കെ ബി വേണു
എവിടെയോ പണ്ടു കണ്ടതാണീ മുഖം
എവിടെയാണതെന്നോര്മ്മ കിട്ടുന്നില്ല
-ബാലചന്ദ്രന് ചുള്ളിക്കാട്
(സ്മൃതിനാശം)
ഓര്‍മ്മയും മറവിയും പരസ്പരപൂരകങ്ങളാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രിയകരമായ ഒരു പേരോ മുഖമോ അനുഭവമോ ഓര്‍മ്മയുടെ അതിര്‍ത്തിയും ആകാശവും വിട്ട് പിടിതരാതെ തെന്നിക്കളിക്കാന് തുടങ്ങുന്ന ചില നിമിഷങ്ങളിലാണ് സ്മൃതിനാശത്തെക്കുറിച്ച് മനുഷ്യന് ബോധവാനാകുക. മറവിയെക്കുറിച്ച് മുതിര്‍ന്നവര്‍ പരാതിപ്പെടുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന ബാല്യ-കൗമാര-യൗവ്വനങ്ങളുടെ മലകയറ്റത്തില്‍ നിന്ന് വാര്‍ദ്ധക്യത്തിന്റെ തിരിച്ചിറക്കം തുടങ്ങാറായെന്ന് എല്ലാവരും ഓര്‍ക്കുന്ന കാലമാണത്. കെ ജി എസ് എഴുതിയതു പോലെ ..
നാമിറങ്ങുന്നു മദ്ധ്യവയസ്സു പോ-
ലൊഴുകാതൊഴുകും
ശരത് പ്രവാഹത്തില്‍
|
ബാലചന്ദ്രൻ ചുള്ളിക്കാട് |
മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിര്..
|
കെ ജി എസ് |
വീണ്ടെടുക്കപ്പെടേണ്ട ഓര്‍മ്മകളെക്കുറിച്ചാണ് എഴുതേണ്ടത് എന്ന് പത്രാധിപര്‍ പറഞ്ഞപ്പോള്‍ വിഖ്യാത ചലച്ചിത്രകാരന് കെ ജി ജോര്‍ജ്ജിനെക്കുറിച്ചും സൂചിപ്പിച്ചു. ഒരു സ്ട്രോക്കിനെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹം കുറച്ചു കാലമായി മാദ്ധ്യമങ്ങളോടും മറ്റു സദസ്സുകളോടും സന്ദര്‍ശകരോടും സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. "ഒന്നും പഴയതുപോലെ ഓര്‍ക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഞാനൊന്നും സംസാരിക്കുന്നില്ല" ഈ പറച്ചില് കാരണമാകാം, കെ ജി ജോര്‍ജ്ജിന് മറവിരോഗമുണ്ടെന്നാണ് പലരും കരുതുന്നത്. മറവിയുമായോ സ്മൃതിനാശം എന്ന അവസ്ഥയുമായോ കെ ജി ജോര്‍ജ്ജിനെ ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന കാലവുമായി ഇപ്പോഴത്തെ അവസ്ഥയെ താരതമ്യം ചെയ്തു കൊണ്ട് അദ്ദേഹം നടത്തുന്ന ബോധപൂര്‍വ്വമായ ഒരു പിന്‍നടത്തം മാത്രമാണത്. മറവിരോഗം ബാധിച്ച ഒരാളുടെ നിസ്സഹായാവസ്ഥയൊന്നും ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടില്ല. സ്വന്തം അനുഭവങ്ങള്‍ തന്നെയാണ് അതിനു സാക്ഷ്യം.
കഴിഞ്ഞ കൊച്ചി-മുസ്രിസ് ബിനാലെയില്‍ കെ ജി ജോര്‍ജ്ജിന്റെ ആദ്യസിനിമയായ സ്വപ്നാടനം പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധായകനെ വേദിയില്‍ കൊണ്ടുവരേണ്ട ചുമതല എനിക്കായിരുന്നു. തൃശ്ശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ എനിക്കൊപ്പം ഐ ഷണ്മുഖദാസ്, സി ബി മോഹന്‍ദാസ്, ഒ അജയകുമാര്‍ എന്നിവരുമുണ്ടായിരുന്നു. എറണാകുളം വെണ്ണലയിലെ വീട്ടില്‍ നിന്ന് ജോര്‍ജ്ജ് സാറിനെ ഞങ്ങള്‍ ആഘോഷപൂര്‍വ്വം ഫോര്‍ട്ടു കൊച്ചിയിലേയ്ക്കു കൊണ്ടു പോയി. ഔപചാരികമായ പരിപാടികള്‍ കഴിഞ്ഞാലുടന്‍ മടങ്ങുമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ബിനാലെ വേദിയും പരിസരങ്ങളും കെ ജി ജോര്‍ജ്ജ് എന്ന കലാകാരനെയും ബുദ്ധിജീവിയെയും
ഉണര്‍ത്തി എന്നാണ് തോന്നുന്നത്.
|
ഐ ഷൺമുഖദാസ്, കെ ജി ജോർജ്ജ്, കെ ബി വേണു, സി ബി മോഹൻദാസ്, ഒ അജയകുമാർ |
ആമുഖ പരിപാടിയില്‍ ഞങ്ങളെല്ലാവരും സംസാരിച്ചു. വിദേശികള്‍ കൂടി ഉള്‍പ്പെട്ട സദസ്സായതുകൊണ്ട് ആംഗലേയത്തിലായിരുന്നു എല്ലാ വ്യവഹാരങ്ങളും. ജോര്‍ജ്ജ് സാര്‍ പതിവുപോലെ തന്റെ മറവിയെയും ശാരീരികവിഷമതകളെയും മുന്‍നിര്‍ത്തി നിശ്ശബ്ദനാകാന്‍ ശ്രമിച്ചു. പക്ഷേ, സദസ്സില്‍ നിന്ന് ചില ചോദ്യങ്ങളുണ്ടായി. നടി അനുമോള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തോടു സംവദിച്ചു. മറവിയെക്കുറിച്ച് കെ ജി ജോര്‍ജ്ജ് മറന്നുപോയി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്കി. സിനിമ കാണാന്‍ നില്‍ക്കാതെ ഉടന്‍ തിരിച്ചു പോകുമെന്നു പറഞ്ഞ സംവിധായകന് "അല്പനേരം സിനിമ കണ്ടു കളയാം" എന്ന നിലപാടിലെത്തി. പ്രദര്‍ശനം തുടങ്ങി. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും പുതുമ നശിക്കാതെ നിലനില്‍ക്കുന്ന ആ ബ്ലാക് ആന്‍ഡ് വൈറ്റ് ക്ലാസിക് കാണികളെ ഒന്നടങ്കം പിടിച്ചിരുത്തി - ഒപ്പം സംവിധായകനെയും.
അദ്ദേഹം സിനിമ മുഴുവന്‍ കണ്ടു. സിനിമ കഴിഞ്ഞപ്പോള്‍ കാണികള്‍ അദ്ദേഹത്തെ പൊതിഞ്ഞു. വീണ്ടും അവരുമായി സംവദിച്ചു. ഫോട്ടോകള്‍ക്കു പോസ് ചെയ്തു. സ്വപ്നാടനത്തിലെ നായക കഥാപാത്രത്തിന് ശബ്ദം കൊടുത്തത് കെ ജി ജോര്‍ജ്ജ് തന്നെയാണെന്ന് ഞാന്‍ അറിയിച്ചപ്പോള്‍ പലര്‍ക്കും അതൊരു കൗതുകവുമായി. ഇതെല്ലാം കഴിഞ്ഞ് എറണാകുളത്തേയ്ക്കു തിരിച്ചു പോകുമ്പോള്‍ ജോര്‍ജ്ജ് സാര്‍ ഉന്മേഷവാനായിരുന്നു. അവശതകള്‍ മറന്നിരുന്നു. വളരെ നന്നായി ഒഴുക്കോടെ ഞങ്ങളോടു സംസാരിക്കുന്നുണ്ടായിരുന്നു. ഒരു കലാകാരനെ ഓര്‍മ്മകളുടെ കുത്തൊഴുക്കിലേയ്ക്കു കൊണ്ടു വരാന്‍ അയാളുടെ ആത്യന്തികലഹരിയായ കലയുടെ അന്തരീക്ഷം മാത്രം മതി. അങ്ങനെയൊരു അന്തരീക്ഷം നിരന്തരം സൃഷ്ടിക്കാനാണ് ചുറ്റുമുള്ളവര്‍ ശ്രമിക്കേണ്ടത്.
|
കെ ബി വേണു, കെ ജി ജോർജ്ജ്, സി ബി മോഹൻദാസ്, ഐ ഷൺമുഖദാസ് |
അതേ വര്‍ഷം ജൂലൈയില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നിന്ന് കമല്‍ റാം സജീവിന്റെ നിര്‍ദ്ദശപ്രകാരം കെ ജി ജോര്‍ജ്ജിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ നിയോഗമുണ്ടായി. അദ്ദേഹവുമായി നടത്തുന്ന നാലാമത്തെ ഇന്റര്‍വ്യൂ ആയിരുന്നു അത്. ഓര്‍മ്മക്കുറവിന്റെ പ്രശ്നങ്ങള്‍ പറഞ്ഞ് തടിയൂരാനുള്ള പ്രവണതയുണ്ടെന്നു പറഞ്ഞിട്ടും സജീവ് നിര്‍ബ്ബന്ധിച്ചു. രാവിലെ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചായകുടി കഴിഞ്ഞു. വെറുതെ സംസാരിച്ചിരുന്നു. ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്തതിന്റെ നിസ്സഹായത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞാന്‍ അഭിമുഖസംഭാഷണത്തിന്റെ ഔപചാരികതയിലേയ്ക്കു കടന്നില്ല. ഊണിനു സമയമായി. ഊണു കഴിഞ്ഞ് വീണ്ടും സംസാരിച്ചിരുന്നപ്പോള്‍ പുതിയ കാലത്തെ സിനിമയെക്കുറിച്ചും അതിന്റെ സാങ്കേതികതയെക്കുറിച്ചും ചോദിച്ചു. അതുവരെ ഏകതാനമായ മറുപടികള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഒരുത്തരം വന്നു. അതിങ്ങനെയായിരുന്നു: "സിനിമയില്‍ മാറിമാറിവരുന്ന ടെക്നോളജി എന്റെ ഫിലിം മേയ്ക്കിങ്ങിനെ ഒരിക്കലും ബാധിച്ചിട്ടില്ല. ദേ വേര് ഓള് ഏയ്ലിയന്‍ റ്റു മീ. സിനിമയുടെ ഭാഷയും ടെക്നിക്കുമാണ് എനിക്കു പ്രധാനം. അല്ലാതെ പുതിയ ഉപകരണങ്ങളല്ല." ഇതു കേട്ടതോടെ ഞാന്‍ ടെയ്പ് റെക്കോഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഇന്റര്‍വ്യു നടക്കുമെന്നുറപ്പായി. സമയം നാലു മണി കഴിഞ്ഞിരുന്നു, അപ്പോഴേയ്ക്കും. പക്ഷേ ജോര്‍ജ്ജ് സര് ആവേശഭരിതനായി മാറിയിരുന്നു. "നീ ചോദിച്ചു കൊണ്ടിരുന്നാല്‍ മതി. ഞാന്‍ പറഞ്ഞോളാം" എന്നായി അദ്ദേഹം.
ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകുക എന്നതാണ് ജോര്‍ജ്ജ് സാറിനെപ്പോലെ ധിഷണയുടെ ലോകത്തു വിഹരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനം. ചോദ്യങ്ങള്‍ ഓര്‍മ്മകളെ ഉണര്‍ത്തുന്നു. ഓര്‍മ്മകളുടെ ഉദ്ദീപനത്തിലൂടെ ശരീരവും ഉണരുന്നു. ഭൂതകാലത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കണം. നല്ല കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കണമെങ്കില്‍ നല്ല ചോദ്യങ്ങളും ഉണ്ടാകണം.
ജോര്‍ജ്ജ് സാര്‍ ഓര്‍മ്മകളിലേയ്ക്കു മടങ്ങിവന്നുകൊണ്ടിരിക്കുമ്പോള് ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ആദ്യസിനിമയായ സ്വപ്നാടനത്തെക്കുറിച്ചാണ്. "ഫ്യൂഗ്" എന്നു മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന മാനസികാവസ്ഥയിലാണ് ആ സിനിമയിലെ കേന്ദ്രകഥാപാത്രമായ ഡോക്റ്റര്‍ ഗോപിനാഥന് നായര്‍. താത്കാലികമായ സ്മൃതിനാശത്തെയാണ് "ഫ്യൂഗ്" എന്നു പറയുന്നത്. ഒരു മാനസികരോഗിയുടെ ഭാവഹാവാദികളോടെ മദിരാശിയിലെ ആശുപത്രിയില്‍ എത്തിപ്പെടുന്ന അയാളെ അവിടുത്തെ മനഃശാസ്ത്ര വിദഗ്ദ്ധര്‍ നാര്‍കോ അനാലിസിസിന് വിധേയനാകുന്നു. അയാളുടെ ഓര്‍മ്മകളുടെ അടരുകള്‍ ഒന്നൊന്നായി പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിപ്പെടുന്നു.
|
സ്വപ്നാടനം വീക്ഷിക്കുന്ന കെ ജി ജോർജ്ജ് |
അങ്ങനെ ഓര്‍മ്മകളുടെയും ഭ്രമാത്മകസ്വപ്നങ്ങളുടെയും രൂപത്തില്‍ വ്യത്യസ്തമായ ഒരു കഥ പറഞ്ഞു കൊണ്ടാണ് ഈ സംവിധായകന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതുതന്നെ. പിന്നീട് അദ്ദേഹത്തിന്റെ സര്ഗ്ഗജീവിതത്തിന്റയും മലയാളസിനിമയുടെ തന്നെയും നാഴികക്കല്ലായി മാറിയ യവനിക ആകട്ടെ അപ്രത്യക്ഷനായ ഒരാളെക്കുറിച്ച് അയാളോടടുപ്പമുണ്ടായിരുന്ന വ്യക്തികളുടെ ഓര്‍മ്മകളിലൂടെയാണ് അവതരിപ്പിക്കപ്പെട്ടത്. അതിനു ശേഷമുണ്ടായ സിനിമയുടെ പേരു തന്നെ ലേഖയുടെ മരണം-ഒരു ഫ്ളാഷ് ബാക്ക് എന്നാണ്. ആത്മഹത്യ ചെയ്ത ഒരു ചലച്ചിത്രനടിയുടെ ജീവിത്തെക്കുറിച്ചുള്ള ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് ന്യൂസ് റീലില്‍ നിന്നാരംഭിച്ച് അവരുടെ ഭൂതകാലത്തിലെ നാലു സുപ്രധാനഘട്ടങ്ങളിലേയ്ക്ക് പ്രേക്ഷകരെ നയിക്കുകയാണ് ആ സിനിമ. തിരക്കഥയെഴുത്ത് എന്ന സാങ്കേതിക വിദ്യയുടെ പാഠപുസ്തകങ്ങളാണ് ഈ സിനിമകള്‍. തിരക്കഥ ഒരു സാഹിത്യരൂപമല്ല. ഒരു ബ്ലൂ പ്രിന്റ് ആണ്. സാങ്കേതികമായ അര്‍ത്ഥത്തില്‍ അതില്‍ കണക്കുകളും അളവുകളുമുണ്ട്. കൃത്യമായ ചില ശ്രേണികളും അടുക്കുകളും ഉണ്ട്. ഈ വിദ്യ ഏറ്റവും നന്നായി അറിയാവുന്ന ക്രാഫ്റ്റ്സ് മാനാണ് കെ ജി ജോര്‍ജ്ജ്. എത്ര മറവിയുണ്ടെന്നു പറഞ്ഞാലും സ്ഥിതപ്രജ്ഞനായി തന്റെ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന് സ്വന്തം മാദ്ധ്യമത്തെ മറക്കാന്‍ കഴിയില്ലെന്ന് ആ അഭിമുഖം കഴിഞ്ഞപ്പോള്‍ മനസ്സിലായി.
തിരക്കഥയുടെ ഈ സാങ്കേതികതയെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "അതിന്റെ ടെക്നിക് എന്താണെന്ന് പറഞ്ഞുതരാന്‍ എനിക്കറിയില്ല. അത് സ്വാഭാവികമായി വന്നു പോകുന്നതാണ്. മറ്റുള്ളവര്‍ എഴുതിയ ഒരു തിരക്കഥയും പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ല. വായിച്ചു നോക്കിയ ശേഷം തിരുത്തിയെഴുതിയിട്ടുണ്ട്. എന്റെ എല്ലാ പ്രധാന തിരക്കഥകളിലും എന്റെ കയ്യൊപ്പുണ്ണ്ട്. കയ്യൊപ്പുണ്ടെണ്ന്നല്ല, കയ്യക്ഷരം തന്നെയുണ്ണ്ട്." കയ്യില്‍ കിട്ടുന്ന ഏതു പ്രമേയത്തെയും സ്വാംശീകരിക്കുകയും അതില്‍ കയ്യൊപ്പിടുകയും ചെയ്യുന്ന ഈ കൃതഹസ്തതയെ ഇല്ലാതാക്കാന്‍ മറവിയുടെ മഞ്ഞുപാളികള്ക്കാവില്ല.
നിരന്തരമായ സര്ഗ്ഗസംവാദങ്ങളിലൂടെ സജീവമാക്കാവുന്ന ഓര്‍മ്മക്കുറവുകള്‍ മാത്രമേ ജോര്‍ജ്ജ് സാറിനുള്ളൂ എന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട് - അദ്ദേഹത്തിന്റെ സുഹൃത്തും സുപ്രസിദ്ധ തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍.
|
ജോൺ പോൾ |
പൊതുവേദികളില്‍ നിന്നു പിന്മാറാതിരിക്കാനും ഉള്വലിയാതിരിക്കാനും വേണ്ടി മാത്രം എത്രയോ വേദികളിലേയ്ക്ക് അദ്ദേഹം കെ ജി ജോര്‍ജ്ജിനെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു. ജോണ്‍ പോള്‍ സാറിന്റെ ഉത്സാഹത്തില്‍ നടക്കുന്ന ആ സഞ്ചാരങ്ങള്‍ വളരെ പ്രധാനമാണെന്നു ഞാന്‍ കരുതുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ അത്യുന്നത ബഹുമതിയായ ജെ സി ദാനിയേല്‍ അവാര്‍ഡും കെ ജി ജോര്‍ജ്ജ് നേടിക്കഴിഞ്ഞിരിക്കുന്നു. അതിനു മുമ്പ് ഫെഫ്കയുടെ ആദ്യത്തെ മാസ്റ്റേഴ്സ് അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. ജീവിതത്തിലുണ്ടാകുന്ന ഇത്തരം നല്ല സംഭവങ്ങള്‍ അദ്ദേഹത്തെ മാനസികമായി സജീവമാക്കിയിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍.
ഈ പുരസ്കാരലബ്ധികള്ക്കും മുമ്പായിരുന്നു നേരത്തെ പറഞ്ഞ അഭിമുഖം നടന്നത്. സ്വപ്നാടനം അടക്കമുള്ള സിനിമകളില്‍ വ്യതിരിക്തതയോടെ ആവിഷ്കരിച്ചിട്ടുള്ള സ്വപ്നരംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോര്‍ജ്ജ് സര് പറഞ്ഞു: "സ്വപ്നങ്ങള്‍ റിയലിസത്തിന്റെ ഭാഗമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഡ്രീം എന്നു പറയുന്നത് റിയല്‍ ആണെന്നും കരുതുന്നു. റിയലിസത്തിന്റെ ഒരു ഭാഗമാണ് സ്വപ്നങ്ങള്‍. റിയലിസത്തില്‍ ഏറ്റവും പ്രധാനം യാഥാര്‍ത്ഥ്യബോധമാണ്. എത്ര വലിയ യാഥാര്‍ത്ഥ്യമെടുത്താലും ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളില്‍ അതൊരു സ്വപ്നമായിരിക്കും. സ്വപ്നമാണെങ്കിലും സ്വപ്നമല്ല എന്നൊരു ചിന്ത സിനിമ കാണുന്നവരില്‍ ഉണ്ടാക്കണം. ഞാനെടുത്ത സ്വപ്നരംഗങ്ങള്‍ സിനിമയുടെ മാത്രമല്ല ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു കരുതുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് ഇപ്പോള്‍ എന്റെ ഉറച്ച വിശ്വാസം. സിനിമ എടുക്കാന്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ മുഴുവന്‍ സ്വപ്നങ്ങളാണുള്ളത്. അതങ്ങ് ചിത്രീകരിച്ചാല്‍ മതി. സിനിമാചിത്രീകരണം എന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ഒരു പ്രക്രിയയാണ്." സ്വന്തം സര്‍ഗ്ഗജീവിതത്തെക്കുറിച്ചുള്ള ഒരു ചലച്ചിത്രകാരന്റെ മനോഹരമായ നിര്‍വ്വചനം.
ഓര്‍മ്മകള്‍ ഇല്ലാതാകുമായിരിക്കാം. പക്ഷേ സ്വപ്നങ്ങള്‍ ഇല്ലാതാകുന്നില്ലല്ലോ.