Tuesday, March 29, 2011

കരയുന്നത് പരാജയത്തിന്റെ ലക്ഷണം

അഭിമുഖം
ഭാഗ്യലക്ഷ്മി/കെ ബി വേണു


കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ ജീവിക്കുന്ന അദൃശ്യമായ ശബ്ദസാന്നിദ്ധ്യമാണ് ഭാഗ്യലക്ഷ്മി. നമ്മുടെ പല സ്വപ്നനായികമാരും ഭാഗ്യലക്ഷ്മിയുടെ ഭാവതീക്ഷ്ണമായ സ്വരസൌഭഗത്തിന്റെ തലോടല്‍ കൊണ്ട് കൂടുതല്‍ സുന്ദരികളായി. കാല്‍പനികതയും, ഭക്തിയും, കരുണയും, കോപവും, ശൃംഗാരവും, കാമവും, ശോകവും കലര്‍ത്തി തിയറ്ററുകളെ സജീവമാക്കി നിര്‍ത്തിയ ശബ്ദമാണത്. മണിച്ചിത്രത്താഴിട്ടു പൂട്ടിയ വാതിലിനപ്പുറം നിന്ന്
സൈക്യാട്രിസ്ററ് സണ്ണിയെ വെല്ലുവിളിച്ചത് നാഗവല്ലിയല്ല, ഭാഗ്യലക്ഷ്മിയായിരുന്നു എന്ന് ഓര്‍ക്കുക. നായികമാര്‍ അദൃശ്യരായിരിക്കുമ്പോഴും ഭാഗ്യലക്ഷ്മിയെപ്പോലുള്ള ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ തിരശ്ശീലകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ പേര് ക്രെഡിറ്റ് ലൈനില്‍ എഴുതിച്ചേര്‍ക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അവര്‍ക്ക് പൊതുസമൂഹത്തില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാന്‍ പ്രയത്നിച്ച ഭാഗ്യലക്ഷ്മിക്ക് മലയാളികളോട് ചിലത് പറയാനുണ്ട്. ജീവിതം എന്ന ഒറ്റയാള്‍ പോരാട്ടത്തെക്കുറിച്ച്.
ബാല്യം തൊട്ടുള്ള ഓര്‍മ്മകളില്‍ നിന്ന് ഭാഗ്യലക്ഷ്മി തുടങ്ങുന്നു…..
 നല്ല കേള്‍വിക്കാരാകാം നമുക്ക്.

വളരെ ചെറിയ പ്രായത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഏതാണ്ട് പത്തുവയസ്സ് പ്രായമുള്ളപ്പോള്‍. സിനിമയോട് ഭ്രമം തോന്നിയിട്ടോ എന്നെ അഭിനയിപ്പിക്കയണമെന്ന് അച്ഛനോ അമ്മയ്ക്കോ ആഗ്രഹം തോന്നിയിട്ടോ അല്ല സിനിമയില്‍ വന്നത്. എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴേ അച്ഛന്‍ നഷ്ടപ്പെട്ടു. അമ്മയും എന്നേക്കാള്‍ മൂത്ത ഒരു സഹോദരനും സഹോദരിയുമാണ് എനിക്കുണ്ടായിരുന്നത്. ശരിക്കും ഞങ്ങള്‍ അഞ്ചു മക്കളുണ്ടായിരുന്നു. രണ്ടു കുട്ടികള്‍ നേരത്തേ മരിച്ചുപോയി. സാമ്പത്തികമായി തീരെ ബുദ്ധിമുട്ടിയിരുന്നെങ്കിലും വലിയ അഭിമാനബോധമുള്ള, ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നാഗ്രഹിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു അമ്മയെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അച്ഛനെ അമ്മ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് വല്യമ്മമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛന്റെ മരണം അമ്മയ്ക്ക് താങ്ങാന്‍ പറ്റാത്ത വേദനയാണ് നല്‍കിയത്. അച്ഛന്റെ മരണശേഷം ആരോടും പറയാതെ അമ്മ ചില കാര്യങ്ങള്‍ സ്വയം ചെയ്തു. എന്നെ കോഴിക്കോട്ടുള്ള ഒരനാഥാശ്രമത്തില്‍ കൊണ്ടുചെന്നാക്കി. എനിക്കന്ന് നാല് വയസ്സു പ്രായമുണ്ട്. ചേട്ടനും ചേച്ചിയും നേരത്തേ തന്നെ അവിടെയുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. അമ്മ അവരെ രണ്ടുപേരെയും പരിചയപ്പെടുത്തി തരികയായിരുന്നു. കൂറേ വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ട് അവിടെ. കഷ്ടിച്ച് മൂന്നു വര്‍ഷമേ അവിടെ നില്‍ക്കേണ്ടി വന്നുള്ളൂ.
ചേച്ചിയുമായി എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?
ചേച്ചിയും ഞാനും തമ്മില്‍ ഏകദേശം പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട്. ചേട്ടനും ഞാനും തമ്മില്‍ അഞ്ചോ ആറോ വയസ്സിന്റെ വ്യത്യാസമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ എന്നാണ് ചേട്ടന്റെ പേര്. ചേച്ചിയുടെ പേര് ഇന്ദിര. കുട്ടിക്കാലത്ത് സ്നേഹമെന്താണെന്ന് എനിക്ക് മനസ്സിലാക്കിത്തരാന്‍ ആര്‍ക്കും സമയമില്ലായിരുന്നു. ചേട്ടനും ചേച്ചിയും ഉണ്ടായിരുന്നിട്ടും ഞാന്‍ തികച്ചും അനാഥയായിരുന്നു. അമ്മ എന്നെ അവിടെ കൊണ്ടാക്കിയിട്ട് പോയി. അമ്മയ്ക്ക് ടെലിഫോണ്‍സില്‍ എന്തോ ജോലിയായിരുന്നെന്ന് കേട്ടറിവു മാത്രമേ എനിക്കുള്ളൂ.

അച്ഛന് എന്തായിരുന്നു ജോലി?
എനിക്കറിയില്ല.
അച്ഛനെ കണ്ടിട്ടില്ല?
ഇല്ല. പേര് കുമാരന്‍ നായര്‍ എന്നാണ്. ഫോട്ടോ കണ്ടിട്ടുണ്ട്. അച്ഛനെക്കുറിച്ച് അമ്മ അധികം പറഞ്ഞിട്ടില്ല. "പൂവാട്ടെ കുമാരന്‍ നായരുടെ പുത്രി'' എന്ന് എന്റെ ജാതകത്തില്‍ എഴുതിയിട്ടുണ്ട്. അങ്ങനെയാണ് അച്ഛന്റെ തറവാട്ട് പേര് പൂവാട്ടെ എന്നാണെന്ന് മനസ്സിലാക്കിയത്. കോഴിക്കോട് ഭാഗത്താണത്. ഷൊര്‍ണ്ണൂര് കുലുക്കല്ലൂരിനടുത്ത് മപ്പാട്ടുകര എന്നു പറയുന്ന സ്ഥലത്ത് കുറുപ്പത്തെ വീട് ആണ് അമ്മയുടെ തറവാട്. ഭാര്‍ഗ്ഗവി എന്നാണ് അമ്മയുടെ പേര്.
എങ്ങനെയാണ് അച്ഛന്‍ മരിച്ചത്?
അതും അറിയില്ല. ഇതൊക്കെ ചോദിച്ചറിയാനുള്ള പ്രായം എനിക്കാകുന്നതിനു മുമ്പ് അമ്മ മരിച്ചുപോയി. എനിക്ക് അന്ന് പതിനൊന്ന് വയസ്സുണ്ട്. കോഴിപ്പുറത്ത് മാധവമേനോന്റെ ഭാര്യ കുട്ടിമാളു അമ്മയും മകള്‍ ലക്ഷ്മി മേനോനും ആയിരുന്നു അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അവരാണ് അമ്മയെ കുറച്ചൊക്കെ നോക്കിയിരുന്നത്. അവരുടെയൊക്കെ ഇടപെടല്‍ കൊണ്ടാണ് ഞങ്ങളെ ബാലമന്ദിരത്തില്‍ ചേര്‍ത്തത്. അഞ്ചാം ക്ളാസ് വരെ ഞാനവിടെ പഠിച്ചു. പിന്നെ വല്യമ്മ ഇടപെട്ടു. "ഞങ്ങളൊക്കെ ജീവിച്ചിരിക്കുമ്പോള്‍ കുട്ടികളെ അനാഥാലയത്തിലൊന്നും ആക്കേണ്ട' എന്നായിരുന്നു വല്യമ്മയുടെ നിലപാട്.  മൂത്ത ചേച്ചിയെ ചെറിയമ്മ കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയി. എന്നെയും ചേട്ടനെയും വല്യമ്മ മദ്രാസിലേയ്ക്ക് കൊണ്ടുപോയി. അമ്മ കുട്ടിമാളു അമ്മയുടെ കൂടെ ഡല്‍ഹിക്കും പോയി. എപ്പോഴും വയ്യാത്ത, രോഗിയായ അമ്മയാണ് എന്റെ ഓര്‍മ്മയിലുള്ളത്. എന്താണസുഖമെന്നൊന്നും അന്ന് എനിക്കറിയില്ലായിരുന്നു.
തുടര്‍ന്നുള്ള സ്കൂള്‍ വിദ്യാഭ്യാസമൊക്കെ?മദ്രാസ്സില്‍ സെയ്താപ്പേട്ടിലായിരുന്നു ജീവിതം. ഞങ്ങളെ രണ്ടുപേരെയും അവിടെ സ്കൂളില്‍ ചേര്‍ത്തു. അക്കാലത്തൊക്കെ ഒരുപാട് ദാരിദ്യ്രം അനുഭവിച്ചിട്ടുണ്ട്. എന്നാലും വല്യമ്മയ്ക്ക് ഞങ്ങളെ അങ്ങനെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. അവര്‍ക്ക് മക്കളില്ലായിരുന്നു. ഭര്‍ത്താവ് വേറെ വിവാഹം കഴിച്ച് പോയിരുന്നതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അവര്‍. കമലാക്ഷി എന്നായിരുന്നു വല്യമ്മയുടെ പേര്. 


എന്തായിരുന്നു അവര്‍ക്ക് ജോലി?നടി ശാരദയെ മലയാളം പഠിപ്പിക്കുകയായിരുന്നു വല്യമ്മയുടെ ജോലി.
അമ്മ പിന്നീട് മദ്രാസ്സില്‍ വന്നു. അപ്പോഴേയ്ക്കും അവര്‍ ക്യാന്‍സര്‍ രോഗിയായിരുന്നു. ആ ഘട്ടം മുതലാണ് ഞാന്‍ കാര്യങ്ങളെന്താണെന്ന് കുറച്ചൊക്കെ മനസ്സിലാക്കിത്തുടങ്ങുന്നത്. എന്തുകൊണ്ടാണെന്നറിയില്ല, അപ്പോഴും അമ്മയ്ക്ക് ആരെയും ആശ്രയിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഈഗോ അമ്മയെ വിട്ടുപോയിരുന്നില്ല. അമ്മയ്ക്ക് ഒറ്റയ്ക്കു ജീവിക്കണം. അങ്ങനെ അമ്മയും ഞങ്ങളും കോടമ്പാക്കത്ത് ഒരു വീട്ടില്‍ ഒറ്റയ്ക്ക് താമസം തുടങ്ങി. ഇതേ സമയം എന്റെ മൂത്ത സഹോദരി കോയമ്പത്തൂരില്‍ കോളേജില്‍ പഠിക്കുകയായിരുന്നു. അവരെ മദ്രാസിലേയ്ക്ക് കൊണ്ടു വരാന്‍ പറ്റില്ലെന്ന് അമ്മയ്ക്ക് മനസ്സിലായി. ഏതായാലും ക്യാന്‍സര്‍ ബാധിതയായ അമ്മയെ ശൂശ്രൂഷിക്കേണ്ട ചുമതല എനിക്കായി. ഉണ്ണി പഠിത്തം തുടര്‍ന്നു. വീട്ടുജോലി ചെയ്യലും ആശുപത്രിയില്‍ അമ്മയെ ശൂശ്രൂഷിക്കലുമായി ഞാന്‍ ദിവസങ്ങള്‍ നീക്കി.

അമ്മ ഹോസ്പിറ്റലിലായിരുന്നോ?
വളരെ ക്രിട്ടിക്കല്‍ ആയ അവസ്ഥ എത്തിയപ്പോള്‍ ആശുപത്രിയിലാക്കി.

എവിടെയായിരുന്നു ക്യാന്‍സര്‍?
യൂട്രസ്സില്‍. യൂട്രസ്സ് എടുത്തു കളഞ്ഞിരുന്നു നേരത്തെ. എന്നിട്ടും അത് സ്പ്രെഡ് ചെയ്തു. അങ്ങനെ വല്ലാത്ത ഒരവസ്ഥയായി. ഒരു ദിവസം ഞാന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അമ്മ എന്നെ ആര്‍ക്കോ കൊടുക്കാന്‍ ഒരുങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇതൊക്കെ ഞാന്‍ എന്റെ പുസ്തകത്തില്‍ വിശദമായി എഴുതുന്നുണ്ട്. അവിടെ ഉണ്ടായിരുന്നവരുടെ കൂടെ പൊയ്ക്കോളാനാണ് അമ്മ പറഞ്ഞത്. അവര്‍ എന്നെ നോക്കിക്കോളും. എന്തിനാണ് അവരുടെ കൂടെ പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു: "ഞാന്‍ അധികം താമസിക്കാതെ മരിക്കും. ഉണ്ണി ആണ്‍കുട്ടിയല്ലേ? അവന്‍ എങ്ങനെയെങ്കിലും ജീവിക്കും. നീ ഇവരുടെ കൂടെ പൊയ്ക്കോ.'
എന്തു തോന്നി അപ്പോള്‍?
ഞാന്‍ ആശുപത്രില്‍ നിന്നിറങ്ങി ഓടി. നാലാം വയസ്സില്‍ അനാഥമന്ദിരത്തില്‍ കൊണ്ടുചെന്നാക്കിയപ്പോള്‍ തോന്നിയ അതേ വികാരമായിരുന്നു അപ്പോള്‍. ഞാന്‍ വല്യമ്മയുടെ അടുത്തു ചെന്ന് പറഞ്ഞു: "അമ്മ എന്നെ ആര്‍ക്കോ കൊടുക്കാന്‍ പോകുന്നു. വില്‍ക്കുകയാണോ എന്നറിയില്ല' വല്യമ്മ ആശുപത്രിയില്‍ വന്ന് അമ്മയെ ഒരുപാട് വഴക്കുപറഞ്ഞു. വല്യമ്മ എന്നെ സിനിമയില്‍ ചേര്‍ക്കും എന്ന ഭയം കൊണ്ടാണ് അമ്മ ഇതൊക്കെ ചെയ്തതെന്ന് പിന്നീടാണ് മനസ്സിലായത്. കാണാന്‍ ഭംഗിയുള്ള കുട്ടിയായിരുന്നു ഞാന്‍. വല്യമ്മ എന്നെ സിനിമയിലഭിനയിപ്പിക്കുമോ? ഇന്‍ഡസ്ട്രിയില്‍ വന്നാല്‍ ഞാന്‍ ചീത്തയായിപ്പോകുമോ? ഇതൊക്കെയായിരുന്നു അമ്മയുടെ ആശങ്കകള്‍. ഈ സംഭവം കഴിഞ്ഞ് കുറച്ചുദിവസത്തിനകം അമ്മ മരിച്ചു. ചേച്ചിയുടെ വിവാഹം ഇതിനിടെ വല്യമ്മ നടത്തിയിരുന്നു. ഉണ്ണിയെ ചേച്ചിക്കൊപ്പം പറഞ്ഞയച്ചെങ്കിലും അവനെ നോക്കാന്‍ വയ്യ എന്ന് പറഞ്ഞ് തിരിച്ചയച്ചു. വീണ്ടും ഞാനും ഉണ്ണിയും വല്യമ്മയുടെ കൂടെയായി.
അമ്മ മരിച്ച സമയത്ത് ബന്ധുക്കളാരും മദ്രാസ്സില്‍ വന്നില്ലേ?
വന്നിരുന്നു. അമ്മയുടെ സഹോദരങ്ങളൊക്കെ വന്നു. ബന്ധുക്കളൊക്കെ ഇങ്ങനെ വന്നും പോയും ഇരിക്കും എന്നല്ലാതെ ആരും ഞങ്ങളെ സംരക്ഷിക്കാനൊന്നും തയ്യാറായിരുന്നില്ല. സാമ്പത്തികസഹായം ഇല്ലെങ്കിലും ഒരു മോറല്‍ സപ്പോര്‍ട്ട് വേണ്ടേ? അതും ഉണ്ടായിരുന്നില്ല. അമ്മ മരിച്ചുകഴിഞ്ഞതോടെ ഉണ്ണിയില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അമ്മയോട് അവന്‍ വളരെ അറ്റാച്ച്ഡ് ആയിരുന്നു. കുറച്ചു ദിവസം അവന്‍ പിടിച്ചുനിന്നു. ഒരു ദിവസം രാത്രി എന്നോടു പറഞ്ഞു: "നിന്നെ വല്യമ്മ മിക്കവാറും സിനിമയില്‍ അഭിനയിപ്പിക്കും. എന്നെ ആര്‍ക്കും വേണ്ട. എന്നെ ഒന്നിനും കൊള്ളില്ല. ഇന്ദിരയാണെങ്കില്‍ കല്യാണം കഴിഞ്ഞുപോയി. ഞാനാണ് ശരിക്കും അനാഥനായത്.' പിന്നെ ഞാന്‍ അവനെ കണ്ടിട്ടില്ല. പിറ്റേ ദിവസം അവന്‍ പോയി. അവനെവിടെയാണെന്ന് ഇതു വരെയും എനിക്കറിയില്ല.
ഏതു ക്ളാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഈ ഇറങ്ങിപ്പോക്ക്?
അവനന്ന് പത്തിലോ മറ്റോ പഠിക്കുകയായിരുന്നു. ഇപ്പോള്‍ എവിടെയാണെന്നോ, ജീവിച്ചിരിപ്പുണ്ടോ എന്നോ അറിയില്ല. പക്ഷേ, ഇപ്പോഴും ഞാന്‍ കാത്തിരിക്കുന്നുണ്ട്. എന്നെങ്കിലും ഒരിക്കല്‍ തിരിച്ചു വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയിട്ടും ആരിലും ആ സംഭവം ഒരു ചലനവും സൃഷ്ടിച്ചില്ല. കുറച്ചു ദിവസം ചില അന്വേഷണങ്ങള്‍ നടന്നിരുന്നു എന്ന് തോന്നുന്നു. എന്നെയും അന്ന് ഇക്കാര്യം അത്ര ബാധിച്ചിരുന്നില്ലെന്ന് തോന്നുന്നു. വളരും തോറുമാണ് ഞാന്‍ ആ നഷ്ടം അറിഞ്ഞു തുടങ്ങിയത്. അന്ന് ഞാന്‍ ഒന്നും അറിഞ്ഞുകൂടാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. എനിക്കാകെ അറിയാമായിരുന്ന കാര്യം ഇത്രയുമാണ്: എന്നെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അമ്മ അനാഥമന്ദിരത്തില്‍ കൊണ്ടുചെന്നാക്കി. അമ്മയ്ക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ പ്രായത്തിലും വലിയ പക്വതയോടെ ഞാന്‍ അവരെ ശുശ്രൂഷിച്ചു. അത്രമാത്രം. ബാക്കിയുള്ള സംഭവങ്ങളൊന്നും എന്നെ ബാധിച്ചിരുന്നില്ല.
പതുക്കെപ്പതുക്കെ വല്യമ്മ എന്നെ കുറേശ്ശേ ടോര്‍ച്ചര്‍ ചെയ്യാന്‍ തുടങ്ങി. കാരണം ദാരിദ്യ്രം തന്നെ. ഞാന്‍ ഒരു ബാദ്ധ്യതയായിത്തുടങ്ങി. എന്നെ സിനിമയിലേയ്ക്ക് കയറ്റിവിടാനുള്ള ശ്രമം തുടങ്ങി. അപ്പോഴേയ്ക്കും ഒന്നു രണ്ട് സിനിമകള്‍ക്ക് ഞാന്‍ ഡബ് ചെയ്തിരുന്നു. ചെറിയ കുട്ടികളുടെ ശബ്ദം. 
മലയാളമാണോ, തമിഴാണോ?
മലയാളസിനിമകള്‍ തന്നെ. അപരാധി എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി ഡബ് ചെയ്തത്. പിന്നെ മനസ്സ് എന്ന സിനിമയില്‍ കുട്ടിവേഷത്തില്‍ അഭിനയിച്ചു. പഠനം തുടരുന്നുണ്ടായിരുന്നു. ചെറിയ തോതില്‍ വരുമാനം കിട്ടുന്നുമുണ്ട്. അതിനിടെ  ചെറിയമ്മയുടെ മകള്‍ ലളിത ഞങ്ങളുടെ കൂടെ വന്ന് താമസിക്കാന്‍ തുടങ്ങി. അവര്‍ അദ്ധ്യാപികയായിരുന്നു. ഒട്ടും സുഖകരമല്ലാതെ, ദാരിദ്യ്രം വിട്ടുമാറാതെ ഞങ്ങള്‍ ജീവിതം തുടര്‍ന്നു. പ്രായത്തില്‍ വന്ന വളര്‍ച്ചയ്ക്കൊപ്പം എന്റെ ശബ്ദത്തിലും മാറ്റം വന്നു തുടങ്ങി. പതിന്നാല് വയസ്സൊക്കെ കഴിഞ്ഞപ്പോഴേയ്ക്കും കൂടുതല്‍ സിനിമകളില്‍ അഭിനയിപ്പിക്കാനുള്ള സമ്മര്‍ദ്ദം വീട്ടില്‍ നിന്ന് വന്നു തുടങ്ങി. എനിക്കാണെങ്കില്‍ അഭിനയം തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്.
എന്നാല്‍ എന്താണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ എനിക്ക് വ്യക്തമായ ഉത്തരവും ഇല്ലായിരുന്നു.
അപ്പോഴേയ്ക്കും ഏത്ര സിനിമകളില്‍ അഭിനയിച്ചിരുന്നു?
നാലോ അഞ്ചോ സിനിമകളില്‍ അഭിനയിച്ചിരുന്നു. മുഖത്ത് ഒരു ഭാവവും വരാത്തതുകൊണ്ട് ഡയറക്റ്റര്‍മാരുടെ ചീത്ത വിളി ഞാന്‍ കുറെ കേട്ടിട്ടുണ്ട്. ചീത്തവിളി സഹിക്കാന്‍ പറ്റാതെ അപമാനിതയായപ്പോള്‍ ഇനി എന്നെ അഭിനയിക്കാന്‍ വിടരുതെന്ന് വീട്ടില്‍ പറഞ്ഞു. അതോടെയാണ് വല്യമ്മയുടെ പീഡനം തുടങ്ങിയത്. ഏതായാലും പതിനേഴ് പതിനെട്ട് വയസ്സൊക്കെ ആയപ്പോഴേയ്ക്ക് ഡബ്ബിങ്ങില്‍ ഞാന്‍ ഒരുവിധം പിടിച്ചുകേറാന്‍ തുടങ്ങി. അപ്പോഴും ഡബ്ബിങ്ങ് എന്താണെന്ന് പഠിക്കണമെന്നോ ഇതൊരു പ്രൊഫഷനാക്കണമെന്നോ വിചാരം തോന്നിയില്ല. പക്ഷേ മനസ്സില്‍ ഒരു തീരുമാനം എടുത്തിരുന്നു. എനിക്ക് സ്വന്തമെന്ന് പറയാന്‍ ആരുമില്ല. സംരക്ഷിക്കാന്‍ ആരുമില്ല. അങ്ങനെയൊരാള്‍ ഉണ്ടാകണം. എനിക്കു സ്നേഹിക്കാനും എന്നെ സ്നേഹിക്കാനുമുള്ള ഒരാള്‍. ഇരുപത് വയസ്സാകുമ്പോഴേയ്ക്ക് വിവാഹം കഴിക്കണം എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. വല്യമ്മയുടെ സംസാരത്തില്‍പ്പോലും എന്നെ കല്യാണം കഴിപ്പിക്കുന്നതിനെപ്പറ്റിയുള്ള ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഡബ്ബിങ്ങില്‍ കുറച്ച് തിരക്കൊക്കെ വന്നു തുടങ്ങിയ കാലമായിരുന്നു അത്. ഇതിനിടെ ലളിത വിവാഹം കഴിഞ്ഞ് പോയി.
നായികാകഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ തുടങ്ങിയിരുന്നോ ആ സമയത്ത്?
ഇല്ല. അനിയത്തിവേഷങ്ങള്‍ക്കും കോളജ്കുമാരിമാര്‍ക്കുമൊക്കെ ശബ്ദം കൊടുക്കും. ആള്‍ക്കൂട്ടങ്ങളുടെ ശബ്ദങ്ങളില്‍ ഉണ്ടാകും. അത്രയൊക്കെയേ ഉള്ളൂ.
ഈ സമയത്ത് പഠനം എങ്ങനെയായിരുന്നു?
പി യു സി കംപ്ളീറ്റ് ചെയ്തു. അപ്പോഴേയ്ക്കും ഡബ്ബിങ്ങില്‍ നല്ല തിരക്കായി. കോളിളക്കം എന്ന സിനിമ, പിന്നെ രാജസേനന്റേയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകള്‍. ഇതിലൊക്കെ അനിയത്തിവേഷങ്ങള്‍ക്ക് ശബ്ദം കൊടുക്കും. ഇരുന്നൂറ്റി അമ്പത് രൂപയാണ് അന്ന് ഇത്തരം ആര്‍ട്ടിസ്റുകള്‍ക്ക് കിട്ടുന്ന ഏറ്റവും കൂടിയ പ്രതിഫലം. അക്കാലത്ത് അതു ധാരാളം മതിയായിരുന്നു. ഹീറോയിന്‍ റോളുകളില്‍ ശബ്ദം കൊടുക്കുന്നവര്‍ക്ക് അന്ന് മൂവായിരം രൂപയാണ് കിട്ടിയിരുന്നത്. അങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ നായികയായ നദിയാ മൊയ്തുവിന് ശബ്ദം കൊടുക്കാന്‍ എന്നെ വിളിക്കുന്നത്. ആ സിനിമയോടെയാണ് ഡബ്ബിങ്ങിനെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ മാറിമറിയുന്നത്. ചിത്രാഞ്ജലി സ്റുഡിയോയിലെ ദേവദാസ് സാറും ഫാസില്‍ സാറുമാണ് അതിന് കാരണക്കാര്‍. എന്റെ ഗുരുക്കന്‍മാരായി ഞാന്‍ കരുതുന്നത് അവരെയാണ്. അവര്‍ രണ്ടുപേരും ഇരുന്ന് എനിക്കൊരു സ്റഡി ക്ളാസ് ഏടുത്തതിനുശേഷമാണ് ഡബ്ബിങ് തുടങ്ങിയത്. ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നാണ് പറഞ്ഞുതന്നത്. കഥാപാത്രത്തിന്റെ ബോഡി ലാങ്ഗ്വേജ് മനസ്സിലാക്കുക, ചലനങ്ങളും പ്രവൃത്തികളും ശ്രദ്ധിക്കുക, എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ശബ്ദത്തിലും സംസാരത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിക്കുക-ഇതൊക്കെ ഫാസില്‍ സാര്‍ അഭിനയിച്ചു കാണിച്ചു തന്നു. അപ്പോഴാണ് ഇത്രയും ഗൌരവമുള്ള ഒരു ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടത്. ആ സിനിമ മുതല്‍ ഞാന്‍ ഡബ്ബിങ്ങിനെ സീരിയസ്സായി കാണാന്‍ തുടങ്ങി. ഈ സിനിമ ചെയ്യുന്നതിനു മുമ്പ് ഒരു ദിവസം ഞാന്‍ മദ്രാസ്സിലെ സര്‍ഗ്ഗം സ്റുഡിയോയില്‍ ഡബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഡയറക്റ്റര്‍ രാജശേഖരന്‍ ഒരാളെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. രണ്ട് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ രാജശേഖരന്‍ പറഞ്ഞു ആ വ്യക്തി എന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്. ജീവിതത്തില്‍ ഒരുപാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതു കൊണ്ട് എന്നെ നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെ മാത്രമേ കല്യാണം കഴിക്കൂ എന്ന് നിശ്ചയിച്ചിരുന്നു. സിനിമയില്‍ നിന്നു വരുന്നതു കൊണ്ട് വിശേഷിച്ചും ഞാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. എന്റെ ഭൂതകാലം എന്താണെന്ന് ഞാന്‍ വ്യക്തമായി ആ മനുഷ്യന് പറഞ്ഞുകൊടുത്തു. എനിക്ക് ആരുമില്ല. കല്യാണം നടത്തിത്തരാന്‍ പോലും എനിക്കാരും ഉണ്ടായെന്നു വരില്ല എന്ന് ഞാന്‍ പറഞ്ഞു. അതൊന്നും പ്രശ്നമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഏതായാലും പരസ്പരം മനസ്സിലാക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനു ശേഷവും ഈ സ്നേഹം നിലനില്‍ക്കുകയാണെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം എന്ന തീരുമാനത്തില്‍ അന്ന് ഞങ്ങള്‍ പിരിഞ്ഞു. ഇതിനുശേഷമാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ ചെയ്യുന്നത്. എന്റെ ഡബ്ബിങ്ങിനെ പലരും അഭിനന്ദിച്ചു. ആ സിനിമ കഴിഞ്ഞപ്പോഴേയ്ക്ക് ഞാന്‍ പറയുന്ന പ്രതിഫലം കിട്ടുകയും എന്റെ സമയം ഞാന്‍ നിശ്ചയിക്കുകയും ചെയ്യുന്ന അവസ്ഥ വന്നു. ഈ കാലഘട്ടത്തില്‍ വല്യമ്മയ്ക്ക് ക്യാന്‍സര്‍ വന്നു. തൊണ്ടയിലായിരുന്നു അവര്‍ക്ക് ക്യാന്‍സര്‍. വല്യമ്മയെ ചികിത്സിക്കുക എന്നതായി അടുത്ത ബാദ്ധ്യത. ചികിത്സകള്‍ മുറയ്ക്ക് നടന്നു. ഒരു ദിവസം ഞാന്‍ ഡബ ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സ്റുഡിയോയിലേയ്ക്ക് ഫോണ്‍ വന്നു. നസീര്‍ സാറും ഞാനും കോമ്പിനേഷന്‍ ഡബ് ചെയ്യുകയായിരുന്നു. അപരാധി എന്ന സിനിമയില്‍ ഞാന്‍ ആദ്യമായി ഡബ് ചെയ്യുമ്പോള്‍ സ്റുഡിയോയില്‍ ഒരു സ്റൂളില്‍ കയറ്റി നിര്‍ത്തി ഈ കലയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്നത് നസീര്‍ സാറാണ്. അമ്പത്തൊന്ന് രൂപ ആദ്യത്തെ റെമ്യൂണറേഷന്‍ തന്നതും അദ്ദേഹമാണ്. വളരെ സ്നേഹത്തോടെയാണ് എല്ലാവരോടും പെരുമാറുക. എന്റെ തോളത്ത് കയ്യിട്ടുകൊണ്ട്് അദ്ദേഹം ഡബ് ചെയ്യുമ്പോഴാണ് ഫോണ്‍ വന്നത്. ഒരു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വന്ന് നസീര്‍ സാറിനെ പുറത്തേയ്ക്ക് വിളിപ്പിച്ചു. തിരിച്ചു വന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു:"നമുക്ക് കുറച്ചുനേരത്തേയ്ക്ക് ഡബ്ബിങ് നിര്‍ത്താം.'' എന്നിട്ട് എന്നെ വിളിച്ചു പുറത്തിറങ്ങി അദ്ദേഹത്തിന്റെ ബെന്‍സ് കാറില്‍ കയറ്റി. "ഭാഗ്യത്തിന്റെ വീട്ടില്‍ ഞാനിതു വരെ വന്നിട്ടില്ലല്ലോ. നമുക്ക് അവിടം വരെ ഒന്നു പോകാം'' എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് വലിയ സന്തോഷമായി. നസീര്‍ സാറിനെയും കൊണ്ട് ഞാന്‍ എന്റെ വീട്ടില്‍ പോകുന്നു. എനിക്കന്ന് ഇരുപത് വയസ്സുണ്ട്. വടപളനി അമ്പലത്തിന്റെ അടുത്താണ് എന്റെ വീട്. അമ്പലത്തിനടുത്തെത്തിയപ്പോള്‍ നസീര്‍ സാര്‍ ഡ്രൈവറെ വിട്ട് ഒരു മാല വാങ്ങിപ്പിച്ചു. എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. വീടിനടുത്തെത്തിയപ്പോള്‍ ഒരാള്‍ക്കൂട്ടമുണ്ട്. കാറില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നസീര്‍ സാര്‍ എന്നോട് പറഞ്ഞു: "മോള് ബഹളമുണ്ടാക്കരുത്. അമ്മ മരിച്ചുപോയി'' യഥാര്‍ത്ഥത്തില്‍ ഞാന്‍ താമസിക്കുന്നത് വല്യമ്മയുടെ കൂടെയാണെന്ന് ഇന്‍ഡസ്ട്രിയിലുള്ള ആരോടും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അമ്മയാണെന്നു തന്നെയാണ് പറഞ്ഞിരുന്നത്. അമ്മ മരിച്ചുവെന്ന് നസീര്‍ സാര്‍ പറഞ്ഞപ്പോള്‍, എന്താണെന്നറിയില്ല, ഞാന്‍ കരഞ്ഞില്ല. എനിക്കൊന്നും തോന്നിയില്ല. ആ പ്രായത്തിനിടയില്‍ തന്നെ കുറേയേറെ അനുഭവിച്ചതുകൊണ്ടാകാം. എന്റെ കൂടെ വൈകുന്നേരം വരെ നിന്ന് എല്ലാ ചടങ്ങുകളും നടത്തിച്ചതിനുശേഷമാണ് നസീര്‍ സാര്‍ പോയത്. പിറ്റേ ദിവസമായപ്പോഴേക്ക് ചെറിയമ്മയടക്കമുള്ള ബന്ധുക്കളൊക്കെ ഓരോരുത്തരായി വന്നു തുടങ്ങി. ഇനി എന്നെ എന്തു ചെയ്യും, ആരു കൊണ്ടു പോകും എന്നതായി അടുത്ത ചര്‍ച്ച. മദ്രാസില്‍ എന്റെ കൂടെ താമസിക്കാമെന്ന് ചെറിയമ്മ പറഞ്ഞു.
വാടകവീട്ടിലായിരുന്നോ അക്കാലത്ത് താമസം?
വാടകവീടായിരുന്നു. ചെറിയമ്മ അങ്ങനെ കോയമ്പത്തൂരില്‍ നിന്ന് വന്ന് എന്റെ കൂടെ താമസമാക്കി. വല്യമ്മയെപ്പോലെയായിരുന്നില്ല ചെറിയമ്മ. വല്യമ്മ എന്നെ പട്ടാളച്ചിട്ടയിലാണ് വളര്‍ത്തിയിരുന്നത്. സിനിമയിലഭിനയിക്കണമെന്ന് നിര്‍ബന്ധിക്കുമായിരുന്നെങ്കിലും വളരെ കര്‍ശനമായിട്ടായിരുന്നു പെരുമാറ്റം. ആണുങ്ങളോട് സംസാരിക്കുകയോ കൂട്ടുകൂടുകയോ ചെയ്യാന്‍ പാടില്ല, കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, ഗ്രൂപ്പ് കൂടി നടക്കരുത് തുടങ്ങിയ ചിട്ടകള്‍. പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം, ഒരുത്തന്റേയും മുന്നില്‍ വീണുപോകരുത് എന്നൊക്കെയായിരുന്നു വല്യമ്മയുടെ ഉപദേശങ്ങള്‍. ആ സ്ഥാനത്തേക്ക് ചെറിയമ്മ വന്നതോടെ ജീവിതം ആകെ കുത്തഴിഞ്ഞതുപോലെയായി. സിനിമാക്കാരെ കണ്ടതോടെ ചെറിയമ്മയ്ക്ക് ആക്രാന്തം പിടിച്ചു. എന്തിനും തയ്യാറാകുന്ന ഒരവസ്ഥയിലേക്കെത്തി. എന്നുവച്ചാല്‍, ആരെങ്കിലും ആവശ്യപ്പെട്ടാല്‍ എന്നെ വിട്ടുകൊടുക്കാന്‍ വരെ തയ്യാറാകുന്ന അവസ്ഥയിലേക്ക് അവര്‍ പോകുന്നു എന്ന് എനിക്ക് മനസ്സിലായി. വല്യമ്മ സ്ട്രിക്റ്റ് ആയി വളര്‍ത്തിയതുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ എനിക്കൊരു സ്ഥാനം കിട്ടിയിരുന്നു. ആരും എന്നോടങ്ങനെ അടുക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഇന്‍ഡസ്ട്രി ചീത്തയാണെന്ന് ഞാനൊരിക്കലും പറയില്ല. നമ്മള്‍ അവിടെ തെരഞ്ഞെടുക്കുന്ന വഴികളാണ് നല്ലതും ചീത്തയും നിര്‍ണ്ണയിക്കുന്നത്. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും അതങ്ങനെയാണ്. സിനിമയില്‍ കുറച്ചുകൂടി സ്വാതന്ത്യ്രമുണ്ട്. ആളുകള്‍ എന്തെങ്കിലും കണ്ടാല്‍ കണ്ണടയ്ക്കും. അത്രയേ വ്യത്യാസമുളളു. ചെറിയമ്മയെ നിയന്ത്രിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അവരുടെ മകന്‍ മുരളിയേട്ടന്‍ മദ്രാസില്‍ വന്ന് ഞങ്ങളുടെ കൂടെ താമസം തുടങ്ങി. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. ചെറിയമ്മയുടെ കൂടെ താമസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ചെറിയമ്മയുടെ മകള്‍ ലളിത വീണ്ടും മദ്രാസില്‍ വന്ന് ഞങ്ങളോടൊപ്പം താമസിക്കട്ടെ എന്ന നിര്‍ദ്ദേശമാണ് മുരളിയേട്ടന്‍ മുന്നോട്ടുവെച്ചത്. അങ്ങനെ ലളിതയും ഞങ്ങളോടൊപ്പം താമസിക്കാന്‍ തുടങ്ങി. ലളിതയുടെ ഭര്‍ത്താവ് മരിച്ചുപോയിരുന്നു. രണ്ട് കുട്ടികളുണ്ട്. അപ്പോഴേയ്ക്ക് ഞാന്‍ മനസ്സിന്റെ തീര്‍ത്ഥയാത്ര എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു കഴിഞ്ഞിരുന്നു. ചാമരത്തിലും വേഷമിട്ടു. ഈ സമയത്തൊക്കെ ഡബ്ബിങ്ങിന് പോകുമ്പോള്‍ എന്റെ കൂടെ വന്നിരുന്നത് ചെറിയമ്മയാണ്. അങ്ങനെ ഞാനൊരു തീരുമാനമെടുത്തു: ഇനി ഞാന്‍ സിനിമയില്‍ അഭിനയിക്കില്ല.
ആകെ എത്ര സിനിമകളില്‍ വേഷമിട്ടു?
പത്തു പന്ത്രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇനി അഭിനയിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ ചെറിയമ്മ ഉപദ്രവം തുടങ്ങി. ശാരീരികമായ ഉപദ്രവങ്ങളും ഉണ്ടായിരുന്നു. അപ്പോഴേയ്ക്കും നേരത്തേ എന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചയാളുമായി പറഞ്ഞുവെച്ച ഒരു കൊല്ലം കഴിഞ്ഞു. വിവാഹാലോചനയുമായി മുന്നോട്ടു പൊയ്ക്കൂടേ എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ആ സമയത്ത് വളരെ സുരക്ഷിതമായ ഒരു ഷെല്‍ട്ടര്‍ ആവശ്യമായിരുന്നു. വീട്ടില്‍ ഞാന്‍ ഒട്ടും സുരക്ഷിതയായിരുന്നില്ല. അങ്ങനെയൊരു ഷെല്‍ട്ടര്‍ കിട്ടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വിവാഹമാണ്. വീട്ടില്‍ വന്ന് ചെറിയമ്മയോട് ഇക്കാര്യം സംസാരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ ചെറിയമ്മ വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹം കഴിച്ചാല്‍ത്തന്നെ ഞാന്‍ മദ്രാസ്സില്‍ത്തന്നെ നില്‍ക്കണം. ജോലി ചെയ്ത് പണമുണ്ടാക്കണം. ഭര്‍ത്താവിന് തിരുവനന്തപുരത്തേയ്ക്ക് പോകാം. അതായിരുന്നു ചെറിയമ്മയുടെ നിലപാട്. അതു പറ്റില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ഒരു തീരുമാനമെടുത്ത് അറിയിക്കണമെന്ന് പറഞ്ഞശേഷം ആറരമണിയോടെ ആ മനുഷ്യന്‍ തിരിച്ചുപോയപ്പോള്‍ മുതല്‍ ചെറിയമ്മ എന്നെ അടിക്കാനും ബഹളം വെയ്ക്കാനും തുടങ്ങി. രാത്രി ഒമ്പതരമണിയായപ്പോള്‍ അവര്‍ പറഞ്ഞു: "ഇപ്പോള്‍ തീരുമാനിക്കണം. ഒന്നുകില്‍ അവന്‍, അല്ലെങ്കില്‍ ഞങ്ങള്‍. അവന്റെ കൂടെ പോകാനാണെങ്കില്‍ ഇപ്പോള്‍ ഇവിടുന്നിറങ്ങണം.'' രാത്രി ഒമ്പതരമണിക്ക് ഞാന്‍ എവിടെപ്പോകാനാണ്? അതൊന്നും ചെറിയമ്മയ്ക്കറിയേണ്ട. "ഇറങ്ങിച്ചെന്നാല്‍ അവന്‍ സ്വീകരിക്കുമോ എന്നറിയണമല്ലോ'' എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ ഒരു ഹാന്‍ഡ് ബാഗില്‍ ഓട്ടോറിക്ഷയ്ക്കുള്ള പണം മാത്രം എടുത്തു. മദ്രാസ്സില്‍ ഞാന്‍ കുറച്ച് ഭൂമി വാങ്ങിച്ചിരുന്നു. കുറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. രാത്രി ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ അതിനെക്കുറിച്ചൊന്നും ഓര്‍ത്തില്ല. ഇറങ്ങാന്‍ പറഞ്ഞു, ഇറങ്ങി. കോടമ്പാക്കം റോഡിലൂടെ നടന്നു. എവിടെപ്പോകും എന്നാലോചിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ രാജിച്ചേച്ചിയുമായി നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഫോണ്‍ വിളിച്ചു. "ഇങ്ങോട്ട് പോന്നോളൂ'' എന്നാണ് രാജിച്ചേച്ചി പറഞ്ഞത്. അവിടെ മൂന്ന് നാല് ദിവസം താമസിച്ചു. അപ്പോഴേയ്ക്കും എന്നെ വിവാഹമാലോചിച്ച് വന്നയാളെ ഞാന്‍ വിവരങ്ങളറിയിച്ചു. ഇത്രയുമായ സ്ഥിതിക്ക് ഒരു സുപ്രഭാതത്തില്‍ കല്യാണം നടത്തുക മാത്രമാണ് മാര്‍ഗ്ഗമെന്നും മൂന്നു നാലു മാസം സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. അത്രയും കാലം എങ്ങനെയെങ്കിലും മദ്രാസ്സില്‍ പിടിച്ചു നിന്നേ പറ്റൂ. രാജിച്ചേച്ചിയുടെ കൂടെ അത്രയും കാലം താമസിക്കുന്നത് ശരിയല്ലല്ലോ. ബോസ് എന്ന് പേരുള്ള ഒരു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എനിക്ക് താമസസൌകര്യം ഏര്‍പ്പാടാക്കി. മുകളില്‍ വീട്ടുടമസ്ഥന്‍ താമസിക്കുന്ന ഒരു രണ്ടു നില വീട്. ഇരുന്നുറ്റമ്പത് രൂപ വാടക. രാജിച്ചേച്ചി തന്ന രണ്ട് ജോഡി വസ്ത്രങ്ങള്‍ മാത്രമേ എന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളു. കട്ടിലോ കിടക്കയോ പാത്രങ്ങളോ ഇല്ല. ഞാന്‍ പോയി കുറച്ചു വസ്ത്രങ്ങള്‍ വാങ്ങി. എല്ലാ ദിവസവും ഡബ്ബിങ്ങിന് പോകുന്നുണ്ടായിരുന്നു. ഭക്ഷണം സ്റുഡിയോയില്‍ നിന്ന് കിട്ടും. നല്ല ജോലിത്തിരക്കുണ്ടായിരുന്നതുകൊണ്ട് വീട്ടില്‍ അധികം നേരം ഇരിക്കേണ്ടി വരാറില്ല. ഇഷ്ടം പോലെ സമ്പാദിക്കുന്നുണ്ടായിരുന്നു. ആ പണം സേവ് ചെയ്യുന്നുമുണ്ടായിരുന്നു. അപ്പോഴും ആ വീട്ടില്‍ ഒറ്റയ്ക്ക് കിടന്ന് ഞാനാലോചിക്കാറുണ്ടായിരുന്നു: എപ്പോള്‍ തുടങ്ങിയ കഷ്ടപ്പാടാണിത്? നാലു മാസം കൊണ്ട് വിവാഹത്തിനു വേണ്ട പണവും സ്വര്‍ണ്ണവുമൊക്കെ സംഘടിപ്പിച്ചു. ചെറിയമ്മ താമസിക്കുന്ന വീട്ടില്‍ ഉപേക്ഷിച്ചു പോന്ന സ്വര്‍ണ്ണവും പണവും ഭൂമിയുടെ രേഖകളും തിരിച്ചുചോദിക്കണമെന്ന് രാജിച്ചേച്ചി പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും കൂടി ചെറിയമ്മയുടെ അടുത്തുപോയി. അവര്‍ ഒന്നും തന്നില്ലെന്ന് മാത്രമല്ല, രാജിച്ചേച്ചിയെ ഒരുപാട് അപമാനിക്കുകയും ചെയ്തു. എന്റെ ബാങ്ക് ഡെപ്പോസിറ്റുകള്‍ക്കും സ്വര്‍ണ്ണത്തിനും എന്തു സംഭവിച്ചെന്ന് ഈ നിമിഷം വരെയും എനിക്കറിയില്ല. അതൊക്കെ നഷ്ടപ്പെട്ടു. നാലുമാസം കൊണ്ട് ഒന്നരലക്ഷം രൂപ ഞാന്‍ സമ്പാദിച്ചു. ഞാന്‍ തന്നെ ക്ഷണക്കത്ത് അച്ചടിപ്പിച്ചു, ഞാന്‍ തന്നെ എല്ലാവരെയും ഇന്‍വൈറ്റ് ചെയ്തു. തിരുവനന്തപുരത്ത് വെച്ചായിരുന്നു കല്യാണം. വിവാഹദിവസമാണ് വധുവിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കാണുന്നത്.
ഏതു വര്‍ഷമായിരുന്നു കല്യാണം?
എണ്‍പത്തഞ്ചില്‍. വിവാഹത്തിനു ശേഷം ഡബ്ബിങ്ങിന് പോകില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. നല്ല ഒരു കുടുംബജീവിതം ഉണ്ടാകണമെന്നത് മാത്രമായിരുന്നു ആഗ്രഹം. ഒരുപാട് പ്രതീക്ഷകളോടെയാണ് വിവാഹജീവിതം തുടങ്ങിയതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്ക് അതൊരു പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായിത്തുടങ്ങി. സാമ്പത്തികപ്രശ്നങ്ങളൊന്നുമായിരുന്നില്ല കാരണം. ഞാന്‍ ആഗ്രഹിച്ചതു പോലെയുള്ള സ്നേഹമോ സംരക്ഷണമോ കിട്ടുന്നില്ലെന്ന് തോന്നി. സുഹൃത്തുക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പല കാര്യങ്ങളും അഡ്ജസ്റ് ചെയ്യണമെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. ഒരു പക്ഷേ എന്റെ കുഴപ്പം കൊണ്ടാകാം, എനിക്കതു സാധിക്കില്ലായിരുന്നു. എന്റെ ശരികളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ ഭാഗത്തായിരിക്കാം ശരി. ഏതായാലും ഞാന്‍ കുറെക്കാലം ആശയക്കുഴപ്പത്തിലായിരുന്നു. സ്വകാര്യമായി ഞാന്‍ സൈക്യാട്രിസ്റിന്റെ സഹായം തേടിയിട്ടുണ്ട്. ഞാന്‍ വീണ്ടും ഡബ്ബിങ്ങിന് പോകാന്‍ തുടങ്ങി. പഴയതിലും കൂടുതല്‍ തിരക്കായി. തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേയ്ക്ക് സ്ഥിരം വിമാനത്തില്‍ സഞ്ചരിച്ച് ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ അദ്ദേഹം ഒരു സിനിമയെടുത്തു. അതില്‍ എനിക്കും ഇന്‍വോള്‍വ് ചെയ്യേണ്ടി വന്നു. അതിന്റ ബാദ്ധ്യതകള്‍ എന്നെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷം എന്റെ കുട്ടികളെ ബാധിക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്ന് ആദ്യം ചോദിച്ചത് എന്റെ മൂത്ത മകനോടാണ്. അവന്‍ അന്ന് പത്താം ക്ളാസ്സില്‍ പഠിക്കുകയാണ്. "അമ്മയ്ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യു. ഞാന്‍ എപ്പോഴും അമ്മയോടൊപ്പം ഉണ്ടാകും'' എന്നാണ് അവന്‍ പറഞ്ഞത്. "നാളെ നിങ്ങള്‍ അമ്മയെ കുറ്റപ്പെടുത്തുമോ?'' എന്നു ഞാന്‍ അവനോട് ചോദിച്ചു. കാരണം പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ കുറ്റമൊന്നുമില്ല. ഞങ്ങള്‍ മക്കള്‍ക്കു വേണ്ടി അമ്മ ഒന്നും നഷ്ടപ്പെടുത്തരുത് എന്നായിരുന്നു അവന്റെ മറുപടി. ഞങ്ങളെ സ്നേഹിക്കുന്ന, ഭക്ഷണവും വസ്ത്രവും തരുന്ന, വിദ്യാഭ്യാസം തരുന്ന ആള്‍ തന്നെയാണ് പ്രധാനം. അമ്മയ്ക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യുക എന്നവന്‍ പറഞ്ഞു.
2001 ല്‍ വിവാഹജീവിതത്തില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ഞാന്‍ ഇറങ്ങിപ്പോന്നു.
ഒച്ചപ്പാടുകളും ബഹളങ്ങളും ഇല്ലാതെ ഞാന്‍ മക്കളുടെ കുടെ ഒരു ഫ്ളാറ്റിലേയ്ക്ക് മാറിത്താമസിച്ചു. ഇപ്പോഴും അങ്ങോട്ടുമിങ്ങോട്ടും കുറ്റമൊന്നും ഞാന്‍ പറയുന്നില്ല. എന്നെ ആരും മനസ്സിലാക്കിയില്ല എന്ന് ഞാന്‍ പറഞ്ഞല്ലോ. മനസ്സിലാക്കാന്‍ ഞാന്‍ ആര്‍ക്കും അവസരം കൊടുത്തിട്ടില്ല എന്നതാണ് സത്യം. എന്നെക്കുറിച്ച് പൂര്‍ണ്ണമായും അറിയാവുന്നവരാരും എന്നെ മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ല. എന്റെ സ്വന്തമെന്ന് കരുതിയവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ഞാനെന്തിന് നാട്ടുകാരെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കണം? സഹതാപങ്ങള്‍ ഏറ്റുവാങ്ങി ജീവിച്ചാല്‍ ഈ ഫീല്‍ഡില്‍ എനിക്കു വളരാന്‍ കഴിയില്ലെന്നും ഞാന്‍ മനസ്സിലാക്കി. ആത്മവിശ്വാസമുള്ള ഒരു കലാകാരിയായി നിലനില്‍ക്കണമെങ്കില്‍ ഭൂതകാലം മറക്കുന്നതാണ് നല്ലത്. ഞാന്‍ ആഗ്രഹിച്ച ജീവിതം കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. പക്ഷേ പിന്നെ എന്റെ മക്കള്‍ക്ക് ആരും ഉണ്ടാകില്ല. മക്കളെ സംരക്ഷിക്കാന്‍ അമ്മയെപ്പോലെ മറ്റാര്‍ക്കും സാധിക്കില്ല. ഏതു വ്യക്തിക്കും മുന്നോട്ടുപോകാനുള്ള മാനസികധൈര്യം സ്വന്തം അമ്മയില്‍ നിന്നാണ് ലഭിക്കുന്നത്.
ഇന്നും ചെറുപ്പകാലത്ത് ഞാനെന്താണോ ആഗ്രഹിച്ചത്, അത് നേടിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒറ്റപ്പെടല്‍ എന്നെ വിട്ടുപോകുന്നില്ല. മക്കള്‍ക്ക് ഞാനല്ലാതെ മറ്റാരുമില്ല. ബന്ധുക്കളെന്നു പറയാന്‍ ആരുമില്ല. അവര്‍ പഠിച്ച് വലുതായി അവരുടെ ജീവിതം തുടങ്ങും. അപ്പോള്‍ ഒരു ഒറ്റപ്പെടല്‍ കൂടി ബാക്കിയുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍. തിരുവനന്തപുരത്തു നിന്ന് മാറിത്താമസിക്കണമെന്നാണ് ഞാനിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്‍ഡസ്ട്രിയുടെ പ്രതികരണം എന്തായിരുന്നു?
എല്ലാ വ്യക്തിപരമായ പ്രശ്നങ്ങളേയും നേരിടാന്‍ എനിക്ക് കരുത്തു തന്നത് ഇന്‍ഡസ്ട്രിയാണ്. ഏറ്റവുമധികം സംരക്ഷണം ലഭിച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റാണ് ഞാന്‍. ബന്ധുക്കളെക്കാള്‍ എനിക്ക് സ്നേഹം തന്നത് സഹപ്രവര്‍ത്തകരാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഞാന്‍ ഡബ ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനും ഇഷ്ടമുള്ള ഭക്ഷണം വാങ്ങിത്തരാനുമൊക്കെ ശ്രദ്ധിച്ച സഹപ്രവര്‍ത്തകരുണ്ട്. ഞാന്‍ വളരെ റിലാക്സ്ഡ് ആണെന്ന് ഉറപ്പ് വരുത്തിയിട്ടാണ് സംവിധായകര്‍ എന്നെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഉള്ളടക്കം എന്ന സിനിമയുടെ ഡബ്ബിങ് നടക്കുമ്പോള്‍ ഞാന്‍ രണ്ടാമത്തെ മകനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. എന്നു വെച്ചാല്‍ പതിന്നാലാം തിയതി ഞാന്‍ ആ സിനിമ ഡബ് ചെയ്തു. പതിനേഴാം തിയതി പ്രസവിച്ചു. ആ സിനിമയില്‍ അമലയുടെ കഥാപാത്രം അലറിക്കരയുന്ന രംഗങ്ങളുണ്ട്. അമല തിയറ്ററില്‍ അടുത്തിരുന്നു പറയും: "സ്ക്രീം ചെയ്യുന്നതൊക്കെ ഞാന്‍ ചെയ്തു കൊള്ളാം. നിങ്ങള്‍ ഡയലോഡ് മാത്രം ഡബ് ചെയ്താല്‍ മതി.'' ഒട്ടും സ്ട്രെയിന്‍ ചെയ്യരുതെന്ന് സംവിധായകന്‍ കമല്‍ സാറും പറഞ്ഞു. സ്ക്രീം ചെയ്താല്‍ അപ്പോള്‍ത്തന്നെ പ്രസവിക്കുമെന്നായിരുന്നു അവരുടെ പേടി. ഏതായാലും ക്ളൈമാക്സിലും, പിന്നെ ഡയലോഗ് പറഞ്ഞുള്ള അലറിക്കരച്ചിലും ഒഴികെ ബാക്കിയെല്ലാ സ്ക്രീമിങ്ങും അമല തന്നെ ചെയ്തു. ഇന്‍ഡസ്ട്രിയില്‍ എല്ലാവരും എന്നെ ഇഷ്ടപ്പെട്ടിരുന്നു. മക്കള്‍ക്ക് സ്കൂള്‍ അഡ്മിഷനും കോളജ് അഡ്മിഷനും വേണ്ടിവന്നപ്പോള്‍ സഹായിച്ചതും സിനിമയിലെ സഹപ്രവര്‍ത്തകരാണ്. അത്തരം നിമിഷങ്ങള്‍ തന്നെയാണ് ഞാന്‍ ഓര്‍ത്തിരിക്കുന്നതും.
എങ്ങനെയാണ് സംഘടനാപ്രവര്‍ത്തനത്തിലേയ്ക്ക് തിരിയുന്നത്?
ഞാന്‍ വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് വരുന്ന സമയത്ത് കേരളം മുഴുവന്‍ സിനിമാക്കാരോട് ഒരുതരം പുച്ഛമാണ്. പ്രത്യേകിച്ചും എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക്. ഞങ്ങള്‍ ഡബ്ബിങ് ആര്‍ട്ടിസ്റുകളാണെങ്കില്‍ സിനിമയില്‍ അദൃശ്യരാണല്ലോ. രാവിലെ വളരെ നേരത്തെ ജോലിക്കുപോകുകയും രാത്രി വളരെ വൈകി വീട്ടിലേത്തുകയും ചെയ്യുന്നത് ആളുകള്‍ കാണുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ഞങ്ങളെയൊട്ട് കാണുന്നുമില്ല. സിനിമയുടെ ടൈറ്റിലില്‍ പോലും ഞങ്ങളുടെ പേരില്ല. വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഭാഗമായിരുന്നു ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍. ഫസ്റ് നൈറ്റ് രംഗത്തിന് ശബ്ദം കൊടുത്താല്‍ അതില്‍ കാണുന്നതുപോലെ നമ്മള്‍ അഭിനയിച്ചിട്ടുണ്ടാകും എന്നു കരുതുന്ന ഒരു അമ്മായിയമ്മയെ വേണമെങ്കില്‍ ഡബ്ബിങ് സ്റുഡിയോയില്‍ കൊണ്ടുപോയി നേരു ബോദ്ധ്യപ്പെടുത്താം. നാട്ടുകാരെ മുഴുവന്‍ ബോധിപ്പിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ ഞാന്‍ പതുക്കെപ്പതുക്കെ ബഹളമുണ്ടാക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ വലിയ ഒച്ചപ്പാടുകാരിയാണെന്ന പേരുമുണ്ടായി.

എന്തിനായിരുന്നു കലാപം?
ടൈറ്റിലില്‍ ഞങ്ങള്‍ ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ പേരെഴുതിക്കാണിക്കണം എന്നായിരുന്നു ആവശ്യം. അങ്ങനെ ബഹളമുണ്ടാക്കി അവസാനം സത്യേട്ടനാണ് (സത്യന്‍ അന്തിക്കാട്) ആദ്യമായി ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ പേര് ടൈറ്റിലില്‍ വച്ചത്. ഇരുപത്തിയഞ്ചു കൊല്ലം മുമ്പാണ് ഈ സംഭവം. സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുമ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ക്ക് ഷീല്‍ഡ് കൊടുക്കുന്ന പതിവും സത്യേട്ടനാണ് തുടങ്ങിവച്ചത്. പിന്നെയും പ്രശ്നങ്ങള്‍ അവശേഷിച്ചു. എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെയും പേര് എഴുതിക്കാണിക്കില്ല. പ്രധാനപ്പെട്ട ആര്‍ട്ടിസ്റുകളുടെ മാത്രം പേരു വരുന്നു. ഒരു സിനിമയില്‍ മുപ്പത്തിയഞ്ച് ഡബ്ബിങ് ആര്‍ട്ടിസ്റുകളെങ്കിലും ഉണ്ടാകും. അങ്ങനെയാണ് ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണുറ്റിയൊന്ന്  മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി. അതോടെ ഇങ്ങനെയും ഒരു വിഭാഗം സിനിമയില്‍ പ്രധാനപ്പെട്ട ഒരു മേഖല കൈകാര്യം ചെയ്യുന്നുണ്ടെന്ന് ജനം മനസ്സിലാക്കി. പിന്നെയാണ് സംഘടന വേണമെന്ന ആവശ്യം ഉയര്‍ന്നത്. മാക്റ്റയില്‍ ഈ ആവശ്യം ഞാന്‍ ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് ഞങ്ങളെ ടെക്നീഷ്യന്‍മാരായി കാണാന്‍ വയ്യ. പെര്‍ഫോം ചെയ്യുന്നവരായതുകൊണ്ട് അമ്മയിലാണ് ഞങ്ങളുടെ സ്ഥാനം എന്ന് പറഞ്ഞു. അമ്മ ഭാരവാഹികള്‍ പറഞ്ഞത് ഞങ്ങള്‍ സ്ക്രീനില്‍ വരാത്തതുകൊണ്ട് അവിടെ ചേര്‍ക്കാന്‍ വയ്യെന്നാണ്. പിന്നെ മാക്റ്റ ഫെഡറേഷന്‍ വന്നപ്പോള്‍ ഞങ്ങള്‍ അംഗീകരിക്കപ്പെട്ടു. എല്ലാവരും കൂടി അതിന്റെ ചുമതല എനിക്കു തന്നു. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അത് ഏറ്റെടുത്തു നടത്തി. പക്ഷേ അതിനകത്ത് എപ്പോഴും അസ്വാരസ്യങ്ങളും പ്രശ്നങ്ങളുമായിരുന്നു. വളരെ കലുഷിതമായ അന്തരീക്ഷം.
ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നോ?
ജോലി ചെയ്യുക, പണം വാങ്ങുക, പോകുക എന്നതിലപ്പുറം ഡബ്ബിങ് എന്താണെന്ന് ഗൌരവത്തോടെ പഠിക്കാനോ മനസ്സിലാക്കാനോ പല ഡബ്ബിങ് ആര്‍ട്ടിസ്റുകളും തയ്യാറാകുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും കംപ്യൂട്ടറൈസ്ഡ് ഡബ്ബിങ് സിസ്റം വന്നതിനു ശേഷം. ചെന്നൈയില്‍ പഴയ ലൂപ് സിസ്റത്തില്‍ ഞങ്ങള്‍ പല കഥാപാത്രങ്ങള്‍ക്കുവേണ്ടി ഒരേ സമയം ഡബ് ചെയ്തിരുന്ന സമയത്ത് ഒരാള്‍ പറയുന്നതു കേട്ട് അടുത്തയാള്‍ക്ക് സ്വാഭാവികമായ റീയാക്ഷനും മോഡുലേഷനും കൊടുക്കാന്‍ സാധിക്കുമായിരുന്നു. നോണ്‍ ലീനിയര്‍ സിസ്റം വന്നപ്പോള്‍ ഓരോ ആര്‍ട്ടിസ്റും ഓരോ സമയത്ത് സ്റുഡിയോയില്‍ വന്ന് എന്തൊക്കെയോ പറഞ്ഞിട്ടുപോകുക എന്ന അവസ്ഥയായി. ഈ സാഹചര്യത്തിലും സ്വന്തം ജോലി എങ്ങനെ ഭംഗിയായി ചെയ്യാമെന്ന് പഠിക്കാന്‍ ആരും തയ്യാറാകുന്നില്ല. അങ്ങനെയൊരു സങ്കടം എനിക്ക് ഡബ്ബിങ് ആര്‍ട്ടിസ്റുകളോടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇന്‍ഡസ്ട്രി എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. അതുകൊണ്ട് ഇന്‍ഡസ്ട്രിയെ ബാധിക്കുന്ന ഏതു പ്രശ്നവും വ്യക്തിപരമായി എന്നെയും ബാധിക്കും. ഇത് ഞാന്‍ വെറും വാക്കായി പറയുന്നതല്ല. ഇന്‍ഡസ്ട്രിക്ക് ന•യുണ്ടാകുന്ന ഏതു കാര്യത്തിനും ഞാന്‍ മുന്നിട്ടിറങ്ങും. എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യും. ഞാന്‍ സിനിമയില്‍ വന്നിട്ട് മുപ്പത്തിയേഴു വര്‍ഷം കഴിഞ്ഞു. അധികകാലം ഹീറോയിന്‍ വോയ്സ് ചെയ്യാന്‍ പറ്റില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. ഒരു പത്തു വര്‍ഷം മുമ്പ് ഞാനൊരു തീരുമാനമെടുത്തു. ഞാനിനി ടീനേജ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നില്ല. അനിയത്തിപ്രാവ് എന്ന സിനിമയിലേയ്ക്ക് എന്നെ വിളിച്ചപ്പോള്‍ പുതിയ ആരുടെയെങ്കിലും ശബ്ദം ഉപയോഗിക്കാന്‍ ഞാന്‍ ഫാസില്‍ സാറിനോടു പറഞ്ഞു. എന്റെ ശബ്ദം നിരന്തരം കേട്ടുകൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്ക് മടുക്കും. എനിക്കു തന്നെ എന്റെ ശബ്ദം മടുക്കുന്ന ഒരു കാലം വരും. അപ്പോള്‍ ഇന്‍ഡസ്ട്രി എന്നില്‍ നിന്നകലാന്‍ തുടങ്ങും. എന്നും ഇന്‍ഡസ്ട്രി എനിക്കൊപ്പം നില്‍ക്കണമെങ്കില്‍, ഞാന്‍ എപ്പോഴും അതിനെ ഇഷ്ടപ്പെടണമെങ്കില്‍ ഗുണകരമായ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് തോന്നിത്തുടങ്ങി. അങ്ങനെ പുതിയ ശബ്ദങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ തന്നെ മുന്നിട്ടിറങ്ങി.
എങ്ങനെയായിരുന്നു ആ പ്രവര്‍ത്തനം?
അതിനാണ് ഞാന്‍ ഡബ്ബിങ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയത്. 2005 ല്‍ ഞാനും മോഹന്‍ലാലും കൂടി കഴക്കൂട്ടത്ത് വിസ്മയയിലാണ് അത് തുടങ്ങിയത്. ഈ രംഗത്തു വരുന്ന കാലത്ത് സീനിയര്‍ ഡബ്ബിങ് ആര്‍ട്ടിസ്റുകളോട് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിപ്പിച്ചു തരാന്‍. അവരെന്നെ ആട്ടിയോടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആരും അതൊന്നും പറഞ്ഞു തരില്ല. കണ്ടു പഠിക്കുക മാത്രമേ നിവൃത്തിയുള്ളൂ. പുതിയതായി ഒരു കലാകാരനെ സൃഷ്ടിച്ചെടുക്കാനൊന്നും ആര്‍ക്കും കഴിയില്ലായിരിക്കാം. പക്ഷേ എന്തിന്റെയും ബേസിക്സ് പറഞ്ഞുകൊടുക്കാന്‍ കഴിയും. അടിസ്ഥാനപരമായ കഴിവുകളുളളവരെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് സാധിക്കും. അങ്ങനെയൊരു ലക്ഷ്യം വച്ചാണ് ഡബ്ബിങ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയത്. മോഹന്‍ലാലിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പൂര്‍ണ്ണസ്വാതന്ത്യ്രത്തോടെ സ്റുഡിയോ വിട്ടുതരികയാണു ചെയ്തത്. ലാഭനഷ്ടക്കണക്കു പോലും ചോദിക്കില്ല എന്നാണ് പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ എനിക്കേറ്റവും വിമര്‍ശനങ്ങള്‍ കിട്ടിയത് എന്റെ സഹപ്രവര്‍ത്തകരായ ഡബ്ബിങ് ആര്‍ട്ടിസ്റുകളില്‍ നിന്നാണ്. പരസ്യമായി സംഘടനാ യോഗങ്ങളില്‍ വെച്ച് എന്നെ അവഹേളിച്ചു. സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് ഉള്ള തൊഴിലാളികള്‍ക്ക് ജോലി ഉണ്ടാക്കിക്കൊടുക്കുന്നതിനു പകരം പുതിയ ആളുകളെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. തൊഴിലാളികള്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കാന്‍ ഒരു സംഘടനയ്ക്കും സാധിക്കില്ലെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. തൊഴില്‍ ചെയ്താല്‍ അതിനുള്ള വേതനം വാങ്ങിക്കൊടുക്കാനേ കഴിയൂ. ശ്രീജ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ് എനിക്കെതിരെ പത്തൊമ്പത് സംഘടനകള്‍ക്കും വളരെ മോശമായ ഭാഷയില്‍ കത്തയച്ചു. "ഡബ്ബിങ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയിട്ട് ഇപ്പോള്‍ എന്തായി?'' എന്നൊക്കെ കത്തില്‍ ചോദ്യമുണ്ടായിരുന്നു.


ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയതിന്റെ പേരിലാണോ കത്തയച്ചത്?
അല്ല. അവര്‍ക്ക് വേറെയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇതും പറഞ്ഞതാണ്. അവരെപ്പോലെ ഇത്രയും പ്രശസ്തയായ ഒരു ആര്‍ട്ടിസ്റ്റിനു പോലും എന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാകുന്നില്ല എന്നതാണ് കഷ്ടം. എല്ലാ ചാനല്‍ ചര്‍ച്ചകളിലും ഡബ്ബിങ്  ആര്‍ട്ടിസ്റുകളെ പ്രതിനിധീകരിച്ച് ഞാന്‍ സംസാരിക്കുന്നു എന്നതായിരുന്നു മറ്റൊരു സീനിയര്‍ ഡബ്ബിങ് ആര്‍ട്ടിസ്റിന്റെ പരാതി. ഞാന്‍ ഒരു ചാനലിനേയും അങ്ങോട്ട് സമീപിക്കാറില്ല. എന്നെ ക്ഷണിച്ചാല്‍ ഞാന്‍ പോകും എന്നു മാത്രം. ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ എന്ന വിഭാഗത്തില്‍പ്പെട്ട കുറച്ചുപേര്‍ സിനിമയിലുണ്ടെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഇത്രയേറെ ശ്രമിച്ചിട്ടും അതിന്റെ ന•യെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എന്നിട്ടും ഞാന്‍ പിടിച്ചുനില്‍ക്കുന്നത് എന്നെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന സംവിധായകരും നിര്‍മ്മാതാക്കളും അഭിനേതാക്കളും ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് പലപ്പോഴും ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തന്നെ എനിക്ക് മടിയാണ്. പത്മപ്രിയയുടെ ഒരു ഇഷ്യു അടുത്ത കാലത്ത് വന്നപ്പോഴും ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടത് ഞാനാണ്.
എന്തായിരുന്നു, ആ പ്രശ്നം?
പല മലയാള സിനിമകളിലും അവര്‍ക്ക് ശബ്ദം കൊടുത്തിട്ടുള്ളത് കേള്‍ക്കുമ്പോള്‍ "അയ്യേ!'' എന്നു തോന്നിയിട്ടുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. ചിലപ്പോള്‍ അവര്‍ക്ക് ഭാഷയില്‍ ഉള്ള പരിചയക്കുറവു കൊണ്ട് പറഞ്ഞതാകാം. ഉദ്ദേശിച്ച വാക്ക് പ്രയോഗിക്കാന്‍ കഴിയാഞ്ഞതാകാം.
പത്മപ്രിയക്ക് ശബ്ദം കൊടുത്തിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നോ?
അല്ല. ഞങ്ങള്‍ എട്ടു പേര്‍ പല സിനിമകളിലായി അവര്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. സ്ഥിരമായി ഒരു ശബ്ദം ഇല്ല. ഞാനും പ്രവീണയും ദേവിയും ശ്രീജയും അവര്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. ഇതില്‍ ഏത് ശബ്ദമാണ് അവര്‍ക്ക് മോശമായി തോന്നിയിട്ടുള്ളതെന്ന് വ്യക്തമാക്കണ്ടേ? എല്ലാ ശബ്ദങ്ങളും "അയ്യേ!'' എന്നു തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ശബ്ദം കൊടുക്കാന്‍ മലയാളത്തിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റിനും യോഗ്യതയില്ലെന്നല്ലേ അര്‍ത്ഥം? ശക്തമായി പ്രതികരിക്കണമെന്ന് സംഘടനയില്‍ ആവശ്യമുയര്‍ന്നു. അങ്ങനെ പ്രതികരിച്ചപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ചില ഡയറക്റ്റര്‍മാര്‍ എനിക്കെതിരെയായി. എന്നിട്ടും ഞാന്‍ ഡബ്ബിങ് ആര്‍ട്ടിസ്റുകളെ പിന്തുണയ്ക്കുന്ന നിലപാടെടുത്തു. അതും ഞാനത്ര വലിയ കാര്യമായിട്ടെടുത്തിട്ടില്ല. പക്ഷേ ഇന്നും എന്നെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് എന്റെ സഹപ്രവര്‍ത്തകരായ ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ തന്നെയാണ്.
ഇന്‍സ്റിറ്റ്യൂട്ടിന്റെ കാര്യമാണ് നമ്മള്‍ സംസാരിച്ചുകൊണ്ടിരുന്നത്.
നല്ല വിദ്യാഭ്യാസം ഉള്ളവര്‍ ഈ രംഗത്തേയ്ക്ക് കടന്നു വരുന്നില്ല. സിനിമയുടെ ട്രെന്‍ഡ് മാറിക്കൊണ്ടിരിക്കുകയാണ്. ശുദ്ധമലയാളം പറയുന്ന ആളുകളെ മാത്രമല്ല, സിനിമയ്ക്ക് ഇപ്പോള്‍ ആവശ്യം. മോഡേണ്‍ കഥാപാത്രങ്ങളും നാടന്‍ കഥാപാത്രങ്ങളും ഉണ്ടാകണം. ഏതു കഥാപാത്രത്തിനും അനുസരിച്ച് ഡബ്ബ് ചെയ്യാന്‍ കഴിവുള്ളവരെയാണ് സിനിമ ഇന്ന് ആവശ്യപ്പെടുന്നത്. ഇന്നത്തെ ജനറേഷനില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്ക് ശബ്ദം കൊടുക്കാന്‍ എന്നെക്കൊണ്ട് സാധിക്കില്ല. എന്റെ ശബ്ദം ചെറുപ്പമാണെങ്കില്‍പ്പോലും ആ തരത്തിലുളള ഒരു മോഡുലേഷന്‍ എനിക്ക് വരില്ല. പുതിയ തലമുറയുടെ ശബ്ദം കൊണ്ടുവരാനായിരുന്നു എന്റെ ശ്രമം. ഇന്‍സ്റിറ്റ്യൂട്ടില്‍ വന്ന ഭൂരിഭാഗം പേരും തിരുവനന്തപുരം മേഖലയിലുള്ളവരായിരുന്നു. ഈ മേഖലയുടെ തനത് സംസാരശൈലിയായിരുന്നു അവരുടേത്. മൂന്നു മാസം കൊണ്ട് അവരെ പരിശീലിപ്പിച്ചെടുക്കക അത്ര എളുപ്പമായിരുന്നില്ല. മൂന്നു മാസത്തെ കോഴ്സ് കഴിഞ്ഞാലുടന്‍ സിനിമയില്‍ കയറാന്‍ പറ്റുമെന്ന ചിന്താഗതിയായിരുന്നു മിക്കവര്‍ക്കും. ഞാന്‍ സിനിമയില്‍ വന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നായികമാര്‍ക്ക് ശബ്ദം കൊടുക്കാന്‍ തുടങ്ങിയത്. അതു വരെ ആള്‍ക്കൂട്ടങ്ങള്‍ക്കും അനിയത്തിവേഷങ്ങള്‍ക്കും ശബ്ദം കൊടുത്തും ചിലപ്പോള്‍ ജോലി ഇല്ലാതെ പട്ടിണി കിടന്നും കടന്നുപോയ കാലമത്രയും ഞാന്‍ ഈ കല പഠിക്കാനാണ് ഉപയോഗിച്ചത്. ഈ തലമുറ സിനിമയെ സിനിമയുടെ ഗൌരവത്തോടെ കാണാതെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി മാത്രം കാണുകയാണ്. കോഴ്സ് ഫീ ആയി ചെലവിട്ട പതിനയ്യായിരം രൂപ കഴിയുമെങ്കില്‍ ഒറ്റമാസം കൊണ്ടുതന്നെ വീണ്ടെടുക്കണമെന്നാണ് പലരുടെയും മനസ്സില്‍. അത് എനിക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.
സിനിമയിലെ മറ്റ് സഹപ്രവര്‍ത്തകര്‍ സഹകരിച്ചിരുന്നോ?
നല്ല പിന്തുണയുണ്ടായിരുന്നു. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടനും മുരളിച്ചേട്ടനുമൊക്കെ വന്ന് ക്ളാസ്സെടുക്കുമായിരുന്നു. ശുദ്ധമലയാളം പഠിപ്പിക്കാന്‍ പ•ന സാറ് വരുമായിരുന്നു. അങ്ങനെ ഇന്‍ഡസ്ട്രിയുടെ പിന്തുണയും ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ എതിര്‍പ്പും വിദ്യാര്‍ത്ഥികളുടെ അണ്‍ പ്രൊഫഷണലായ സമീപനവുമാണ് ഞാന്‍ അനുഭവിച്ചത്. മോഹന്‍ ലാലിനും എനിക്കും പണമുണ്ടാക്കാനുള്ള ഒരു സ്ഥാപനമായി വേണമെങ്കില്‍ അത് തുടരാമായിരുന്നു. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനത് നിര്‍ത്തി. വെറുമൊരു ബിസിനസ്സായി അത് കൊണ്ടു നടക്കാന്‍ എനിക്ക് താത്പര്യം തോന്നിയില്ല. മനസ്സര്‍പ്പിച്ചു വേണം എന്തു കാര്യവും ചെയ്യാന്‍. പ്രൊഫഷന്‍ ആയാലും ജീവിതമായാലും ആത്മാര്‍ത്ഥതയുണ്ടാകുകയാണ് പ്രധാനം. മോഹന്‍ലാലിനോട് ഒരു വാക്കുപോലും പറയാതെയാണ് ഞാന്‍ സ്ഥാപനം നിര്‍ത്തിയത്. എന്തുകൊണ്ടാണ് സ്ഥാപനം നിര്‍ത്തിയതെന്ന് ഇന്നു വരെ മോഹന്‍ ലാല്‍ ചോദിച്ചിട്ടില്ല. എന്തിനാണ് തുടങ്ങുന്നതെന്നും ചോദിച്ചിരുന്നില്ല. പിന്നീട് അതൊരു സങ്കടമായിത്തീര്‍ന്നപ്പോള്‍ മറ്റൊരാഗ്രഹം തോന്നി. കുറച്ചുകൂടി വിപുലമായി, അഭിനയവും സംവിധാനവും കൂടി പഠിപ്പിക്കുന്ന ഒരു സ്ഥാപനമാക്കി അതു മാറ്റിയെടുക്കണം. അടൂര്‍ സാറൊക്കെ പൂര്‍ണ്ണ പിന്തുണ തന്നു. പക്ഷേ, അത്രയും വലിയ ഒരുത്തരവാദിത്വം ഏറ്റെടുക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല. എന്തെങ്കിലും കാരണവശാല്‍ പരാജയപ്പെട്ടാല്‍ എല്ലാവരും ഉത്തരം പറയേണ്ടിവരും. അങ്ങനെയാണ് ഇന്‍സ്റിറ്റ്യൂട്ട് നിര്‍ത്തിയത്.

എന്നു മുതലാണ് നായികമാര്‍ക്ക് ശബ്ദം കൊടുത്തു തുടങ്ങിയത്?

1981 ല്‍ തിരനോട്ടം എന്ന സിനിമയില്‍ നായികയായ രേണു ചന്ദ്രയ്ക്ക് ശബ്ദം കൊടുത്തു. പിന്നെ കോളിളക്കം എന്ന ചിത്രത്തില്‍ സുമലതയ്ക്കും ഒന്നും മിണ്ടാത്ത ഭാര്യയില്‍ മേനകയ്ക്കും ഡബ് ചെയ്തു. ഏറ്റവും കൂടുതല്‍ ശബ്ദം കൊടുത്തിട്ടുള്ളത് ശോഭനയ്ക്കും ഉര്‍വ്വശിക്കുമാണ്. അവര്‍ക്കുവേണ്ടിയുള്ള ഡബ്ബിങ്ങില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളുമായിരുന്നു.
ഒരേ സിനിമയില്‍ത്തന്നെ ഒന്നിലധികം പേര്‍ക്ക് ശബ്ദം കൊടുക്കാറുണ്ടോ?
ഒരേ സിനിമയില്‍ രണ്ട് നായികമാരുണ്ടെങ്കില്‍ രണ്ട് പേര്‍ക്കും ശബ്ദം കൊടുത്തിട്ടുണ്ട്. ഹിറ്റ്ലറില്‍ ശോഭനയ്ക്കും വാണി വിശ്വനാഥിനും; തെങ്കാശിപ്പട്ടണത്തില്‍ സംയുക്താ വര്‍മ്മയ്ക്കും ഗീതു മോഹന്‍ദാസിനും; വണ്‍മാന്‍ ഷോയില്‍ സംയുക്താ വര്‍മ്മയ്ക്കും മന്യയ്ക്കും ശബ്ദം കൊടുത്തു. വ്യക്തിപരമായി എനിക്കിഷ്ടമുള്ള കാര്യമല്ല അത്. ഒരര്‍ത്ഥത്തില്‍ മറ്റൊരാളുടെ തൊഴിലില്ലാതാകുകയാണ് ചെയ്യുന്നത്. ചില സംവിധായകരുടെ നിര്‍ബന്ധം കാരണമാണ് അങ്ങനെ ചെയ്തിട്ടുള്ളത്.
സ്ഥിരമായി ശബ്ദം കൊടുക്കാറുണ്ടായിരുന്ന നായികമാര്‍ക്ക് ഭാഗ്യലക്ഷ്മിയോടുള്ള മനോഭാവം എന്തായിരുന്നു?
ഹീറോയിന്‍സിന്റെ മനോഭാവം ഒരിക്കലും എനിക്ക് പിടികിട്ടിയിട്ടില്ല. നമ്മളുമായി ഒരു കമ്മ്യൂണിക്കേഷനും ഇല്ലാത്ത ഒരു വിഭാഗമായിരുന്നു അവര്‍. പലരും നമ്മള്‍ ഡബ് ചെയ്യുമ്പോള്‍ സ്റുഡിയോയിലേക്ക് വരാറുപോലുമുണ്ടായിരുന്നില്ല. മഴവില്‍ക്കാവടിയും തലയിണമന്ത്രവുമൊക്കെ ഡബ് ചെയ്യുമ്പോള്‍ ഉര്‍വ്വശി വന്നിരിക്കാറുണ്ടായിരുന്നു.
ഹീറോയിന്‍ സ്റുഡിയോയില്‍ വന്നിരുന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റിന് എന്താണ് പ്രയോജനം?
ഉര്‍വ്വശിയുടെ മോഡുലേഷന്‍ പ്രത്യേക തരത്തിലുളളതാണ്. അവരുടെ എക്സ്പ്രഷന്‍ ഉള്ളിലാണ് കിടക്കുന്നത്. വായ തുറന്ന് സംസാരിക്കുന്ന ശൈലിയല്ല. എങ്ങനെയാണ് അവര്‍ ഡയലോഗ് പറഞ്ഞതെന്ന് മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമാണ്. അത് എങ്ങനെയാണെന്ന് ഉര്‍വ്വശി എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്റെ അടുത്തു വന്നിരുന്ന് അക്കാര്യത്തില്‍ ഒരുപാട് സഹായിച്ചിട്ടുള്ള ആര്‍ട്ടിസ്റാണ് ഉര്‍വ്വശി. വേറെയാരും അതിന് തയ്യാറായിട്ടില്ല. എനിക്ക് വയ്യ എന്നുള്ളതു കൊണ്ട് കമല്‍ സാര്‍ നിര്‍ബ്ബന്ധിച്ചതു കാരണം അമലയും വന്നിട്ടുണ്ട്. പലര്‍ക്കും അവരുടെ ശബ്ദം കൊടുത്തത് ആരാണെന്നു പോലും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുഖചിത്രം എന്ന സിനിമ മുതല്‍ ഉര്‍വ്വശി സ്വയം ഡബ് ചെയ്യാന്‍ തുടങ്ങി. അതിനെ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. ഹീറോയിന്‍ എപ്പോഴും സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുന്നതാണ് നല്ലത്. കാരണം ഒരു നല്ല ആര്‍ട്ടിസ്റിന്റെ പ്രകടനം ഡബ്ബിങ് ആര്‍ട്ടിസ്റിന് അതേ പടി പുനരാവിഷ്കരിക്കാന്‍ കഴിയില്ല. അഭിനയിക്കുന്ന സമയത്ത് നടീനടന്‍മാര്‍ക്ക് ആ അന്തരീക്ഷത്തിന്റെ പിന്തുണയുണ്ടാകും. ഡബ്ബിങ് ആര്‍ട്ടിസ്റ് സ്റുഡിയോയില്‍ തനിച്ചുനിന്നാണ് ശബ്ദം കൊടുക്കുന്നത്. അഭിനേതാവിന് കിട്ടിയ അന്തരീക്ഷത്തിന്റെ യഥാര്‍ത്ഥ അവസ്ഥയിലെത്താന്‍ ഡബ്ബിങ് ആര്‍ട്ടിസ്റിന് ചിലപ്പോള്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നേക്കും. വൈകുന്നേരം വരെ ഡബ് ചെയ്തു കഴിഞ്ഞതിന് ശേഷമായിരിക്കും ക്യാരക്റ്റര്‍ എന്താണെന്ന് നമുക്ക് മനസ്സിലാകുന്നത്. പിന്നെ മുഴുവന്‍ റീ ഡബ് ചെയ്യേണ്ട അവസ്ഥയാകും. അത് സംവിധായകനെയും നിര്‍മ്മാതാവിനെയും സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമാണ്. എനിക്ക് ചിലപ്പോഴൊക്കെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്.
അടുത്തിടെ സൂഫി പറഞ്ഞ കഥയില്‍ ഷര്‍ബാനി മുഖര്‍ജിക്ക് ശബ്ദം കൊടുത്തിരുന്നല്ലോ. ഡബ്ബിങ്ങിലെ യഥാര്‍ത്ഥ വെല്ലുവിളി മലയാളമേ അറിഞ്ഞുകൂടാത്തവര്‍ക്ക് ശബ്ദം കൊടുക്കുമ്പോഴാണോ?
മലയാളമേ അറിഞ്ഞുകൂടാത്തവര്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ ബുദ്ധിമുട്ടും. പലപ്പോഴും അന്യഭാഷാ നടികള്‍ ഡയലോഗ് ശരിക്കും ഉള്‍ക്കൊണ്ടു തന്നെയാണോ പറഞ്ഞിരിക്കുന്നതെന്ന് നമുക്ക് സംശയം തോന്നും. നമ്മള്‍ ഒരുപാട് ഇമോട്ട് ചെയ്തു പറയുമ്പോള്‍ സ്ക്രീനില്‍ അത് മാച്ച് ചെയ്യാതെ വരും. മുഖത്ത് വരുന്ന ഭാവത്തേക്കാള്‍ കൂടുതലായി ശബ്ദത്തിന്റെ ഭാവം നില്‍ക്കും. ചിലപ്പോള്‍ നടി കൂടുതലായി പ്രകടിപ്പിച്ച ഭാവം ശബ്ദത്തിലൂടെ നമ്മള്‍ കുറയ്ക്കേണ്ടതായും വരും. നമ്മള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ഏറ്റവും നന്നായി അഭിനയിക്കുന്നവര്‍ക്ക് ശബ്ദം കൊടുക്കുമ്പോഴാണ്. അവര്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കില്‍ അവരോടൊപ്പം എത്തുക എന്നു പറയുന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. ഡയറക്റ്ററും ഡബ്ബിങ് ആര്‍ട്ടിസ്റും തമ്മിലുള്ള ഒരു യുദ്ധമാണ് പലപ്പോഴും അത്തരം സന്ദര്‍ഭങ്ങളില്‍ നടക്കാറുള്ളത്. പലപ്പോഴും പിണങ്ങേണ്ടി വരാറുണ്ട്.
അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഓര്‍മ്മയിലുണ്ടോ?
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയില്‍ അമലയ്ക്ക് ഡബ് ചെയ്യുമ്പോള്‍ ഫാസില്‍ സാര്‍ കൂടെ നിന്ന് അഭിനയിച്ച് പഠിപ്പിച്ചിരുന്നു. അദ്ദേഹം അങ്ങനെയാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദവും ആ നായികയുടെ ലിപ് മൂവ്മെന്റും കൃത്യമായി മാച്ച് ചെയ്യുന്നുണ്ടെന്ന് തോന്നും. പക്ഷേ ഞാന്‍ ചെയ്യുമ്പോള്‍ എന്തോ ഒരു അപൂര്‍ണ്ണത തോന്നും. അങ്ങനെ ഒരുപാട് പരിശീലനം കിട്ടുന്നതു കാരണം ഫാസില്‍ സാറിന്റെ സിനിമകളില്‍ എന്റെ മോഡുലേഷന്‍ വളരെ വ്യത്യസ്തമായിരിക്കും. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ സൌന്ദര്യക്ക് ശബ്ദം കൊടുക്കുമ്പോള്‍ സത്യേട്ടന്‍ ആവശ്യപ്പെട്ടത് അവര്‍ പൈലറ്റ്
ട്രാക്കില്‍ സംസാരിച്ച മോഡുലേഷന്‍ കൊണ്ടുവരാനാണ്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിയേട്ടനും വളരെ സ്വാഭാവികമായ പൈലറ്റ്ട്രാക്കിലെ മോഡുലേഷന്‍ ആവശ്യപ്പെട്ടിരുന്നു. അത്തരത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ വിജയവുമായിട്ടുണ്ട്, പരാജയവുമായിട്ടുണ്ട്. മിക്ക സംവിധായകരുമായും ഞാന്‍ കംഫര്‍ട്ടബിളാണ്. കുറേപ്പേര്‍ ഞാനുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നവരുമാണ്.

മലയാളത്തില്‍ സ്പോട്ട് റെക്കോഡിങ് വ്യാപകമായാല്‍ പിന്നെ എന്താണ് ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ പ്രസക്തി?
ഹോളിവുഡ്ഡില്‍ ഡബ്ബിങ് ഇല്ല. അവിടെ അന്യഭാഷാ നടീനടന്‍മാരെ കൊണ്ടു വന്നാല്‍ അവര്‍ ചെയ്യുന്ന കഥാപാത്രങ്ങളും അവരുടെ സംസ്കാരവും ഒന്നായിരിക്കും. ഹോളിവുഡ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ചൈനാക്കാരന്‍ അയാള്‍ക്കറിയുന്ന ഇംഗ്ളീഷ് പറഞ്ഞാല്‍ മതി. ഇവിടെ, "മലയാളം എന്നൊരു ഭാഷയുണ്ടോ?'' എന്ന് ചോദിക്കുന്ന ആര്‍ട്ടിസ്റിനെ കൊണ്ടു വന്നിട്ടാണ് മലയാളം പഠിപ്പിക്കുന്നത്. എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാതെയാണ് പലപ്പോഴും ഇക്കൂട്ടര്‍ ഡയലോഗ് പറയുന്നത്. ഹിന്ദിയില്‍ ഒരുവിധം എല്ലാ സിനിമകളും സ്പോട്ട് റെക്കോഡിങ്ങിലേയ്ക്ക് വന്നുകഴിഞ്ഞു എന്നാണ് റസ്സൂല്‍ പൂക്കുട്ടിയോട് സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തമിഴിലും മലയാളത്തിലുമാണ് ഏറ്റവും അധികം അന്യഭാഷാ നടികളെ കടമെടുക്കുന്നത്. അത് തുടരുന്നിടത്തോളം കാലം ഇവിടെ സിങ്ക് സൌണ്ട് വരാന്‍ പോകുന്നില്ല. അടുത്തിടെ സിങ്ക് സൌണ്ട് ചെയ്ത ലൌഡ് സ്പീക്കറില്‍ ഡബ്ബിങ് ആര്‍ട്ടിസ്റിനെ ഷൂട്ടിങ് സ്പോട്ടില്‍ കൊണ്ടു വന്നു നിര്‍ത്തിയാണ് ഡബ് ചെയ്തിരിക്കുന്നത്. പ്രൊഡ്യൂസര്‍ക്ക് ചെലവു കൂടുന്ന പരിപാടിയാണത്. വലിയ റിസ്കും ഉണ്ട്. ഒന്നുകില്‍ ആര്‍ടിസ്റ് തെറ്റിക്കും. അല്ലെങ്കില്‍ ഡബ്ബിങ് ആര്‍ടിസ്റ് തെറ്റിക്കും. ഏതായാലും ഫിലിം കുറെ വേസ്റാകും. ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിക്കുമ്പോള്‍ ഫിലിം പാഴാകില്ലല്ലോ എന്ന് വാദിക്കാം. ഏതായാലും അന്യഭാഷാ നടികളെ കൊണ്ടു വരുന്നിടത്തോളം കാലം സിങ്ക് സൌണ്ട് പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, സിനിമയുടെ പരിപൂര്‍ണ്ണതയ്ക്ക് സിങ്ക് സൌണ്ട് തന്നെയാണ് നല്ലത്. ഡബ്ബിങ് ആര്‍ട്ടിസ്റിന് ഒരുപാട് പരിമിതികളുണ്ട്. എനിക്ക് അവാര്‍ഡ് കിട്ടിയ സിനിമകള്‍ പോലും ഇപ്പോള്‍ വീണ്ടും കാണുമ്പോള്‍ ഇതിലും എത്രയോ നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്. 
പുരുഷന്‍മാരായ ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ കാര്യമാണ് കഷ്ടത്തിലാകാന്‍ പോകുന്നത്. അല്ലേ?
പുരുഷന്‍മാരായ ഡബ്ബിങ് ആര്‍ട്ടിസ്റുകളുടെ കാര്യം നേരത്തേ തന്നെ അങ്ങനെയാണ്. സ്വന്തം ശബ്ദം ഉപയോഗിക്കാത്ത ഒരു നടനും ഇവിടെ നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ നമ്മുടെ സിനിമയില്‍ നടിമാര്‍ക്കാണ് ആദ്യം വയസ്സാകുന്നത്. കല്യാണം കഴിച്ചാല്‍, ഒരു കുട്ടി കൂടിയായാല്‍ പിന്നെ നായകന്റെ പരിസരത്തേയ്ക്ക് പോലും അവരെ അടുപ്പിക്കില്ല. കാലാകാലം നിലനിന്നു പോരുന്ന പ്രധാനനടന്‍മാര്‍ എല്ലാവരും തന്നെ സ്വന്തം ശബ്ദം ഉപയോഗിക്കുന്നവരാണ്.
സിനിമയില്‍ നിന്ന് ജീവിതത്തിലേയ്ക്ക് വരാം. പഴയ ബന്ധങ്ങള്‍ അന്വേഷിച്ചു പോകാനൊന്നും തോന്നിയിട്ടില്ലേ?
കുട്ടിക്കാലത്തുള്ള ചിന്തകളൊന്നും എന്നെ വിട്ടുപോകുന്നില്ല. ഒന്നും മറക്കാന്‍ കഴിയുന്നില്ല. എപ്പോഴും ഒരു വേദനയായി ഉള്ളില്‍ കിടക്കുകയാണ് ആ കാലം. എന്തൊരു ദയനീയമായ ബാല്യമായിരുന്നു എന്റേത് എന്നൊരു സങ്കടം ഉള്ളിലുണ്ട്. അനാഥ മന്ദിരത്തില്‍ കൊണ്ടാക്കിയ സമയത്ത് അമ്മയുടെ സുഹൃത്തായിരുന്ന ലക്ഷ്മി മേനോനെക്കുറിച്ച് പറഞ്ഞല്ലോ. കോഴിപ്പുറത്ത് മാധവമേനോന്റെ മകള്‍. അവരെ കണ്ടുപിടിക്കണമെന്നൊരാഗ്രഹം തോന്നി. അന്വേഷിച്ചന്വേഷിച്ച് അടുത്തയിടെ അവരെ കണ്ടു പിടിച്ചു. ഞാന്‍ കോഴിക്കോട്ട് പന്നിയങ്കരയില്‍ പോയി. എന്നെക്കണ്ടപ്പോള്‍ അവര്‍ കരയുകയൊക്കെ ചെയ്തു. ജീവിതത്തിലെ മറക്കന്‍ കഴിയാത്ത സംഭവങ്ങളിലൊന്നായിരുന്നു അത്. അമ്മയെ വീണ്ടും കണ്ടതുപോലെ തോന്നി എനിക്ക്. എന്നെ സ്പര്‍ശിച്ച വേറൊരു സംഭവം കൂടിയുണ്ട്. കാണാക്കിനാവ് എന്ന സിനിമയുടെ ഡബ്ബിങ്ങിന് ഞാന്‍ തിയറ്ററില്‍ നില്‍ക്കുകയായിരുന്നു. ഒരു സീനില്‍ സ്ക്രീനില്‍ തെളിഞ്ഞ കെട്ടിടം കണ്ടപ്പോള്‍ എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. ഈ സ്ഥലം എനിക്ക് പരിചയമുണ്ട്. ഈ മുറ്റത്തുകുടി ഞാന്‍
നടന്നിട്ടുണ്ട്. എന്നെ അമ്മ കൊണ്ടുചെന്നാക്കിയ അനാഥമന്ദിരമായിരുന്നു അത്. ഞാന്‍ തിയറ്ററില്‍ നിന്നിറങ്ങി ഓടി ബാത് റൂമില്‍ കയറി കതകടച്ചു. ഡയറക്റ്റര്‍ സിബി മലയില്‍ സാറ് പുറത്തുനിന്ന് "എന്തു പറ്റി ഭാഗീ'' എന്ന് വിളിച്ചു ചോദിക്കുന്നുണ്ട്. ഞാന്‍ അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. അല്‍പസമയം കഴിഞ്ഞ് പുറത്തിറങ്ങി ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോലി തുടര്‍ന്നു. എന്റെ ഭൂതകാലത്തെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷം വരെ ആര്‍ക്കും അറിഞ്ഞുകൂടാ. വളരെ ദരിദ്രമായ ഒരു കുടുംബത്തില്‍ നിന്നു വന്ന, ഓര്‍ഫനേജില്‍ കഴിഞ്ഞ ഒരു വ്യക്തിയായി എന്നെ ആര്‍ക്കും സങ്കല്‍പിക്കാന്‍ കഴിയില്ല. ഒരു പ്രശ്നങ്ങളുമില്ലാതെ ആഡംബരജീവിതം നയിക്കുന്ന ഒരാളായാണ് എല്ലാവരും ഭാഗ്യലക്ഷ്മിയെ അറിയുന്നത്. എന്നെങ്കിലും ഇതൊക്കെ തുറന്നു പറയണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ഇത് ഒരവസരമാക്കുകയാണ്. ഒരുപാട് പേരോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. മദ്രാസ്സില്‍ വച്ച് ചെറിയമ്മ എന്നെ പുറത്തിറക്കിവിട്ടപ്പോള്‍ അഭയം തന്ന രാജിച്ചേച്ചി അതിലൊരാളാണ്. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് എന്റെ കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഇവിടെ എന്റെ സുഹൃത്താണ് മണിച്ചേച്ചി. എന്റെ മുഖമൊന്നു കറുത്താല്‍ എനിക്കെന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കി ആ നിമിഷം വേണ്ടതു ചെയ്യുന്ന മണിച്ചേച്ചിയുള്ളതുകൊണ്ടാണ് അമ്മയും ചേച്ചിയും ചേട്ടനുമില്ലെന്ന കുറവ് ഞാനറിയാതിരിക്കുന്നത്. ഒരിക്കലും എനിക്കവരെ മറക്കാന്‍ കഴിയില്ല. സൌഹൃദങ്ങള്‍ തന്നെയാണ് ഒരു പരിധി വരെ എന്നെ പിടിച്ചു നിര്‍ത്തുന്നത്.

തിരുവനന്തപുരത്തു നിന്ന് പോകാന്‍ തീരുമാനിച്ചെന്ന് പറഞ്ഞല്ലോ. എന്താണ് കാരണം?

തിരുവനന്തപുരത്ത് എനിക്ക് ഒരുപാട് നല്ല സൌഹൃദങ്ങളുണ്ട്. ധാരാളം സാംസ്കാകരികപ്രവര്‍ത്തനങ്ങളില്‍ എന്റെ സാന്നിദ്ധ്യമുണ്ട്. പക്ഷേ എനിക്ക് നഷ്ടപ്പെടുന്ന ചില കാര്യങ്ങളുമുണ്ട്. അമ്മ മരിച്ചുപോയ കാലം മുതല്‍ ഞാനേറ്റെടുത്ത ഭാരം ചുമന്നു ചുമന്ന് മാനസികമായി തളര്‍ന്നുപോയി. എവിടെയെങ്കിലും പോയി ഒന്നു റിലാക്സ് ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഷൊര്‍ണ്ണുരില്‍ പോകണമെന്നാണ് കരുതുന്നത്. ഇവിടെ റിലാക്സ് ചെയ്യാന്‍ പറ്റാത്തതെന്തുകൊണ്ടാണെന്നു വെച്ചാല്‍ നഗരത്തിന് അതിന്റേതായ ഒരു സ്വഭാവമുണ്ട്. നഗരം അതിന്റെ സ്വഭാവത്തിനനുസരിച്ച് നമ്മളെയും മാറ്റിത്തീര്‍ക്കും. എത്രനേരം ഞാന്‍ ഈ ഫ്ളാറ്റിനുള്ളില്‍ത്തന്നെ ഇരിക്കും?  നഗരം അനാവശ്യമായ ആഡംബരങ്ങള്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. ഇവിടെ നിന്ന് മാറി നില്‍ക്കണം. മനസ്സ് ശാന്തമാക്കണം. ഇപ്പോള്‍ മനസ്സ് നിറയെ നഷ്ടബോധങ്ങളാണ്. അതൊക്കെ പുറത്തേക്കിറക്കി വയ്ക്കണം. അത് ഒരു പുസ്തകരൂപത്തില്‍ എഴുതണം.. മക്കള്‍ രണ്ടു പേരും സെറ്റില്‍ഡ് ആയിക്കഴിഞ്ഞാല്‍ എനിക്കു വേണ്ടി മാത്രമായി ജീവിക്കണം. പിന്നെ മനസ്സില്‍ ഒരാഗ്രഹമുണ്ട്. അച്ഛനുമമ്മയ്ക്കും വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന സങ്കടം ഉള്ളില്‍ കിടക്കുന്നതുകൊണ്ടാകാം, ഭാവിയില്‍ ഒരു വൃദ്ധമന്ദിരം നടത്തണമെന്ന് ആഗ്രഹമുണ്ട്. തനിച്ചു ചെയ്യാന്‍ സാധിച്ചില്ലെങ്കിലും സുഗതകുമാരിച്ചേച്ചിയെപ്പോലുളളവരുമായി ചേര്‍ന്നു കൊണ്ട് എന്തെങ്കിലും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് കരുതുന്നു. ഇപ്പോഴുള്ള ലക്ഷ്വറിയൊക്കെ ഉപേക്ഷിക്കണം, സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെടണം എന്നൊക്കെയാണ് ആഗ്രഹം. എന്റെ അമ്മയും വല്യമ്മയും ക്യാന്‍സര്‍ രോഗികളായിരുന്നതുകൊണ്ട് അങ്ങനെയുള്ളര്‍ക്കു വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കുന്നു. ഇപ്പോള്‍ എനിക്ക് കുറച്ചു തടസ്സങ്ങളുണ്ട്. എന്റെ കുട്ടികള്‍ സെറ്റില്‍ ചെയ്തിട്ടേ പൂര്‍ണ്ണമായിട്ടും അത്തരം കാര്യങ്ങളിലേയ്ക്ക് കടക്കാന്‍ പറ്റൂ.


വളരെ തിരക്കുകളുള്ള ഭാഗ്യലക്ഷ്മി ഒരു എന്‍ഗേജ്മെന്റും ഇല്ലാതെ എങ്ങനെയാണ് ജീവിക്കുക?
വര്‍ഷത്തില്‍ രണ്ടോ മൂന്നോ നല്ല സിനിമകള്‍ അവിടെനിന്നും എനിക്കു പോയി ഡബ് ചെയ്യാമല്ലോ. വളരെ തിരക്കുള്ള ആര്‍ട്ടിസ്റ് എന്ന നിലയ്ക്കുള്ള ജീവിതത്തിനു പകരം കുറച്ചുകൂടി സെലക്റ്റീവാകുകയാണ്. ആഡംബരങ്ങള്‍ മാറ്റിവെച്ച് ലളിതമായ ജീവിതം നയിക്കണം. വളരെ സജീവമായി രംഗത്തുണ്ടായിരുന്ന ഒരാള്‍ക്ക് പെട്ടെന്നങ്ങനെ മാറാന്‍ കഴിയുമോ എന്ന് ചോദിച്ച് ചിലരൊക്കെ എന്നെ പേടിപ്പിക്കുന്നുണ്ട്. ഞാന്‍ വേറൊരു കല്യാണം കഴിക്കാനൊന്നുമല്ലല്ലോ തീരുമാനിച്ചിരിക്കുന്നത്? അതൊക്കെയല്ലേ റിസ്ക്? ഷൊര്‍ണ്ണൂരില്‍ പോയി താമസിച്ചിട്ട് ശരിയായില്ലെങ്കില്‍ എനിക്ക് തിരിച്ചു വരാമല്ലോ..

സംഘടനാപ്രവര്‍ത്തനം വേണ്ടെന്നു വയ്ക്കാന്‍ എന്താണ് കാരണം?
ഞാന്‍ ഒരുപാട് പുതിയ ഡബ്ബിങ് ആര്‍ട്ടിസ്റുകളെ കൊണ്ടുവന്നിട്ടുണ്ട്. പലര്‍ക്കും സ്റുഡിയോയില്‍ കൂടെ നിന്ന് പറഞ്ഞുകൊടുത്തിട്ടുണ്ട്. വിധുബാലച്ചേച്ചി അഭിനയിക്കാന്‍ താത്പര്യമില്ലെങ്കിലും ഡബ് ചെയ്യാന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അവരെ ഐ ജി എന്ന പടത്തില്‍ ലക്ഷ്മിക്ക് ശബ്ദം കൊടുക്കാന്‍ കൊണ്ടുവന്നത് ഞാനാണ്. അതിനൊക്കെ ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ക്കിടയില്‍ നിന്ന് വല്ലാത്ത എതിര്‍പ്പു വന്നു. എനിക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യ്രം നഷ്ടപ്പെടുന്നതു പോലെ തോന്നി. സംഘടനാപ്രവര്‍ത്തനമാകുമ്പോള്‍ ചില വ്യക്തികള്‍ക്കു വേണ്ടി ചില തീരുമാനങ്ങള്‍ നമ്മള്‍ മാറ്റിമറിക്കേണ്ടി വരും. അങ്ങനെ ചെയ്യാന്‍ വിസമ്മതിച്ചാല്‍ സൌഹൃദങ്ങള്‍ തകരും. ശത്രുതയുണ്ടാകും. ഞാന്‍ സംഘടനയുടെ തലപ്പത്തിരിക്കുന്നതു കൊണ്ടാണ് തനിക്കു കുറെക്കാലം സിനിമയൊന്നും ഇല്ലാതിരുന്നതെന്ന് ശ്രീജ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ് ധരിച്ചിരുന്നു. ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ് ആയ ഞാന്‍ വിചാരിച്ചാല്‍ ഇന്‍ഡസ്ട്രിയില്‍ ഇത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് മനസ്സിലായത് അവര്‍ പറഞ്ഞപ്പോഴാണ്. പല ഡബ്ബിങ് ആര്‍ട്ടിസ്റുകള്‍ക്കും അങ്ങനെ തെറ്റിദ്ധാരണയുണ്ട്. അതിന്റെ അടിസ്ഥാനകാരണം എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. മീഡിയയില്‍ എനിക്ക് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടും ഡബ്ബിങ് കൂടാതെയുള്ള കള്‍ചറല്‍ ആക്റ്റിവീറ്റിസ് ഉള്ളതുകൊണ്ടും സംസാരിക്കുന്ന കൂട്ടത്തിലായതുകൊണ്ടും എനിക്കുമുന്നില്‍ ഇടയ്ക്ക് ക്യാമറ എത്തും. ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. മറ്റാരെയെങ്കിലും ഇല്ലാതാക്കാന്‍ ഞാന്‍ എന്റെ ബന്ധങ്ങള്‍ ഉപയോഗിക്കാറില്ല. ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതെന്റെ കഠിനാദ്ധ്വാനം കൊണ്ടുമാത്രമാണ്. ആത്മാര്‍ത്ഥമായി പ്രൊഫഷനെ സമീപിച്ചാല്‍ തീര്‍ച്ചയായും അതിന് ഫലം കിട്ടും. ബന്ധങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്. നമ്മള്‍ ആരെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ തിരിച്ചും ആ സ്നേഹം കിട്ടും. കിട്ടണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. സംഘടനയ്ക്ക് വേണ്ടി ഇത്രയും കാലം ഞാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും ഒന്നും തിരികെ കിട്ടുന്നില്ലെങ്കില്‍, ഒരു പരിധി കഴിഞ്ഞാല്‍ ഞാന്‍ മനസ്സിലാക്കണം, എന്റെ ഭാഗത്തോ മറ്റുള്ളവരുടെ ഭാഗത്തോ കുഴപ്പമുണ്ടെന്ന്. ഒന്നുകില്‍ ഞാന്‍ അവരുടെ സ്നേഹം അര്‍ഹിക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ എന്നെ അര്‍ഹിക്കുന്നില്ല. എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം. ഏതായാലും അതിനു പിന്നില്‍ തൂങ്ങിക്കിടന്ന് ജീവിതം കളയാന്‍ ഞാനില്ല.
ഒറ്റയ്ക്ക് ജീവിതത്തെ നേരിട്ടുകൊണ്ടിരിക്കുന്ന സ്വപ്രയത്നം കൊണ്ട് വളര്‍ന്നു വന്ന ഒരു സ്ത്രീയെന്ന രീതിയില്‍ സ്വന്തം സ്വഭാവത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
എപ്പോഴും സ്വയം അപഗ്രഥിക്കുന്നയാളാണ് ഞാന്‍. എന്റെ കുറവുകള്‍ ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തി ഞാന്‍ തന്നെയാണ്. എന്റെ സ്വഭാവത്തിലെ മൈനസ് പോയിന്റുകള്‍ ആദ്യം പറയാം. ഞാന്‍ ഭയങ്കര മുന്‍കോപിയാണ്. ആരെയും പേടിക്കേണ്ട കാര്യമില്ല എന്ന തോന്നലുള്ള ഒരാളാണ്. കുട്ടിക്കാലം മുതല്‍ തന്നെ ആരെയും ആശ്രയിക്കാതെ ജീവിച്ചതിന്റെ ഒരഹങ്കാരമായിരിക്കാം. പലപ്പോഴും സംഘടനാപ്രവര്‍ത്തനത്തിനിടെ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അത് തോന്നിയിട്ടുണ്ടാകും. ഞാന്‍ ആത്മാര്‍ത്ഥമായിട്ടാണ് കാര്യങ്ങള്‍ പറയുന്നത്. പക്ഷേ അതിന്റെ ടോണ്‍ അഹങ്കാരത്തിന്റേതായി തോന്നും. പിന്നീട് സോപ്പിട്ട് പറഞ്ഞ് അതു ശരിയാക്കാനൊന്നും എനിക്കറിയില്ല. ഞാനാണ് ശരി എന്നൊരു ധ്വനി പലപ്പോഴും മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ എന്നില്‍ വരാറുണ്ട്. അത് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും തെറ്റാണെന്നും ഒരു സംഘാടക എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ഒരു പരിധി വരെ നമ്മള്‍ സ്വന്തം സ്വഭാവം മാറ്റി വയ്ക്കണം. ഗൌരവത്തില്‍ നടന്നാല്‍ ആരും എന്നോട് അടുക്കില്ല എന്നൊരു ധാരണ നേരത്തേ ഉണ്ട്. ഒരു സെല്‍ഫ് പ്രൊട്ടക്ഷന്‍. അതൊരു കള്ള ലക്ഷണമോണോ?
അങ്ങനെ പറയാന്‍ പറ്റില്ല.
ഒറ്റയ്ക്ക് ഹോട്ടല്‍ മുറികളില്‍ താമസിക്കുമ്പോള്‍ പേടി തോന്നാറില്ലേ എന്ന് തിലകന്‍ ചേട്ടന്‍ എന്നോടൊരിക്കല്‍ ചോദിച്ചു. എന്നെ തൊട്ടാല്‍ മുള്ളന്‍ പന്നിയെ തൊട്ടതുപോലെയിരിക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ പറഞ്ഞങ്കിലും അത്തരമൊരു പ്രതിസന്ധി വന്നാല്‍ ഞാന്‍ പതറുമോ എന്നെനിക്കറിയില്ല. സമൂഹത്തിനു മുന്നില്‍ അങ്ങനെയൊരു ചിത്രം കൊടുത്താല്‍ പ്രശ്നമില്ല എന്നാണ് കരുതിയത്. പക്ഷേ ഇപ്പോള്‍ ഞാന്‍ വല്ലാത്തൊരഹങ്കാരിയാണെന്ന് എല്ലാവര്‍ക്കും തോന്നിത്തുടങ്ങി. ഈഗോ കണ്ടുപിടിച്ചയാളാണെന്ന് ചില സംവിധായകര്‍ പറയാറുണ്ട്. എന്റെ സ്വഭാവം ഗുണവും ദോഷവും ചെയ്യാറുണ്ട് എന്നര്‍ത്ഥം. ഞാന്‍ അല്‍പം കൂടുതല്‍ ആത്മാര്‍ത്ഥത എല്ലാ കാര്യത്തിലും കാണിക്കാറുണ്ട്. സ്നേഹത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തും ചെയ്യും. ചിലപ്പോള്‍ അവര്‍ അത് ശ്രദ്ധിക്കുന്നു പോലുമുണ്ടാകില്ല. എന്നിട്ട് അത് തിരിച്ചുകിട്ടാതാകുമ്പോള്‍ വിഷമിക്കും. എല്ലാ കാര്യത്തിലും അല്‍പം മിതത്വം പാലിക്കുന്നതാണ് നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. എന്റെ ഉള്ളില്‍ ഒരുപാട് സ്നേഹമുണ്ട്. പക്ഷേ അത് പ്രകടിപ്പിക്കാന്‍ ദൈവം ഒരവസരം തന്നില്ലെന്ന് തോന്നിയിട്ടുണ്ട്.
ചെറുപ്പം മുതല്‍ക്കേ സ്നേഹം നിഷേധിക്കപ്പെട്ട വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇഷ്ടപ്പെട്ടു നടത്തിയ വിവാഹവും പരാജയപ്പെട്ടു. ഇനിയും ഒരു സ്നേഹബന്ധം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഇല്ല. ഇനി അങ്ങനെ ഉണ്ടാകില്ല. ആ പരീക്ഷണം അവസാനിച്ചു. അടികള്‍ മാത്രം കിട്ടിയ ഒരു ജീവിതമായതുകൊണ്ട് ഈ     ഒരു കാര്യത്തില്‍ ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടു. എന്തു തീരുമാനമെടുക്കാനും മക്കള്‍ എനിക്ക് സ്വാതന്ത്യ്രം തന്നിട്ടുണ്ട്. പക്ഷേ എന്റെ സ്വഭാവം ഇങ്ങനെയാണ്. ഇനിയൊരാൾ  വന്നാൽ ഈ സ്വഭാവത്തോട് ചേര്‍ന്ന് പോകണമെന്നില്ല. മറ്റൊരാളുടെ കൂടി ജീവിതം കൂടി ഇല്ലാതാക്കുന്നതെന്തിനാണ്? എന്റെ കുറവുകള്‍ മനസ്സിലാക്കി, എന്റെ വിധി ഇതാണെന്ന് അംഗീകരിച്ചുകൊണ്ട് ജീവിക്കും. ഇനിയും ഒരു റിസ്ക് എടുക്കാന്‍ ഞാന്‍ തയ്യാറല്ല. പിന്നെ ജീവിതത്തില്‍ ഞാനൊരു പരാജയമാണോ എന്ന് ഇടയ്ക്ക് ചിന്തിക്കാറുണ്ട്. തുടങ്ങിയതു മുതല്‍ ഇവിടം വരെയുള്ള ജീവിതത്തെക്കുറിച്ചാലോചിക്കു
മ്പോള്‍ ഞാന്‍ സംതൃപ്തയാണ്. ഒരിടത്തും പരാജയം സംഭവിച്ചിട്ടില്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. സ്വയം ന്യായീകരിക്കാന്‍ പറയുന്നതല്ല. എന്നെ ഒരിക്കലും ആരും കരഞ്ഞുകണ്ടിട്ടുണ്ടാവില്ല. കരയുന്നത് പരാജയത്തിന്റെ ലക്ഷണമാണെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തെ ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. കരയില്ല എന്നത് ഒരു വാശിയാണ്. ആ അര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും വിജയിച്ച ഒരു സ്ത്രീയാണെന്നാണ് എന്റെ വിശ്വാസം. 

No comments: