍
മരണം നിന്റെ കണ്‍പോളകള്‍
അടയ്ക്കുക പോലും ചെയ്തിരുന്നില്ല.

ഒരാഴ്ച കഴിഞ്ഞ്,
അതോ
ഒരു വര്‍ഷം കഴിഞ്ഞോ..
നീ ചോദിച്ചു:
ആരാണ് നമ്മള്‍?
വിധിയുടെ അഴുകിയ മാംസരസായനത്തിലെ
ഉറുമ്പുകള്‍?
ഈച്ചകള്‍?
പിഴച്ച കണക്കുകള്‍?

മകനേ,…
നമ്മള്‍ മനുഷ്യരാകുന്നു,
പക്ഷികളാകുന്നു.
സമൂഹത്തിന്റെ
വീരനായകരും
രഹസ്യങ്ങളുമാകുന്നു.

ഹിരോഷിമ-നാഗസാക്കി ആണവബോംബിങ്ങിന്റെ ആഘാതം ഇപ്പോഴും മനസ്സില്‍ പേറുന്ന ജപ്പാനില്‍ ഗോജിറ (Godzilla) എന്ന ഭീമാകാരനായ സാങ്കല്‍പിക ജന്തു ആണവയുദ്ധഭീഷണിയുടെ പ്രതീകമായാണ് സൃഷ്ടിക്കപ്പെട്ടത്. ജാപ്പനീസ് സിനിമയില്‍ നിന്ന് ഗോജിറ സാഹിത്യത്തിലേയ്ക്കും കോമിക്കുകളിലേയ്ക്കും അനിമേഷന്‍ പരമ്പരകളിലേയ്ക്കുമെല്ലാം വളര്‍ന്നു. 'ഗോറില്ല'യുടെയും തിമിംഗലത്തിന്റെയും സങ്കരരൂപമത്രേ അതിശക്തനും വിനാശകാരിയുമായ ഗോജിറ.



No comments: