Saturday, March 12, 2011

അനഘസങ്കല്‍പ ഗായികേ




ഗൃഹാതുരതയുടെ മഹാനദിയില്‍ ഒഴുകിനടക്കുകയാണ് ഇഷ്ടഗാനങ്ങള്‍. അതില്‍ മലയാളത്തിലെയും ഹിന്ദിയിലെയും തമിഴിലെയും സിനിമാപ്പാട്ടുകളും ലളിതഗാനങ്ങളും കുറച്ച് ഇംഗ്ളീഷ് ഗാനങ്ങളും ഉണ്ടാകും. ജീവിതത്തിന്റെ ഓരോ വളവുകളിലും നാല്‍ക്കവലകളിലും വെച്ച് പുതിയ പുതിയ പാട്ടുകള്‍ കണ്ടെത്തുന്നു; അവയില്‍ ചിലതെങ്കിലും പതുക്കെപ്പതുക്കെ കൂടെ ക്കൂടുന്നു. കഴിഞ്ഞ രാത്രിയില്‍ മൊണാലിസ എന്നൊരു ബ്രിട്ടീഷ് സിനിമ കാണാനിടയായി. അതില്‍ കേട്ട ഒരു ഗാനമാണ് ഏറ്റവും പുതിയ ക്രേസ്.
Do you smile to tempt a lover, Mona Lisa?
Or is this your way to hide a broken heart?
Many dreams have been brought to your doorstep
They just lie there and they die there
Are you warm, are you real, Mona Lisa?
Or just a cold and lonely lovely work of art?

താമസമെന്തേ വരുവാന്‍, ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍, അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍, എന്റെ സ്വപ്നത്തിന്‍, അപാരസുന്ദരനീലാകാശം, സ്വര്‍ഗ്ഗപുത്രീ, ചന്ദ്രകിരണം ചാലിച്ചെടുത്തൊരു, മഞ്ഞണിപ്പൂനിലാവില്‍, നഗരം നഗരം, ശരദിന്ദു മലര്‍ദീപനാളം നീട്ടി, ശ്യാമസുന്ദരപുഷ്പമേ, പൊന്‍വെയില്‍ മണിക്കച്ച, മുരളീഗാനത്തിന്‍ കല്ലോലിനീ, ശ്രാന്തമംബരം, അനുരാഗഗാനം പോലെ, നിന്‍മണിയറയിലെ, രാവുപോയതറിയാതെ,…ഹിമശൈലസൈകത, ഹിമവാഹിനീ, നാഥാ നീ വരും, നീലജലാശയത്തില്‍, തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട്…..ഒരു വലിയ പട്ടികയാണത്. തീര്‍ച്ചയായും ഈ ഗാനങ്ങള്‍ കൌമാരത്തിന്റെ ലഹരികളാണ്. ഇഷ്ടഗാനങ്ങളെ മുഴുവന്‍ ജീവിതത്തിന്റെ ദശാസന്ധികളുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധിപ്പിച്ചുനിര്‍ത്താം. ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേള എന്ന പാട്ടു കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് ഞങ്ങള്‍ താമസിച്ചിരുന്ന ചെറിയ വാടകവീട്ടിലെ നാല്‍പ്പതു വാട്ട് ബള്‍ബിന്റെ വെട്ടം നിറഞ്ഞ രാത്രി ഓര്‍മ്മ വരും. നഗരം നഗരം മഹാസാഗരം എന്ന പാട്ടിലെ പാരാവാരത്തിരയില്‍ എന്നുടെ പവിഴദ്വീപ് തകര്‍ന്നാലോ എന്ന വരികള്‍ കലാലയഭിത്തിയില്‍ ആരോ വരച്ചിട്ട നിറമിഴികളുടെ ഓര്‍മ്മയാണ്.
ഓരോ പാട്ടും ആദ്യശ്രവണത്തില്‍ സൃഷ്ടിച്ച ദൃശ്യബിംബങ്ങള്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറാതെ നില്‍ക്കുകയാണ്. ചില പ്രഭാതങ്ങള്‍, നട്ടുച്ചകള്‍, സന്ധ്യകള്‍, അശാന്തമായ രാത്രികള്‍, മുഖങ്ങള്‍, സ്ഥലങ്ങള്‍, ഗന്ധങ്ങള്‍... ഒന്നിനും മാറ്റമില്ല.
കുട്ടിക്കാലം മുതല്‍ റേഡിയോയിലൂടെ കേട്ടിട്ടുള്ള പല ഗാനങ്ങളുടെയും ചിത്രീകരണം എങ്ങനെയാണെന്ന് കാണുന്നത് കേബിള്‍ ടി വി കള്‍ സജീവമായ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിലാണ്. ചില ഗാനങ്ങള്‍ കണ്ടപ്പോള്‍ സന്തോഷിച്ചു. ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ എന്ന പാട്ടിന്റെയൊക്കെ ചിത്രീകരണം കണ്ടപ്പോള്‍ സങ്കടവും വന്നു. സങ്കല്‍പ്പദൃശ്യങ്ങളാണ് പാട്ടുകളെ യഥാര്‍ത്ഥത്തില്‍ അനശ്വരമാക്കുന്നത്. അഭയത്തിലെയും നഗരമേ നന്ദിയിലെയും പാട്ടുകളുടെ ചിത്രീകരണം ഇനിയൊരിക്കലും നമ്മള്‍ കാണില്ല എന്ന സത്യം ആ സിനിമകളുടെ നിര്‍മ്മാതാവ് ശോഭന പരമേശ്വരന്‍ നായര്‍ തന്നെയാണ് പറഞ്ഞത്. മലയാളസിനിമ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്ക് മാറിയ കാലഘട്ടത്തില്‍ മദിരാശിയിലെ ഒരു ലാബിന്റെ ചായ്പ്പില്‍ കിടന്ന് പല നെഗറ്റീവുകള്‍ക്കുമൊപ്പം ഈ സിനിമകളും നശിച്ചുപോയത്രേ. സിനിമ ഒരിക്കലും കളറിലാകരുതെന്നും സിനിമയുടെ സൌന്ദര്യം ബ്ളാക്ക് ആന്‍ഡ് വൈറ്റിലാണെന്നും പി എന്‍ മേനോന്‍ പറഞ്ഞത് ശരിയാണെന്ന് ചില  പഴയ സിനിമകളിലെ രംഗങ്ങള്‍ (എല്ലാ ഭാഷകളിലെയും) കാണുമ്പോള്‍ തോന്നാറുണ്ട്. ഗുരുദത്തിന്റെ സിനിമകള്‍ ഓര്‍ക്കുക. നമ്മുടെ സ്വന്തം ഭാര്‍ഗ്ഗവീനിലയം. പിന്നെ, ഹംഫ്രി ബൊഗാര്‍ട്ടും ഇന്‍ഗ്രിഡ് ബര്‍ഗ്മാനും നിറഞ്ഞാടിയ കാസാബ്ളാങ്ക. ബ്ളാക്ക് ആന്‍ഡ് വൈറ്റിലായാലും കളറിലായാലും പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചു വെച്ചു നീരാടുന്ന മഞ്ഞണിപ്പൂനിലാവ് ഇപ്പോഴും സങ്കല്‍പത്തിലുണ്ട്. ഭാസ്കരന്‍മാഷിനും കെ രാഘവനും നന്ദി. വെയിലും മഴയും മഞ്ഞുമേറ്റ നെഗറ്റീവുകളെപ്പോലെ ആ നിലാവ് മാഞ്ഞുപോകാതിരിക്കട്ടെ.
തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതകാലത്താണ് ഹിന്ദി ഗാനങ്ങളെ അടുത്തറിഞ്ഞത്. അവിടെ പലയിടങ്ങളിലും മാറിമാറിത്താമസിച്ചിട്ടുണ്ട്. ഇടുങ്ങിയ തെരുവുകളിലൂടെ സ്വന്തം മുറിയിലേക്കുള്ള മടക്കയാത്രകള്‍ക്കിടയില്‍ അക്കാലത്തെ അസഹ്യമായ ചില പുതിയ ഹിന്ദി ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം മനോഹരമായ ചില ഗാനങ്ങളും ഒഴുകിവരും. ഏക് അകേലാ ഇസ് ശഹര് മേ, മേരാ കുഛ് സാമാന്‍ തുമാരേ പാസ് പഡാ ഹേ, തുഛ്സേ നാരാസ് നഹി സിന്ദഗി, ദില്‍ ഠൂണ്‍താ ഹേ ഫിര്‍ വൊഹീ..….…..ഉമ്രാവ് ജാന്‍, ബാസാര്‍, മുഗള്‍ ഇ അസം, അര്‍ത്ഥ്, സില്‍സില, അഭിമാന്‍, ഘര്‍...ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായ എത്രയോ നല്ല സിനിമകള്‍..…ഹിന്ദി ഗാനങ്ങളോട് ഇഷ്ടം വളര്‍ത്തിയതിന് സഹധര്‍മ്മിണിയോടാണ് കടപ്പാട്. അത്രയ്ക്കു നല്ല ഒരു കളക്ഷന്‍ അവളുണ്ടാക്കിയിരുന്നു. അല്ലെങ്കില്‍ ഗീതാ ദത്തിനെപ്പോലെ ഒരു പാട്ടുകാരിയെക്കുറിച്ച് അത്ര നേരത്തേ അറിയുമായിരുന്നില്ല. കാഗസ് കേ ഫൂലിലെ വക്ത് നേ കിയാ ക്യാ ഹസീ സിതം എന്ന ഒറ്റ ഗാനം കൊണ്ടുതന്നെ ഗീതാ ദത്ത് ഹൃദയത്തില്‍ ഇരിപ്പുറപ്പിച്ചിരുന്നു.
നമ്മുടെ സ്വന്തം യേശുദാസ് ആലപിച്ച അതിമനോഹരങ്ങളായ കുറെ ഹിന്ദി ഗാനങ്ങളെയും ഓര്‍മ്മിക്കാതെ വയ്യ. ഏറ്റവും പ്രിയപ്പെട്ടത് ചിത് ചോര്‍ എന്ന സിനിമയിലെ ജബ് ദീപ് ജലേ ആനാ തന്നെ. രണ്ടാം സ്ഥാനത്ത് സുനയ്നാ എന്ന പാട്ടും ഉണ്ട്.
ഇന്‍ഡ്യന്‍ അല്ലാത്ത പാട്ടുകളില്‍ ബോണിയെം ഹിറ്റുകള്‍ തന്നെ പ്രിയം. ഏറ്റവും ഇഷ്ടം ഓഷ്യന്‍സ് ഓഫ് ഫാന്റസി എന്ന ആല്‍ബത്തിലെ ലഹ ഹൌലേ ആണ്. എല്യൂറ്റെറിയോ സാഞ്ചെസ് റോഡ്റിഗ്സ് എന്ന നിരക്ഷരനായ സ്പാനിഷ് ജയില്‍പ്പുള്ളി പ്രശസ്തനായ എഴുത്തുകാരനായതിന്റെ യഥാര്‍ത്ഥകഥയാണത്.  ഇന്റര്‍നെറ്റ് യുഗത്തിന് നന്ദി. കുറച്ചു മുമ്പുകൂടി ആ പാട്ട് യു ട്യൂബില്‍ കണ്ടു.
He had only seen the dark side of life
The man they called el lute
And he wanted a home just like you and like me
In a country where all would be free
And then freedom really came to his land
And also to el lute
And now he walks in the light of a sunny new day
The man they called el lute

എങ്ങനെയാണ് പാട്ടുകളോട് കമ്പം കയറിയതെന്നറിയില്ല. ഒട്ടും ശരിയാകുന്നില്ലെങ്കിലും റേഡിയോയ്ക്കൊപ്പം പാടിക്കൊണ്ടേയിരുന്നു. യേശുദാസും, ജയചന്ദ്രനും, സുശീലയും ആ പെട്ടിയുടെ അപ്പുറത്തുണ്ടെന്ന് ഉറച്ചു വിശ്വസിച്ചു. തുഞ്ചന്‍പറമ്പിലെ തത്തേ എന്ന് ദേവരാജന്‍ മാസ്റര്‍ ലയിച്ചുപാടുന്നത് കേട്ട് ഉണര്‍ന്ന പ്രഭാതങ്ങള്‍. ഉച്ചയ്ക്ക് മൂന്നു മണിക്കോ മറ്റോ ശ്രീലങ്കാ പ്രക്ഷേപണ നിലയത്തില്‍ നിന്ന് കടലലകളില്‍ ആടിയുലഞ്ഞിട്ടെന്ന പോലെ ഉയര്‍ന്നും താഴ്ന്നും കേട്ടിരുന്ന മലയാളഗാനങ്ങള്‍. അവതാരകരായി തമിഴ് ചുവയ്ക്കുന്ന മലയാളത്തില്‍ സരോജിനി ശിവലിംഗവും എന്‍ കരുണാകരനും.  റേഡിയോയ്ക്കൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ദിവസങ്ങള്‍.
ഏതാണ് ഏറ്റവും പ്രിയപ്പെട്ട ഗാനമെന്ന് ഓര്‍ത്തു നോക്കുമ്പോള്‍ എല്‍ പി സ്കൂള്‍ പഠനകാലത്തെ ഒരു സന്ധ്യാനേരവും ഒരു ക്ഷേത്രനടയും ഓര്‍മ്മ വരുന്നു. അവിടെ ഇടയ്ക്ക കൊട്ടി സോപാനം പാടുന്ന നന്നേ മെലിഞ്ഞ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പ്രദക്ഷിണം വെച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ ഇമ്പമുള്ള ഒരീണം മൂളിക്കൊണ്ട് അരമതിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. വരികള്‍ വ്യക്തമായില്ലെങ്കിലും ഈണം തികച്ചും വശ്യമായിരുന്നു. മാറിനിന്ന് കാതോര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നു രാത്രി റേഡിയോയില്‍ ആ പാട്ട് കേട്ടു.
അനഘസങ്കല്‍പ ഗായികേ മാനസ
മണിവിപഞ്ചികാ വാദിനീ നിന്നുടെ
മൃദു കരാംഗുല സ്പര്‍ശനാലിംഗന
മദലഹരിയിലെന്റെ കിനാവുകള്‍
ഭാസ്കരന്‍ മാസ്റര്‍ ദേവരാജനുമായി ചേരുമ്പോള്‍ സംഭവിക്കാറുള്ള അത്ഭുതങ്ങളിലൊന്ന്. പാടുന്നതോ സാക്ഷാല്‍ യേശുദാസ്. ഭരതന്‍ സംവിധാനം ചെയ്ത അണിയറ എന്ന സിനിമയിലെ പാട്ടാണ്. അന്നു മുതല്‍ ആ മദലഹരി എന്നെ പിന്തുടര്‍ന്നു. കൌമാരത്തിലെത്തിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തിന്റെ സെക്സിനെസ്സ് (മറ്റൊരു വാക്കും പറയാനില്ല) കൂടുതല്‍ അനുഭവിച്ചു.
സമയതീരത്തില്‍ ബന്ധനമില്ലാതെ
മരണസാഗരം പൂകുന്ന നാള്‍ വരെ
ഒരു മദാലസ നിര്‍വൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനായ്..
ഭാസ്ക്കരന്‍ മാസ്ററുടെ സ്ഥിരം ശൈലിയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന വരികള്‍. വളരെക്കുറച്ച് സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ദേവരാജന്‍ ഒരുക്കിയ അനിര്‍വചനീയമായ റൊമാന്റിക് അന്തരീക്ഷം. ഈ പാട്ട് നന്നായൊന്ന് പാടിയിട്ട് മരിച്ചാലും വിരോധമില്ലെന്ന് തോന്നിപ്പോയി. ഒരു വ്യക്തിപരമായ ഇഷ്ടം പോലെ ഈ പാട്ട് കൊണ്ടു നടന്നു ഒരുപാടു കാലം. പക്ഷേ ആരുടെ മുന്നിലും പാടാന്‍ ധൈര്യം വന്നില്ല. കോളജില്‍ പരസ്യമായി കവിത ചൊല്ലലേയുള്ളു. പാട്ടില്ല. അങ്ങനെയിരിക്കേ പ്രീവിയസ് എം എ ക്ളാസ്സിലെ സഹപാഠികളായ ഹോസ്റല്‍ അന്തേവാസിനികള്‍ അവരുടെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് ലേഡീസ് ഹോസ്റലിലേക്ക് ക്ഷണിച്ചു. സന്ധ്യാസമയം. ഓപ്പണ്‍ എയര്‍ സ്റേജ്. പെട്ടെന്ന് ക്ളാസ്മേറ്റുകളില്‍ ഒരാള്‍ മൈക്കിലൂടെ എന്നെ പേരു വിളിച്ച് സ്റേജിലേക്ക് ക്ഷണിക്കുന്നു. ഒരു കവിത ചൊല്ലും എന്ന് പ്രഖ്യാപിക്കുന്നു. ചതി! വന്‍ ചതി! എന്നോട് നേരത്തേ പറഞ്ഞിട്ടില്ല. എന്നിട്ടും കയറി. എന്തോ, അന്ന് ഒരു പാട്ട് പാടാനാണ് തോന്നിയത്. അങ്ങനെ ജീവിതത്തിലാദ്യമായി ഈ പാട്ട് പാടി. അധികമാരും കേള്‍ക്കാത്ത പാട്ടായതുകൊണ്ടായിരിക്കാം അത് സ്വീകരിക്കപ്പെട്ടു എന്നു തോന്നുന്നു. പാട്ട് പാടലും ജീവിതത്തിന്റെ ഭാഗമായി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ക്യാമ്പസില്‍ വെച്ച് ലേഡീസ് ഹോസ്റലിലെ അന്തേവാസിനിയായിരുന്ന വെളുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി ഈ പാട്ടിന്റെ വരികള്‍ ചോദിച്ചു. അത് ഒരു സൌഹൃദത്തിന്റെ തുടക്കമായി. ഇന്ന് അവള്‍ ജീവിതത്തിലും എന്റെ കൂടെയുണ്ട്. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഒരു മോഹഭംഗത്തിന്റെ കടല്‍ക്കയത്തില്‍ നിന്ന് പുസ്തകങ്ങളുടെ വന്യമായ ആവേശത്തിലേക്ക് സ്വയം എടുത്തെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു ഇതൊക്കെ സംഭവിച്ചത്. ഓര്‍ത്തുനോക്കുമ്പോള്‍ അനഘസങ്കല്‍പ ഗായികേ എന്ന പാട്ട് ആത്മവിശ്വാസവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പിന്നീട് എത്രയോ സുഹൃദ് സദസ്സുകളില്‍, ലഹരിയില്‍ നിറഞ്ഞും അല്ലാതെയും, അനഘസങ്കല്‍പഗായിക മണിവിപഞ്ചിക വായിച്ചു.
ഈയിടെ വീണ്ടും ആത്മവിശ്വാസം തകര്‍ത്തെറിഞ്ഞ ഒരു സംഭവം ജീവിതത്തിലുണ്ടായി. പെനാല്‍റ്റി കിക്ക് നേരിടുന്ന ഗോളിയുടെ നിസ്സഹായാവസ്ഥ തന്നെ. ഗോള്‍ പോസ്റ് കാക്കാന്‍ കഴിഞ്ഞില്ല. ഗ്യാലറികള്‍ ആര്‍ത്തിരമ്പുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, അപ്പോഴും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ഹോസ്റല്‍ സന്ധ്യ ഞാന്‍ ഓര്‍ത്തു. അതിനും എത്രയോ മുമ്പുള്ള ആ ക്ഷേത്രസന്ധ്യയും. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ചിലപ്പോള്‍ ഓര്‍മ്മകള്‍ മതിയാകും. അത്തരം നിസ്സഹായാവസ്ഥകളില്‍ ഞാനെപ്പോഴും അറിയാതെ എന്റെ ഇഷ്ടഗാനം മൂളാന്‍ ശ്രമിക്കാറുണ്ട്...
അനഘസങ്കല്‍പ ഗായികേ……..



No comments: