Saturday, March 12, 2011

വയലന്‍സിന്റെ രീതിശാസ്ത്രം





There is no difference between being raped
and being run over by a truck
except that afterward men asked if you enjoyed it.
There is no difference between being raped
and being bit on the ankle by a rattlesnake
except that people ask if your skirt was short
and why you were out alone anyhow.
There is no difference between being raped
and going head first through a windshield
except that afterward you are afraid
not of cars
but of half the human race.


(മാഴ്ജ് പിഴ്സിയുടെ ബലാത്സംഗ കവിത
  (Rape Poem) യില്‍ നിന്ന്)

ബലാത്കാരം ചെയ്യപ്പെടുന്നതും കണങ്കാലില്‍ പാമ്പുകടിക്കുന്നതും ഒരുപോലെയാണെന്ന് അമേരിക്കന്‍ കവയിത്രി മാഴ്ജ് പിഴ്സി  എഴുതി. പാമ്പു കടിച്ചാലും ബലാത്കാരം ചെയ്യപ്പെട്ടാലും ആളുകള്‍ രണ്ട് ചോദ്യങ്ങളേ ചോദിക്കൂ-നിന്റെ പാവാടയ്ക്ക് ഇറക്കം കുറവായിരുന്നോ എന്നും, എന്തിനാണ് ഒറ്റയ്ക്ക് പുറത്തുപോയതെന്നും. സ്ത്രീകള്‍ ലോകമെമ്പാടും അനുഭവിക്കുന്ന അരക്ഷിതമായ ജീവിതാവസ്ഥയില്‍ നിന്നുണ്ടായതാണ് പരിഹാസം കലര്‍ന്ന ഈ പ്രതികരണം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും മ്ളേച്ഛമാണ് ബലാത്കാരം. ചിത്തരോഗികള്‍ക്കു മാത്രമേ അതു ചെയ്യാന്‍ കഴിയൂ.

നൊസ്‌ഫെറത്തു - ജർമ്മൻ നിശ്ശബ്ദ സിനിമ 

ചിത്തരോഗികളുടെ പരിതാപകരമായ ജീവിതാവസ്ഥകള്‍ വളരെ മുമ്പു തന്നെ സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ജര്‍മ്മന്‍ നിശ്ശബ്ദകാലത്തെ പ്രശസ്ത ചിത്രങ്ങളായ കാബിനറ്റ് ഓഫ് ഡോക്റ്റര്‍ കാലിഗാരിയും, നൊസ്ഫറാതുവും മുതല്‍ തന്നെ അപഭ്രംശം സംഭവിച്ച മനുഷ്യരെ വെള്ളിത്തിരയില്‍ കണ്ടുതുടങ്ങി. പിന്നീട് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പരീക്ഷണകുതുകികളായ സംവിധായകര്‍ മന:ശാസ്ത്രവിശകലനത്തിന്റെ സാദ്ധ്യതകള്‍ സിനിമയില്‍ പരീക്ഷിക്കാന്‍ തുടങ്ങി. മലയാളത്തില്‍ ഈ പരീക്ഷണം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് സ്വപ്നാടനം (1976) എന്ന ചിത്രത്തിലാണ്. എ വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗ്ഗവീനിലയത്തില്‍ (1964) പി ജെ ആന്റണി അനശ്വരനാക്കിയ വില്ലനെ മറന്നുകൊണ്ടല്ല, ഇതു പറയുന്നത്.

സ്വപ്നാടനം: റാണിചന്ദ്രയും ഡോക്ടർ മോഹൻദാസും 
സ്വപ്നാടനത്തിനു ശേഷം കെ ജി ജോര്‍ജ്ജ് അവതരിപ്പിച്ച ചിത്തഭ്രംശമുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും ഓര്‍ത്തിരിക്കേണ്ടത് ഇരകളിലെ (1986) നായകന്‍ (അതോ, പ്രതിനായകനോ?) ബേബിയെ (കെ ബി ഗണേശ്കുമാര്‍) യാണ്. അയാളാകട്ടെ, യവനികയിലെ (1982) തബലിസ്റ് അയ്യപ്പനെക്കാള്‍ (ഭരത് ഗോപി) അക്രമാസക്തനാണ്, കൊല്ലുന്നതില്‍ ആഹ്ളാദം കാണുന്നവനുമാണ്. അക്രമാസക്തരായ പുരുഷന്‍മാരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ സംവിധായകര്‍ മലയാളത്തില്‍ വേറെയുമുണ്ട്. പക്ഷേ, സ്ത്രീകളില്‍ അന്തര്‍ലീനമായ വയലന്‍സിനെ ഏറ്റവും ഫലപ്രദമായി വെള്ളിത്തിരയില്‍ കൊണ്ടുവന്ന അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് കെ ജി ജോര്‍ജ്ജ്..

സ്ത്രീകളുടെ അക്രമാസക്തി എല്ലായ്പ്പോഴും പുരുഷന്റേതുപോലെ പ്രകടമായിരിക്കണമെന്നില്ല. യവനികയിലെ രണ്ടു പ്രധാനകഥാപാത്രങ്ങളില്‍ നിന്ന് ഇതു വായിച്ചെടുക്കാം. തബലിസ്റ് അയ്യപ്പന്‍, ജോര്‍ജ്ജിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "നീചരില്‍ നീചനും സ്വന്തം കാര്യം സാധിച്ചെടുക്കാന്‍ വേണ്ടി ഏത്ര അധമമായ പ്രവൃത്തികളും ചെയ്യാന്‍ തയ്യാറുള്ളവനുമാണ്.'' നാടകട്രൂപ്പിലേയ്ക്ക് അയ്യപ്പന്‍ തന്ത്രപൂര്‍വ്വം കൊണ്ടുവരുന്ന രോഹിണി (ജലജ) എന്ന പെണ്‍കുട്ടിയാകട്ടെ അയാളുടെ വീട്ടില്‍ കഴിയുന്ന ആദ്യരാത്രിയില്‍ത്തന്നെ ബലാത്കാരത്തിനു വിധേയയാകുന്നു. അയ്യപ്പന്‍ രോഹിണിയോടു കാട്ടുന്ന ആദ്യത്തെ വയലന്‍സ് അതാണ്. പിന്നീട് ഈ ദുരിതവും സഹിച്ച് അവിടെ തുടര്‍ന്നതെന്തിനെന്ന അന്വേഷണോദ്യോഗസ്ഥന്‍ ജേക്കബ് ഈരാളി (മമ്മൂട്ടി) യുടെ ചോദ്യത്തിന്  "പറഞ്ഞാല്‍ അതുപോലെ ചെയ്യുന്ന ആളാണെന്ന് എനിക്കു തോന്നി'' എന്നാണ് രോഹിണി മറുപടി പറയുന്നത്. പിന്നീട് അയ്യപ്പന്റെ അക്രമാസക്തിയുടെയും മദ്യപാനാസക്തിയുടെയും വിടത്വത്തിന്റെയും പരമകാഷ്ഠയില്‍ അയാളുടെ കഥ കഴിക്കുന്നതും രോഹിണി തന്നെയാണ്. അനിയത്തിയെ കെട്ടിച്ചുവിടാന്‍ വെച്ചിരുന്ന കമ്മല്‍ കൊണ്ടുപോയി വിറ്റ് മദ്യപിച്ചു വന്നതിനു ശേഷം "അവളെക്കൂടി ഇങ്ങോട്ടു വിളിച്ചുകൊണ്ടു വാടീ, അവളും കൂടി ഇവിടോണ്ടെങ്കില്‍ എന്തു രസമായിരിക്കും'' എന്ന് അയ്യപ്പന്‍ പറയുമ്പോഴാണ്, ഏതു സാധാരണ മനുഷ്യനെയും പോലെ രോഹിണിയുടെയും നിയന്ത്രണം നഷ്ടപ്പെടുന്നതും യവനികയുടെ പ്രമേയത്തിന് അടിസ്ഥാനമായ കൊലപാതകം നടക്കുന്നതും.
യവനിക 


അങ്ങനെ നോക്കുമ്പോള്‍ യവനികയിലെ മര്‍മ്മപ്രധാനമായ അക്രമപ്രവര്‍ത്തനം നടത്തുന്നത് ഒരു സ്ത്രീകഥാപാത്രമാണ്. സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയില്‍ത്തന്നെ കൊലപാതകം നടന്നു കഴിഞ്ഞിരിക്കുന്നു. സ്ത്രീയുടെ ശക്തമായ പ്രതികരണത്തിലാണ് യവനികയുടെ തുടക്കം തന്നെ.

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഭാര്യമാര്‍ സൂക്ഷിക്കുക എന്ന ചിത്രത്തിലും (1968) മധു സംവിധാനം ചെയ്ത പ്രിയ (1968) എന്ന ചിത്രത്തിലും നായികമാര്‍ ഇത്തരത്തില്‍ കൊലപാതകത്തിലൂടെ പ്രതികരിക്കുന്നുണ്ട്.

പ്രിയയില്‍ ഒരേ സമയം കേന്ദ്രകഥാപാത്രവും പ്രതിനായകനുമായ ഗോപകുമാര്‍ (മധു) ബോംബെയില്‍ അയാള്‍ നടത്തുന്ന അഡ്വര്‍ട്ടൈസിങ് കമ്പനിയില്‍ ജോലിക്കെത്തുന്ന തുളസിയെ (ലില്ലി ചക്രവര്‍ത്തി) പ്രണയം നടിച്ച് വഞ്ചിച്ചതിനു ശേഷം ചുവന്ന തെരുവില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. പിന്നീട് അസാമാന്യമായ മദ്യലഹരിയില്‍ അതേ തെരുവില്‍ എത്തുന്ന അയാള്‍ ഒരു വീട്ടില്‍ നിന്ന് മലയാളത്തിലുള്ള പാട്ടു കേള്‍ക്കുന്നു. റെഡ് സ്ട്രീറ്റിന്റെ ഭാഗമായ ആ വീട്ടിലേയ്ക്ക് കയറിച്ചെന്ന് പാട്ടുപാടിയ പെണ്‍കുട്ടിയെത്തന്നെ ആവശ്യപ്പെടുന്ന അയാള്‍ക്കറിയില്ല, അത് തുളസിയാണെന്ന്. മദ്യലഹരികൊണ്ട് കണ്ണുകാണാതായ ഗോപന്‍, തുളസിയുടെ വിസമ്മതം വകവയ്ക്കാതെ അവളെ ബലാത്കാരമായി പ്രാപിക്കാനൊരുങ്ങുമ്പോഴാണ് അവള്‍ അയാളെ കഴുത്തു കടിച്ചു കീറി കൊല്ലുന്നത്. പിന്നീട് ഗോപന്റെ തിരോധാനം അന്വേഷിച്ച് ബോംബെയിലെത്തുന്ന ഒരു സുഹൃത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. സ്ത്രീയുടെ പക്ഷത്തുനിന്നുള്ള അക്രമാസക്തമായ പ്രതികരണം ഇതിവൃത്തമാക്കിയ മികച്ച സിനിമകളിലൊന്നാണ് പ്രിയയൂം.

കെ ജി ജോര്‍ജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ കാണാന്‍ കഴിയുന്നത് ആദാമിന്റെ വാരിയെല്ലില്‍ (1983) തന്നെയാണ്. തികച്ചും വ്യസ്്തമായ സാമ്പത്തിക-സാമൂഹിക പരിസരങ്ങളില്‍ കഴിയുന്ന മൂന്നു സ്ത്രീകളുടെ കഥകളാണ് ആദാമിന്റെ വാരിയെല്ലിന് ജോര്‍ജ്ജ് പ്രമേയമാക്കിയത്. തീര്‍ച്ചയായും അത് ഈ സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വയലന്‍സിനെക്കുറിച്ചു തന്നെയാണ്. കേരളത്തിന്റെ തലസ്ഥാന നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പകര്‍ത്തിയ സ്ത്രീദൃശ്യങ്ങളിലാണ് ഈ സിനിമയുടെ ടൈറ്റില്‍ സോങ് സന്നിവേശിപ്പിച്ചിരിക്കുന്നത്.

കണ്ണീരാറ്റില്‍ മുങ്ങിത്തപ്പി

പെണ്ണെന്ന മുത്തിനെ ആരെടുത്തു..

അവതരണഗാനത്തിന്റെ വരികള്‍ തൊട്ടുതന്നെ സിനിമ അതിന്റെ കേന്ദ്രപ്രമേയത്തിന്റെ ചുറ്റുവട്ടങ്ങളിലേയ്ക്കു കടക്കുന്നു.

കേരളത്തിലെ ഉപരിവര്‍ഗ്ഗ കൃസ്ത്യന്‍ കുടുംബങ്ങളിലൊന്നിലാണ് ആലീസ് എന്ന കഥാപാത്രത്തെ (ശ്രീവിദ്യ) ജോര്‍ജ്ജ് പ്രതിഷ്ഠിച്ചത്. എസ്റേറ്റ് മുതലാളിയും അധോലോക-രാഷ്ട്രീയ ഇടപാടുകളില്‍ നിരന്തരം വ്യാപൃതനുമായ ഭര്‍ത്താവ് മാമച്ചന്‍ (ഭരത് ഗോപി) പലപ്പോഴും സ്വന്തം കാര്യസാദ്ധ്യത്തിനായി സുന്ദരിയായ ആലീസിനെ മറ്റുള്ളവരുടെ കിടപ്പറയിലെത്തിച്ചു കൊടുത്തിട്ടുണ്ട്. ആലീസ് ദാമ്പത്യജീവിതത്തില്‍ നേരിടുന്ന ആദ്യത്തെ വയലന്‍സ്. ദാമ്പത്യത്തിന്റെ സ്വാസ്ഥ്യം അവള്‍ക്കു നിഷേധിക്കപ്പെട്ടു. കാരണക്കാരന്‍ ഭര്‍ത്താവു തന്നെ.

ശ്രീവിദ്യ- ആദാമിൻറെ വാരിയെല്ല് 
ആലീസിന്റെ വീട്ടിലെ വേലക്കാരിയായ അമ്മിണി (സൂര്യ) എന്ന ദളിത് യുവതിയാണ് മറ്റൊരു കഥാപാത്രം. മിക്ക രാത്രികളിലും മാമച്ചനുമായി വേഴ്ചയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതയാകുന്ന അമ്മിണി ഗര്‍ഭിണിയാകുന്നു. അസ്വസ്ഥനായി രാത്രിയില്‍ കിടപ്പുമുറിയില്‍ നടക്കുന്ന മാമച്ചനുമായി ആലീസ് നടത്തുന്ന സംഭാഷണങ്ങളില്‍ അവള്‍ അടക്കിവെച്ചിരിക്കുന്ന കടുത്ത അക്രമാസക്തിയുടെ നെരിപ്പോടുണ്ട്.



ആലീസ്: എന്താ ഒരു മാതിരി? സുഖിച്ചപ്പോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നാലോചിക്കണമായിരുന്നു.

മാമച്ചന്‍: നീ ഒന്നു പതുക്കെ സംസാരിക്ക്..നമുക്കെന്തെങ്കിലും ചെയ്യാം

ആലീസ്: എന്തു ചെയ്യാനാ ഭാവം? ഇവിടെത്തന്നങ്ങു പൊറുപ്പിക്കാനാണോ?

(മാമച്ചന്‍ കതകു ചാരുന്നു)

ആലീസ്: ആരെ ഒളിപ്പിക്കാനാ, കതകടയ്ക്കുന്നത്? മാന്യതയെക്കുറിച്ചെല്ലാവര്‍ക്കും നല്ലപോലെ അറിയാം..

മാമച്ചന്‍: നീ തൊള്ളയെടുക്കണ്ട. ഇക്കാര്യത്തില്‍ നിന്റെ ഉപദേശമൊന്നും എനിക്കു വേണ്ട.

ആലീസ്: അതെനിക്കറിയാമല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി. സ്വന്തം സുഖത്തിനു വേണ്ടി ആരെയും മോഹിക്കുവല്ലോ. പണത്തിനു വേണ്ടി ആരെയും തീറെഴുതും. സ്വന്തം ഭാര്യയെപ്പോലും. നാളെ വെളുക്കുമ്പോ അവളിവിടെ കാണരുത്. ഏതു കായലിലാ, ശവം പൊന്താന്‍ പോണത്?

തിരുവനന്തപുരം നഗരത്തില്‍ ഓഫീസ് ജീവനക്കാരിയായ  വാസന്തി (സുഹാസിനി) ഇടത്തരം സവര്‍ണ്ണകുടുംബാംഗമാണ്. തികഞ്ഞ ആല്‍ക്കഹോളിക്കും പ്രയോജനശൂന്യനുമായ ഭര്‍ത്താവ് (വേണു നാഗവള്ളി) തന്നെയാണ് വാസന്തിയുടെ ജീവിതത്തില്‍ അശാന്തി പടര്‍ത്തുന്നത്. വളരെ വൈകി വീട്ടിലെത്തുകയും, മദ്യപാനത്തിന്റെ പ്രശ്നങ്ങള്‍ മൂലം ഭക്ഷണം കഴിക്കാതെ കട്ടിലിലേയ്ക്കു ചായുകയും കൊച്ചുവെളുപ്പാന്‍കാലത്ത് ഉണര്‍ന്ന് ഭാര്യയെ വേഴ്ച്ചയ്ക്കു നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെക്കാള്‍ ഒട്ടും മോശമല്ല, അയാളുടെ മുരടയായ അമ്മ. കേരളത്തിലെ ഇടത്തരം കുടുംബങ്ങളില്‍ ഇപ്പോഴും എത്രയോ സ്ത്രീകള്‍ ഇതേ തരത്തിലുള്ള ഗാര്‍ഹികപീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം വീട്ടില്‍ നിന്നു തുടങ്ങി സഞ്ചരിക്കുന്ന ബസ്സിലും തൊഴിലിടങ്ങളിലും വരെ അതു തുടരുന്നു.

ജോര്‍ജ്ജ് അവതരിപ്പിക്കുന്ന ഈ മൂന്നു സ്ത്രീകളും അവര്‍ അഭിമുഖീകരിക്കുന്ന ജീവിതപ്രതിസന്ധിയെ നേരിടുന്ന രീതി ശ്രദ്ധേയമാണ്. ആലീസ് ആദ്യം അഭയം തേടുന്നത് മദ്യത്തിലാണ്. ദൂരെ ഹോസ്റലില്‍ കഴിയുന്ന മക്കളില്‍ നിന്ന് അവര്‍ക്ക് സ്നേഹം ലഭിക്കുന്നില്ല. അവരെ ലാളിക്കാന്‍ ആലീസിനും കഴിയുന്നില്ല. മദ്യത്തോടുള്ള ആസക്തിയോടോപ്പം അവര്‍ക്ക് ഒരു കാമുകനും ഉണ്ടാകുന്നു. ആര്‍ക്കിടെക്റ്റായ കാമുകനും (മമ്മൂട്ടി) യഥാര്‍ത്ഥത്തില്‍ തന്നെ സ്നേഹിക്കുന്നില്ലെന്ന് ആലീസ് ക്രമേണ മനസ്സിലാക്കുന്നു. കൌമാരത്തിലേയ്ക്ക് കാലൂന്നിക്കഴിഞ്ഞ മകള്‍ ഒരു പയ്യനോടൊപ്പം ഒളിച്ചോടിപ്പോകുന്ന സംഭവം കൂടിയാകുമ്പോള്‍ മക്കളും സ്നേഹം തേടുന്നത് മറ്റെവിടെയോ ആണെന്ന് ആലീസ് തിരിച്ചറിയുന്നു. ഇങ്ങനെ അതിഭീകരമായ, ബഹുതലങ്ങളിലുള്ള ഒരുതരം മനോപീഡയാണ് ആലീസിന്റേത്. ഒടുവില്‍ ആത്മഹത്യയിലാണ് ആലീസ് അഭയം കണ്ടെത്തുന്നത്.

സമ്പന്നമായ സ്വന്തം കുടുംബത്തിലേയ്ക്ക് തിരിച്ചുപോകാനും മറ്റൊരു ജീവിതം തുടരാനും പദ്ധതിയിട്ടുകൊണ്ട് ആലീസ് നടത്തുന്ന ശ്രമവും പരാജയപ്പെടുകയായിരുന്നു. അത്തരമൊരു രക്ഷപ്പെടലിന് ആലീസ് ശ്രമിച്ചതിനു പിന്നില്‍ അവരുടെ സാമൂഹ്യ-സാമ്പത്തികാവസ്ഥയും ഒരു കാരണമാണ്.

കുടുംബം നല്‍കുന്ന സ്വാസ്ഥ്യവും പരിരക്ഷയുമാണ് വാസന്തി ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് സവിശേഷതകളൊന്നും ഇല്ലാത്ത, ഇടത്തരം കുടുംബാംഗങ്ങളായ മലയാളി സ്ത്രീയുടെ പ്രതിനിധിയാണ് പൊതുവില്‍ സമാധാനകാംക്ഷിയായ വാസന്തി. പൂമുഖത്തെ ചുമരില്‍ തൂക്കിയ ഫോട്ടോയില്‍ നിന്ന് തറവാടിയായ അമ്മായിയച്ഛന്‍ ഇറങ്ങി വന്ന് തന്നോട് സ്നേഹപൂര്‍വ്വം സംസാരിക്കുന്നതായി വാസന്തി സങ്കല്പിക്കുന്നുണ്ട്. അതിനു ശേഷം അദ്ദേഹം ഉമ്മറത്തെ വലിയ കസേരയില്‍ പുരുഷന്‍മാരെപ്പോലെ ധാര്‍ഷ്ട്യത്തിലിരുന്ന് പുസ്തകം വായിക്കുന്ന ഭാര്യയെ (വാസന്തിയുടെ അമ്മായിയമ്മയെ) അകത്തേയ്ക്ക് പായിക്കുന്നതായും അവള്‍ തന്റെ മായക്കാഴ്ചയില്‍ കാണുന്നുണ്ട്. കെ ജി ജോര്‍ജ്ജിന്റെ കിടയറ്റ മനശ്ശാസ്ത്രവിശകലനപാടവത്തിനും സാമൂഹ്യനിരീക്ഷണത്തിനും ഉദാഹരണമാണ് ഈ സ്വപ്നരംഗം. തനിക്കെതിരെ ഭര്‍ത്താവും അയാളുടെ അമ്മയും ചേര്‍ന്ന് നടത്തുന്ന ആക്രമണത്തിന് പ്രത്യാക്രമണം നടത്തേണ്ടത് താനല്ല, മറിച്ച് ശക്തനായ  ഒരു പിതൃരൂപമാണെന്ന് വാസന്തി കരുതുന്നു.

 പക്ഷേ, ഈ സ്വപ്നം യഥാര്‍ത്ഥത്തില്‍ വാസന്തിയുടെ മാനസികനില തെറ്റുന്നതിന് തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. താന്‍ നേരിടുന്ന അപരിഹാര്യമായ ഗാര്‍ഹികപീഡനത്തെയും വയലന്‍സിനെയും അക്രമാസക്തമായിത്തന്നെ നേരിടാന്‍ വാസന്തിയുടെ ഉപബോധമനസ്സ് കണ്ടെത്തിയ മാര്‍ഗ്ഗവുമാകാം ചിത്തഭ്രമം. വാസന്തി ഒടുവില്‍ മാനസികരോഗചികിത്സാലയത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നു.

മാമച്ചനില്‍ നിന്നു ഗര്‍ഭിണിയായ അമ്മിണി പ്രസവിക്കുകയും കുഞ്ഞിനെ ഒരനാഥാലയത്തിനു മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് അവള്‍ ഒരു റെസ്ക്യു ഹോമിലെ അന്തേവാസിനിയാകുന്നു. പക്ഷേ, സ്വന്തം പ്രതിസന്ധിയെ അമ്മിണി നേരിടുന്നത് വാസന്തിയെക്കാളും ആലീസിനെക്കാളും ധീരമായാണ്. റസ്ക്യു ഹോമില്‍ വിവിധജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളെ മുഴുവന്‍ ഒരുമിച്ചു കൂട്ടി തികച്ചും അപ്രതിരോദ്ധ്യമായ ആവേശത്തോടെ, അവരെ നയിച്ചുകൊണ്ട് ഓടി പുറത്തേയ്ക്കു പോകുന്ന അമ്മിണിയെയാണ് ചിത്രാന്ത്യത്തില്‍ കാണുന്നത്. പോകുന്ന പോക്കില്‍ ഈ രംഗം ചിത്രീകരിച്ചു കൊണ്ടു നില്‍ക്കുന്ന സംവിധായകന്‍ കെ ജി ജോര്‍ജ്ജിനെയും സംഘത്തെയും അവര്‍ തട്ടിമറിച്ചിടുന്നതും നമ്മള്‍ കാണുന്നു.

അക്രമാസക്തതയെ അതേ നാണയത്തില്‍ നേരിടുന്നത് ഉപരി വര്‍ഗ്ഗ-മദ്ധ്യ വര്‍ഗ്ഗ സ്ത്രീകളല്ല; മറിച്ച് ഒരു ദളിത് യുവതിക്കാണ് അതിനുള്ള സംഘാടനശേഷിയും ധൈര്യവും ഉള്ളതെന്ന് കെ ജി ജോര്‍ജ്ജ് പറഞ്ഞുവയ്ക്കുകയാണ്. 

കോലങ്ങള്‍ (1980) കേരളത്തിലെ ഗ്രാമീണജനതയുടെ നിഷ്കളങ്കതയുമായും ആത്മവിശുദ്ധിയുമായും ബന്ധപ്പെട്ട പൊതുധാരണകളെ പൊളിച്ചഴുതുന്ന സിനിമയാണ്. പി ജെ ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലില്‍ നിന്ന് ജോര്‍ജ്ജ് രൂപപ്പെടുത്തിയ ഈ ചിത്രത്തിലെ നായികയായ കുഞ്ഞമ്മ (മേനക) അവളെ ജീവനു തുല്യം സ്നേഹിച്ച രണ്ടു പുരുഷന്‍മാരെയും (വേണു നാഗവള്ളി, ഡി ഫിലിപ്പ്) വേണ്ടെന്നു വച്ച് ഒടുവില്‍ വിവാഹം കഴിക്കുന്നത് മദ്ധ്യവയസ്കനും മദ്യാസക്തനുമായ കള്ളുവര്‍ക്കി (തിലകന്‍) യെയാണ്.

നിശ്ശബ്ദമായ അക്രമാസക്തിയോടെ പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു സ്ത്രീ കഥാപാത്രത്തെക്കുടി കെ ജി ജോര്‍ജ്ജ് സൃഷ്ടിച്ചിട്ടുണ്ട്. മറ്റൊരാള്‍ (1988) എന്ന ചിത്രത്തില്‍ ഒരു മുന്‍സൂചനയും നല്കാതെ വീട്ടില്‍ നിന്ന് അപ്രത്യക്ഷയാകുന്ന വിവാഹിതയും അമ്മയുമായ കുടുംബിനി (സീമ). വൈകുന്നേരം ഏതോ പരിപാടിക്ക് സകുടുംബം ക്ഷണിക്കാന്‍ ഓഫീസിലെത്തിയ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ച് ഭാര്യയെ ഫോണില്‍ വിളിക്കുന്ന ഭര്‍ത്താവ് (കരമന ജനാര്‍ദ്ദനന്‍ നായര്‍) അങ്ങേത്തലയ്ക്കല്‍ നിന്ന് മറുപടിയൊന്നും കേള്‍ക്കാതാകുമ്പോള്‍ അസ്വസ്ഥനാകുന്നുണ്ട്. ഒരു മെക്കാനിക്കുമായി അടുപ്പത്തിലായ ഈ സ്ത്രീ അയാളോടൊത്താണ് ഇറങ്ങിപ്പോയതെന്ന് പിന്നീട് മനസ്സിലാകുന്നു. ഒട്ടും ആകര്‍ഷകമല്ലാത്ത അയാളുടെ ജീവിത പരിസരങ്ങളിലാണ് അവരുടെ ഇപ്പോഴത്തെ താമസമെന്നും.



മാന്യനും സര്‍ക്കാരുദ്യോഗസ്ഥനുമായ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തില്‍ നിന്ന് ഒരു ദിവസം അവര്‍ നിശ്ശബ്ദമായി ഇറങ്ങിപ്പോയത് എന്തുകൊണ്ടായിരിക്കും? തീര്‍ച്ചയായും ഇന്നത്തെ മലയാളി സമൂത്തില്‍ ഒരു സ്ത്രീ ചെയ്യുന്ന ഏറ്റവും വയലന്റ് ആയ പ്രതികരണം തന്നെയാണത്. ആസൂത്രിതമായ, ലക്ഷ്യബോധമുള്ള, തികച്ചും വികാരരഹിതമായ വയലന്‍സ് (planned, purposeful and emotionless violence).
ഇരകൾ: വേണു നാഗവള്ളിയും ഗണേഷ്‌കുമാറും 
ചിത്തരോഗികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഈ ലേഖനം തുടങ്ങിയത്. ആരെയും അല്‍പനേരം ശ്രദ്ധിച്ചാല്‍ മനോരോഗത്തിന്റെ എന്തെങ്കിലുമൊക്കെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആലീസിനെയും, വാസന്തിയെയും, രോഹിണിയെയും, പിന്നെ നിശ്ശബ്ദമായി പടിയിറങ്ങിപ്പോയ ആ കുടുംബിനിയെയും നമുക്ക് അപഭ്രംശമുള്ളവരായി കരുതാതിരിക്കാം. എന്നിട്ട് നമ്മുടെ അപഭ്രംശങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാം.

















































































No comments: