എല്ലാ അര്‍ത്ഥത്തിലും സര്‍വതലസ്പര്‍ശിയാണ് മുല്ലനേഴിയുടെ കവിതകള്‍. നിഷ്കളങ്കവും അഗാധവുമായ മനുഷ്യസ്നേഹവും കനിവിന്റെ നീരുറവ പോലെ തെളിഞ്ഞ ശുഭചിന്തയുമായി നമ്മുടെ ഭാഷയിലെ എല്ലാ നല്ല പ്രവണതകളെയും മുല്ലനേഴി സ്വാംശീകരിക്കുന്നു. സ്വന്തം കാലഘട്ടത്തിലെ പുരോഗമനാത്മകമായ സാമൂഹ്യമുന്നേറ്റങ്ങള്‍ക്കൊപ്പമാണ് പാടിപ്പുകഴ്ത്തപ്പെടാനാഗ്രഹിക്കാത്ത കവി നടന്നത്. കവി, ഗാനരചയിതാവ്, നടന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധമേഖലകളില്‍ തികഞ്ഞ സത്യസന്ധതയോടെ പ്രവര്‍ത്തിച്ച കവി തന്റെ ജീവിതവും ദര്‍ശനവും പങ്കുവയ്ക്കുന്നു. തൃശ്ശൂര്‍ ഒല്ലൂരിലെ മേലേ മുല്ലനേഴി മനയ്ക്കല്‍ ചെലവഴിച്ച ബാല്യകാലത്തില്‍ നിന്ന് തുടക്കം….
എപ്പോഴാണ് വൈലോപ്പിള്ളി മാഷിനെ ആദ്യമായി കാണുന്നത്?
നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ളാസ്സ് ടീച്ചര്‍ പറഞ്ഞു, "നാളെ ഇന്‍സ്പെക്ടര്‍ വരുന്ന ദിവസമാണ്. സ്കൂള്‍ ഇന്‍സ്പെക്ഷന് എ ഇ ഒ വരികയാണ്. "മാമ്പഴം എന്ന കവിത എഴുതിയ ആളാണ്. വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്നാണ് പേര്.' ലാത്തിയും തൊപ്പിയും കൊമ്പന്‍ മീശയുമുള്ള സാക്ഷാല്‍ പോലീസ് ഇന്‍സ്പെക്റ്ററെയാണ് പ്രതീക്ഷിച്ചത്. പിറ്റേന്ന് സാധാരണ വേഷത്തില്‍ മാഷ് സ്കൂളില്‍ വന്നു. കുട്ടികളില്‍ ഞാന്‍ മാത്രമാണ് മാമ്പഴം വായിച്ചു കേട്ടിട്ടെങ്കിലുമുണ്ടായിരുന്നത്. അതുകൊണ്ട് വലിയ ആരാധനയോടെ ഞാന്‍ മാഷിനെ നോക്കിയിരുന്നു. പിന്നീട് ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് മാഷ് ഞങ്ങളുടെ സ്കൂളില്‍ ഹെഡ്മാസ്ററായി വരുന്നത്.
ഇതിനിടയ്ക്കുള്ള കാലഘട്ടത്തില്‍ വൈലോപ്പിള്ളി മാഷിനെക്കൂടാതെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ധ്യാപകര്‍ ആരെങ്കിലുമുണ്ടോ?
ചാവക്കാട്ടുകാരനായ ഒരു രാജന്‍മാഷ് ഉണ്ടായിരുന്നു. എനിക്ക് വളരെ ബഹുമാനമുള്ള അദ്ധ്യാപകനായിരുന്നു. എട്ടാം ക്ളാസ്സില്‍ ഞങ്ങളുടെ ക്ളാസ്സ് ടീച്ചറായിരുന്നു. കറുത്ത് തടിച്ച് കട്ടിമീശയുള്ള ആളായിരുന്നു. ആദ്യദിവസം അദ്ദേഹം ക്ളാസ്സിലേയ്ക്ക് വരുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു: "ഈ ദുഷ്ടനാണോ നമ്മുടെ ക്ളാസ് ടീച്ചറാകാന്‍ പോകുന്നത്? പക്ഷേ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ക്ളാസ്സിലെ നാല്‍പ്പത്തിരണ്ട് കുട്ടികളെയും മാഷ് കയ്യിലെടുത്തു. ഹെഡ്മാസ്ററൊക്കെ പറയും: "രാജന്റെ കുട്ടികളെ എവിടെ കണ്ടാലും തിരിച്ചറിയാം.ഞങ്ങളുടേത് സ്കൂളിലെ ഏറ്റവും നല്ല ഡിവിഷനായിരുന്നു. പിന്നീട് മാഷിന് സ്വന്തം നാട്ടിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി. മാഷ് പോകരുതെന്നു പറഞ്ഞ് ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഭയങ്കര കരച്ചിലായി. മാഷ് പറഞ്ഞു: "ഞാന്‍ പോയാലും മാസത്തിലൊരിക്കല്‍ ഒരു കത്ത് നിങ്ങള്‍ക്കയക്കും.നീലകണ്ഠന്‍ മുതല്‍ ഭാസ്ക്കരന്‍ വരെ ഓരോരുത്തര്‍ക്കും സ്നേഹാന്വേഷണവുമായി മാഷുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ ഒന്നാം നമ്പറുകാരനും ഭാസ്ക്കരന്‍ നാല്‍പ്പത്തിരണ്ടാം നമ്പറുകാരനുമാണ്. ഏതായാലും രാജന്‍ മാഷ് പോയി പകരം ഒരു ടീച്ചര്‍ വന്നു. രണ്ട് മാസം കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങളില്‍ പലരുടെയും സദ്സ്വഭാവത്തിന് മാറ്റം വന്നു. ഞാന്‍ പലയിടത്തും പറയാറുണ്ട്-കുട്ടികളുടെയല്ല കുറ്റം. അവരെ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെയാണ്. ഞാന്‍ അദ്ധ്യാപകനായപ്പോഴും മാതൃകയാക്കിയത് രാജന്‍ മാഷിനെയാണ്. മാഷ് ഞങ്ങള്‍ക്ക് ടെന്നിസന്റെ ഇന്‍ മെമ്മോറിയം എന്ന കവിതയെക്കുറിച്ച് പറഞ്ഞു തന്നിട്ടുണ്ട്. സിലബസ്സിലുള്ളതൊന്നും ആയിരുന്നില്ല അത്. ലോകപ്രസിദ്ധങ്ങളായ കഥകളും കവിതകളുമൊക്കെ കുട്ടികളിലുണ്ടാക്കുന്ന മാറ്റം എന്താണെന്ന് അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് അദ്ധ്യാപകനായപ്പോള്‍ ഞാനും കുട്ടികളെ ധാരാളം വായിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എന്റെ ഉത്തരവാദിത്വത്തില്‍ത്തന്നെ സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് കുറച്ചു പുസ്തകങ്ങള്‍ എടുക്കും. ഇവിടെ എന്റെ ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ കൂടി ചേര്‍ത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുത്തിരുന്നു. ഈയടുത്തിടെ മണലൂരില്‍ പോയപ്പോള്‍ എന്റെ ഒരു പഴയ സ്റുഡന്റിനെ കണ്ടു. അവിടുത്തെ വായനശാലയുടെ പ്രസിഡന്റാണ്. മാഷാണ് ജീവിതത്തിലാദ്യമായി എനിക്ക് പുസ്തകം വായിക്കാനുള്ള പ്രേരണയുണ്ടാക്കിത്തന്നതെന്ന് അയാള്‍ പറഞ്ഞു.
വൈലോപ്പിള്ളിയുമായുണ്ടായിരുന്ന ദീര്‍ഘകാലത്തെ അടുപ്പത്തെക്കുറിച്ചാകാം ഇനി.. ഞാന്‍ ഒല്ലൂര്‍ സ്കൂളില്‍ പത്താം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് വൈലോപ്പിള്ളി മാഷ് ഹെഡ് മാസ്ററായി വന്നതെന്ന് പറഞ്ഞല്ലോ. ആ വര്‍ഷം സ്കൂള്‍ ആനിവേഴ്സറി ഗംഭീരമായി നടത്തി. എസ് എല്‍ പുരത്തിന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകമാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. എനിക്ക് സ്ത്രീവേഷമായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണോ അഭിനയിക്കുന്നത് എന്നുവരെ പലരും ചോദിച്ചു. ഞാന്‍ അപ്പോഴേക്കും കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. കവിതയെഴുതുന്ന കുട്ടികളോട് മാഷിന് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. ഇടയ്ക്ക് ഞാനും മാഷുടെ അടുത്ത് കവിത തിരുത്താന്‍ കൊണ്ടു കൊടുക്കും. മാഷ് പല അഭിപ്രായങ്ങളും പറയും. എടക്കുന്നി അമ്പലത്തിന്റെ അടുത്താണ് അന്ന് മാഷ് താമസിച്ചിരുന്നത്. ആ സമയത്ത് അച്ഛന് ഡയബറ്റിസിന്റെ അസുഖം വന്ന് തൃശ്ശൂര്‍ മിഷന്‍ ഹോസ്പിറ്റലില്‍ രണ്ടുമൂന്ന് മാസം കിടക്കേണ്ടി വന്നു. ഞാനാണ് അച്ഛനെ ശുശ്രൂഷിക്കാന്‍ നിന്നത്. ക്ളാസ്സ് മുഴുവന്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നു. സ്കൂളില്‍ അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായമാണ്. പന്ത്രണ്ടര മണിക്ക് എത്തിയാല്‍ മതി. അച്ഛന് ഉച്ചയ്ക്കുള്ള ചോറൊക്കെ കൊടുത്തിട്ട് ഞാന്‍ സൈക്കിളില്‍ സ്കൂളില്‍ വരും. അറ്റന്‍ഡന്‍സ് എടുത്ത് ഫസ്റ് പിരിയഡ് കഴിഞ്ഞാല്‍ വീണ്ടും ആശുപത്രിയിലേക്ക് പോകും. അച്ഛന് ചായയൊക്കെ കൊടുത്ത് രാത്രി നാടകത്തിന്റെ റിഹേഴ്സലിന് പിന്നെയും വരും. ഇതൊക്കെ കണ്ടിട്ടാകണം വൈലോപ്പിളളി മാഷ് എന്റെ ഓട്ടോഗ്രാഫില്‍ എഴുതി:
അച്ഛന്നു ശീലായ്മയൊഴിഞ്ഞൊരില്ലം
റിഹേഴ്സലാ വാര്‍ഷിക നാടകത്തില്‍
നീലാണ്ടനെന്നാലൊരു തോലി പറ്റാ
നിരാശ്രയര്‍ക്കീശ്വരനുണ്ടു കുഞ്ഞേ.
പത്താം ക്ളാസ് പരീക്ഷയ്ക്ക് എസ് എസ് എല്‍ സി ബുക്കിനുള്ള പന്ത്രണ്ടുറുപ്പിക കെട്ടിവെയ്ക്കണം. അതിനു വഴിയില്ല. പൂരക്കാലത്ത് നാങ്കുളം ശാസ്താവിനെ എഴുന്നള്ളിക്കാന്‍ ഞാന്‍ പോകാം എന്നു പറഞ്ഞ് മാനേജരെ പോയി കണ്ടു, എനിക്ക് പത്തു പതിനഞ്ചു വയസ്സല്ലേ ഉള്ളൂ. അച്ഛന്‍ വന്നു പറയണമെന്നായി മാനേജര്‍. അച്ഛന്‍ ചെന്നു പറഞ്ഞു. ഒമ്പതു ദിവസത്തെ എഴുന്നള്ളത്തിന് പതിനഞ്ചു രൂപയാണ് പ്രതിഫലം. അത് അഡ്വാന്‍സായി വാങ്ങിച്ചു. അങ്ങനെയാണ് ഞാന്‍ പത്താം ക്ളാസ്സ് പരീക്ഷ എഴുതിയത്. വൈലോപ്പിള്ളി മാഷ് അക്കാലത്ത് ആശുപത്രിയില്‍ ഇടയ്ക്കിടയ്ക്ക് വരും. ഡോക്റ്ററോടും സിസ്റര്‍മാരോടും പറയും: "അതേയ്, നീലകണ്ഠന്റെ അച്ഛനെ നല്ലോണം നോക്കണം ട്ടോ. നാളെ മലയാളത്തിലെ നല്ലൊരു കവിയാകേണ്ട ആളാണ്.' അച്ഛന്റെ തലയിണയുടെ അടിയില്‍ നിന്ന് എന്നെക്കൊണ്ട് പേഴ്സ് എടുപ്പിക്കും. എന്നിട്ട് അതില്‍ നൂറിന്റെ നോട്ടൊക്കെ വെച്ചിട്ട് പോകും. അക്കാലത്ത് നമ്മുടെ ബന്ധുക്കള്‍ പോലും- അവരുടെ കയ്യില്‍ ഇല്ലാത്തതു കൊണ്ടാകും- ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണത്. പുതിയ മരുന്നു വല്ലതും എഴുതിയിട്ടുണ്ടെങ്കില്‍ എന്നെക്കൂടി കൂട്ടിക്കൊണ്ടു പോയി അതൊക്കെ വാങ്ങിച്ചു തരും. മാഷ് നേഴ്സുമാരോട് പറഞ്ഞ് രാത്രി എനിക്ക് അവരുടെ ഡ്യൂട്ടി റൂമിലിരുന്ന് പഠിക്കാനുള്ള സൌകര്യം ഉണ്ടാക്കിത്തന്നിട്ടുണ്ട്. അങ്ങനെയിരിക്കേ ഒരു ദിവസം ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അമ്മ എന്നോട് ചോദിച്ചു: "നീയെന്താ ഹെഡ്മാസ്ററുടെ കയ്യിലാണോ അരിയും ഗോതമ്പുമൊക്കെ വാങ്ങിച്ചു കൊടുത്തയക്കുന്നത്? ഞാനറിയാത്ത കാര്യമാണ്. റേഷന്‍ പീടികയില്‍നിന്ന് പലപ്പോഴായി വാങ്ങിവെച്ച അരിയും ഗോതമ്പും മാഷ് സ്വന്തം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടില്‍ കൊണ്ടു കൊടുത്തിരിക്കുകയാണ്. "ഇത് നീലകണ്ഠന്‍ തന്നയച്ചതാണ് ട്ടോ' എന്നാണ് അമ്മയോട് പറഞ്ഞിരിക്കുന്നത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണ് നിറയും.
പത്താം ക്ളാസ്സിന് ശേഷമുള്ള വിദ്യാഭ്യാസം എവിടെയായിരുന്നു?പത്താം ക്ളാസ്സില്‍ ഉയര്‍ന്ന മാര്‍ക്കൊന്നും കിട്ടിയില്ലെങ്കിലും പാസ്സായി. കോളേജിലയച്ച് പഠിപ്പിക്കാമെന്നൊക്കെ അച്ഛന്‍ നേരത്തേ പറഞ്ഞിരുന്നെങ്കിലും അപ്പോഴത്തെ സാമ്പത്തികസ്ഥിതി അതിനനുവദിച്ചിരുന്നില്ല. അമ്മയുടെ ഇല്ലം തൃപ്പൂണിത്തുറയിലാണ്. വലിയൊരു തന്ത്രി കുടുംബമായിരുന്നു അത്. അവിടെ താമസമാക്കി. അതോടൊപ്പം തൃപ്പൂണിത്തുറയില്‍ ഒരു സ്റേഷനറി കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കും. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ആ കടയുടെ മുകളില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ വിദ്വാന്‍ പരീക്ഷയ്ക്ക് പഠിക്കും. ഈ സ്ഥാപനത്തിന് നേരേ മുമ്പിലാണ് തൃപ്പൂണിത്തുറ ഗേള്‍സ് സ്കൂള്‍. അവിടെ നിന്ന് ഉച്ചയ്ക്ക് യു പി സ്കൂള്‍ കുട്ടികള്‍ ട്യൂഷന് വരും. അവിടെ ഒരു ഹിന്ദി അദ്ധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നെക്കൊണ്ട് കുട്ടികള്‍ക്ക് ഹിന്ദി ട്യൂഷനെടുപ്പിക്കും. ഞാന്‍ എട്ടില്‍ പഠിക്കുമ്പോള്‍ത്തന്നെ ഹിന്ദി രാഷ്ട്രഭാഷയൊക്കെ പാസ്സായിട്ടുണ്ടായിരുന്നു. അങ്ങനെ മലയാളം വിദ്വാന്‍ പഠിത്തം കാര്യമായി നടക്കാത്ത അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് വൈലോപ്പിള്ളി മാഷുടെ ഒരു കത്ത് വരുന്നത്. "തൃശ്ശൂരില്‍ ബസ് സ്റാന്‍ഡിനടുത്ത് അലൈയ്ഡ് എന്നൊരു സ്ഥാപനമുണ്ട്. അവിടെ മലയാളം വിദ്വാനോ ഹിന്ദി വിദ്വാനോ പഠിക്കാം. സാമ്പത്തിക ബുദ്ധിമുട്ടൊന്നും അച്ഛന് വരില്ല. എല്ലാ ഉത്തരവാദിത്വവും ഞാനേറ്റു. ഈ കത്തു കിട്ടിയാലുടനെ ഒല്ലൂരിലുള്ള എന്റെ വീട്ടില്‍ വരിക.' സന്തോഷമായി. തുടര്‍ന്നു പഠിപ്പിക്കാന്‍ ഒരാളായല്ലോ. ഞാനപ്പോള്‍ത്തന്നെ ജോലി ചെയ്യുന്ന കടയിലെ തമ്പുരാനോട് പറഞ്ഞ് അവിടെ നിന്ന് പോന്നു. വീട്ടില്‍ വന്ന് കാര്യം പറഞ്ഞപ്പോള്‍ അച്ഛനും വിരോധമില്ല. വൈലോപ്പിള്ളി മാഷ് പിറ്റേന്ന് എന്നെ കൂട്ടിക്കൊണ്ട് തൃശ്ശൂരില്‍ വന്നു. ഫീസ് കൊടുക്കാന്‍ എന്റെ കയ്യില്‍ നൂറുറുപ്പിക എടുത്തു തന്നു. ഞാന്‍ അവിടെ ചേര്‍ന്നു. അവിടുത്തെ അദ്ധ്യാപകര്‍ ചോദിച്ചു: "പരീക്ഷയ്ക്ക് ഇനി മൂന്നു മാസമേയുള്ളൂ. പാസ്സാകുമോ?' നിങ്ങളുടെ അനുഗ്രഹമുണ്ടെങ്കില്‍ പാസ്സാകും എന്നു ഞാനും പറഞ്ഞു. പരീക്ഷയ്ക്കു വേണ്ടിയല്ലാതെ തന്നെ ഞാന്‍ അപ്പോഴേയ്ക്കും ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടായിരുന്നു. വിദ്വാന്‍ പ്രിലിമിനറി പരീക്ഷ പാസ്സായി. പല ട്യൂട്ടോറിയലുകളിലും പഠിപ്പിക്കാന്‍ തുടങ്ങി. അതിനു മുമ്പ് പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ പലയിടത്തും ട്യൂഷനെടുത്തിരുന്നു. ഈ ട്യൂട്ടോറിയല്‍ കാലം തുടങ്ങിയപ്പോള്‍ വൈലോപ്പിള്ളി മാഷ് പറഞ്ഞു: "ഞാന്‍ തനിക്കൊരു കോണി വെച്ചു തന്നു. അതിലൂടെ കയറി പൊയ്ക്കോളൂ. എനിക്ക് ഇത്രയൊക്കെയേ പറ്റൂ. ഇനി കാശിനൊന്നും എന്നെ ബുദ്ധിമുട്ടിക്കരുത്. പിന്നീടും മാഷ് ആയിരക്കണക്കിന് രൂപ ഇങ്ങോട്ടന്വേഷിച്ച് വന്ന് തന്നിട്ടുണ്ട്. എന്നെ മാത്രമല്ല. മറ്റ് പലരേയും മാഷ് പല കാര്യങ്ങള്‍ക്കും സഹായിച്ചിട്ടുണ്ട്. തൃശ്ശൂര്‍ എക്സ്പ്രസ്സിലെ കരുണാകരന്‍ നമ്പ്യാര്‍ ഒരിക്കല്‍ മാഷെക്കുറിച്ച് ഒരഭിപ്രായം പറഞ്ഞു. ഞാന്‍ എന്റെ ഒരു കവിത കൊടുക്കാന്‍ വേണ്ടി പോയതായിരുന്നു. "എടോ, തന്റെ ഗുരുനാഥന്‍ നൂറു ശതമാനം കവിയാണ്. പക്ഷേ നല്ല അദ്ധ്യാപകനല്ല, നല്ല ഭര്‍ത്താവല്ല, നല്ല അച്ഛനല്ല, നല്ല അയല്‍ക്കാരനല്ല.' ഞാന്‍ പറഞ്ഞു: "നമ്പ്യാര്‍ജീ, അത് മുഴുവനായും ശരിയല്ല. നല്ല അദ്ധ്യാപകനാണെന്നതിന് ഞാന്‍ തന്നെ സാക്ഷിയാണ്. പത്തില്‍ പഠിക്കുമ്പോള്‍ ചില ലീഷര്‍ പിരീയഡുകളില്‍ മാഷ് ക്ളാസ്സില്‍ വരും. ആ പിരീയഡില്‍ സയന്‍സാണെങ്കില്‍ അത് പഠിപ്പിക്കും. ചെമ്പരത്തിപ്പൂവിന്റെയും ഹൃദയത്തിന്റെയുമൊക്കെ ക്രോസ് സെക്ഷന്‍ ഭംഗിയായി ബോര്‍ഡില്‍ വരയ്ക്കും. (നന്നായി പടം വരയ്ക്കുമായിരുന്നു. കന്നിക്കൊയ്ത്ത് എന്ന സമാഹാരത്തിന്റെ മുഖചിത്രം മാഷാണ് വരച്ചിരിക്കുന്നത്.) മാഷ് നല്ല മനുഷ്യനാണ് എന്നുള്ളതിന് ഞാനടക്കം പലരും സാക്ഷികളാണ്. പലര്‍ക്കും ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്. അത് നാലാളെ അറിയിക്കണം എന്ന് വിചാരിച്ചിട്ടല്ല. പിന്നെ നല്ല ഭര്‍ത്താവാണോ എന്ന കാര്യം ടീച്ചര്‍ (അദ്ദേഹത്തിന്റെ ഭാര്യ) വേണം പറയാന്‍. മാഷ് എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതു പോലെ വിമര്‍ശിച്ചിട്ടുമുണ്ട്. കവിത വലിച്ചെറിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒല്ലൂരില്‍ മാഷുടെ ക്വാര്‍ട്ടേഴ്സില്‍ കവിതയും കൊണ്ട് ചെന്നു. മാഷ് ചോദിച്ചു:"എടോ, തനിക്ക് എപ്പോഴും ഒരു സരസ്വതിയേ ഉള്ളൂ?സരസ്വതീദേവിയെക്കുറിച്ചുള്ള കവിതയായിരുന്നു അത്. "ഇനി ഒരു വര്‍ഷത്തേയ്ക്ക് താന്‍ കവിത എഴുതരുത്'' എന്നും പറഞ്ഞു. ഞാന്‍ പിന്നെയും എഴുതിയിട്ടുണ്ടെന്നുള്ളത് വേറെ കാര്യം. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് ഞാന്‍ ധാരാളം സാഹിത്യകാരന്‍മാരെ നേരിട്ടു കണ്ടിട്ടുള്ളതും പരിചയപ്പെട്ടിട്ടുള്ളതും.
മാഷിന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലത്തായിരിക്കുമല്ലോ വിമോചനസമരം…നടക്കുന്നത്. എന്തൊക്കെയാണ് ആ കാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
അക്കാലത്ത് ക്ഷേത്രചടങ്ങുകളുമായും മറ്റുമാണ് എനിക്ക് കൂടുതല്‍ ബന്ധമുണ്ടായിരുന്നത്. ഏഴ് ഇല്ലക്കാര്‍ ചേര്‍ന്നുള്ള ഒരു ഊരാണ്‍മയാണ് ഇവിടുത്തെ അവിണിശ്ശേരി നാങ്കുളം അമ്പലത്തില്‍ ഉണ്ടായിരുന്നത്. ഓരോ മാസത്തിലും ഓരോ ഇല്ലക്കാരുടെ വക വാരം ഉണ്ടാകും. വാരമിരിക്കുമ്പോള്‍ വേദങ്ങളൊക്കെ താളാത്മകമായി ചൊല്ലുന്ന ചില ചടങ്ങുകളൊക്കെയുണ്ട്. എനിക്കിത് കേള്‍ക്കുന്നത് വളരെ ഇഷ്ടമായിരുന്നു. അര്‍ത്ഥം മനസ്സിലാക്കിയിട്ടൊന്നുമല്ല. അങ്ങനെ ചൊല്ലുന്നത് കണ്ടുകൊണ്ടിരിക്കുന്നതു തന്നെ സുഖമുള്ള കാര്യമായിരുന്നു. അങ്ങനെയിരിക്കുന്ന കാലത്ത് ഞാന്‍ അഞ്ചാം ക്ളാസ്സിലായിരുന്ന സമയത്താണ് വിമോചന സമരം വരുന്നത്. വീട്ടില്‍ അച്ഛന്‍ ഗാന്ധിയനാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളും നെഹ്റുവിന്റെ ആത്മകഥയുമൊക്കെ എന്നോട് വായിച്ചുകൊടുക്കാന്‍ പറയാറുണ്ട്. ഏതായാലും വിമോചന സമരം വന്നപ്പോള്‍ അതിന്റെ ജാഥയുടെ കൂടെ പൊയ്ക്കൊളളാന്‍ മാഷ്മ്മാരൊക്കെ പറഞ്ഞു. അങ്ങനെ ഒരു ദിവസം വിമോചനസമരത്തിന്റെ ജാഥയില്‍ ഞാനും പോയിട്ടുണ്ട്. താളത്തില്‍ മുദ്രാവാക്യം വിളിച്ചു നടക്കുന്നതിന്റെ രസം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. ഇ എം എസിനും ഗൌരിയമ്മയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ഇവിടുത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ഒരു സായിവ് അച്ഛനെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞു: "മകന്‍ അസ്സലായി മുദ്രാവാക്യം വിളിക്കുന്നുണ്ടല്ലോ.'' പഴവും മിഠായിയുമൊക്കെ കിട്ടും എന്നതിനപ്പുറം ഞങ്ങള്‍ കുട്ടികള്‍ക്ക് ജാഥയില്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. ഏതായാലും അന്ന് അച്ഛന്‍ വീട്ടില്‍ വന്നിട്ട് മുറ്റത്തെ പേരമരത്തില്‍ നിന്ന് നാലു വടി ഒടിച്ചെടുത്തു. ട്രൌസര്‍ അഴിച്ചിടാന്‍ പറഞ്ഞു. "നീ ജാഥയ്ക്ക് പോയോ?'' എന്നും ചോദിച്ച് അര മുതല്‍ കണങ്കാല്‍ വരെ അടിച്ചു. തടുക്കാന്‍ വന്ന അമ്മയ്ക്കും കിട്ടി രണ്ടടി. അടി കൊണ്ട് ചോരപൊട്ടി അവശനായ എന്നെ വൈകുന്നേരമായപ്പോള്‍ അച്ഛന്‍ ആശ്വസിപ്പിക്കാന്‍ തുടങ്ങി. അച്ഛന്‍ പറഞ്ഞു: "നിനക്കറിയാമോ? ഈ സമരം തെറ്റാണ്. ഗാന്ധിജി പറഞ്ഞതിനൊക്കെ എതിരാണിത്. കൃഷിഭൂമി കൃഷിക്കാരന് കൊടുക്കണം എന്നൊക്കെയാണ് ഇ എം എസും കൂട്ടരും പറയുന്നത്. അങ്ങനെ വന്നാല്‍ നമുക്ക് കുറെ കഷ്ടപ്പാടൊക്കെ ഉണ്ടാകും. പാട്ടം കിട്ടുന്നതൊക്കെ ഇല്ലാതെയാകും. അങ്ങനെയൊക്ക ബുദ്ധിമുട്ടുണ്ടായാലും അതാണ് ശരി. ഗാന്ധിജി അതാണ് പറഞ്ഞിട്ടുള്ളത്.'' അച്ഛന്‍ അത്തരം കാര്യങ്ങളാണ് ശ്രദ്ധിച്ചിരുന്നത്. പിന്നെ ഞാന്‍ ജാഥയ്ക്കൊന്നും പോയില്ല. ഒരു പത്താം ക്ളാസ്സൊക്കെ കഴിഞ്ഞപ്പോഴേയ്ക്കും ഞാന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായി. അത് ഈ ചുറ്റുപാടുകളുടെ പ്രത്യേകത കൊണ്ടുകൂടിയാണ്.
എന്തായിരുന്നു ഈ പ്രദേശത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ? ഖാദി പ്രസ്ഥാനത്തിന്റെ കേന്ദ്രമെന്ന നിലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനായിരുന്നോ പ്രാമുഖ്യം? കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയായാലും കമ്യൂണിസത്തിന്റെയായാലും അന്ധമായ വിധേയത്വം തെറ്റാണ്. അക്കാലത്ത് ഇവിടുത്തുകാര്‍ക്കൊക്കെ ഒരു ധാരണയുണ്ടായിരുന്നു എഴുത്തച്ഛനാണെങ്കില്‍ കോണ്‍ഗ്രസ്സാകണമെന്ന്. രാഷ്ട്രീയം അറിഞ്ഞിട്ടൊന്നുമല്ല ഇത് പറയുന്നത്. പ്രജാമണ്ഡലത്തിന്റെ കാലത്ത് വി ആര്‍ കൃഷ്ണനെഴുത്തച്ഛനെ വരെ എതിര്‍ത്തിരുന്നവര്‍ പിന്നീട് വലിയ കോണ്‍ഗ്രസ്സുകാരായിട്ടുണ്ട്. ഇതൊന്നും കൃത്യമായി രാഷ്ട്രീയം അറിഞ്ഞിട്ടു ചെയ്യുന്നതല്ല. സ്വന്തം രക്ഷയ്ക്ക് ഉപകരിക്കും എന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും ഏതെങ്കിലും ഒരു പ്രസ്ഥാനത്തിനോടൊപ്പം നില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ധാരാളം കര്‍ഷകത്തൊഴിലാളികളും മറ്റും കമ്യൂണിസ്റ് മൂവ്മെന്റിലേയ്ക്ക് വന്നത്. പാലക്കാട് ഒരു കാലത്ത് കമ്യൂണിസ്റ് പാര്‍ട്ടിയുടെ കോട്ടയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന് കിട്ടിക്കഴിഞ്ഞതോടെ അവരെല്ലാം അവിടുത്തെ വലിയ പണക്കാരും ജ•ിമാരുമായി. അവരുടെ പഴയ രാഷ്ട്രീയസ്വഭാവവും മാറി. ഇ എം എസ് വരെ തെരഞ്ഞെടുപ്പില്‍ അവിടെ നിന്ന് നിസ്സാരഭൂരിപക്ഷത്തിന് ജയിച്ച സംഭവമുണ്ടായിട്ടുണ്ട്. സാമ്പത്തികസ്ഥിതി സുരക്ഷിതമാകുമ്പോള്‍ മനുഷ്യരുടെ മനസ്സിനും ചിന്താഗതികള്‍ക്കും ധാരാളം മാറ്റമുണ്ടാകുന്നുണ്ടെന്നു തോന്നുന്നു.
ഇല്ലത്തിന്റെ അക്കാലത്തെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു? യാഥാസ്ഥിതിക കുടുംബമായിരുന്നോ?ഞങ്ങള്‍ യാഥാസ്ഥിതികരായിരുന്നു എന്ന് പറയാന്‍ പറ്റില്ല. ഗാന്ധിയന്‍ ചിന്താഗതി ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. സാമ്പത്തികാവസ്ഥയെക്കുറിച്ചു ചോദിച്ചാല്‍ 'ദരിദ്രജ•ി' എന്നാണ് ഞാന്‍ പറയുക. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായതിനു ശേഷം സമ്മേളനങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ക്രെഡന്‍ഷ്യല്‍ ഫോറം പൂരിപ്പിച്ചുകൊടുക്കണം. അതില്‍ ജനിച്ച വര്‍ഗ്ഗം ഏത് എന്ന ചോദ്യമുണ്ട്. ആ കോളത്തില്‍ എനിക്ക് എഴുതാന്‍ പറ്റിയ ഏറ്റവും നല്ല വാക്ക് ദരിദ്രജ•ി എന്നാണ്. സാമ്പത്തികമായിട്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ളയാളാണ് ഞാന്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ ഫീസ് കൊടുക്കാനില്ലാത്തതു കൊണ്ട് എന്നെ പുറത്താക്കിയിട്ടുണ്ട്. അന്ന് എനിക്ക് വല്ലാത്ത അരിശം തോന്നിയിട്ടുണ്ട്. ജാതീയമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തികാനുകൂല്യം കിട്ടുന്നു. അങ്ങനെ ആനുകൂല്യം ലഭിക്കുന്നയാള്‍ മോഷണക്കേസില്‍ പ്രതിയാകുന്നു. നമ്മള്‍ ഇവിടെ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഇങ്ങനെ കഷ്ടപ്പെടുന്നു. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഏതായാലും ഈ പ്രദേശത്ത് നമ്പൂതിരിമാരുടെ ഇടയില്‍ നിന്ന് കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഒരു സജീവപ്രവര്‍ത്തകനായിട്ട് വരുന്ന ആദ്യത്തെ വ്യക്തി ഞാനാണ്.
കമ്യൂണിസ്റ് പാര്‍ട്ടിയിലേയ്ക്ക് വരാനിടയായ സാഹചര്യമെന്താണ്?മനുഷ്യരെ ഒന്നാക്കി നിര്‍ത്തുന്നതിന് തടസ്സം നില്‍ക്കുന്ന ഒരു പ്രധാനഘടകമാണ് സാമ്പത്തിക അസമത്വം എന്നെനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ആ അവസ്ഥ മാറി എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു ലോകം ഉണ്ടാകുക. 'വസുധൈവ കുടുംബകം' എന്ന് നമ്മുടെ ഋഷിമാരൊക്കെ പറഞ്ഞിട്ടുള്ളതുപോലെ. കാള്‍ മാര്‍ക്സും ഋഷിതുല്യനായ ഒരു ചിന്തകനായിരുന്നല്ലോ. സമത്വലോകത്തെക്കുറിച്ചുള്ള ചിന്തകള്‍ രണ്ടിലുമുണ്ട്. പക്ഷേ അത് പ്രായോഗികമാക്കുമ്പോള്‍ പറ്റുന്ന പാളിച്ചകളാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.
സ്വയം നടത്തിയ വായനയുടെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണോ പാര്‍ട്ടി പ്രവര്‍ത്തകനായത്? അന്ന് പാര്‍ട്ടി പിളര്‍പ്പിന്റെ ഘട്ടത്തിലെത്തിയിരുന്നെങ്കിലും അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടി ഉള്‍പ്പെട്ട ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് ഞാന്‍ ആദ്യമായി പ്രവര്‍ത്തനത്തിനിറങ്ങുന്നത്. അറുപത്തിയഞ്ചായപ്പോഴേയ്ക്കും ഞാന്‍ സി പി ഐ (എം) ന്റെ അനുഭാവിയായി. ഞങ്ങള്‍ വോട്ടവകാശമില്ലാത്ത കുറച്ചുപേരാണ് അന്ന് സി പി ഐ (എം) ന്റെ പ്രവര്‍ത്തകരായി ഇവിടെ ഉണ്ടായിരുന്നത്. ഏതായാലും അക്കാലത്തുനിന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. രാഷ്ട്രീയത്തിന് പൊതുവെ മാറ്റമുണ്ട്. എനിക്കും മാറ്റം വന്നിട്ടുണ്ട്.
എന്താണ് അങ്ങനെ പറയാന്‍ കാരണം? പാര്‍ട്ടിക്ക് വന്ന മാറ്റങ്ങളെ എങ്ങനെയാണ് മാഷ് നോക്കിക്കാണുന്നത്? പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റുമായി ലക്ഷക്കണക്കിന് പണം ചെലവഴിക്കുന്ന രീതി ഇപ്പോഴുണ്ടല്ലോ. സമ്മേളനങ്ങള്‍ വേണ്ടെന്നല്ല. ഒരു സംഘടനയായാല്‍ സമ്മേളനങ്ങള്‍ നടത്തേണ്ടി വരും. പക്ഷേ ആര്‍ഭാടത്തിന് വേണ്ടി ഉപയോഗിക്കുന്ന പണം നിര്‍ദ്ധനരായ തൊഴിലാളികളെ സഹായിക്കാന്‍ വേണ്ടി ചെലവഴിക്കാമല്ലോ. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളുണ്ട്. ലക്ഷം വീട് പദ്ധതി പോലെയും ഇ എം എസ് ഭവനപദ്ധതി പോലെയുമൊക്കെ. അത്തരം സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സംഘടനകള്‍ക്ക് പല ജനക്ഷേമപ്രവര്‍ത്തനങ്ങളും സ്വന്തം നിലയ്ക്ക് നടത്താം. അങ്ങനെ പല സന്നദ്ധസംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുര കെട്ടിമേയാന്‍ കഴിയാത്ത നിര്‍ദ്ധനരായ തൊഴിലാളികള്‍ക്ക് കമ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭാവന പിരിച്ച് ഓലയും മുളയും ശേഖരിച്ചുകൊണ്ടു വന്ന് അവരുടെ ഉത്സാഹത്തില്‍ത്തന്നെ പുരമേഞ്ഞുകൊടുക്കാറുള്ളതിനെക്കുറിച്ച് എ കെ ജി യുടെ ആത്മകഥയില്‍ പറയുന്നുണ്ട്. അങ്ങനെയൊക്കെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെ പൊലീസ് അന്വേഷിച്ചു വന്നാല്‍ കമ്യൂണിസ്റുകാരല്ലാത്തവര്‍ പോലും ഒറ്റിക്കൊടുക്കില്ല. പൊതുപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ പ്രകടനവും സമരവും നടത്തല്‍ മാത്രമല്ല. സൃഷ്ടിപരമായ ചില കാര്യങ്ങളും ജനസേവനത്തിന്റെ കൂടെ വരേണ്ടതാണ്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രസ്ഥാനത്തിന്റെ കൂടെ ജനങ്ങളുണ്ട്. പിന്നെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടല്ലാതെ ആയുധം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് വലിയ തെറ്റാണ്. സി ആര്‍ നീലകണ്ഠനെ ആക്രമിച്ചതിനെക്കുറിച്ച് പത്രത്തില്‍ വായിച്ചില്ലേ?
വിദ്വാന്‍ പ്രിലിമിനറി കഴിഞ്ഞുള്ള കാലം എങ്ങനെയായിരുന്നു?വിദ്വാന്‍ പ്രിലിമിനറി കഴിഞ്ഞ്…കടുത്തുരുത്തിക്കടുത്ത് മങ്ങാട്ടുകാവ് എന്നു പറയുന്ന ഒരു ക്ഷേത്രത്തില്‍ ഞാന്‍ ശാന്തിക്കാരനായി.
ശാന്തിപ്പണി പഠിച്ചിട്ടുണ്ടോ?പഠിച്ചിട്ടുണ്ട്. അച്ഛനും ചെയ്തിരുന്നു. കല്ലൂരെ ഒരു നമ്പൂതിരിയാണ് എന്നെയും എന്റെ അനിയനെയുമൊക്കെ ശാന്തി പഠിപ്പിച്ചത്. സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഇവിടെ രണ്ട് അമ്പലങ്ങളില്‍ മുട്ടുശാന്തിക്കു പോയിട്ടാണ് ഫീസിനുള്ള പണം സംഘടിപ്പിച്ചിരുന്നത്. ദരിദ്രജ•ിയായ അച്ഛന്റെ കയ്യില്‍ അതിനുള്ള വകയുണ്ടായിരുന്നില്ലല്ലോ. മുട്ടുശാന്തിക്കു പോയിട്ടും ഒരു മാസം ഫീസ് കൊടുക്കാന്‍ പറ്റാതെ വന്നപ്പോഴാണ് ഒമ്പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ സ്കൂളില്‍ നിന്ന് പുറത്താക്കിയത്. ക്ളാസ് ടീച്ചര്‍ ഇവിടെ അടുത്തു താമസിക്കുന്നവരായിരുന്നു. അവരോട് അച്ഛന്‍ പറഞ്ഞതാണ് അടുത്ത മാസം തരാമെന്ന്. പക്ഷേ അവരത് മറന്നു. എനിക്ക് ക്ളാസ്സില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, പഠിക്കാന്‍ മിടുക്കുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ഒരു പദ്ധതി ഉണ്ടാകേണ്ടതാണ്. എല്ലാക്കാലത്തും അതാവശ്യമാണ്.
മങ്ങാട്ടുകാവില്‍ ശാന്തിക്കാരനായി ചേര്‍ന്നതിനെക്കുറിച്ചാണ് പറഞ്ഞുവന്നത്….…അമ്പതുരൂപയോ മറ്റോ ആണ് അന്ന് ശാന്തിക്കാരന്റെ ശമ്പളം. പിന്നെ നടവരവ് വല്ലതും കിട്ടിയാലായി. നല്ലൊരു അമ്പലക്കുളമുണ്ടായിരുന്നു അവിടെ. നാട്ടുകാര്‍ അവിടെ കുളിച്ചാലും നടയ്ക്കല്‍ വന്ന് തൊഴാറില്ലായിരുന്നു. രണ്ടിടങ്ങഴി എണ്ണയാണ് ആ അമ്പലത്തിലേയ്ക്ക് വിളക്കുതെളിയിക്കാന്‍ കൊടുക്കാറ്. അതില്‍ ഇടങ്ങഴി എണ്ണ വാര്യരും കുടുംബവുമൊക്കെയായി കൊണ്ടുപോകും. ചുരുക്കത്തില്‍ വിളക്കുകൊളുത്തലൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. പിന്നെ അമ്പലത്തിലേയ്ക്ക് ആരെങ്കിലും നോക്കുമോ? ഞാന്‍ ചെന്നയുടന്‍ അവിടുത്തെ വിളക്കുകളൊക്കെ എടുത്ത് തേച്ചു മിനുക്കി. എന്റെ വക ഒരു നിറമാല നടത്തി. വാര്യരുടെ കയ്യില്‍ മാല കെട്ടാനുള്ള പണം കൊടുത്തു. എണ്ണ വാങ്ങിച്ചു. ശ്രീലകം അടിച്ചു തുടച്ച് വെടിപ്പാക്കി. ശ്രീലകത്ത് കണ്ണിക്കാലോളം മെഴുക്കും കരിയുമൊക്കെയുണ്ടായിരുന്നു. നിറമാല ചാര്‍ത്തിക്കഴിഞ്ഞപ്പോള്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ വരുന്നവര്‍ ക്ഷേത്രത്തിലേയ്ക്കു നോക്കി പറഞ്ഞു: "മലബാറീന്നു വന്ന കൊച്ചു തിരുമനസ്സു വന്നപ്പോഴേയ്ക്കും മങ്ങാട്ടുകാവിലമ്മ അങ്ങു തെളിഞ്ഞല്ലോ.'' മനുഷ്യനായാലും മൃഗമായാലും ദൈവമായാലും വേണ്ട പോലെ ശുശ്രൂഷിക്കണം. ചില ആളുകള്‍ ശ്രീലകത്തിരുന്ന് സിഗരറ്റ് വലിക്കാറുള്ള കഥയൊക്കെ കേട്ടിട്ടുണ്ട്. പൂജ മാത്രമല്ല, ഏതു തൊഴില്‍ ചെയ്യുമ്പോഴും ആത്മാര്‍പ്പണം വേണം. കൂലിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ജോലി ചെയ്യുകയുമരുത്. പ്രതിഫലം കിട്ടണം എന്നത് പ്രധാനമാണ്. അതു കിട്ടാതെ വരുമ്പോള്‍ തൊഴിലാളി സമരം ചെയ്യേണ്ടി വരും. കര്‍മ്മം ചെയ്താല്‍ അതിന്റെ ഫലം കിട്ടും.
സജീവരാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോഴും ശാന്തികര്‍മ്മങ്ങള്‍ ഉണ്ടായിരുന്നോ? രണ്ടും രണ്ട് കാലഘട്ടമാണ്. പാര്‍ട്ടിപ്രവര്‍ത്തനം സജീവമാക്കിയതോടെ പൂജാദികാര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍മാറി. അന്നും ഒരു ഈശ്വരനിഷേധി എന്നിലുണ്ടായിരുന്നില്ല. പിന്നെ മത്സ്യമാംസാദികള്‍ കഴിക്കുന്ന, മദ്യം കഴിക്കുന്ന ഒരാള്‍ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് അന്നും ഇന്നും എന്റെ വിശ്വാസം. പൂജാദികാര്യങ്ങളോട് നീതി ചെയ്യാന്‍ കഴിയാത്തവര്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് ശരി.
മാഷുടെ വിശ്വാസം ഇപ്പോള്‍ എവിടെ നില്‍ക്കുന്നു? ഈശ്വരവിശ്വാസിയാണോ ഇപ്പോള്‍?
ഈശ്വരവിശ്വാസം എന്നു പറഞ്ഞാല്‍ ഒരു രൂപം എന്ന നിലയ്ക്കല്ല. ഈശ്വരനെ നേരിട്ട് കണ്ടിട്ടുള്ളവരില്ലല്ലോ. ഇത് ഒരു ഉള്‍ക്കാഴ്ചയുടെ കൂടി ഭാഗമാണെന്നാണ് തോന്നുന്നത്. പ്രപഞ്ചമാകെ നിറഞ്ഞുനില്‍ക്കുന്ന ഒരു ചൈതന്യമുണ്ടെന്ന് നമ്മള്‍ എന്തായാലും വിശ്വസിക്കുന്നു. അരൂപിയായിട്ടാണ് ഈശ്വരനെ നമ്മള്‍ സങ്കല്‍പ്പിക്കുന്നത്. അതൊരു എനര്‍ജിയാണ്. അതിന്റെ ഒരംശമാണ് നമ്മളിലും ഉള്ളത്. പരമാത്മാവെന്നും പരബ്രഹ്മമെന്നുമൊക്കെ പുരാണങ്ങളില്‍ അതിനെ വിളിക്കുന്നു. എനര്‍ജി എന്നു വിളിച്ചാല്‍ കുഴപ്പമില്ല, ഈശ്വരനെന്നു വിളിക്കാന്‍ പാടില്ല എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. എന്റെ കാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാര്‍ക്സിസത്തിന്റെ നല്ലൊരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍ എന്ന് അവകാശപ്പെടുന്നില്ല. മാര്‍ക്സിസം വിഭാവനം ചെയ്യുന്ന നല്ല ഭൌതികസാഹചര്യങ്ങളെക്കുറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നമ്മുടെ ഋഷിമാര്‍ പറഞ്ഞുവെച്ചിട്ടുള്ളതാണ്. ശാസ്ത്രത്തിന്റെയും ആദ്ധ്യാത്മികതയുടെയും സമന്വയത്തെക്കുറിച്ച് പലരും എഴുതിക്കൊണ്ടിരിക്കുന്നുണ്ടല്ലോ.
കമ്യൂണിസ്റ് ആശയങ്ങളെയും ഇന്ത്യന്‍ ദര്‍ശനങ്ങളെയും സംയോജിപ്പിക്കുന്ന രീതിയാണ് മാഷിന്റേത്. ഇന്ത്യന്‍ അവസ്ഥ ആവശ്യപ്പെടുന്നത് അതാണോ?അങ്ങനെയാണ് ശരിക്കും വേണ്ടത്. ഇന്ത്യയില്‍ ഭാരതീയ സ്വഭാവമുള്ള ഒരു കമ്യൂണിസ്റ് പാര്‍ട്ടി ആയി പ്രവര്‍ത്തിക്കണമെന്നാണ് സി പി ഐ (എം) ആദ്യമൊക്കെ പറഞ്ഞ് കേട്ടിരിക്കുന്നത്. എല്ലാ മതങ്ങളെയും നിഷേധിച്ചുകൊണ്ട് ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന് ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയെങ്കിലും നിലനില്‍ക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. എല്ലാം ഉള്‍ക്കൊള്ളണം. ഈശ്വരസങ്കല്‍പത്തെത്തന്നെ ശാസ്ത്രരീത്യാ ഉള്‍ക്കൊണ്ടാല്‍ മതിയല്ലോ.
വ്യക്തിപരമായും കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ.
പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കാലത്ത് ഞാന്‍ മദ്യവിരോധിയായിരുന്നു. ഞാവല്‍പ്പഴങ്ങള്‍ക്ക് പാട്ടെഴുതാന്‍ പോയപ്പോള്‍ അതിന്റെ പ്രൊഡ്യൂസറും ഡയറക്റ്ററുമെല്ലാം നിര്‍ബന്ധിച്ചിട്ടും ഞാന്‍ മദ്യപിച്ചിട്ടില്ല. അതിനുശേഷം കേരളത്തില്‍ കിട്ടാവുന്ന എല്ലാത്തരം മദ്യങ്ങളും ഞാന്‍ ഉപയോഗിച്ചിട്ടുമുണ്ട്. ഇപ്പോള്‍ മദ്യം ഉപയോഗിക്കാറില്ല താനും.
മദ്യപാനം ഉപേക്ഷിക്കാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?ഒന്നാമത്തെ കാര്യം മദ്യപാനത്തില്‍ കൂടെയുണ്ടാകുന്ന സുഹൃത്തുക്കള്‍ എല്ലാവരും നല്ല സുഹൃത്തുകളൊന്നുമല്ല. പലരും ആ സമയത്തു മാത്രം സ്നേഹം കാണിക്കുന്നവരാണ്. അത് മദ്യത്തിന്റെ പ്രകടനം മാത്രമാണ്. അങ്ങനെയല്ലാത്തവരുമുണ്ട്. മദ്യപിക്കാത്ത നല്ല സുഹൃത്തുക്കളുമുണ്ട്. അസുഖബാധിതനായി കിടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു: ഒരായുഷ്കാലത്തേക്കുള്ള മദ്യം കഴിച്ചു തീര്‍ത്തു. ഇനി വേണ്ട. പേരക്കുട്ടികള്‍ വളരുന്നു. ഒരിക്കല്‍ വായിച്ചതടക്കം ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാനുമുണ്ട്.
വിദ്യാഭ്യാസകാലത്തിലേക്ക് തിരിച്ചുവരാം. വിദ്വാന്‍ പരീക്ഷ പാസ്സായ ശേഷം എപ്പോഴാണ് അദ്ധ്യാപക ജോലിയില്‍ പ്രവേശിച്ചത്?
വിദ്വാന്‍ പരീക്ഷ പാസ്സായി പല ട്യൂട്ടോറിയലുകളിലും പഠിപ്പിച്ചു. പിന്നെ മുമ്മൂന്ന് മാസം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി കിട്ടും. അതിനിടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. ഇപ്പോഴത്തെ ഡി വൈ എഫ് ഐ യുടെ ആദ്യരൂപമായ കെ എസ് വൈ എഫിലായിരുന്നു തുടക്കം. കെ എസ് വൈ എഫിന്റെ രൂപീകരണ സമ്മേളനം തൃശ്ശൂരില്‍ നടക്കുമ്പോള്‍ ഒരു സംഭവമുണ്ടായി. പുതിയ സംഘടനയ്ക്ക് എന്തു പേരിടണം എന്നതു സംബന്ധിച്ച് പ്രതിനിധികള്‍ തമ്മില്‍ തര്‍ക്കം നടക്കുകയാണ്. സോഷ്യലിസ്റ് യൂത്ത് ഫെഡറേഷന്‍ എന്നാകാമെന്ന് ചിലര്‍. മാര്‍ക്സിസ്റ് യൂത്ത് ഫെഡറേഷന്‍ മതിയെന്ന് വേറൊരു കൂട്ടര്‍. അപ്പോള്‍ അവിടെ വന്ന എ കെ ജി പറഞ്ഞു: "നിങ്ങള്‍ ഹരിഹരവിലാസം യുവജന സമാജം എന്ന് പേരിട്ടോളൂ. പേര് എന്തിടുന്നു എന്നുള്ളതല്ല കാര്യം. നന്നായി പ്രവര്‍ത്തിച്ചാല്‍ മതി.'' ചിലരെ കണ്ടിട്ടില്ലേ? വലിയ വിപ്ളവകാരിയാണെന്ന് കാണിക്കാന്‍ വേണ്ടി ദേശാഭിമാനിയും ദേശാഭിമാനി ഡയറിയുമൊക്കെ കക്ഷത്തില്‍ വച്ചു നടക്കും. എന്നാല്‍ യാതൊരു നല്ല സ്വഭാവവും പ്രവൃത്തിയില്‍ ഉണ്ടാകുകയുമില്ല. തൃശ്ശൂര്‍ രാമവര്‍മ്മപുരം സ്കൂളിലായിരുന്നു ആദ്യത്തെ നിയമനം. ഗവണ്‍മെന്റ് ജോലി കിട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ മുഴുവന്‍ സമയവും രാഷ്ട്രിയപ്രവര്‍ത്തനം നടത്താനാണ് ഞാന്‍ തീരുമാനിച്ചത്. പക്ഷേ ഇവിടുത്തെ ലോക്കല്‍ കമ്മറ്റി നേതാക്കള്‍ അത് സമ്മതിച്ചില്ല. "തിരുമേനി ജോലിക്ക് പോകണം. ആ കുടുംബത്തിന്റെ സ്ഥിതി ഞങ്ങള്‍ക്ക് നന്നായിട്ടറിയാവുന്നതാണ്. ഗവണ്‍മെന്റ് ജോലിയിലിരുന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം.'' അങ്ങനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ അദ്ധ്യാപക ജോലി സ്വീകരിച്ചത്.
നാടകപ്രവര്‍ത്തനം കാര്യമായി തുടങ്ങിയത് എപ്പോഴാണ്?നാടകപ്രവര്‍ത്തകന്‍ എന്നുള്ള നിലയില്‍ ഞാന്‍ അറിയപ്പെടുന്നത് എഴുപത്തിയഞ്ചൊക്കെ ആകുമ്പോഴാണ്. അപ്പോഴേയ്ക്കും എന്റെ കവിതകളൊക്കെ ധാരാളം വന്നു തുടങ്ങി. തൃശ്ശൂര്‍ എക്സ്പ്രസ്സിലാണ് ആദ്യകാല കവിതകളില്‍ മിക്കവയും വന്നു കൊണ്ടിരുന്നത്. ആ സമയത്താണ് മാടമ്പ് കുഞ്ഞുക്കുട്ടന്റെ അശ്വത്ഥാമാവ് എന്ന നോവല്‍ സിനിമയാക്കണമെന്ന പദ്ധതിയുമായി കെ ആര്‍ മോഹനനും പി ടി കുഞ്ഞുമുഹമ്മദും വരുന്നത്. മാടമ്പുമായി അന്നും ഇന്നും എനിക്ക് നല്ല അടുപ്പമുണ്ട്. ദേശാഭിമാനി സ്റഡി സര്‍ക്കിളിന്റെ കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റൊക്കെയായിരുന്നു മാടമ്പ്. ഒരു ദിവസം കെ ആര്‍ മോഹനനെ എവിടേയ്ക്കോ ട്രെയിന്‍ കയറ്റി യാത്രയാക്കിയ ശേഷം മാടമ്പിന്റെ കൂടെ ഞാന്‍ അസീസിന്റെ വീട്ടിലേയ്ക്കു പോയി. സ്കൂളില്‍ നിന്ന് മെഡിക്കല്‍ ലീവെടുത്ത് ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചു വന്നയാളാണ് അസീസ്. അസീസിന് അഗ്രഗാമി തിയറ്റേഴ്സ് എന്നൊരു ട്രൂപ്പുണ്ടായിരുന്നു. അന്ന് ആ ട്രൂപ്പിന്റെ സെക്രട്ടറി മാടമ്പായിരുന്നു. അസീസുമായുള്ള അടുപ്പം വര്‍ദ്ധിച്ചുവന്ന സമയത്ത് സംഘാടകത്വം വയ്യ എന്നുപറഞ്ഞ് മാടമ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി. പകരം ഞാന്‍ സെക്രട്ടറിയായി. അസീസ് എഴുതിയ ചാവേര്‍പ്പട എന്ന നാടകം സാഹിത്യ അക്കാദമിയുടെ വാര്‍ഷികത്തിന് അവതരിപ്പിക്കാന്‍ തീരുമാനിച്ചു. വേണുക്കുട്ടന്‍ നായരാണ് അതിലെ ഒരു പ്രധാനവേഷം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് തിരുവനന്തപുരത്ത് അദ്ധ്യാപക ജോലി ഉള്ളതുകൊണ്ട് സ്ഥിരമായി തൃശ്ശൂരില്‍ റിഹേഴ്സലിന് വരാന്‍ കഴിയില്ല. അങ്ങനെ ഞാന്‍ പകരക്കാരനായി അഭിനയിക്കാന്‍ തുടങ്ങി. പണ്ട് അമ്പലങ്ങളില്‍ മുട്ടുശാന്തിക്ക് പോയിരുന്നതു പോലെ. ജി ശങ്കരപ്പിള്ളയായിരുന്നു ആ നാടകത്തിലെ മൂവ്മെന്റ്സൊക്കെ സംവിധാനം ചെയ്തിരുന്നത്. ശങ്കരപ്പിള്ളസാറും വേണുക്കുട്ടന്‍ നായരും കൂടി ഒരു ദിവസം പറഞ്ഞു: "മുല്ലനേഴി തന്നെ ആ വേഷം ചെയ്താല്‍ മതി.'' അങ്ങനെ ഞാന്‍ ആ ട്രൂപ്പിലെ നടനായി. പ്രേംജിയുമുണ്ടായിരുന്നു നാടകത്തില്‍. തൃശ്ശൂരിലെ അരങ്ങു കഴിഞ്ഞപ്പോള്‍ എന്റെയും പ്രേംജിയുടെയുമൊക്കെ അഭിനയം ഗംഭീരമായെന്ന് പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ വന്നു. ഭോപ്പാലില്‍ നടന്ന ദേശീയനാടകോത്സവത്തില്‍ ആ നാടകത്തിന് സെലക്ഷന്‍ കിട്ടി. ഭോപ്പാലില്‍ മാത്രമല്ല, ബോംബെയിലും ഡല്‍ഹിയിലും ഞങ്ങള്‍ ആ നാടകം അവതരിപ്പിച്ചു. ഭോപ്പാലില്‍ നിന്ന് തിരിച്ചുവന്നപ്പോഴേയ്ക്കും അസീസിന്റെ ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമയുടെ സ്ക്രിപ്റ്റില്‍ സഹായിക്കാന്‍ പറഞ്ഞു. അതില്‍ പാട്ടെഴുതാന്‍ പറഞ്ഞു. പാട്ടെഴുതാന്‍ വയലാറോ ഭാസ്ക്കരന്‍ മാസ്ററോ ഒ എന്‍ വി യോ യൂസഫലിയോ പോരേ എന്ന് ഞാന്‍ ചോദിച്ചു. അസീസിന്റെ മറ്റു രണ്ട് സിനിമകള്‍ക്കും വയലാറാണ് പാട്ടെഴുതിയത്. ഞാനാണെങ്കില്‍ സിനിമയ്ക്ക് പാട്ടെഴുതിയിട്ടില്ല. അതിലൊട്ട് താത്പര്യവുമില്ല. (ഇന്നും ഞാന്‍ പാട്ടെഴുതാനോ അഭിനയിക്കാനോ അങ്ങോട്ട് ചെന്ന് ആരോടും ആവശ്യപ്പെടാറില്ല.) അസീസ് പറഞ്ഞു:"വയലാറാണെങ്കില്‍ എനിക്ക് പാട്ടിനെക്കുറിച്ച് എന്തെങ്കിലും നിര്‍ദ്ദേശം പറയാനൊന്നും പറ്റില്ല. മുല്ലനാണെങ്കില്‍ ചെറുപ്പമാണ്. തുടക്കക്കാരനാണ്. എനിക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ പറയാം.'' അങ്ങനെ ആ സിനിമയില്‍ പാട്ടെഴുതി. ഇപ്പോള്‍ മുപ്പത്തിനാലു വര്‍ഷം കഴിഞ്ഞു. അന്നും ഇന്നും ഞാനെഴുതുന്നത് പെര്‍ഫെക്റ്റാണെന്ന് വിശ്വാസമില്ല. പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ജീവിതം തന്നെ അങ്ങനെയാണ്. എല്ലാം തികഞ്ഞ കവിത എഴുതിക്കഴിഞ്ഞാല്‍ പിന്നെ വേണമെങ്കില്‍ ആത്മഹത്യ ചെയ്താലും കുഴപ്പമില്ല. എല്ലാം തികഞ്ഞ ആ കവിത നിലനിന്നുകൊള്ളും. ഇപ്പോഴും പണ്ടെഴുതിയ, ആളുകള്‍ ഗംഭീരമാണെന്ന് പറഞ്ഞ പല കവിതകളും കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്.
എങ്ങനെയായിരുന്നു സിനിമാപ്രവര്‍ത്തനത്തിന്റെ ആദ്യാനുഭവം?
ഞാവല്‍പ്പഴങ്ങളില്‍ കുറച്ച് നാടന്‍പാട്ടുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് പഠിക്കാന്‍ അസീസ് എനിക്ക് കുറച്ച് പുസ്തകങ്ങളൊക്കെ തന്നിരുന്നു. അസീസിന്റെ ആവശ്യപ്രകാരം ആ സിനിമയുടെ പ്രൊഡക്ഷനിലും ഞാന്‍ സഹകരിച്ചു. എനിക്ക് വേണ്ടി ഒരു ആദിവാസിമൂപ്പന്റെ വേഷവും നീക്കി വെച്ചിരുന്നു
അതായിരുന്നോ, സിനിമയിലെ ആദ്യവേഷം?
അല്ല. ആദ്യം അഭിനയിച്ചത് പവിത്രന്റെ ഉപ്പ് എന്ന സിനിമയിലാണ്. എന്റെ ഒരു അപ്ഫനുണ്ട്. ശിവദാസന്‍ എന്ന് പേരായിട്ട്. അദ്ദേഹത്തെക്കൊണ്ടാണ് ഞാവല്‍പ്പഴങ്ങളിലെ വേഷം ചെയ്യിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് എന്റെ ഒരു നാടകത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രഗാനരചയിതാവ് പലപ്പോഴും വിട്ടുവീഴ്ചകള്‍ക്ക് വിധേയനാകേണ്ടി വരാറുണ്ട്. എങ്ങനെയാണ് മാഷിന്റെ ഗാനങ്ങളെ സംഗീതസംവിധായകര്‍ സമീപിച്ചത്?
ഞാവല്‍പ്പഴങ്ങളിലെ എല്ലാ പാട്ടുകളും സംവിധായകനായ അസീസുമായി ചര്‍ച്ച ചെയ്ത ശേഷമാണ് എഴുതിയത്. അതിനുശേഷം ഞങ്ങള്‍ മദ്രാസില്‍ സംഗീതസംവിധായകന്‍ ശ്യാമിനോടൊപ്പം ഇരുന്നു. ഒരു പാട്ട് ട്യൂണിനനുസരിച്ച് എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ സിനിമയില്‍ ഒരു നൃത്തഗാനം ഉണ്ടായിരുന്നു. അതിന് ശ്യാം ട്യൂണ്‍ ഇട്ടു. ഞാന്‍ എഴുതിക്കൊടുക്കുകയും ചെയ്തു. തുറക്കൂ മിഴി തുറക്കൂ എന്നാണ് അതിന്റെ തുടക്കം. ഞാവല്‍പ്പഴങ്ങള്‍ക്കുവേണ്ടിയാണ് ആദ്യം എഴുതിയതെങ്കിലും അതിനുശേഷം പാട്ടെഴുതിയ ലക്ഷ്മീവിജയമാണ് ആദ്യം പുറത്തുവന്നത്. കെ പി കുമാരനാണ് അതിന്റെ സംവിധായകന്‍. ഞാവല്‍പ്പഴങ്ങളിലെ കറുകറുത്തൊരു പെണ്ണാണ് എന്ന പാട്ട് മദ്രാസില്‍ ലാബില്‍ വെച്ച് കേട്ടിട്ടാണ് കെ പി കുമാരന്‍ എന്നെക്കുറിച്ച് അന്വേഷിച്ചത്. ലക്ഷ്മീവിജയത്തിലും ശ്യാം തന്നെയായിരുന്നു സംഗീതസംവിധായകന്‍. അതിലും ഒരു പാട്ട് ട്യൂണിട്ടതിനു ശേഷമാണ് എഴുതിയത്. വാണി ജയറാം പാടിയ നായകാ എന്നു തുടങ്ങുന്ന ഗാനം. രണ്ടു തരത്തിലും ഞാന്‍ എഴുതിയിട്ടുണ്ട്.
ദേവരാജന്‍ മാഷുമായുള്ള ബന്ധം എങ്ങനെയായിരുന്നു?
തുടര്‍ച്ചയായി കുറച്ചു സിനിമകള്‍ വന്ന കാലത്ത് ഞാന്‍ മദ്രാസില്‍ താമസിക്കുമ്പോഴാണ് വെള്ളം എന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതിയത്. ദേവരാജന്‍ മാഷാണ് സംഗീതസംവിധായകന്‍. ഒരു ദിവസം മാഷ് എന്നെ അദ്ദേഹത്തിന്റെ വീടിന്റെ മുകളിലെ നിലയിലുളള കംപോസിങ് റൂമിലേക്ക് വിളിച്ചു. ഒരു കാസറ്റ് പ്ളേ ചെയ്തിട്ട് താഴേക്കിറങ്ങിപ്പോയി. സൌരയൂഥപഥത്തിലെന്നോ എന്ന പാട്ട് ആറു തരത്തില്‍ ട്യൂണ്‍ ചെയ്തു വെച്ചിരിക്കുകയാണ്. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. മാഷ് തിരിച്ചു വന്നിട്ട് ഇതില്‍ ഏതാണ് ഇഷ്ടമായതെന്നു ചോദിച്ചു. ഞാന്‍ രണ്ടെണ്ണം തിരഞ്ഞെടുത്തു. അതിലൊന്നാണ് റെക്കോഡ് ചെയ്തത്. കാറില്‍ മാഷോടൊപ്പം സ്റുഡിയോയിലേക്ക് പോകുമ്പോള്‍ ഞാന്‍ പറഞ്ഞു: "മാഷേ, ഇപ്പോഴുള്ള ട്യൂണില്‍ മേഘദൂതിലെ മോഹം പൂവിലെ പൊന്‍പരാഗമായ് എന്ന വരിയില്‍ മേഘദൂതിലെ എന്ന വാക്കു കളിഞ്ഞാണ് മ്യൂസിക്കല്‍ കോമ വരുന്നത്. മോഹം എന്ന വാക്കു കഴിഞ്ഞിട്ടു മതി കോമ.''"എല്ലാം നേരത്തേ പറഞ്ഞേക്കണം. ടേപ്പില്‍ കേറിയാല്‍ പിന്നെ ഒന്നും മാറ്റാനൊക്കത്തില്ല'' എന്ന് മാഷ് പറഞ്ഞു. എന്നെപ്പോലെ തുടക്കക്കാരനായ ഒരു പാട്ടെഴുത്തുകാരന്‍ ദേവരാജന്‍ മാഷുടെ മുന്നില്‍ വെറും ശിശുവാണ്. എന്നിട്ടും എന്നോട് അഭിപ്രായം ചോദിക്കാനും അത് മാനിക്കാനും മാഷ് തയ്യാറായി. ഒരു ദിവസം മദ്രാസില്‍ വിജയന്‍ കരോട്ടിന്റെ വീട്ടിലിരുന്ന് ജിഞ്ചര്‍ബറീസ് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ദേവരാജന്‍ മാഷ് കാണണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്ന കാര്യം ഓര്‍ത്തത്. ഞാനാദ്യമായിട്ടാണ് ആ സാധനം കഴിക്കുന്നത്. അതുകൊണ്ട് അളവിനെക്കുറിച്ചൊന്നും ഓര്‍ത്തില്ല. അവിടെ നിന്ന് നടക്കാനുള്ള ദൂരമേയുള്ളു മാഷുടെ താമസസ്ഥലത്തേക്ക്. ഞാന്‍ നേരെ അങ്ങോട്ടേക്ക് ചെന്നു. അവിടെ ചെന്നപ്പോഴേക്കും തണുത്ത കാറ്റൊക്കെ അടിച്ച് നല്ല ഫിറ്റായിപ്പോയി. എന്നോട് ചില പുതിയ എഴുത്തുകാരെപ്പറ്റിയുള്ള അഭിപ്രായം ചോദിക്കാനൊക്കെയാണ് മാഷ് വിളിപ്പിക്കാറുള്ളത്. അന്ന് കയ്യിലുണ്ടായിരുന്ന ബീഡിയോ സിഗററ്റോ എന്തോ വലിച്ചുകൊണ്ട് ഞാന്‍ മാഷോട് ചോദിച്ചു: \\\"മാഷിനെപ്പറ്റി വളരെ മോശമായ അഭിപ്രായമാണ് ഞാന്‍ കേട്ടിട്ടുള്ളത്. സംഗീതമൊക്കെ ഗംഭീരമാണ്. പക്ഷേ ഡയറക്റ്ററെ വരെ പാട്ട് ട്യൂണ്‍ ചെയ്തിട്ട് റെക്കോഡിങ്ങിന് മുമ്പ് കേള്‍പ്പിക്കില്ല. സ്റുഡിയോയില്‍ വെച്ച് കേട്ടാല്‍ മതി എന്ന് പറയും. പുതിയ ആള്‍ക്കാരെ അടുപ്പിക്കില്ല. ഇതൊക്കെ ആളുകള്‍ പരദൂഷണം പറയുന്നതായിരിക്കും അല്ലേ?' മാഷ് പറഞ്ഞു:"കേട്ടതൊക്കെ മിക്കവാറും ശരിയാ. ഞാനേ, പറ്റാത്തവരാണെങ്കിലങ്ങു പുറത്ത് നിര്‍ത്തും. മുല്ലനേഴിയെ എനിക്കിഷ്ടമാ. കവിത ഇഷ്ടമാ. കവികളേയും ഇഷ്ടമാ. അതുകൊണ്ടാ, പട്ടച്ചാരായോം അടിച്ച് ഖുമു ഖുമാന്ന് എന്റെ മുഖത്തേക്ക് പുകേം വിട്ടോണ്ടിരിക്കുന്നത് സഹിച്ചോണ്ടിരിക്കുന്നത്.'' ഞാന്‍ വേഗം സിഗററ്റ് കുത്തിക്കെടുത്തി. ക്ഷമ പറഞ്ഞു. \\\"ങാ, വലിച്ചോ, വലിച്ചോ. നിനക്കു തന്നെയാ കേട്,'' എന്നായിരുന്നു മാഷിന്റെ പ്രതികരണം.
രവീന്ദ്രന്‍ മാസ്ററുടെ കൂടെയും കുറച്ച് നല്ല ഗാനങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ..
രവീന്ദ്രന്‍ മാഷുടെ കൂടെ സ്വര്‍ണ്ണപ്പക്ഷികള്‍, കയ്യും തലയും പുറത്തിടരുത് എന്നീ സിനിമകള്‍ക്കാണ് എഴുതിയത്. സ്വര്‍ണ്ണപ്പക്ഷികളിലെ പാട്ട് എഴുതിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് ട്യൂണിനനുസരിച്ച് എഴുതണമെന്ന് പറയുന്നത്. അവിടെയാണെങ്കില്‍ അത്യാവശ്യം ആള്‍ക്കൂട്ടവുമുണ്ട്. എന്നിട്ടും പുതിയ രണ്ട് പാട്ട് എഴുതി. സ്മൃതികള്‍ നിഴലുകള്‍, ദേവാംഗനേ നീ ഭൂമിയില്‍ എന്നീ പാട്ടുകള്‍. കിങ്ങിണിക്കൊമ്പ് എന്ന സിനിമയിലെ പാട്ടുകള്‍ ഞാന്‍ എഴുതിയതിന് ശേഷം അദ്ദേഹം ട്യൂണ്‍ ചെയ്തതാണ്. കയ്യും തലയും പുറത്തിടരുത് എന്ന സിനിമയിലെ ആകാശനീലിമ മിഴികളിലെഴുതും എന്ന പാട്ടിന്റെ ആദ്യത്തെ നാലു വരികള്‍ മാത്രം വരികളെഴുതി ട്യൂണ്‍ ചെയ്തു. ബാക്കി ഭാഗം അദ്ദേഹത്തിന്റെ ട്യൂണിനനുസരിച്ച് എഴുതി. പങ്കജ് ഹോട്ടലില്‍ രാത്രി വളരെ വൈകിയിരുന്നാണ് ആകാശത്തിരുമുറ്റത്തമ്പിളിപ്പൂ വിരിഞ്ഞു എന്ന പാട്ടിന്റെ ട്യൂണ്‍ അദ്ദേഹം ഇട്ടത്. അപ്പപ്പോള്‍ത്തന്നെ ഞാന്‍ വരികളും എഴുതി. സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ പാട്ടുകള്‍ ജെറി അമല്‍ദേവിന്റെ ട്യൂണിനനുസരിച്ച് എഴുതി. കണ്ണിന് പൊന്‍കണി എന്ന പാട്ടിന്റെ ട്യൂണിന് ഒരു ഹിന്ദി പാട്ടിന്റെ ഛായയുണ്ട്. എനിക്ക് ആദ്യവരി തോന്നാതെയിരുന്നപ്പോള്‍ സത്യന്‍ അന്തിക്കാടാണ് കണ്ണിന് പൊന്‍കണി എന്ന് തുടങ്ങിത്തന്നത്.
മാഷിന്റെ ഏറ്റവും പ്രധാനപ്പെട്ട കവിതകളിലൊന്നാണ് നാറാണത്ത് പ്രാന്തന്‍. ഏതു സാഹചര്യത്തിലാണ് ആ കവിത പിറന്നത്?
നമുക്ക് ചലനം വേണമെങ്കില്‍, പുരോഗതി വേണമെങ്കില്‍ സ്റാറ്റിക് ആയി നിന്നിട്ട് കാര്യമില്ലല്ലോ-ശാരീരികമായി മാത്രമല്ല, മാനസികമായിട്ടും. ചലനം മാത്രമാണ് ശാശ്വതം. ഭരണാധികാരി മാറിയതുകൊണ്ടു മാത്രം സമത്വസുന്ദരരാഷ്ട്രം വരില്ല. ഇന്ദിരാഗാന്ധിയെ മാറ്റി ഇ എം എസി നെ പ്രധാനമന്ത്രിയാക്കിയതു കൊണ്ടോ, അല്ലെങ്കില്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കിയതു കൊണ്ടോ വലിയ മാറ്റങ്ങളൊന്നും വരില്ല. ചില നേട്ടങ്ങള്‍ ഉണ്ടായേക്കാം. പാര്‍ലമെന്ററി രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞെന്നു വരാം. ഇക്കാര്യമൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് നാറാണത്തു ഭ്രാന്തന്റെയും മന്തുമാറ്റത്തിന്റെയും കാര്യം ഓര്‍മ്മ വന്നത്. ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതു കൊണ്ട് രോഗിക്ക് ഒരു വ്യത്യാസവും അനുഭവപ്പെടില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അതിന്റെ എല്ലാ ഗുണങ്ങളും മലയാളികള്‍ക്ക് കിട്ടിയിട്ടില്ല. ഇപ്പോള്‍ സി ആര്‍ നീലകണ്ഠന് നേരെ ഉണ്ടായ ആക്രമണമൊക്കെ കാണുമ്പോള്‍ ആത്മീയതയില്ലാത്ത മാര്‍ക്സിസത്തിന്റെ അപകടമാണ് ബോദ്ധ്യമാകുന്നത്. അര്‍പ്പണബോധമില്ലാത്തതിന്റെ പ്രശ്നമാണത്. ഡി വൈ എഫ് ഐ യിലെ 'ഡി' ഡെമോക്രസിക്കു വേണ്ടിയല്ലേ? 'ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി' എന്ന മട്ടിലുള്ള പ്രവര്‍ത്തനം തന്നെ മാര്‍ക്സിസത്തിനെതിരാണ്. മാര്‍ക്സിസത്തിനെതിരെ ചിന്തിക്കുന്ന ഒരു വിഭാഗം അതില്‍ വളര്‍ന്നു വരുന്നുണ്ടെന്നാണ് തോന്നുന്നത്. മാര്‍ക്സിസത്തെക്കുറിച്ച് ശരിയായ രീതിയില്‍ പഠിക്കാത്തതിന്റെ കുഴപ്പമാണതെന്ന് എനിക്കു തോന്നുന്നു.
എതിര്‍പ്പിന്റെ രാഷ്ട്രീയമാണ് മാഷിന്റെ പല കവിതകളുടെയും മുഖമുദ്ര..
എഴുപത്തഞ്ചിലോ എഴുപത്തിയാറിലോ മറ്റോ ഞാന്‍ വ്യഭിചാരികള്‍ എന്നൊരു കവിത എഴുതിയിട്ടുണ്ട്. രാമര്‍മ്മപുരം സ്കൂളില്‍ നിന്ന് ഒരു ദിവസം വൈകുന്നേരം വരുമ്പോള്‍ 'പട്ടണവേശ്യകളെ മൊട്ടയടിച്ചു' എന്നൊരു വാര്‍ത്ത ഈവനിങ് പത്രത്തില്‍കണ്ടു. അന്ന് ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സാകെ അസ്വസ്ഥമായി. ഈ സ്ത്രീകള്‍ വ്യഭിചാരികളായത് കാമദാഹം തീര്‍ക്കാനല്ല. കണ്ടമാനം കാശുണ്ടാക്കാനുമല്ല. ഒരു പക്ഷേ ഭര്‍ത്താവിന് മരുന്ന് വാങ്ങിക്കാനോ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാനോ ആയിരിക്കും അവര്‍ക്ക് കിട്ടുന്ന പണം ഉപയോഗിക്കുന്നത്. അതേ സമയം പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും ഇതൊക്കെ നടക്കുന്നുണ്ടാകും. കാമാസക്തി മനുഷ്യനും മൃഗങ്ങള്‍ക്കും ഉണ്ട്. പക്ഷേ മനുഷ്യനെപ്പോലെ കാമാസക്തി കൊണ്ട് ദുഷ്പ്രവൃത്തി ചെയ്യുന്ന മറ്റൊരു ജീവിയും ഉണ്ടാകില്ല. ഈ വാര്‍ത്ത വായിച്ച് വീട്ടിലെത്തിയിട്ട് ചായ കുടിക്കാന്‍ പോലും എനിക്ക് തോന്നിയില്ല. ഞാന്‍ ഒരു കുറിപ്പെഴുതി. കവിത എന്ന് അതിനെ വിളിക്കാമോ എന്നറിയില്ല.
തേക്കിന്‍കാട്ടിലെ
തെക്കേ ഗോപുരനടയില്‍
തേച്ചിട്ടും തേച്ചിട്ടും
തേമാനം വരാത്ത
നാക്കും നാഭിയുമുള്ള
നാലു യുവതികളുടെ തല
സ്വതന്ത്രഭാരതത്തിലെ നിയമപാലകര്‍
മുണ്ഡനം ചെയ്യിച്ചൂ പോലും;
മുണ്ഡനം ചെയ്താലും
മുടി വളരും
മുണ്ഡനം ചെയ്തത്
മുണ്ടഴിക്കാതിരിക്കാനാണത്രേ!
ഹ്ങും…….
മുണ്ടഴിക്കുന്നത്
മുടി കൊണ്ടാണല്ലോ!
മുറുക്കിയുടുത്ത മുണ്ട്
വിശന്നു വയറൊട്ടുമ്പോള്‍
താനേ……
അയഞ്ഞഴിയും.
ആളിക്കത്തുന്ന ജഠരാഗ്നിയിൽ
രാഗ്നിയില്‍
സദാചാരം
സദാ………..ചാരമാകും.
അപ്പോള്‍,
മുണ്ടഴിപ്പിക്കുന്നതാഹാരം,
മുണ്ഡനം ചെയ്യിക്കുന്നതാചാരം.
മുണ്ടഴിപ്പിക്കുന്നതും
മുണ്ഡനം ചെയ്യിപ്പിക്കുന്നതും
ഒറ്റത്തുറുകണ്ണനായ
ഒരാള്‍ തന്നെയാണെന്നറിയുമ്പോള്‍,
വ്യഭിചാരികളാരാണ്?
പട്ടിണി മാറ്റേണ്ട ഉത്തരവാദിത്വം ഞാനടക്കമുള്ള സമൂഹത്തിനാണ്. എന്റെ കൈ കഴുകിയിട്ടല്ല ഞാനിതു പറയുന്നത്. ഞാനടക്കമുള്ള സമൂഹമാണ് ഇവരെപ്പോലെയുള്ള പാവപ്പെട്ട സ്ത്രീകളെ വ്യഭിചാരത്തിലേക്ക് തള്ളിവിടുന്നത്. നമ്മളുള്‍പ്പെടുന്ന സമൂഹത്തിന്റെ ഭാഗമാണല്ലോ പൊലീസും. ആ പോലീസ് അവരെ ശിക്ഷിക്കുന്നു. അതാണ് അതിലെ വൈരുദ്ധ്യം. സത്യത്തില്‍ വ്യഭിചരിക്കുന്നത് നമ്മളാണ്. നമ്മുടെ തലകളാണ് മുണ്ഡനം ചെയ്യേണ്ടത്.
തലസ്ഥാനത്തുള്ളവരെല്ലാം തല, സ്ഥാനത്തുള്ളവരല്ല എന്നും മാഷ് എഴുതിയിട്ടുണ്ട്.
കുടുംബമാണെങ്കിലും, ഓഫീസാണെങ്കിലും, സ്കൂളാണെങ്കിലും, നാടാണെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയാണെങ്കിലും അതിന്റെ തലപ്പത്ത് ഒരാളുണ്ടാകുമല്ലോ. അവര്‍ക്കാണ് എല്ലാ കാര്യങ്ങളിലും പ്രാമുഖ്യം. കുടുംബമാണെങ്കില്‍ കുടുംബനാഥന്‍ ഉണ്ടാകും. ഇങ്ങനെ നാഥന്‍മാരായിരിക്കുന്നവര്‍ പൂര്‍ണ്ണമായും നാഥന്‍മാരായിരിക്കണം. ഞാനടക്കം പലര്‍ക്കും അത് കഴിയാറില്ല. തലസ്ഥാനം എന്നതു കൊണ്ട് തിരുവനന്തപുരം എന്നോ ഡല്‍ഹി എന്നോ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. അത് ഒരു വ്യവസ്ഥിതിയുടെ തലസ്ഥാനമാണ്. ചിലര്‍ വളരെ സമര്‍ത്ഥമായ സംസാരത്തിലൂടെയും മറ്റും തലപ്പത്തു വരാന്‍ ശ്രമിക്കാറുണ്ട്. എല്ലാ രംഗത്തും അതുണ്ട്. അങ്ങനെയാകാന്‍ കഴിയാത്തവര്‍ വല്ലാതെ ഒറ്റപ്പെടും. അതുകൊണ്ടാണ്
തലസ്ഥാനത്തുള്ളവരെല്ലാം
തല
സ്ഥാനത്തുള്ളവരല്ല
എന്നെഴുതിയത്.
അടിയന്തരാവസ്ഥയുടെ കാലത്ത് മാഷിന്റെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും എങ്ങനെയായിരുന്നു?
ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത ഒരു ഈവനിങ് പത്രത്തിലാണ് ആദ്യം വായിച്ചത്. ഇനി വിപ്ളവത്തിന്റെ ഗതിവേഗം കൂടും എന്നൊരു ധാരണ എനിക്കുണ്ടായി. കാരണം അറസ്റും ജയിലും ഭയക്കുന്ന ആളുകളൊക്കെ മിക്കവാറും പിന്നാക്കം പോകും. ആശയവ്യക്തതയുള്ള ആളുകളൊക്കെ മുന്നിട്ടു വരികയും ചെയ്യും. അങ്ങനെ തന്നെയാണ് സംഭവിച്ചതും. അടിയന്തരാവസ്ഥയോടുള്ള എന്റെ പ്രതികരണങ്ങള്‍ മിക്കവാറും കവിതയുടെ രൂപത്തിലായിരുന്നു. അതിലൊന്നാണ് ഏതുവഴി? എന്ന കവിത.
നാവു മുറിച്ചു കണ്ണും കാതുമൊക്കെയും
മൂടിയടച്ചുകെട്ടുന്നതില്‍ ഭേദമി-
ന്നാരാദ്ധ്യമാം മൃതിപ്പാതയില്‍ വീരരായ്
വീഴ്ക താനല്ലയോ
വീഴ്ച സത്യത്തിലുയരത്തിലേയ്ക്കുമെന്നല്ലയോ
ഇതു കൂടാതെ നാണക്കേട്, കരിങ്കല്‍ച്ചീളുകള്‍, അറുകൊല തുടങ്ങിയ കവിതകളും നോണ്‍സെന്‍സ് എന്ന പേരിലുള്ള ഒരു ലഘുനാടകവും എഴുതി. നോണ്‍സെന്‍സ് എന്ന നാടകം എഴുപത്തിയഞ്ചിലെ അദ്ധ്യാപകദിനത്തില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ്സിനെയും അടിയന്തരാവസ്ഥയില്‍ അവരെ പിന്തുണച്ചിരുന്ന സി പി ഐ യെയുമാണ് ആ നാടകത്തില്‍ പരിഹസിച്ചത്. എന്റെ ഒരു കവിത അക്കാലത്ത് സെന്‍സര്‍ ചെയ്തിരുന്നു. വാനരവീര്യം എന്നായിരുന്നു അതിന്റെ പേര്. (വാ)നരവീര്യം എന്നാണ് തലക്കെട്ടില്‍ എഴുതിയിരുന്നത്. ലങ്കയില്‍ രാവണസന്നിധിയിലെത്തിയ ഹനുമാന്‍ തന്റെ വാലുചുരുട്ടി ഇരിപ്പിടമാക്കി ഇരുന്ന് രാവണനോട് സംസാരിക്കുന്ന രൂപത്തിലാണ് ആ കവിത എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥ എന്നോ ഇരുപതിന പരിപാടി എന്നോ നേരിട്ട് അതില്‍ പരാമര്‍ശിക്കുന്നില്ല.
ഇരുപതു കരങ്ങളില്‍
ഇരുപതു തരങ്ങളില്‍
അതിനിശിതമായ്ക്കരുതുമസ്ത്രങ്ങളല്ലയോ
അവയൊക്കെ എയ്തൊടുവില്‍
നീ തന്നെയറിയുക
ഇവയൊക്കെയും വിഫലമല്ലോ
അടിയന്തരാവസ്ഥയ്ക്കു ശേഷം അത് പബ്ളിഷ് ചെയ്തു.
രാജന്‍ സംഭവത്തോട് തൃശ്ശൂരിലുള്ള പ്രമുഖരുടെ പ്രതികരണമെന്തായിരുന്നു?…
രാജന്‍ സംഭവത്തില്‍ തൃശ്ശൂരിലെ ഒരുപാടു പേര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. അനുഭാവപൂര്‍വ്വം സമീപിച്ചവരുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പല സംഭവങ്ങളിലും ഞാന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. രാജന്‍ സംഭവത്തില്‍ പ്രത്യേകിച്ചും. അടിയന്തരാവസ്ഥ പിന്‍വലിക്കുക, രാഷ്ട്രീയത്തടവുകാരെ മുഴുവന്‍ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശാഭിമാനി സ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രമേയം പാസ്സാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നാണ് ആ പ്രമേയത്തില്‍ ഒപ്പിട്ടത്. ഞാനന്ന് ജില്ലാ സെക്രട്ടറിയായിരുന്നു. പാര്‍ട്ടി മെമ്പറായിരുന്നില്ല. സ്റഡി സര്‍ക്കിളിനു മേല്‍ പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണമില്ല എന്നൊക്കെ പറയുമെങ്കിലും അത് മുഴുവനും ശരിയല്ല. പാര്‍ട്ടിയുടെയും ദേശാഭിമാനി പത്രത്തിന്റെയും പിന്തുണ അതിനുണ്ട്. പക്ഷേ മാര്‍ക്സിസ്റ് ആശയങ്ങളോട് വിയോജിപ്പുള്ളവരെയും ചര്‍ച്ചകളില്‍ വിളിച്ചു വരുത്തി അവരുടെ അഭിപ്രായം പറയാന്‍ അവസരമുണ്ടാക്കാറുണ്ടായിരുന്നു. ഇന്നത്തെപ്പോലെ നമ്മുടെ അഭിപ്രായങ്ങളോട് ആരെങ്കിലും വിയോജിപ്പു കാണിച്ചാല്‍ അവരെ തല്ലുന്ന പ്രവണത അന്നുണ്ടായിരുന്നില്ല.
വൈലോപ്പിള്ളി മാഷ് രാജന്‍ സംഭവത്തെക്കുറിച്ച് മൂന്നു നാല് കവിതകള്‍ എഴുതിയിട്ടുണ്ട്. വിഷുക്കണി എന്ന കവിതയാണ് അതിലൊന്ന്. അതില്‍ ഒരമ്മ മകന്റെ മൃതദേഹം കാണുന്നുണ്ട്. രാജന്റെ അമ്മയെ മനസ്സില്‍ കണ്ടുകൊണ്ടാണ് മാഷ് അതെഴുതിയിരിക്കുന്നത്. അതുപോലെ മിണ്ടുക, മഹാമുനേ എന്ന കവിത. കഴിഞ്ഞ ജ•ത്തില്‍ ബാല്യത്തില്‍ ഈച്ചകളെ മുള്ളില്‍ കോര്‍ത്തു രസിച്ചിട്ടുളള ഗൌതമമഹര്‍ഷിയെ രാജകിങ്കര•ാര്‍ കള്ളന്‍മാര്‍ക്കൊപ്പം പിടികൂടി ശൂലത്തില്‍ തറച്ചുകൊന്ന കഥയെ അവലംബിച്ചാണ് ആ കവിത എഴുതിയത്. കടല്‍ക്കരയില്‍ മൌനധ്യാനം നടത്തിയിരുന്ന ഗൌതമനെ മറയാക്കി കള്ളന്‍മാര്‍ അവിടെ എല്ലാ ദുഷ്പ്രവൃത്തികളും ചെയ്തിരുന്നു. ഒരു ചോദ്യത്തിനും ഉത്തരം പറയാതിരുന്നതുകൊണ്ടാണ് മഹര്‍ഷിയെ രാജകിങ്കര•ാര്‍ വധിച്ചത്. രാജന്‍ സംഭവം നടക്കുമ്പോള്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നല്ലോ. രാജനെ അറസ്റ് ചെയ്തിട്ടില്ലെന്ന് കരുണാകരന്‍ തറപ്പിച്ചു പറഞ്ഞു. അച്യുതമേനോനാകട്ടെ ഒന്നും അറിയില്ലെന്ന മട്ടില്‍ മിണ്ടാതിരുന്നു. അങ്ങെന്താണ് മിണ്ടാതിരിക്കുന്നത്? അങ്ങല്ലേ, ഇതിന്റെ സത്യം പറയേണ്ടത്? എന്നാണ് ആ കവിതയില്‍ ചോദിക്കുന്നത്. ഈ കവിത അച്യുതമേനോന്‍ വായിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അച്യുതമേനോന് തന്നോട് വിരോധമായിരിക്കുമെന്ന് ധരിച്ച് മാഷും, മാഷിന് തന്നോട് വിരോധമുണ്ടെന്ന് കരുതി അച്യുതമേനോനും റീജ്യണല്‍ തിയറ്ററില്‍ ഒരു മീറ്റിങ്ങില്‍ വച്ച് കണ്ടപ്പോള്‍ പരസ്പരം മിണ്ടാതിരുന്നിട്ടുണ്ട്. പിന്നീട് ഞാന്‍ അച്യുതമേനോനുമായി നല്ല അടുപ്പത്തിലായി. ഒരിക്കല്‍ ഞങ്ങളൊരു മീറ്റിങ്ങില്‍ ഒരുമിച്ച് പങ്കെടുത്തു. കാറില്‍ മീറ്റിങ്ങിന് പോകുമ്പോള്‍ ഞങ്ങള്‍ ഒരക്ഷരം പരസ്പരം മിണ്ടിയില്ല. അന്ന് ഞാന്‍ നാലു ചെറിയ കവിതകളാണ് അവിടെ ചൊല്ലിയത്. കാറില്‍ തിരിച്ചു വരുമ്പോള്‍ ആ കവിതകളെക്കുറിച്ച് അച്യുതമേനോന്‍ വിശദമായി സംസാരിച്ചു. അപ്പോഴാണ് അദ്ദേഹത്തിന്റെ സാഹിത്യാസ്വാദനവൈദഗ്ധ്യം എനിക്ക് ബോദ്ധ്യപ്പെട്ടത്. പിന്നീട് ഇടയ്ക്കിടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. പല കാര്യങ്ങളും സംസാരിക്കും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു: "മേനോനെതിരെ ഒരുപാട് മുദ്രാവാക്യം വിളിച്ചിട്ടുള്ളയാളാണ് ഞാന്‍.'' പാര്‍ട്ടി പൊളിറ്റിക്സില്‍ അതൊക്കെ സാധാരണമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാഷുടെ സാന്നിദ്ധ്യം എങ്ങനെയായിരുന്നു.
പരിഷത്തില്‍ ഞാന്‍ ഒരിക്കലും മെമ്പര്‍ഷിപ്പ് എടുത്തിരുന്നില്ല. അതില്‍ അംഗമാകാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരുപാട് സ്വഭാവദൂഷ്യങ്ങള്‍ എനിക്കുണ്ടെന്ന് സ്വയം ബോദ്ധ്യമുണ്ടായിരുന്നു. അതു കൊണ്ട് പരിഷത്തിന്റെ ഒരു നല്ല സുഹൃത്തായിരുന്നു ഞാന്‍. സ്ഥിരമായി നേതാക്കളില്ലാത്ത ഒരു സംഘടനയാണത്. അത് നല്ല രീതിയാണ്. ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ ഒരേ വ്യക്തി തുടരുന്നത് ശരിയായ രീതിയല്ല. ഒരു സ്ഥാനത്തിരുന്നാല്‍ മരിക്കുന്നതു വരെ അതില്‍ തുടരുന്ന രീതിയാണ് പലയിടത്തും. ഇപ്പോള്‍ കുറച്ച് മാറ്റങ്ങള്‍ വന്നു തുടങ്ങിയുട്ടുണ്ടെന്ന് തോന്നുന്നു. അതില്‍ നിന്ന് ഒരു വ്യത്യാസം കണ്ടിട്ടുള്ള ആദ്യ സംഘടന പരിഷത്താണ്. ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന് എന്ന അതിന്റെ മുദ്രാവാക്യത്തോടും മറ്റ് പല പ്രവര്‍ത്തനങ്ങളോടും എനിക്ക് ആദരവാണുള്ളത്. ഞാന്‍ പരിഷത്തിന്റെ ക്ളാസ്സുകളില്‍ പോകുമ്പോള്‍ ചിലര്‍ ചോദിക്കും: \"മുല്ലനേഴി മലയാളം മാഷല്ലേ? എങ്ങനെയാ ശാസ്ത്ര ക്ളാസ്സില്‍ വരുന്നത്?\'\' പ്യുവര്‍ സയന്‍സ് മാത്രമല്ല ശാസ്ത്രം. മലയാളത്തിലും ശാസ്ത്രമുണ്ട്. ഭാഷാശാസ്ത്രം, വ്യാകരണശാസ്ത്രം, കവിതാശാസ്ത്രം, മന;ശാസ്ത്രം അങ്ങനെ പലതും. ഏതായാലും ഇടക്കാലത്ത് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. അത് ഈ നാലാം ലോകത്തിന്റെയോ മറ്റോ പ്രശ്നം കൊണ്ടായിരിക്കാം. അതിനെക്കുറിച്ച് അഭിപ്രായം പറയാനുളള അറിവ് എനിക്കില്ല. എം പി പരമേശ്വരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയൊക്കെ ഉണ്ടായി. എണ്‍പതുകളിലൊക്കെ മാര്‍ക്സിസ്റ് പാര്‍ട്ടി മാത്രമല്ല, കോണ്‍ഗ്രസ്സും മറ്റു സംഘടനകളുമൊക്കെ പരിഷത്തിനെ നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് എന്തുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതെന്ന് എനിക്കറിഞ്ഞുകൂടാ.
പരിഷത്തിന് വേണ്ടി മാഷ് കുറേ നാടകങ്ങളും എഴുതിയിട്ടുണ്ടല്ലോ? സമതലം എന്ന നാടകസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിഷത്താണ്.
അവര്‍ക്കുവേണ്ടി എഴുതിയ നാടകങ്ങളും അതിലുണ്ട്. ശവം എന്ന നാടകമൊക്കെ അക്കൂട്ടത്തിലുള്ളതാണ്. ജാതിക്കും മതത്തിനും പാര്‍ട്ടിക്കും അതീതനാണ് മനുഷ്യന്‍ എന്നാണ് അതില്‍ പറയുന്നത്.
നിങ്ങളിലുണ്ടാ വലിയ മനുഷ്യന്‍
ഞങ്ങളിലുണ്ടാ വലിയ മനുഷ്യന്‍
നമ്മളിലുണ്ടാ വലിയ മനുഷ്യന്‍
തരിയിലും തരിയായ തരിയിലും
മലയിലും മലയായ മലയിലും
കടലിലും കരയിലും
പൂവിലും പുഴുവിലും
ഒടുവിലാ വിണ്ണിന്റെ
നിറുകയില്‍ക്കൂടിയും
പറപറന്നെത്തും മനുഷ്യന്‍
വലിയ മനുഷ്യന്‍
എന്ന് പറഞ്ഞുകൊണ്ടാണ് ആ നാടകം അവസാനിക്കുന്നത്. പരിഷത്തിന്റെ ചിഹ്നം തന്നെ അതാണല്ലോ-വിശ്വമാനവന്‍. വിശ്വമാനവന്‍ എന്ന വളരെ ഉദാത്തമായ സങ്കല്‍പ്പത്തിലേക്ക് ഉയരാന്‍ കഴിയുന്ന മനസ്സുകളുള്ള വ്യക്തികള്‍ ആ സംഘടനയില്‍ എത്രയുണ്ടെന്നതിനനുസരിച്ചിരിക്കും അതിന്റെ പ്രവര്‍ത്തനവിജയം.
ഇടത്തോട്ടു തിരിഞ്ഞപ്പോ-
ളിടതന്നെന്നു നേര്‍വിളി
വലത്തോട്ടു തിരിഞ്ഞപ്പോള്‍
വലതന്നെന്നു പോര്‍വിളി
ഇടത്തോട്ടും വലത്തോട്ടും
ആടിയാടിച്ചരിക്കവേ
തലയെന്റെ മനസ്സിന്റെ
തണലില്ത്താനുറങ്ങയാംസ്വസ്തി എന്ന കവിതയില്‍ കാണുന്ന ഈ പ്രതിസന്ധി എന്താണ്?
എന്റെ കവിതയില്‍ എന്റെ പ്രതിസന്ധി മാത്രമല്ല ഉള്ളത്. വ്യക്തികളെ താത്കാലികമായി മുദ്രകുത്തുന്ന ഒരു രീതി നമ്മുടെ സമൂഹത്തിലുണ്ട്. സമൂഹം വ്യക്തികളെ വിലയിരുത്തുന്ന രീതിയാണത്. അവനവന്റ തലയെ മറ്റൊന്നിന്റെ നിഴലായിട്ട് കാണേണ്ട കാര്യമില്ല. കവിമനസ്സ് എന്ന് പറയുന്നതു തന്നെ വേറിട്ടുനില്‍ക്കുന്നതാണല്ലോ. കവി മാത്രമല്ല എല്ലാ മനുഷ്യരും വ്യത്യസ്തമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളേണ്ടവരാണ്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നമുക്ക് പല റോളുകളുണ്ട്. വ്യക്തിപരമായിട്ട് നോക്കുമ്പോഴുമുണ്ട് പല ഭാവങ്ങള്‍. എന്റെ പിന്‍വിളി എന്നൊരു പ്രസിദ്ധീകരിക്കാത്ത കവിതയുണ്ട്. നാട് വിട്ട് ബോംബെ പോലെ ഒരന്യനഗരത്തില്‍ ജോലിക്ക് പോയ ഒരാളുടെ അനുഭവം എന്ന നിലയ്ക്കാണ് അത് എഴുതിയിട്ടുള്ളത്. അവിടെ വ്യവസായവത്കരണവും മറ്റുമാണ് അയാളെ ഭരിക്കുന്നത്. ഗ്രാമം അയാളെ തിരിച്ചുവിളിക്കുന്നുണ്ട്.
ചെമ്മണ്ണിന്‍ പാതനീളുന്നോരെന്റെ ഗ്രാമം വിളിക്കയാം
മറന്നുപോയോ നീയെന്നെ?
മകനേ നീ മടങ്ങുക
ഒരോര്‍മ്മത്തെറ്റു പോലീ വന്‍ നഗരത്തിന്റെ മാറില്‍ ഞാന്‍
മയങ്ങീ, മോചനത്തിന്റെ മാര്‍ഗ്ഗമെന്നേയടഞ്ഞുപോയ്
അന്യനഗരങ്ങളില്‍ ചെന്ന് താമസിക്കുന്നവര്‍ക്ക് സ്വന്തം നാട്ടിലെ ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ കൂടുതല്‍ പ്രിയപ്പെട്ടതാകും. ഇവിടെ ഒല്ലൂരില്‍ ഞാന്‍ സ്ഥിരം കാണുന്ന ഒരാളുണ്ട്. ഇവിടെ വച്ച് കാണുമ്പോള്‍ ഒന്നും മിണ്ടാറില്ല. ഏതോ സിനിമയുടെ കാര്യവുമായി ബന്ധപ്പെട്ട് മദ്രാസില്‍ ചെന്നപ്പോള്‍ അയാളെ അവിടെ വച്ച് കണ്ടുമുട്ടി. അയാള്‍ എന്തോ ബിസിനസ് കാര്യത്തിന് വന്നതാണ്. കണ്ടയുടന്‍ അയാള്‍ ചോദിച്ചു: \"എന്താ തിരുമേനി ഇവിടെ?'' ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ചു. അയാള്‍ എന്നിട്ട് കൂട്ടുകാരനോട് പറഞ്ഞു: \"എന്റെ നാട്ടുകാരനാണേയ്''. ഇവിടെ വച്ച് കാണിക്കാത്ത അടുപ്പം അന്യനാട്ടില്‍ വെച്ച് ഉണ്ടാകുന്നു. അത് മനുഷ്യന്റെ മറ്റൊരു ഭാവമാണ്. ഞാന്‍ പൊതുപ്രവര്‍ത്തനവും പാര്‍ട്ടിപ്രവര്‍ത്തനവുമൊക്കെ നടത്തി, പല കാര്യങ്ങളിലും ഇടപെട്ട് തിരിച്ചെത്തി വീടിന്റെ പടി ചവിട്ടുമ്പോഴാണ് കുടുംബത്തിന്റെ കാര്യം ഓര്‍മ്മ വരുന്നത്. അവിടെ അമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടിയുണ്ട്, ഒരനിയത്തിയുണ്ട്. അവര്‍ പലപ്പോഴും അരി വെച്ചിട്ടുണ്ടാവില്ല. ഞാന്‍ എന്റെ ഭക്ഷണം കഴിഞ്ഞു എന്ന് കള്ളം പറയും. അവിടെയും എനിക്കൊരു വേഷമുണ്ട്. അമ്മയുടെ മുന്നില്‍ മകനാണ്, ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവാണ്, മകന്റെ മുന്നില്‍ അച്ഛനാണ്, അയല്‍പക്കക്കാരന് മുന്നില്‍ അയല്‍വാസിയാണ്.
എന്റെ ശത്രു എന്ന കവിതയില്‍
അധികാരം കൊയ്തിട്ടും കൊതിതീരാ-
തതിസ്വാര്‍ത്ഥപ്പാടങ്ങള്‍ കൊയ്യുമ്പോള്‍
തവളയില്ലെങ്കിലും തവളക്കണ്ണന്‍മാര്‍ തന്‍
തറുതലയില്ലെല്ലാമൊതുക്കുന്നു.
എന്നു പറയുന്നുണ്ടല്ലോ..
തവളക്കണ്ണന്‍ എന്നൊരു നല്ലയിനം വിത്തുണ്ടായിരുന്നു. ആ വിത്തിനെക്കുറിച്ച് മാത്രമല്ല പറയുന്നത്. തവളയുടെ തുറിച്ചുനോക്കുന്ന കണ്ണുണ്ട്. വിവരമില്ലാത്തവരുടെ തറുതല പറച്ചിലാണ് തവളക്കണ്ണ•ാരുടെ തറുതല. കാണേണ്ട കാര്യങ്ങള്‍ നമ്മള്‍ കാണുന്നില്ല. കണ്ടാല്‍ത്തന്നെ വേണ്ട വിധത്തില്‍ പ്രതികരിക്കുന്നില്ല. ഞാനടക്കം പലരും അങ്ങനെയാണ്. എന്റെ ലോകം എന്ന കവിതയില്‍ ഞാനെഴുതിയിട്ടുണ്ട്:
ചത്തുജീവിക്കുന്ന കാലമേ നിന്നെ ഞാന്‍
കേറ്റി നിര്‍ത്തുന്നു പ്രതിക്കൂട്ടില്‍
ഒന്നാംപ്രതിയായി;
ഞാനും വരുന്നു രണ്ടാമനായ് വേണ്ടതു-
വേണ്ടനേരത്തു ചെയ്യാത്ത കുറ്റം സ്വയ-
മേറ്റുപറഞ്ഞതിന്‍ ശിക്ഷവാങ്ങാന്‍ സഖേ!
പൊയ്പ്പോയ കാലം തിരിച്ചുവരില്ലിനി.
പറയേണ്ടതു പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ വലിയ അപകടമാണ്. അതിന്റെ പരിണതഫലമാണ് ഇന്നത്തെ മനുഷ്യന്റെ അവസ്ഥ. എന്റെ ശത്രുവില്‍
മുലയെന്നു പറയുമ്പോള്‍ തെറിയെന്നു കരുതുന്ന
തലമുറയാണെന്റെ ശത്രു
എന്നെഴുതിയിട്ടുണ്ട്. അമ്മയുടെ അമ്മിഞ്ഞപ്പാല്‍ കുടിക്കുമ്പോഴും, പിന്നീട് പുരുഷനായി മാറി സ്ത്രീയുടെ മുലയെ കാണുമ്പോഴും ഉള്ള വ്യത്യാസം. അതാണ്
ഒളിവിലൊരു നഗ്നമാം മുല കാണുവാന്‍ കൊതി-
ച്ചമരുമെന്‍ മനമാണെന്‍ ശത്രു
എന്ന് ആ കവിതയുടെ അവസാനം എഴുതാന്‍ കാരണം. നമ്മുടെ ബന്ധുവും നമ്മുടെ ശത്രുവും നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ട്. പക്ഷേ ഈ ശത്രുവിനെ നമ്മള്‍ ഒരിക്കലും അംഗീകരിക്കില്ല. നമ്മള്‍ എല്ലാം തികഞ്ഞവരാണെന്നും മറ്റുള്ളവര്‍ക്കാണ് കുഴപ്പമെന്നും ചിന്തിക്കും.
ചരമകോളം എന്ന കവിതയില്‍
പേ പിടിച്ചൊരീ ലോകത്തില്‍ നിന്നിതാ
പേടിയോടെ പിന്‍വാങ്ങുകയാണു ഞാന്‍
സര്‍വ്വതും വെന്തെരിക്കുന്ന കാട്ടുതീ
സംഹരിക്കുന്നു സ്വപ്നങ്ങള്‍ കൂടിയുംഎന്നെഴുതുമ്പോള് മാഷ് ഒരു മോഹഭംഗത്തിലകപ്പെട്ടതുപോലെ തോന്നും. അങ്ങനെയാണെങ്കില്‍ അത് പൊളിറ്റിക്കല്‍ ആണോ?
പൊളിറ്റിക്കല്‍ മാത്രമല്ല, ആ മോഹഭംഗം. തൊട്ടുതൊട്ടിരിക്കേണ്ട ആളുകള്‍ ശത്രുക്കളെപ്പോലെ പെരുമാറുമ്പോഴാണ് ഇത് പേ പിടിച്ച ലോകമായി മാറുന്നത്. 'മനുഷ്യന്‍ എത്ര സുന്ദരമായ പദം' എന്ന് ഒരലങ്കാരത്തിനു വേണ്ടി പാടി നടന്നിട്ട് കാര്യമില്ല.
നേരറിയുന്നു സുന്ദരനല്ല
പാരിലുള്ള മനുഷ്യന്‍, ഈ ഞാനും
എന്നും ആ കവിതയിലുണ്ട്. ബാഹ്യമായ സൌന്ദര്യമല്ല ഉദ്ദേശിച്ചത്. \'മനുഷ്യന്‍ എത്ര സുന്ദരമായ പദം\' എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്ന സൌന്ദര്യം. ആ സൌന്ദര്യമുള്ള മനുഷ്യരെയല്ല ഇന്ന് നമ്മള്‍ കണ്ടുമുട്ടുന്നത്. സ്വാര്‍ത്ഥതയും കാപട്യവുമുള്ള മനുഷ്യന്‍ സുന്ദരനല്ല.
വിദ്യാഭ്യാസത്തിന്റെയും വിദ്യാലയത്തിന്റെയും പശ്ചാത്തലത്തില്‍ ചില കവിതകള്‍ എഴുതിയിട്ടുണ്ടല്ലോ. ഉദാഹരണത്തിന് എന്നും ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടി എന്ന കവിത.
ആ കവിത ഒരു വിദ്യാലയകവിത മാത്രമല്ലെന്ന് ലീലാവതി ടീച്ചര്‍ എഴുതിയിട്ടുണ്ട്.
വാത്സല്യം വടിനീട്ടാതെ
വായ തുറക്കാറില്ലുണ്ണി
അവനറിവിന്‍ കലവറ പക്ഷേ
\'അന്നാളും മുന്നാളും\'
എന്ന് പറയുന്നുണ്ടല്ലോ. അടി കൊണ്ടാലേ ചിലര്‍ എന്തെങ്കിലും പറയൂ. ഈ കവിതയിലെ കുട്ടി നിശ്ശബ്ദനാണ്. മൂന്നാം മണി മുട്ടിയാലും അവന്‍ പതിവായി ക്ളാസ് അറ്റന്‍ഡ് ചെയ്യും. പക്ഷേ വായ തുറക്കില്ല. ഒരടിമയായി നില്‍ക്കുകയാണ്. ചായക്കടയിലിരുന്ന് പത്രം വായിക്കുന്നവര്‍ ആന്ധ്രയില്‍ കൊടുങ്കാറ്റ്, അല്ലെങ്കില്‍ ബംഗാളില്‍ വെള്ളപ്പൊക്കം എന്നൊക്കെയുള്ള ദുരന്ത വാര്‍ത്തകള്‍ വെറുതെയങ്ങു വായിച്ചുപോകും. ഇപ്പോള്‍ കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ് എന്ന വാര്‍ത്ത വായിക്കുമ്പോഴും കിനാലൂരിലല്ലേ, ഒല്ലൂരിലല്ലല്ലോ എന്ന് വിചാരിച്ചിരിക്കും. മനുഷ്യന്റെ പൊതുസ്വഭാവമാണത്. സ്വന്തം ജീവിതത്തെ ബാധിക്കുമ്പോഴാണ് നമുക്ക് ഏതു ദുരന്തത്തിന്റെയും തീക്ഷ്ണത ബോദ്ധ്യപ്പെടുന്നത്. അതുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികളെ ലോകമെങ്ങുമുള്ള തൊഴിലാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. \'ചിക്കാഗോ തെരുവീഥികളില്‍ വെള്ളക്കൊടിയുടെ വെള്ളനിറം ചോരകൊടുത്തു ചുവപ്പിച്ച\' എന്നാണ് മുദ്രാവാക്യം. ചോരകൊടുത്തു ചുവപ്പിച്ചു എന്ന് പറഞ്ഞാല്‍ വെടിയേറ്റ തൊഴിലാളികളുടെ ചോര വീണു ചുവന്നു എന്നാണര്‍ത്ഥം. ഒരിക്കല്‍ ഒരു നാട്ടിന്‍പുറത്ത് പുരോഗമനചിന്താഗതിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ പങ്കെടുക്കുന്ന ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ പോയി. അവരോട് ഞാന്‍ ചോദിച്ചു: "ആദ്യകാലത്ത് തൊഴിലാളികളുടെ കൊടിയുടെ നിറം എന്തായിരുന്നു?'' ഒരു സംശയവും കൂടാതെ അവര്‍ ചുവപ്പ് എന്ന് മറുപടി പറഞ്ഞു. അല്ല, അത് വെള്ളയായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. കാരണം ലോകത്തെവിടെയും, അക്കാലത്ത് വിശേഷിച്ചും, ഏറ്റവും സമാധാനപ്രിയരായ മനുഷ്യര്‍ തൊഴിലാളികളായിരുന്നു. ഇന്നും അതങ്ങനെയാണ്. ഇപ്പോഴും പണാധിപത്യത്തിനും മാഫിയകള്‍ക്കും എതിരെ ചിന്തിക്കുന്നത് മനുഷ്യസ്നേഹികളായ ആളുകളല്ലേ?
മാഷ് വെറും ഒരദ്ധ്യാപകനായിരുന്നില്ലല്ലോ. നിരവധി മേഖലകളില്‍ ഒരേ സമയം വ്യാപരിച്ചിരുന്ന ഒരാള്‍ അദ്ധ്യാപകനാകുമ്പോള്‍ അതിനൊരു സവിശേഷതയില്ലേ?
പാഠപുസ്തകം അപ്പാടെ പഠിപ്പിച്ചു കൊടുക്കുക മാത്രമല്ല, അദ്ധ്യാപകന്റെ കടമ. പാഠപുസ്തകം ഒരു മീഡിയം മാത്രമാണ്. ടെക്സ്റ് ബുക്കുകളിലൂടെ, അതിലെ അക്ഷരങ്ങള്‍ക്കപ്പുറത്തേക്ക് വിദ്യാര്‍ത്ഥിയുടെ മനസ്സിന് കടന്നു ചെല്ലാനുള്ള അവസരമുണ്ടാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞാന്‍ അങ്ങനെയാണ് ചെയ്യാറുള്ളത്. പഠിപ്പിച്ച കുട്ടികള്‍ പിന്നീട് എന്റെ ക്ളാസ്സിനെക്കുറിച്ച് നല്ല അഭിപ്രായം പറയാറുണ്ട്. നല്ല അനുഭവം തന്നെയാണത്. ഇപ്പോഴും എനിക്ക് വൈലോപ്പിള്ളി മാഷിന്റെ ക്ളാസ്സുകളൊക്കെ നല്ല ഓര്‍മ്മയാണ്.
ദീര്‍ഘകാലം ഭാഷാദ്ധ്യാപകനായിരുന്നല്ലോ. ഇന്ന് മാദ്ധ്യമങ്ങള്‍, വിശേഷിച്ചും ദൃശ്യമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയുടെ സ്വാധീനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
മാദ്ധ്യമങ്ങള്‍ കൊണ്ടുവരുന്ന ഭാഷയെക്കുറിച്ച് മനസ്സിലാക്കാന്‍ പഴയ ഭാഷാശൈലി ശീലിച്ചവര്‍ ശ്രമിക്കണം. പുതിയ വ്യവഹാരഭാഷകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. അങ്ങനെ ചെയ്യാത്തവരാണ് അവരവര്‍ ശീലിച്ചതില്‍ത്തന്നെ പിടിച്ചുനില്‍ക്കുക. മീശ വയ്ക്കുന്നവരെയും മുടി ക്രോപ്പ് ചെയ്യുന്നവരെയും പഴമക്കാര്‍ വിമര്‍ശിച്ചിട്ടുണ്ട്. എല്ലാക്കാര്യത്തിലും അതാണ് സംഭവിക്കുന്നത്. കാലികമായി എല്ലാത്തിലും, മനുഷ്യവികാരങ്ങളില്‍പ്പോലും, മാറ്റം വരുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. പണ്ടുണ്ടായിരുന്ന കുടുംബജീവിത രീതി ഇപ്പോള്‍ മാറിയില്ലേ? അണുകുടുംബങ്ങള്‍ വന്നപ്പോള്‍ മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ അമിതമായി ഉത്കണ്ഠപ്പെടുന്നവരായി. പണ്ട് അങ്ങനെയായിരുന്നില്ലല്ലോ. ഇതില്‍ ഒന്ന് ശരി എന്നും മറ്റൊന്ന് തെറ്റ് എന്നും പറയാന്‍ പറ്റില്ല. നാലപ്പാടന്റെ രതിസാമ്രാജ്യം എന്ന പുസ്തകത്തില്‍ ലോകത്തിലെ ഓരോ ഗോത്രങ്ങളിലും സ്ത്രീപുരുഷ ബന്ധത്തില്‍ നിലനില്‍ക്കുന്ന വൈജാത്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കുന്ന ആചാരം നിലനില്‍ക്കുന്ന സ്ഥലങ്ങളുണ്ട്. അതു നമുക്ക് സ്വീകാര്യമല്ലല്ലോ. കാലത്തിനൊത്ത് നമ്മള്‍ മാറുക എന്നത് ഭാഷ അടക്കം ഏതു കാര്യത്തിലും ആവശ്യമാണ്.
മാഷ് പല മേഖലകളിലും പ്രവര്‍ത്തിച്ചു. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ?
ഞാന്‍ കവിത കുറേ എഴുതി. പാട്ട് എഴുതേണ്ട സമയത്ത് പാട്ടെഴുതി. പരിഷത്തിന്റെയും സാക്ഷരതാപ്രവര്‍ത്തനങ്ങളുടെയും കൂടെ നിന്നു. ഏറ്റവും താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് വലിയൊരു സാദ്ധ്യതയായിട്ട് എനിക്ക് തോന്നി. സാക്ഷരതാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ എഴുതിയ നേരമൊട്ടും വൈകിയില്ല എന്നുതുടങ്ങുന്ന പാട്ടുമായി ബന്ധപ്പെട്ട രണ്ട് നല്ല അനുഭവങ്ങളുണ്ട്. ഒരിക്കല്‍ കരിവെള്ളൂര്‍ മുരളിയുടെ വീട്ടില്‍ പോകാനിടയായി. അവിടെനിന്ന് വൈകുന്നേരം ഒരാളെ കാണാന്‍ വേണ്ടി ഞാനും മുരളിയും നടന്നുപോകുകയായിരുന്നു. മറ്റൊരു വീടിന്റെ മുന്നിലൂടെയാണ് നടക്കുന്നത്. ഇറയത്തിരുന്ന ഒരു വയസ്സായ സ്ത്രീ എഴുന്നേറ്റ് "ആരാ മുരളീ കൂടെയുള്ളത്?'' എന്നു ചോദിച്ചു. "തൃശ്ശൂരുള്ള ഒരു കവിയാണ്, മുല്ലനേഴി,'' മുരളി പറഞ്ഞു. "നേരമൊട്ടും വൈകിയില്ല എന്ന പാട്ടെഴുതിയ ആളാണ്'' എന്നു മുരളി കൂട്ടിച്ചേര്‍ത്തു. നേരമൊട്ടും വൈകിയില്ല എന്ന പാട്ടിനെക്കുറിച്ചു കേട്ടപ്പോള്‍ അവരുടെ മുഖം ഒരു പൂ വിരിയുന്നതുപോലെ പ്രകാശിച്ചു. അവര്‍ സാക്ഷരതാ ക്ളാസ്സില്‍ പോകുന്നുണ്ടായിരുന്നു. പുതുതായി അക്ഷരം പഠിച്ച ഒരാളുടെ സംതൃപ്തിയുണ്ടായിരുന്നു ആ പുഞ്ചിരിയില്‍. വലിയ ധന്യത ഉണ്ടാക്കിയ നിമിഷമാണത്. ഇതുപോലെ തിരുവനന്തപുരത്ത് കഠിനംകുളം എന്ന സ്ഥലത്ത് ഒരു സാക്ഷരതാക്ളാസ്സില്‍ പോകാനിടയായി. ചകിരിത്തൊഴിലാളികളായ പത്തിരുപത് സ്ത്രീകളാണ് പഠിതാക്കള്‍. ജഗജീവന്‍ എന്ന സുഹൃത്ത് എന്നെക്കൊണ്ട് രണ്ട് കവിത ചൊല്ലിച്ചു. അതിനുശേഷം ഈ സ്ത്രീകളോട് അവര്‍ പഠിച്ച എന്തെങ്കിലും പാടാന്‍ പറഞ്ഞു. ഗാന്ധിജി ഇരിക്കുമ്പോലെ നിലത്ത് പടിഞ്ഞിരുന്ന് ചകിരിയുടെ പരുപരുപ്പുള്ള ശബ്ദത്തില്‍ അവര്‍ ഒരുമിച്ചു പാടി:
നേരമൊട്ടും വൈകിയില്ല
കൂട്ടുകാരേ പോരൂ, കൂട്ടുകാരേ പോരൂ
പേരെഴുതാം വായിക്കാം
ലോകവിവരം നേടാം, ലോകവിവരം നേടാം.
ജഗജീവന്‍ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: "ഈ പാട്ടെഴുതിയത് ദാ ഈ ഇരിക്കുന്ന താടിക്കാരനാണ്.'' ഇതു പറഞ്ഞതോടെ ഈ സ്ത്രീകള്‍ ഒരുമിച്ച് ഒരു സ്വിച്ചിട്ടതുപോലെ എഴുന്നേറ്റ് എന്റെ നേരെ കൈകൂപ്പി. എനിക്ക് സന്തോഷത്തോടൊപ്പം വലിയ ഉത്തരവാദിത്വബോധം കൂടിയുണ്ടായി. ഇവര്‍ക്ക് ഇത്രയും കൊടുത്താല്‍ പോരല്ലോ. ഈ നാലു വരി ചൊല്ലാന്‍ കഴിഞ്ഞപ്പോള്‍ ഈ പാവപ്പെട്ട മനുഷ്യര്‍ എത്രമാത്രം സംതൃപ്തിയും ധന്യതയും അനുഭവിക്കുന്നു. നമ്മള്‍ അവര്‍ക്ക് ആഹാരം കൊടുക്കുന്നത് പോലെ പ്രധാനമാണ് അക്ഷരം കൊടുക്കുന്നതും.
എന്തുകൊണ്ടാണ് പിന്നീട് സാക്ഷരതാപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ഉണ്ടാകാതിരുന്നത്?
യഥാര്‍ത്ഥത്തില്‍ താത്പര്യമില്ലാത്തവരും ഈ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതുകൊണ്ടാകാം.
നീലകണ്ഠന്‍ എന്ന് സ്വന്തം പേരില്‍ തന്നെ ഒരു കവിതയുണ്ടല്ലോ. സ്വന്തം മുദ്ര പതിപ്പിച്ച കവിത. എത്രത്തോളം വ്യക്തിപരമാണത്?
നിന്റെ പിടുത്തം മുറുകിയാല്‍ പക്ഷേ, യെന്‍
കണ്ഠം വെറും നീലകണ്ഠമായ് മാറിടാം
എങ്കിലും നീയുമീ ഞാനുമൊന്നാകയാല്‍
ചങ്കെരിഞ്ഞുള്ളൊരീ മൃത്യുവത്രേ സുഖം.
എന്നാണെഴുതിയിരിക്കുന്നത്.
ശിവന്റെ പര്യായമാണ് നീലകണ്ഠന്‍. ശിവന്‍ കാളകൂടവിഷം കുടിക്കുമ്പോള്‍ പാര്‍വ്വതി വന്ന് അദ്ദേഹത്തിന്റെ കഴുത്തിന് പിടിക്കുന്ന രംഗമുണ്ട്. നമ്മള്‍ ജീവിതത്തില്‍ ചില നിമിഷങ്ങളിലെങ്കിലും ലോകന•യ്ക്കു വേണ്ടി അനിവാര്യമായ ചില കഷ്ടതകള്‍ സഹിക്കേണ്ടി വരും. ആ കഷ്ടതയാണ് ഇവിടെ പറയുന്ന വിഷം. വേണമെങ്കില്‍ അനുഭവിക്കാതിരിക്കാം. താത്കാലികമായ സുഖം കിട്ടിയെന്നും വരാം. പക്ഷേ അതുകൊണ്ട് കാര്യമില്ല. ചില ക്ളേശങ്ങള്‍ അനുഭവിച്ചേ മതിയാകൂ.
മലയാളകവിതയില്‍ മാഷ് എവിടെയാണ് സ്വയം പ്രതിഷ്ഠിക്കുന്നത്?
എന്റേത് റിവിഷനിസ്റ് സൌന്ദര്യശാസ്ത്രമാണെന്നോ വിപ്ളവസൌന്ദര്യശാസ്ത്രമാണെന്നോ ഞാനൊരിക്കലും അവകാശപ്പെട്ടിട്ടില്ല. ലോകം മാറിക്കണ്ടാല്‍ കൊള്ളാം, അസമത്വം മാറിക്കണ്ടാല്‍ കൊള്ളാം എന്നുള്ള മോഹം മാത്രമേയുള്ളു.
സൌരപ്രപഞ്ചമാം താമരപ്പൂവിലെ
സൌരഭ്യമല്ലയോ മര്‍ത്യന്‍
മര്‍ത്യരായ് മന്നില്‍ പിറന്നവരൊക്കെയും
മര്‍ത്യരാകുന്നില്ല കഷ്ടം
എന്ന് ഞാനെഴുതിയിട്ടുണ്ട്. അധികാരത്തിനോടും അമിതലാഭത്തിനോടും ആഗ്രഹം തോന്നിത്തുടങ്ങിയാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതെയാകും.
ജീവിതത്തോട് പരമാവധി സത്യസന്ധത കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നൂറു ശതമാനം എന്ന് ഞാന്‍ പറയുന്നില്ല. നല്ല കവിയാണെന്നും അവകാശപ്പെടുന്നില്ല. തോന്നിയ കാര്യങ്ങള്‍ പരമാവധി ഭംഗിയായി എഴുതി എന്നു മാത്രം. റെക്കോഡിങ്ങിനു മുമ്പ് സിനിമാപ്പാട്ടെഴുതിത്തീര്‍ക്കുന്നതു പോലെ എങ്ങനെയും എഴുതണം എന്ന മനോഭാവത്തോടെ കവിത എഴുതിയിട്ടില്ല. ഞാന്‍ എഴുതുന്നത് ഒരിക്കലും പൂര്‍ണ്ണമായിട്ടുമില്ല.

6 comments:
Aadaraanjalikal. Nalla varikalumaayi veendum piravi kolluka.
"ee puzhayum sandhyakalum" cholli maranjupoya priyapette muthashshanu....
bhramanyavum communisvum oru nanayathinte randu vashangalayi kanda mahanaya viplava karikku adaranjalikal........
സുദീർഘവും ഈടുറ്റതും...
സുദീർഘവും ഈടുറ്റതും...
മാഷിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു ...... നന്ദി
വളരെ നല്ല അഭിമുഖം
Post a Comment