Saturday, August 26, 2017

ചലച്ചിത്രങ്ങളേക്കാൾ വാചാലമായ ചിത്രങ്ങൾക്കു പിന്നിൽ

കെ ബി വേണു 



I design dreams
-Ralph Lauren





Drew: The Man Behind the Poster (2013)/Erik P Sharkey/USA/Documentary/97 minutes


സംസാരിക്കാന്‍ തുടങ്ങും മുമ്പേ അവന്‍ വരയ്‌ക്കാന്‍ തുടങ്ങിയിരുന്നു. ടോയ്‌ലറ്റ്‌ പേപ്പറിലാണ്‌ വരയ്‌ക്കുക. കാരണം വീട്ടില്‍ കിട്ടാവുന്ന പേപ്പര്‍ അതു മാത്രമായിരുന്നു. അച്ഛനുമമ്മയ്‌ക്കും അവനെ തീരെ ഇഷ്‌ടമായിരുന്നില്ല. അവര്‍ക്ക്‌ അവനോട്‌ അകാരണമായ ഭയവുമുണ്ടായിരുന്നു. അതുകൊണ്ട്‌ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ത്തന്നെ അവന്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോന്നു. ഒരു ബാഗു പോലും എടുത്തില്ല. അതുകൊണ്ട്‌ അവനൊന്നും നഷ്‌ടപ്പെടാനും  ഇല്ലായിരുന്നു. ചിത്രരചനയ്‌ക്കു വേണ്ടി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ആ പയ്യന്‍ പില്‍ക്കാലത്ത്‌ ഹോളിവുഡ്ഡില്‍ ഒരു ഇതിഹാസമായി വളര്‍ന്നു. പലര്‍ക്കും അദ്ദേഹത്തിൻറെ പേര്‌ അറിയില്ലായിരിക്കാം. പക്ഷേ, അദ്ദേഹത്തിൻറെ രചനകള്‍ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത സിനിമാപ്രേമികളുണ്ടാകില്ല. പോസ്റ്റര്‍ ഡിസൈനിങ്ങ്‌ എന്ന കലയെ അതിൻറെഏറ്റവും ഉദാത്തമായ തലങ്ങളിലെത്തിച്ച ഡ്രൂ സ്‌ട്രൂസാന്‍ എന്ന ചിത്രകാരനെക്കുറിച്ചാണ്‌ ഇത്രയും പറഞ്ഞത്‌. എറിക്‌ പി ഷാര്‍ക്കി സംവിധാനം ചെയ്‌ത ദ്‌ മാന്‍ ബിഹൈന്‍ഡ്‌ ദ്‌ പോസ്റ്റര്‍ എന്ന ഡോക്യുമെൻറ്ററി സ്‌ട്രൂസാൻറെ വര്‍ണ്ണശബളമായ കലാപ്രപഞ്ചത്തെയും സംഭവബഹുലമായ ജീവിതത്തെയും പരിശോധിക്കുന്നു. 



ദാരിദ്യ്രവും ഇല്ലായ്‌മയും നിറഞ്ഞ ആദ്യകാല ജീവിതം സ്‌ട്രൂസാന്‍ ക്ഷമയോടെ അനുഭവിച്ചു. വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം ഒരു ആര്‍ട്ട്‌ സ്‌കൂളില്‍ ചേര്‍ന്നു. ആദ്യത്തെ ടേം കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോയിരുന്നു. പക്ഷേ, വീട്ടുകാര്‍ പുറത്താക്കി പടി കൊട്ടിയച്ചു. പിന്നെ ആ വഴിയ്‌ക്കു പോയിട്ടേയില്ല. സ്‌ട്രൂസാൻറെ ജീവിതം പുനര്‍നിര്‍വചിക്കപ്പെട്ടത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയാറിലാണ്‌. സാന്‍ ജോസ്‌ എന്ന സ്ഥലത്തു വച്ച്‌ ഒരു ഡാന്‍സ്‌ പാര്‍ട്ടിക്കിടയില്‍ ഡിലന്‍ എന്ന പെണ്‍കുട്ടിയെ സ്‌ട്രൂസാന്‍ കണ്ടുമുട്ടി. രണ്ടുപേരും ഏതാണ്ട്‌ ഒരേ അവസ്ഥയിലായിരുന്നു. തികച്ചും ഏകാകികള്‍. വീട്ടുകാരും ബന്ധുക്കളുമില്ല. സ്‌നേഹമായിരുന്നു, ആശ്രയമായിരുന്നു ഇരുവര്‍ക്കും വേണ്ടിയിരുന്നത്‌. ഒരേ മനസ്സായിരുന്നു, ഒരേ വികാരങ്ങളായിരുന്നു ഇരുവര്‍ക്കും. നാല്‍പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൗമാര പ്രായത്തില്‍ കണ്ടുമുട്ടിയ ഡ്രൂവും ഡിലനും  അന്നു മുതൽക്കെ  ഒരുമിച്ചാണ്‌.അവരെ രണ്ടു വ്യക്തികളായിട്ടല്ല ഒരൊറ്റ സ്വത്വമായാണ്‌ താന്‍ കണക്കാക്കുന്നതെന്ന്‌ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടൊറോ പറയുന്നു.

ആര്‍ട്‌സ്‌ കോളേജില്‍ സ്‌ട്രൂസാന്‍ മുഖ്യവിഷയമായി തെരഞ്ഞെടുത്തത്‌ ഫൈന്‍ ആര്‍ട്‌സ്‌ ആയിരുന്നില്ല; ഇലസ്‌ട്രഷന്‍ ആയിരുന്നു. കാരണം ഇലസ്‌ട്രറ്റര്‍മാര്‍ക്ക്‌ അത്യാവശ്യം പ്രതിഫലം കിട്ടിയിരുന്നു. ഫീസ്‌ കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട്‌ പലപ്പോഴും ക്ലാസ്സില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട്‌ ഫീസ്‌ കൊടുത്തു. പട്ടിണി കിടന്ന്‌ പണം ലാഭിക്കുകയായിരുന്നു മറ്റൊരു മാര്‍ഗ്ഗം. ആഴ്‌ചയില്‍ രണ്ടു ദിവസമാണ്‌ ഭക്ഷണം കഴിച്ചിരുന്നത്‌. ഭക്ഷണം കഴിക്കാനുള്ള സമയം പോലും പടം വരയ്‌ക്കാനാണ്‌ അദ്ദേഹം അക്കാലത്ത്‌ ഉപയോഗിച്ചിരുന്നതെന്ന്‌ ഭാര്യ ഡിലന്‍ ചിരിച്ചു കൊണ്ടു പറയുന്നു. പട്ടിണിക്കാരനായ ആ ചിത്രകാരന്‍ അന്നും ഒന്നാന്തരം പ്രാഫഷണലായിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഡ്രൂവും ഡിലനും  വിവാഹിതരായി. കല്യാണം കഴിഞ്ഞ്‌ ആദ്യവര്‍ഷം തന്നെ പുത്രലബ്‌ധിയുമുണ്ടായി. 1500 ഡോളറാണ്‌ ആ ഇനത്തില്‍ ചെലവായത്‌. ആ വര്‍ഷത്തെ ആകെ വരുമാനം മൂവായിരം ഡോളറായിരുന്നു. ഡിലന്‌ ജോലിയും ഉണ്ടായിരുന്നില്ല. മൂന്നു പേരുള്ള കുടുംബം ആയിരത്തി അഞ്ഞൂറു ഡോളര്‍ കൊണ്ട്‌ ഞെങ്ങിഞെരുങ്ങി ജീവിച്ചു. എന്നിട്ടും അവര്‍ സന്തുഷ്‌ടരായിരുന്നു. ദാരിദ്യ്രരേഖയ്‌ക്കു താഴെയുള്ള ആ ജീവിതകാലത്ത്‌ ഭക്ഷണം ഉപേക്ഷിക്കാന്‍ ഡ്രൂവിന്‌ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ഒന്നുകില്‍ വരയ്‌ക്കാനുള്ള പെയിൻറ്റ്; അല്ലെങ്കില്‍ ഭക്ഷണം അതായിരുന്നു അവസ്ഥ. പെയിൻറ്റ്  മതി എന്നു ഡ്രൂ തീരുമാനിച്ചു. ഭക്ഷണം കഴിക്കുന്നത്‌ ധനനഷ്‌ടമുണ്ടാക്കുന്ന ഏര്‍പ്പാടാണെന്ന്‌ വിശ്വസിച്ചു. പെയിൻറ്റ്  തന്നെ പിശുക്കിയാണ്‌ ഉപയോഗിച്ചത്‌. ട്യൂബില്‍നിന്ന്‌ വളരെക്കുറച്ച്‌ പെയിൻറ്റ് ഞെക്കിയെടുത്ത്‌ നേര്‍പ്പിച്ച നിറത്തില്‍ വരച്ചു. ഇപ്പോഴും ഡ്രൂവിൻറെ ചിത്രങ്ങളുടെ മുഖമുദ്രയാണത്‌. ദാരിദ്യ്രത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ചിത്രരചനാശൈലി. 
ഡ്രൂ സ്‌ട്രൂസാന്‍ 

വളരെ ചെറുപ്പത്തില്‍ത്തന്നെ തൻറെ മേഖല കണ്ടെത്തുകയും അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്‌തതാണ്‌ ഡ്രൂവിൻറെ തൊഴില്‍പരമായ വിജയത്തിന്‌ കാരണം. ചെറുപ്പത്തില്‍ത്തന്നെ ഡിലനെ കണ്ടെത്തുകയും ആ ദാമ്പത്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തതു കൊണ്ട്‌ വ്യക്തിജീവിതത്തിലും വിജയിച്ചു. സംഗീത ആല്‍ബങ്ങളുടെ കവറുകള്‍ വരച്ചുകൊണ്ടായിരുന്നു ഡ്രൂവിൻറെ തുടക്കം തൻറെ ചിത്രങ്ങളടങ്ങിയ ബുക്കുമായി പസഫിക്‌ ഐ ആന്‍ഡ്‌ ഇയര്‍ എന്ന സ്ഥാപനത്തിൻറെ ക്രിയേറ്റിവ്‌ ഡയറക്‌റ്റര്‍ ഏണി സെഫാലുവിനെ ഡ്രൂ ചെന്നു കണ്ടു. ആഴ്‌ചയില്‍ അഞ്ചു ദിവസം ജോലി ചെയ്യാം; നാലു ദിവസത്തെ കൂലി തന്നാല്‍ മതി -  ഇതാണ്‌ ഡ്രൂ മുന്നോട്ടു വെച്ച തൊഴില്‍ കരാര്‍. പക്ഷേ ചിത്രങ്ങള്‍ കണ്ട സെഫാലു പറ-ഞ്ഞു ''നിങ്ങള്‍ക്ക്‌ അഞ്ചു ദിവസം ജോലി ചെയ്യാം. അഞ്ചു ദിവ-സത്തെ കൂലിയും വാങ്ങാം.'' അങ്ങനെ ജീവിക്കാനുള്ള മാര്‍ഗ്ഗമായി. ഏതെങ്കിലും ഡിസൈന്‍ ചര്‍ച്ച ചെയ്‌തു തുടങ്ങുമ്പോള്‍ത്തന്നെ ഡ്രൂ കടലാസില്‍ വരയ്‌ക്കാന്‍ തുടങ്ങിയിരിക്കും. ചര്‍ച്ച കഴിയുമ്പോള്‍ ആ കടലാസ്സില്‍ കൃത്യമായ ഡിസൈന്‍ രൂപപ്പെട്ടിട്ടുണ്ടാകും. 

ചലച്ചിത്രലോകത്തിലേയ്‌ക്കുള്ള ഡ്രൂവിൻറെ പ്രവേശനത്തിനു  വഴിവെച്ചത്‌ ടോണി സെനിഗര്‍ എന്ന പരസ്യക്കമ്പനിയുടമയാണ്‌. ടോണിയോട്‌ ഡ്രൂവിനെപ്പറ്റി പറയുന്നത്‌ കലാസംവിധായകനായ ബാരി ഷെറെഷെവ്‌സ്‌കിയാണ്‌. അദ്ദേഹം കാറോടിച്ചു പോകുമ്പോള്‍ ഒരു ആല്‍ബത്തിൻറെ കൂറ്റന്‍ പരസ്യം കണ്ടു. ഡ്രൂ ഡിസൈന്‍ ചെയ്‌ത ആലീസ്‌ കൂപ്പറുടെ വെല്‍കം റ്റു മൈ നൈറ്റ്‌മെയര്‍ എന്ന ആല്‍ബത്തിൻറെ പരസ്യമായിരുന്നു അത്‌. ബാരി ഉടന്‍ തന്നെ ആ റെക്കോഡ്‌ വാങ്ങി -  അതിൻറെ കവര്‍ ഇലസ്‌ട്രേറ്റ്‌ ചെയ്‌തതാരെന്നറിയാന്‍. താമസിയാതെ ഡ്രൂവിനെത്തേടി ടോണിയുടെ ഫോണ്‍ കോള്‍ വന്നു. സിനിമയ്‌ക്ക്‌ പോസ്റ്റര്‍ ചെയ്യാന്‍ താത്‌പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ഡ്രൂവിന്‌ സങ്കോചമായിരുന്നു. ഒടുവില്‍ ഒരു വൈകുന്നേരം അദ്ദേഹം ടോണിയുടെ ഓഫീസിലെത്തി. പസിഫിക്‌ ഐ ആന്‍ഡ്‌ ഇയറില്‍ എത്ര ശമ്പളം കിട്ടുമെന്ന്‌ ടോണി അന്വേഷിച്ചു. അത്രയും കഴിവുകളുള്ള ഒരു കലാകാരന്‍ വാങ്ങുന്ന പ്രതിഫലം കേട്ട്‌ ടോണി ഞെട്ടിപ്പോയി. ഒരു സിനിമയ്‌ക്ക്‌ പോസ്റ്റര്‍ ചെയ്‌താല്‍ ഒരു വര്‍ഷം പസഫിക്കില്‍ കിട്ടുന്ന പ്രതിഫലം കിട്ടുമെന്ന്‌ ടോണി ഡ്രൂവിനെ ബോദ്ധ്യപ്പെടുത്തി. അങ്ങനെയാണ്‌ സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഡ്രൂ തീരുമാനിക്കുന്നത്‌. ഡേവിഡ്‌ ഗൈലര്‍ സംവിധാനം ചെയ്‌ത ദി ബ്ലാക്‌ ബേഡ്‌ എന്ന ചിത്രത്തിലായിരുന്നു തുടക്കം. 1975 ലായിരുന്നു അത്‌. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമാലോകം ഡ്രൂവിനെ തേടി വരാന്‍ തുടങ്ങി. ടോണിയും ഡ്രൂവും ഇരുപതു വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. 1991 -ല്‍ പുറത്തുവന്ന സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്ഗിന്റെ ഹൂക്‌ ആയിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം. 
ടോണിയെക്കുറിച്ച്‌ ഡ്രൂ ഇങ്ങനെ പറയുന്നു - “സിനിമയ്‌ക്കു വേണ്ടി വരയ്‌ക്കാന്‍ എനിയ്‌ക്കറിയില്ലായിരുന്നു. പക്ഷേ, നന്നേ ചെറുപ്പത്തില്‍ത്തന്നെ എന്നെ ടോണി കണ്ടെത്തി. ഒരുപാടു നല്ല പോസ്റ്ററുകള്‍ ചെയ്യാന്‍ അവസരം തന്നു. പോസ്റ്ററുകളെക്കുറിച്ച്‌ ഒന്നുമറിയില്ലാതിരുന്ന എന്നെ പോസ്റ്റര്‍ ഡിസൈനറാക്കിയത്‌ ടോണിയാണ്‌.” പ്രസിദ്ധമായ സ്റ്റാര്‍ വാഴ്‌സ്‌ സിനിമാ പരമ്പരയുമായി ബന്ധപ്പെടുന്നത്‌ സഹപാഠിയായ ചാര്‍ളി വൈറ്റ്‌ മുഖാന്തിരമാണ്‌. എയര്‍ ബ്രഷ്‌ ഉപയോഗിക്കുന്നതില്‍ അതിപ്രഗത്ഭനായ പെയിൻറ്ററായിരുന്നു ചാര്‍ളി. പക്ഷേ, ഒരിക്കലും പോര്‍ട്രയ്‌റ്റുകള്‍ വരയ്‌ക്കാറില്ല. ചാര്‍ളിക്ക്‌ ഒരു സിനിമയുടെ പോസ്റ്റര്‍ ചെയ്യണം അതിലെ റോബോട്ടുകളുടെയും മറ്റും രൂപങ്ങള്‍ ചാര്‍ളി തന്നെ വരയ്‌ക്കാം. മനുഷ്യമുഖങ്ങള്‍ ഡ്രൂ വരയ്‌ക്കണം. ഇതായിരുന്നു ചാര്‍ളിയുടെ ആവശ്യം. രണ്ടുപേര്‍ ചേര്‍ന്നൊരുക്കുന്ന ഒരു പോസ്റ്റര്‍. ഡ്രൂ സമ്മതിച്ചു. അവിടെയും അദ്ദേഹം ഒരു വ്യവസ്ഥ വച്ചു. ചാര്‍ളി എയര്‍ ബ്രഷ്‌ ഉപയോഗിച്ച്‌ പെയിൻറ്റ് ചെയ്യുന്നത്‌ കാണാന്‍ അവസരമുണ്ടാക്കണം. അങ്ങനെ ഇരുവരും ചേര്‍ന്ന്‌ രണ്ടു വ്യത്യസ്‌ത ശൈലികളില്‍ ഒരാഴ്‌ച കൊണ്ട്‌ ജോലി തീര്‍ത്തു. പക്ഷേ, സാങ്കേതിക വിദഗ്‌ദ്ധരുടെ പേരു വയ്‌ക്കാനുള്ള സ്ഥലം വിടാന്‍ മറന്നു. പീന്നീട്‌ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി ആ പ്രശ്‌നം പരിഹരിച്ചു. സിനിമയുടെ ചരിത്രത്തില്‍ത്തന്നെ മഹാസംഭവമായി മാറിയ സ്റ്റാര്‍ വാഴ്‌സിൻറെ പോസ്റ്ററായിരുന്നു അത്‌. 


ഇന്‍ഡ്യാനാ ജോണ്‍സിൻറെ പോസ്റ്ററുകളില്‍ ഹാരിസണ്‍ ഫോര്‍ഡിനെ വിഗ്രഹവത്‌കരിച്ചത്‌ ഡ്രൂ പകര്‍ന്ന അനുപമമായ ഭാവങ്ങളാണ്‌. ഡ്രൂ തന്നെ സുന്ദരനാക്കി അവതരിപ്പിച്ചു എന്ന്‌ ഹാരിസണ്‍ ഫോര്‍ഡ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കന്‍ സിനിമയുടെ പഴയ കാലങ്ങളുടെ നിറങ്ങള്‍ അദ്ദേഹം ആ പോസ്റ്ററുകളില്‍ പുനരാവിഷ്‌കരിച്ചിരുന്നു. പ്രേക്ഷകരെ തിയറ്ററിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്ന പോസ്റ്ററുകളായിരുന്നു അവ. പോസ്റ്റര്‍ ഒരു കടലാസ്സു കഷണമാണ്‌. പക്ഷേ അതില്‍ നിന്ന്‌ സിനിമയെക്കുറിച്ചുള്ള എന്തെല്ലാം പ്രതീക്ഷകളാണ്‌ ഉണ്ടാകുന്നത്‌. ഇന്‍ഡ്യാനാ ജോണ്‍സില്‍ സാഹസികതയും റൊമാന്‍സും നിഗൂഢതയുമുണ്ടെന്ന്‌ പോസ്റ്റര്‍ കണ്ടാല്‍ത്തന്നെ തോന്നുമായിരുന്നു. ഇന്‍ഡ്യാനാ ജോണ്‍സ്‌ പരമ്പരയിലെ രണ്ടാ-മത്തെ സിനിമയായ ടെംപിള്‍ ഓഫ്‌ ഡൂമില്‍ മറ്റൊരു ഡിസൈനറാണ്‌ ആദ്യം ജോലി ചെയ്‌തത്‌. പക്ഷേ, ഒരാഴ്‌ചയ്‌ക്കകം ആ ജോലി അവര്‍ ഡ്രൂവിനെത്തന്നെ ഏല്‍പിച്ചു. സത്യത്തില്‍ അദ്ദേഹത്തിൻറെ ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു ആ സംഭവം. കലാകാരൻറെ സമ്പൂര്‍ണ്ണമായ സ്വാതന്ത്യ്രം ഉപയോഗിച്ച്‌ ആരുടെയും ഇടപെടലുകളില്ലാതെ ചെയ്‌ത പോസ്റ്ററുകളായിരുന്നു അവ. പ്രസിദ്ധമായ “ഇന്‍ഡി ലുക്‌” അങ്ങനെ നിര്‍വ്വചിക്കപ്പെട്ടു. അവിടെ നിന്നങ്ങോട്ട്‌ നിരന്തരമായി പുതിയ പല പരീക്ഷണങ്ങളും ഡ്രൂ നടത്താന്‍ തുടങ്ങി. 2008 - ല്‍ ഇന്‍ഡ്യാനാ ജോണ്‍സ്‌ പരമ്പരയിലെ കിങ്‌ഡം ഓഫ്‌ ദി ക്രിസ്റ്റല്‍ സ്‌കള്‍ പുറത്തിറങ്ങി. 


ഇന്‍ഡ്യാനാ ജോണ്‍സ്‌ എന്ന കഥാപാത്രത്തിനും ഹാരിസണ്‍ ഫോര്‍ഡ്‌ എന്ന നടനും പ്രായമായിരിക്കുന്നു. ആ വ്യത്യാസം പ്രകടമാകേണ്ടിയിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ കണ്ട സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ ക്യാമറാമാനോട്‌ പറഞ്ഞു - “ഈ ചിത്രത്തില്‍ കാണുന്നതു പോലെ വേണം ഹാരിസണ്‍ ഫോര്‍ഡ്‌ സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍.” ജോണ്‍ കാര്‍പെൻറ്റനറുടെ ദി തിങ്‌ എന്ന സിനിമയുടെ പ്രസിദ്ധമായ പോസ്റ്റര്‍ ഒറ്റ രാത്രി കൊണ്ട്‌ ഒരു തരത്തിലുള്ള റഫറന്‍സുകളുമില്ലാതെ വരച്ചുകൊടുത്ത വീരചരിത്രവും ഡ്രൂവിൻറെ പേരിലുണ്ട്‌. ബാക്‌ റ്റു ദി ഫ്യൂച്ചര്‍, റാംബോ, പൊലീസ്‌ അക്കാദമി, ഇ റ്റി, ബ്ലേഡ്‌ റണ്ണര്‍, മപ്പെറ്റ്‌ മൂവിസ്‌ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകള്‍ ഡ്രൂവിൻറെ കലാജീവിതത്തിലെ അനശ്വരമുദ്രകളാണ്‌. 

സിനിമാലോകത്തിൻറെയും ബിസിനസ്‌ ലോകത്തിൻറെയും ചതികള്‍ അറിയാത്തതുകൊണ്ട്‌ പലരും ഡ്രൂവിനെ കബളിപ്പിച്ചിട്ടുണ്ട്‌. പാര്‍ട്‌ണര്‍മാരായി പറ്റിക്കൂടിയ ഒരച്ഛനും മകനും  കൂടി അദ്ദേഹത്തിൻറെ നൂറു പോസ്റ്ററുകളുടെ ഒറിജിനല്‍ കോപ്പികള്‍ തട്ടിയെടുത്തു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍ ആ ചിത്രങ്ങള്‍ ലേലത്തിനു വെച്ചു. ഡ്രൂ കേസ്‌ കൊടുത്തു. ഒടുവില്‍ എല്ലാ പോസ്റ്ററുകളും അദ്ദേഹത്തിനു  മടക്കിക്കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. 
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ലോകമെങ്ങും പോസ്റ്റര്‍ ഡിസൈനിങ്ങില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ്‌ സിനിമയുടെ അവസാനഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. 


ഫോട്ടോഗ്രാഫുകളെ അതിശയിക്കുന്ന കൃത്യതയുള്ള പെയിൻറ്റിങ്ങുകള്‍ ഉപയോഗിച്ച്‌ ഡ്രൂ സൃഷ്‌ടിച്ച പോസ്റ്ററുകള്‍ ചരിത്രത്തിൻറെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഡ്രൂ സൃഷ്‌ടിച്ച പോസ്റ്ററുകളില്‍ നിന്ന്‌ കഥാപാത്രങ്ങള്‍ പുറത്തേയ്‌ക്കു ചാടാന്‍ വെമ്പിനില്‍ക്കുന്നതായി തോന്നുമായിരുന്നു. അതിനു കാരണമെന്താണെന്ന്‌ സ്‌പീല്‍ബെര്‍ഗ്‌ പറയുന്നു  - “ഞാനിപ്പോഴും 35 എം എം ഫിലിമില്‍ ഷൂട്ടു ചെയ്യുന്നു, എഡിറ്റു ചെയ്യുന്നു, പ്രൊജക്‌റ്റ്‌ ചെയ്യുന്നു. അതുപോലെ ഡ്രൂ കൈ കൊണ്ടാണ്‌ ഇപ്പോഴും വരയ്‌ക്കുന്നത്‌ - കീ ബോര്‍ഡു കൊണ്ടല്ല. പെയിൻറ്റു  കൊണ്ടാണ്‌ അദ്ദേഹം വരയ്‌ക്കുന്നത്‌; പിക്‌സലുകള്‍ കൊണ്ടല്ല. ഞാന്‍ ആ നിഷ്‌കര്‍ഷയെ ബഹുമാനിക്കു-ന്നു.”
കമ്പ്യൂട്ടറുകള്‍ ചിത്രം വരയ്‌ക്കാന്‍ തുടങ്ങിയതോടെ കലാകാരന്‍ അപ്രസക്തനായി. ആര്‍ക്കും അഭിപ്രായം പറയാമെന്നായി. അത്രയ്‌ക്ക്‌ ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലാത്തതു കൊണ്ട്‌ ഡ്രൂ സ്‌ട്രൂസാന്‍ എന്ന ഐതിഹാസിക പോസ്റ്റര്‍ ഡിസൈനര്‍ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തി. കലാകാരന്‍മാര്‍ക്ക്‌ വിരമിക്കാന്‍ കഴിയില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ ഡ്രൂ സ്‌ട്രൂസാൻറ്റെ  മടങ്ങിവരവ്‌ ഏതു നിമിഷവും പ്രതീക്ഷിക്കുകയാണ്‌ അന്താരാഷ്‌ട്ര ചലച്ചിത്രലോകം.





Friday, August 25, 2017

കറുത്ത ജൂതൻറെ കഥ

കറുത്ത ജൂതൻറെ  കഥ 

കെ ബി വേണു 






എക്കാലത്തും മലയാളികളെ വിസ്‌മയിപ്പിച്ചിട്ടുള്ള കലാകാരനാണ്‌ സലിംകുമാര്‍. സിനിമയിലെ ജനപ്രിയ ഹാസ്യതാരമാകുന്നതിനു  മുമ്പ്‌ അദ്ദേഹം ഏഷ്യാനെറ്റ്‌ ചാനലിലെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ആ ചാനലിലെത്തന്നെ ചില പരിപാടികളെയും അവയുടെ അവതാരകരെയും അനുകരിച്ചുകൊണ്ടാണ്‌ സലിം കുമാര്‍ അക്കാലത്ത്‌ ശ്രദ്ധേയനായത്‌. ടി എന്‍ ഗോപകുമാറിൻറെ  കണ്ണാടിയും ചിന്ത രവിയേട്ടൻ അവതരിപ്പിച്ചിരുന്ന  എൻറെ കേരളവും പോലെയുള്ള വളരെ ഗൗരവമുള്ള പ്രോഗ്രാമുകള്‍ മറ്റൊരു കാഴ്‌ച്ചപ്പാടില്‍ കണ്ട കൗതുകം ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. അതൊക്കെ അവതരിപ്പിക്കുമ്പോഴും സലിംകുമാര്‍ വളരെ ഗൗരവക്കാരനായാണ്‌ കാണപ്പെട്ടിരുന്നതെന്നും ഓര്‍ക്കുന്നു. പിന്നീട്‌ സലിം മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറി. സിനിമയിലെ അദ്ദേഹത്തിൻറെ പ്രകടനങ്ങളുടെ ചരിത്രരേഖകളാണ്‌ ഇന്ന്‌ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നൊഴുകുന്ന പരശ്ശതം ട്രോളുകള്‍. ട്രോള്‍ സാഹിത്യത്തിലെ സ്റ്റോക്‌ ക്യാരക്‌റ്ററുകളില്‍ പ്രധാനിയാണ്‌ സലിംകുമാര്‍ എന്നു വേണമെങ്കില്‍ പറയാം. അദ്ദേഹത്തിൻറെ അനനുകരണീയവും മൗലികവുമായ പഞ്ച്‌ ഡയലോഗുകള്‍ ട്രോളന്‍മാര്‍ക്ക്‌ അക്ഷയഖനിയായി തുടരുന്നു.
മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ ഇടയ്‌ക്കിടെ സലിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്‌. താന്‍ കോണ്‍ഗ്രസ്സുകാരനാണ്‌ എന്ന്‌ അഭിമാനപൂര്‍വ്വം പറയാറുള്ള സലിമിന്‌ ഒരു രാഷ്‌ട്രീയകക്ഷിയിലും ശത്രുക്കളുണ്ടാകാന്‍ വഴിയില്ല. കമ്മ്യൂണിസ്റ്റനുഭാവികളായ സുഹൃത്തുക്കളുമായുള്ള ആശയസംവാദത്തിഌ ബലം കിട്ടാനുള്ള തയ്യാറെടുപ്പിൻറെ ഭാഗമായാണ്‌ ഗൗരവമുള്ള വായനയിലേയ്‌ക്ക്‌ കടന്നതെന്ന്‌ ഒരഭിമുഖത്തില്‍ സലിംകുമാര്‍ പറഞ്ഞിട്ടുണ്ട്‌. അര്‍ത്ഥപൂര്‍ണ്ണമായ വായനയും നിരീക്ഷണവുമാണ്‌ നടനെന്ന നിലയില്‍ സലിംകുമാറിൻറെ കരുത്ത്‌. ഹാസ്യതാരം എന്ന ലേബലില്‍ നിന്ന്‌ പുറത്തുവന്നപ്പോഴൊക്കെ തന്നിലെ സ്വഭാവനടനെ സലിംകുമാര്‍ പ്രക്ഷകര്‍ക്കു മുന്നില്‍ ഭംഗിയായി അവതരിപ്പിച്ചു. അച്ഛനുറങ്ങാത്ത വീട്‌ എന്ന സിനിമയിലെ സാമുവേലിനെ എങ്ങനെ മറക്കും? ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സലിംകുമാറിനെ നിയോഗിച്ച ലാല്‍ ജോസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സലിം കുമാറിൻറെ വിഷാദമുറഞ്ഞ കണ്ണുകളാണ്‌ ആ വഴിക്കു ചിന്തിക്കാന്‍ തന്നെ പ്രരിപ്പിച്ചതെന്ന്‌ ലാല്‍ ജോസ്‌ എപ്പൊഴോ പറഞ്ഞതോര്‍ക്കുന്നു.

തൃപ്പന്‍ നമ്പൂതിരിയെയും (വാസ്‌തവം) ആമു എളാപ്പയെയും (പെരുമഴക്കാലം) തബല ഭാസ്‌ക്കരനെയും (ഗ്രാമഫോണ്‍) അവതരിപ്പിച്ച്‌ മികവു തെളിയിച്ച ശേഷം ആദാമിന്റെ മകന്‍ അബുവിലൂടെ സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടി. പി ജെ ആന്റണിയും ഭരത്‌ ഗോപിയും ബാലന്‍ കെ നായരുമൊക്കെ ഉള്‍പ്പെടുന്ന ഒരു വലിയ പാരമ്പര്യത്തിൻറെ പിന്‍മുറക്കാരനായി. മലയാളസിനിമയില്‍ അഭിനയത്തിനു  നല്‍കിവരുന്ന എല്ലാ അവാര്‍ഡുകളും നേടിയ ചരിത്രവും സലിമിനുണ്ട്‌ - മികച്ച നടന്‍ (ആദാമിൻറെ മകന്‍ അബു - 2010), മികച്ച രണ്ടാമത്തെ നടന്‍ (അച്ഛനുറങ്ങാത്ത വീട്‌ - 2005), മികച്ച ഹാസ്യനടന്‍ (അയാളും ഞാനും തമ്മില്‍ - 2013). മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും സലിംകുമാറിനു  ലഭിച്ചിട്ടുണ്ട്‌ (പരേതൻറെ പരിഭവങ്ങള്‍ - 2013).

അഭിനയത്തിനപ്പുറമുള്ള ചലച്ചിത്രപ്രവര്‍ത്തനങ്ങളിലേയ്‌ക്കു കടന്നുകൊണ്ട്‌ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്‌ ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട സലിംകുമാര്‍. അദ്ദേഹത്തിൻറെ രണ്ടാമത്തെ സംവിധാന സംരഭമായ കറുത്ത ജൂതന്‍ എന്ന സിനിമ പുറത്തു വന്നിരിക്കുന്നു.  (ഈ സിനിമയുടെ കഥയ്‌ക്ക്  അദ്ദേഹത്തിന്‌ 2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി)

ഒരുപാടു സവിശേഷതകളുള്ള സിനിമയാണ്‌ കറുത്ത ജൂതന്‍. സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച സലിം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. നിര്‍മ്മാതാവും അദ്ദേഹം തന്നെ.

 കേരളത്തിൻറെ പല ഭാഗങ്ങളിലും വാസമുറപ്പിച്ചിരുന്ന ജൂതവംശജരില്‍ ഒരാളെയാണ്‌ സലിം കുമാര്‍ തൻറെ സൃഷ്‌ടിയുടെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്‌. ആരണ്‍ ഇല്ല്യാഹു എന്നാണ്‌ നിര്‍ഭാഗ്യവാനായ ആ കറുത്ത ജൂതൻറെ പേര്‌. ആരോണി എന്നായിരുന്നു മലയാളീകരിച്ച വിളിപ്പേര്‌. തൃശ്ശൂര്‍ ജില്ലയുടെ തെക്കേയറ്റത്തുള്ള മാളയിലാണ്‌ അയാള്‍ ജീവിച്ചിരുന്നത്‌. (പ്രിവ്യു തിയറ്ററില്‍ വച്ച്‌ മാളയിലെ ജൂതന്‍ എന്നു കേട്ടപ്പോള്‍ വ്യക്തിപരമായ ചില ഓര്‍മ്മകളും കടന്നുവന്നു. മാളയ്‌ക്കടുത്തുള്ള പുത്തന്‍വേലിക്കരയാണ്‌ ഈ ലേഖകൻറെ ദേശം. ചേന്ദമംഗലത്തും മാളയിലുമുള്ള ജൂതന്‍മാരുമായുള്ള ഇടപഴകലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അച്ഛൻറെ വര്‍ത്തമാനങ്ങളില്‍ കടന്നു വരാറുണ്ടായിരുന്നു)
കേരളത്തിലെ ജൂതന്‍മാരില്‍ ബഹുഭൂരിപക്ഷവും കച്ചവടക്കാരായിരുന്നു. പക്ഷേ ആരോണി ഒരു പണ്‌ഡിതനായാണ്‌ വളര്‍ന്നു വന്നത്‌. എം എ വരെ പഠിച്ചു. അക്കാലത്ത്‌ കോളേജദ്ധ്യാപകനെന്ന നിലയില്‍ മാന്യമായ ഒരു ജോലി കിട്ടാനുള്ള യോഗ്യത നേടി. പക്ഷേ, ജൂതന്‍മാര്‍ മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നവരല്ല. (ജൂതൻ കമ്മ്യുണിസ്റ്റ് ആയാൽ കാറൽ മാർക്സ് ആയിരിക്കും എന്നാണു പറയുക.) അതുകൊണ്ട്‌ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. പക്ഷേ, അറിവിൻറെ വെളിച്ചം ആരോണിയില്‍ ജ്വലിച്ചു നിന്നു. ഇന്‍ഡ്യയിലെ ജൂത വംശത്തിൻറെ ചരിത്രം തേടി ഒരു യാത്ര നടത്തണമെന്നും അതിൻറെ അടിസ്ഥാനത്തില്‍ ആധികാരികമായ ഒരു ചരിത്രഗ്രന്ഥം രചിക്കണമെന്നും ആ ചെറുപ്പക്കാരന്‍ ആഗ്രഹിച്ചു. അങ്ങനെ അയാള്‍ ഒരു ഭാരതപര്യടനത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടു. ഒരു ജീവിത നിയോഗം പോലെ ഏറ്റെടുത്ത യാത്രയായിരുന്നു അത്‌. അമ്മ വെറോനിക്കയും പെങ്ങളും മനസ്സില്ലാമനസ്സോടെ അയാളെ യാത്രയാക്കി. ആറോണി തൻറെ ചരിത്രഗവേഷണവുമായി ഊരു ചുറ്റുമ്പോള്‍ ലോകചരിത്രത്തില്‍ത്തന്നെ വളരെ നിര്‍ണ്ണായകമായ ഒരു സംഭവം നടന്നു. 1948 മെയ്‌ 14 ന്‌ ഇസ്രയേല്‍ ഔപചാരികമായി സ്വാതന്ത്യ്ര പ്രഖ്യാപനം നടത്തി. ലോകമെങ്ങും ചിതറിപ്പോയ ജൂതന്‍മാര്‍ ജന്മനാട്ടിലേയ്‌ക്ക്‌ തിരിച്ചെത്തണമെന്ന്‌ ആഹ്വാനമുണ്ടായി. അതിൻറെ അലയൊലികള്‍ മാളയിലുമെത്തി. നാട്ടിലെ ജൂതപ്രമാണിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ആരോണിയുടെ അമ്മയും പെങ്ങളും ഇസ്രയേലിലേയ്‌ക്കു പോയി. ആരോണി മടങ്ങിവരുന്നതു വരെ വീടും സ്വത്തും സംരക്ഷിക്കാന്‍ പഞ്ചായത്തധികൃതരെ ചുമതലപ്പെടുത്തിയിട്ടാണ്‌ അവര്‍ പോയത്‌. വീട്ടിലേയ്‌ക്കു മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന ആരോണിയാകട്ടെ ഒരപകടത്തില്‍പ്പെട്ട്‌ ഗുരുതരമായി പരുക്കേറ്റ്‌ ഉത്തരേന്ത്യയിലെവിടെയോ ഉള്ള ഒരാശ്രമത്തില്‍ അകപ്പെട്ടു പോയി. അയാള്‍ മരിച്ചു പോയി എന്നൊരു വാര്‍ത്ത നാട്ടില്‍ പരക്കുകയും ചെയ്‌തു. വര്‍ഷങ്ങള്‍ക്കു ശേഷം അല്‌പം അംഗവൈകല്യത്തോടെ ആരോണി നാട്ടില്‍ തിരിച്ചെത്തി. കയ്‌ക്കുന്ന അനുഭവങ്ങളാണ്‌ അയാള്‍ക്ക്‌ നേരിടേണ്ടി വന്നത്‌. ആരോണിയുടെ വീട്‌ ഇപ്പോള്‍ മാളയിലെ പോസ്റ്റ്‌ ഓഫീസ്‌ ആയി മാറിയിരിക്കുന്നു. മറ്റു സ്വത്തുവകകള്‍ നാട്ടുകാരില്‍ ചിലര്‍ കൈക്കലാക്കിയിരിക്കുന്നു. സ്വത്തു തട്ടിയെടുക്കാന്‍ വന്ന ആള്‍മാറാട്ടക്കാരനാണ്‌ ആരോണി എന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ മാത്രമല്ല, നാട്ടിലെ നിയമപാലകരും താത്‌പര്യപ്പെട്ടു. പിന്നീടുള്ള ആരോണിയുടെ ജീവിതമാണ്‌ സലിംകുമാര്‍ ഈ സിനിമയില്‍ പറയുന്നത്‌.

ഈ ഘട്ടത്തില്‍ വച്ച്‌ കഥയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിര്‍ത്തി വായനക്കാരെ സിനിമയിലേയ്‌ക്കു ക്ഷണിക്കാന്‍ ഞാനാഗ്രഹിക്കുന്നു. സിനിമ കണ്ടതിനു ശേഷം ഇപ്പോഴും വിടാതെ പിന്തുടരുന്ന രണ്ടു കാര്യങ്ങളെക്കുറിച്ചു പറയാം. ആരോണി ഒരു വ്യക്തി എന്ന നിലയില്‍ നേരിടുന്ന രണ്ടു വിധിവൈപരീത്യങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. ഗവേഷണബുദ്ധിയും ജ്ഞാനസമ്പാദന ത്വരയും കാരണം സ്വന്തം വംശത്തിൻറെ  സമ്പന്നവും വിപുലവുമായ സാസ്‌കാരിക ചരിത്രത്തിൻറെ വേരുകള്‍ തേടിപ്പോയ ഒരുവന്‍ തിരിച്ചെത്തുമ്പോള്‍ നിസ്വനായി മാറുന്നു. വേരുകളറ്റ്‌ തിരസ്‌കൃതനാകുന്നു. സ്വത്വം നഷ്‌ടപ്പെട്ടവനായി മാറുന്നു. താന്‍ ഒരു വ്യാജപ്രതിനിധാനമല്ലെന്നു തെളിയിക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലെത്തുന്നു. അത്രമേല്‍ വലിയ ദുര്യോഗം മറ്റൊന്നില്ല. ആരോണിയുടെ വീട്‌ ഒരു പോസ്റ്റ്‌ ഓഫീസായി മാറുന്നതാണ്‌ രണ്ടാമത്തെ കാര്യം. ആഗോളവത്‌കരണത്തിഌ മുമ്പുള്ള ഇന്‍ഡ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംവേദന മാദ്ധ്യമമായിരുന്നു തപാല്‍ സംവിധാനം. കറുത്ത ജൂതനില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന കാലത്ത്‌ തപാലാപ്പീസിന്‌ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഏതൊരാളുടെയും ഏറ്റവും പ്രധാനപ്പെട്ട ഐഡൻഡിറ്റിയായ മേല്‍വിലാസവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ കേന്ദ്രബിന്ദുവായ തപാലാപ്പീസ്‌ സ്വന്തം വീട്ടില്‍ പ്രവര്‍ത്തിക്കുന്നത്‌ ആരോണി കാണുന്നു. മാളക്കാരുടെ മുഴുവന്‍ മേല്‍വിലാസങ്ങള്‍ ആധികാരികമായി വന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ആ കെട്ടിടം സ്വന്തമായിരുന്നിട്ടു പോലും അതിൻറെ വരാന്തയില്‍ ഊരും പേരുമില്ലാത്ത ഒരഗതിയായി ആരോണി കിടക്കുന്നു. ഒടുവില്‍ നിയമം അയാളെ അവിടെനിന്നു പോലും ചവിട്ടിയിറക്കുന്നു. എത്ര നിര്‍ഭാഗ്യകരമായ, ഭയാനകമായ ജീവിതാവസ്ഥയാണത്‌!

"ഇസ്രയേല്‍ തുലയട്ടെ, പലസ്‌തീന്‍ സിന്ദാബാദ്‌'' എന്നൊരു ചുവരെഴുത്തുണ്ട്‌ ഈ സിനിമയില്‍. ജൂതന്‍മാരെക്കുറിച്ചും ഇസ്രയേലിനെക്കുറിച്ചും മലയാളികള്‍ക്കുള്ള രാഷ്‌ട്രീയമായ മുന്‍വിധി ആ മുദ്രാവാക്യത്തില്‍ പ്രകടമാണ്‌. നമ്മുടെ ആഗോളരാഷ്‌ട്രീയ ബോധവുമായി ബന്ധപ്പെട്ട മുന്‍വിധിയാണത്‌. പക്ഷേ എഴുത്തുകാരനെന്ന നിലയിലും ഗവേഷകനെന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്ന നിലയിലും മനുഷ്യാവസ്ഥയുടെ പ്രാപഞ്ചികതലങ്ങളെയാണ്‌ സലിംകുമാര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌.

ഉള്ളുലയ്‌ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ സലിംകുമാര്‍ പ്രക്ഷകര്‍ക്കുവേണ്ടി ഒരുക്കി വച്ചിട്ടുണ്ട്‌. ഇത്രയും ഗഹനമായ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും ആര്‍ക്കും മനസ്സിലാകുന്ന ആഖ്യാനലാളിത്യം പുലര്‍ത്തുന്നുണ്ട്‌, സലിംകുമാറിലെ എഴുത്തുകാരനും, സംവിധായകനും, നടനും. വേണമെങ്കില്‍ അതിവൈകാരികതയിലേയ്‌ക്കു വഴുതി വീണുപോകാമായിരുന്ന മുഹൂര്‍ത്തങ്ങളെ കൃതഹസ്‌തനായ ഒരു നടൻറെ പക്വതയോടെ സലിം അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിൻറെ പുറമ്പോക്കുകളുടെ ഏറ്റവും അറ്റത്തേയ്‌ക്കു തള്ളിനീക്കപ്പെടുന്ന പണ്‌ഡിതനും  സാത്വികനുമാണ്‌ ആരണ്‍ ഇല്യാഹു. അതുകൊണ്ടാകണം, അത്രമേല്‍ ലളിതമായി തൻറെ ജീവിതദുഃഖങ്ങളെ ആ മനുഷ്യന്‍ ദാര്‍ശനികവത്‌കരിക്കുന്നത്‌.

വര്‍ത്തമാനകാലം ചരിത്രത്തോടു കാണിക്കുന്ന നീതികേടിനെക്കുറിച്ചാണ്‌ ഈ സിനിമ എന്ന്‌ ഒറ്റവാക്കില്‍ പറയാം. ചരിത്രത്തെ ഇടിച്ചു നിരത്തി സ്‌മരണകളെ ഇല്ലാതാക്കുകയും വ്യാജനിര്‍മ്മിതികളെ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന സമകാലിക ലോകത്ത്‌ ഈ സിനിമ വളരെ പ്രസക്തമാണ്‌. അതുകൊണ്ടുതന്നെ മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട, വ്യതിരിക്തമായ ഒരു ചലച്ചിത്രസൃഷ്‌ടിയാണ്‌ കറുത്ത ജൂതന്‍.

Wednesday, August 23, 2017

ജീവിതത്തെ വീണ്ടെടുത്ത കണ്ണുനീർത്തുള്ളി















ജീവിതത്തെ വീണ്ടെടുത്ത കണ്ണുനീർത്തുള്ളി 

കെ ബി വേണു 


The past is never dead. It's not even past. 




The Past/2013/Asghar Farhadi/France /130 minutes





    കറകളഞ്ഞ യഥാതഥത്വമാണ്‌ ഇറാനിയന്‍ സിനിമകളുടെ കരുത്ത്‌. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ ഫ്രഞ്ച്‌ നവതരംഗ സിനിമ ലോകമെങ്ങുമുള്ള ചലച്ചിത്ര സംവിധായകരില്‍ ഒരാവേശമായി നിറ ഞ്ഞപ്പോള്‍ ഇറാനിലും അതിൻറെ  അലയൊലികളുണ്ടായി. ദാര്‍ശനിക രാഷ്‌ട്രീയ പ്രമേയങ്ങള്‍ കാവ്യാത്മകമായ ചലച്ചിത്ര ഭാഷയില്‍ ഇറാനിയന്‍ സംവിധായകര്‍ അവതരിപ്പിച്ചു. അബ്ബാസ്‌ കിയരസ്‌താമി, മൊഹ്‌സെന്‍ മക്‌മല്‍ബഫ്‌, ജാഫര്‍ പനാഹി, മജീദ്‌ മജീദി തുടങ്ങിയവര്‍ ഈ നവതരംഗ പാരമ്പര്യത്തിൻറെ  അവകാശികളാണ്‌. (വ്യവസ്ഥിതിയെ വിമര്‍ശിക്കുന്ന സിനിമകള്‍ എടുക്കുന്നു എന്നാരോപിച്ച്‌ 2010 ല്‍ അറസ്റ്റു ചെയ്യപ്പെട്ട ജാഫര്‍ പനാഹി ഇപ്പോഴും വീട്ടുതടങ്കലിലാണ്‌. ഇരുപതു വര്‍ഷത്തേയ്‌ക്ക്‌ സിനിമയെടുക്കരുതെന്ന വിലക്കും നിലവിലുണ്ട്.) മറ്റൊരു പ്രധാനപ്പെട്ട യൂറോപ്യന്‍ യഥാതഥ ചലച്ചിത്ര സരണിയായ ഇറ്റാലിയന്‍ നിയോ റിയലിസവും ആധുനിക ഇറാനിയന്‍ സിനിമയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിനും  സങ്കല്‍പത്തിനും  ഇടയ്‌ക്കുള്ള അതിര്‍വരമ്പ്‌ മായ്‌ച്ചു കളഞ്ഞ്‌ അനുപമമായ ഒരു ചലച്ചിത്ര ഭാഷ സൃഷ്‌ടിക്കാനാണ്‌ ഇറാനിയന്‍ ചലച്ചിത്രപ്രതിഭകൾ ശ്രമിച്ചിട്ടുള്ളത്‌. ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയും വിധം ലളിതമാണ്‌ അവരുടെ സൃഷ്‌ടികള്‍. വൈവിദ്ധ്യ പൂര്‍ണ്ണമായ ഇറാനിയന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ മനുഷ്യകഥാനുഗായികളായ ഈ സിനിമകള്‍ രചിക്കപ്പെട്ടിരിക്കുന്നത്‌.  ക്യാമറയെ പേനയാക്കണമെന്ന ഫ്രഞ്ച്‌ ന്യൂ വേവ്‌ ആഹ്വാനം ഉള്‍ക്കൊള്ളുന്ന സിനിമകളാണവ. ക്യാമറ കൊണ്ടെഴെുതിയ കവിതകള്‍…ലാളിത്യം മുഖമുദ്രയാക്കിയ എത്രയോ ചലച്ചിത്ര കാവ്യങ്ങള്‍… ഇറാനിയന്‍ നവ തരംഗ പരമ്പരയിലെ മൂന്നാം തലമുറയില്‍പ്പെട്ട സംവിധായകനാണ്‌ അസ്‌ഗര്‍ ഫറാദി.
അസ്‌ഗര്‍ ഫറാദി
2003 ല്‍ ഡാന്‍സിങ്‌ ഇന്‍ ദി ഡസ്റ്റ്‌ എന്ന ചിത്രവുമായി അരങ്ങേറ്റം കുറിച്ച ഫറാദി 2011 ല്‍ എ സെപറഷന്‍ എന്ന സിനിമയിലൂടെ ലോകപ്രശസ്‌തനായി. ദി ബ്യൂട്ടിഫുള്‍ സിറ്റി (2004), ഫയര്‍വര്‍ക്‌സ്‌ വെനസ്‌ഡേ (2006), എബൗട്ട്‌ എല്ലി (2009) എന്നിവയാണ്‌ അദ്ദേഹത്തിൻറെ  മറ്റു ചിത്രങ്ങള്‍. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്‌ട്ര പുരസ്‌എ സെപ-റേഷന്‍ വിവാഹ മോചനത്തില്‍ അവസാനിക്കുന്ന ഒരു ദാമ്പത്യത്തിൻറെ  പശ്ചാത്തലത്തില്‍ ഇറാനിലെ മദ്ധ്യവര്‍ഗ്ഗ ജീവിതം വരച്ചുകാട്ടിയ സിനിമയാണ്‌ ഫറാദിയുടെ ഏറ്റവും പുതിയ സിനിമയായ ദി പാസ്റ്റ്‌ ഫ്രഞ്ചു ഭാഷയിലാണ്‌. ദാമ്പത്യത്തിൻറെ  സങ്കീര്‍ണ്ണതകളിലേയ്‌ക്കുതന്നെയാണ്‌ ഇക്കുറിയും ഫറാദിയുടെ സഞ്ചാരം. അഹ്‌മദ്‌ എന്ന ഇറാനിയന്‍ യുവാവ്‌ പാരീസ്‌ നഗരത്തിലെത്തുന്നത്‌ ഫ്രഞ്ചുകാരിയായ ഭാര്യ മേരിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ്‌. നാലു വര്‍ഷമായി അയാള്‍ ടെഹ്‌റാനിലാണ്‌ താമസിക്കുന്നത്‌. പാരീസിലെത്തുമ്പോഴാണ്‌ ഒരു ഡ്രൈ ക്ലീനിങ്‌ സ്ഥാപനം നടത്തുന്ന സമീര്‍ എന്ന അറേബ്യന്‍ യുവാവുമായി മേരി പ്രണയത്തിലാണെന്നും അയാളും അവള്‍ക്കൊപ്പം താമസിക്കുന്നുണ്ടെന്നും  അഹ്‌മദ്‌ മനസ്സിലാക്കുന്നത്‌. നേരത്തേയുള്ള വിവാഹബന്ധങ്ങളില്‍ നിന്നുള്ള രണ്ടു പെണ്‍മക്കള്‍ക്കു പുറമേ സമീറിൻറെ  മകനും  അതേ വീട്ടില്‍ മേരിക്കൊപ്പം താമസിക്കുന്നുണ്ട്. ഹോട്ടലില്‍ മുറിയെടുക്കാതെ മേരിക്കൊപ്പം താമസിക്കുന്ന അഹ്‌മദിന്‌ ഇതെല്ലാം പുതിയ അറിവുകളായിരുന്നു. കൗമാരത്തിൻറെ  എല്ലാ വിധ പ്രശ്‌നങ്ങളുമുള്ള മൂത്ത മകള്‍ ലൂസിക്ക്‌ എങ്ങനെയും ആ വീട്ടില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ബെല്‍ജിയംകാരനായ പിതാവിൻറെ  അടുത്തെത്തണമെന്നാണ്‌ ആഗ്രഹം. അമ്മയുടെ പുതിയ കൂട്ടുകാരനായ സമീറിനെ അവള്‍ക്കിഷ്‌ടവുമല്ല. വളരെ വൈകിയാണ്‌ മിക്ക ദിവസവും അവള്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്‌. അസ്വസ്ഥയും വിഷാദവതിയുമായ ലൂസിയോട്‌ സംസാരിക്കണമെന്നും അവളെ അനുനയിപ്പിക്കണമെന്നും മേരി അഹ്‌മദിനോട്‌ ആവശ്യപ്പെടുന്നു. കാരണം ലൂസിയ്‌ക്കും അനുജത്തി ലിയയ്‌ക്കും ഇപ്പോഴും അഹ്‌മദിനോട്‌ മാനസികമായി അടുപ്പമുണ്ട്. സ്വന്തം മക്കളല്ലെങ്കിലും പിതൃനിര്‍വിശേഷമായ വാത്സല്യത്തോടെയും അതിലുപരി സൗഹൃദത്തോടെയുമാണ്‌ അഹ്‌മദ്‌ അവരോട്‌ പെരുമാറിയിരുന്നത്‌. വിവാഹമോചനത്തിൻറെ  നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചുപോകാന്‍ വന്ന അഹ്‌മദ്‌ മേരിയുടെയും മക്കളുടെയും സമീറിൻറെയും സങ്കീര്‍ണ്ണമായ ജീവിതപരിസരങ്ങളിലേയ്‌ക്ക്‌ കൂടുതല്‍ അടുക്കാന്‍ നിര്‍ബന്ധിതനാകുന്നതോടെ അവരോരുത്തരുടെയും ഭൂതകാല രഹസ്യങ്ങള്‍ അനാവൃതമാകാന്‍ തുടങ്ങുന്നു. മേരി ഗര്‍ഭിണിയാണെന്നതായിരുന്നു ആദ്യത്തെ രഹസ്യം. മക്കളില്‍ നിന്ന്‌ അക്കാര്യം അവര്‍ മറച്ചുവെച്ചിരിക്കുകയാണ്‌. ലൂസിയുമായി സംസാരിക്കുമ്പോഴാണ്‌ സമീറിൻറെ  ഫ്രഞ്ചുകാരിയായ ഭാര്യ സെലീന്‍ ഒരു ആത്മഹത്യാശ്രമത്തിനു ശേഷം മാസങ്ങളായി അബോധാവസ്ഥയിലാണെന്ന സത്യം അഹ്‌മദ്‌ അറിയുന്നത്‌. സമീറിന്‌ മേരിയുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച്‌ അയാളുടെ ഭാര്യയെ അറിയിച്ചത്‌ താനാണെന്ന്‌ ലൂസി അഹ്‌മദിനോട്‌ വെളിപ്പെടുത്തുന്നു. മേരിയുമായി ഇ-മെയില്‍ വഴി കൈമാറിയ പ്രണയസന്ദേശങ്ങള്‍ ലൂസി സമീറിൻറെ  ഭാര്യയ്‌ക്ക്‌ ഫോര്‍വേഡ്‌ ചെയ്യുകയായിരുന്നു. അത്‌ വായിച്ചതിനു ശേഷമാണ്‌ ആ സ്‌ത്രീ ആത്മഹത്യാ ശ്രമം നടത്തിയതെന്നും അവര്‍ ജീവച്ഛവമായിക്കിടക്കുന്നതിൻറെ  ഉത്തരവാദിത്വം തനിക്കാണെന്നും ലൂസി കരുതുന്നു. ആ കുറ്റബോധം കാരണമാണ്‌ ലൂസി സമീറില്‍ നിന്നകന്നു നില്‍ക്കുന്നതും ആ വീട്ടില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നതും. സമീറിൻറെ  ഭാര്യയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള അന്വേഷണം അയാളുടെ സ്ഥാപനത്തിലെ ഇറാനിയന്‍ അഭയാര്‍ത്ഥിയായ ജോലിക്കാരി നയ്‌മയില്‍ വരെ ചെന്നു നിൽക്കുന്നുണ്ട്. ഒരോ കഥാപാത്രവും ഒളിപ്പിച്ചു വെയ്‌ക്കാനും  ഒളിച്ചോടാനും ശ്രമിക്കുന്ന ഭൂതകാല സംഭവപരമ്പരകളുടെ അവസാനത്തെ കണ്ണിയിലേയ്‌ക്കു വരെ ആ അന്വേഷണം തുടരുന്നു. അഹ്‌മദ്‌ യഥാര്‍ത്ഥത്തില്‍ ഒരു കുറ്റാന്വേഷകൻറെ  ദൗത്യമാണ്‌ ഏറ്റെടുക്കുന്നത്‌. സംവിധായകന്‍ തന്നെ ഈ കഥാപാത്രത്തെ ആ അര്‍ത്ഥത്തില്‍ വിലയിരുത്തുന്നുണ്ട്. തുടക്കത്തില്‍ ഒരു സത്യാന്വേഷിയായി, മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും ക­ണ്ടെത്താന്‍ ശ്രമിക്കുന്ന അഹ്‌മദിന്‌ ആ കുടുംബത്തിൻറെ കലുഷിതമായ അവസ്ഥയ്‌ക്ക്‌ താന്‍ കൂടി കാരണക്കാരനാണെന്ന്‌ താമസിയാതെ ബോദ്ധ്യപ്പെടുന്നുണ്ട്. അയാള്‍ അന്വേ-ഷിച്ചറിയുന്ന ഓരോ വസ്‌തുതയും, വെളിപ്പെടുത്തുന്ന ഓരോ രഹസ്യവും ചുറ്റുമുള്ളവരെ കൂടുതല്‍ കൂടുതല്‍ കുഴപ്പങ്ങളിലേയ്‌ക്ക്‌ തള്ളിയിടുന്നു. അനുനിമിഷം തകര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ പരസ്‌പര വിശ്വാസത്തിൻറെ പാലം പണിയാന്‍ നിയോഗിക്കപ്പെടുന്ന അഹ്‌മദിൻറെ മാനസികാവസ്ഥയെ പ്രതീകാത്മകമായി സംവിധായകന്‍ അവതരിപ്പിക്കുന്നു. പലപ്പോഴും ഒരു മെക്കാനിക്കിൻറെ ജോലിയാണ്‌ അയാള്‍ക്ക്‌ ചെയ്യേണ്ടി വരുന്നത്‌. കുട്ടികളുടെ സൈക്കിളിൻറെ ചെയിന്‍ തെറ്റിപ്പോകുമ്പോള്‍ അതു നേരെയാക്കിക്കൊടുത്തു കൊണ്ടാണ്‌ അയാള്‍ ആ വീട്ടിലേയ്‌ക്കു പ്രവേശിക്കുന്നതു തന്നെ. വീട്ടിലെ പല റിപ്പയറിങ്‌ ജോലികളും അയാള്‍ ഏറ്റെടുക്കുന്നുമുണ്ട്. കേടായ സിങ്ക്‌ നന്നാക്കുക, ചുമരിന്‌ പെയിൻറ്റടിക്കുക തുടങ്ങിയ പല ജോലികളും അയാള്‍ ചെയ്യുന്നു. മേരിയും ലൂസിയും തമ്മിലുള്ള ബന്ധത്തിലെ അകല്‍ച്ച ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും അയാളാണ്‌. എപ്പോഴും കലഹിക്കുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന ഫവാദിനെപ്പോലും (സമീറിൻറെ മകന്‍) ഫലപ്രദമായി  കൈകാര്യം ചെയ്യുന്നത്‌ അഹ്‌മദ്‌ ആണ്‌. പാരീസില്‍ എത്തിയ ദിവസം അയാള്‍ ഉറങ്ങുന്നതു തന്നെ ആ കുട്ടി കിടക്കുന്ന മുറിയിലാണ്‌. ആ വീടിനോടുള്ള ബന്ധം എന്നെന്നേയ്‌ക്കുമായി അവസാനിക്കാന്‍ പോകുകയാണെന്നറിഞ്ഞിട്ടും അയാളിതൊക്കെ ചെയ്യാന്‍ നിര്‍ബ്ബന്ധിതനാകുകയാണ്‌. മുറിഞ്ഞുപോകുന്ന സംവേദനങ്ങളുടെ കഥ കൂടിയാണിത്‌. സിനിമയുടെ തുടക്കം മുതല്‍ ഈ പ്രശ്‌നം സമര്‍ത്ഥമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അടഞ്ഞ വാതിലുകള്‍ക്കപ്പുറത്തും അകലങ്ങളിലുമായി നടക്കുന്ന, വെളിപ്പെടാത്ത നിരവധി സംവേദനങ്ങള്‍ ഈ സിനിമയിലുണ്ട്. എ സെപറേഷന്‍ എന്ന ചിത്രത്തില്‍ ഇറാനിയന്‍ സമൂഹത്തെയും സംസ്‌കാരത്തെയും അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഫറാദി ഈ സിനിമയില്‍ കുറച്ചുകൂടി ഉത്‌കൃഷ്‌ടമായ ഒരു തലത്തിലാണ്‌ തൻറെ കഥാപാത്രങ്ങളെ പ്രതിഷ്‌ഠിക്കുന്നത്‌. ഏതു സംസ്‌കാരത്തില്‍ വളര്‍ന്നവര്‍ക്കും ഈ സിനിമയിലെ കഥാസന്ദര്‍ഭങ്ങളുമായി സമരസപ്പെടാം. ചിലപ്പോള്‍ അതിനാടകീയമാണെന്ന്‌ തോന്നുന്ന മുഹൂര്‍ത്തങ്ങളെപ്പോലും യുക്തിയുടെ ബലമുള്ള തൂണുകളില്‍ ഉയര്‍ത്തിനിര്‍ത്തുകയാണ്‌ ഫറാദി. ദീര്‍ഘകാലമായി ഇറാന്‌ ഫ്രാന്‍സുമായുള്ള ബന്ധത്തെ പുതിയൊരു കാലഘട്ടത്തിൻറെ പശ്ചാത്തലത്തില്‍ നിര്‍വ്വചിക്കാനുള്ള ശ്രമം കൂടിയാണ്‌ ഫറാദി നടത്തുന്നത്‌. ഭൂഖണ്ഡങ്ങളും കടന്നുള്ള പ്രണയബന്ധങ്ങളുടെ കഥയാണല്ലോ ഈ സിനിമ. ആഗോളീകൃതമായ ആധുനിക ലോകാവസ്ഥയില്‍ അത്തരമൊരു സാംഗത്യം കൂടി ഈ സിനിമയ്‌ക്കുണ്ട്. വിദേശ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇറാനിയന്‍ യുവാക്കള്‍ ദശാബ്‌ദങ്ങളായി പാരീസില്‍ എത്താറുണ്ടായിരുന്നു. ഫ്രഞ്ച്‌ ന്യൂ വേവ്‌ സിനിമയുടെ അമരക്കാരില്‍ ഒരാളായിരുന്ന ട്രൂഫോയുടെ അടുത്ത സുഹൃത്തായിരുന്നു അക്കാലത്ത്‌ ഐക്യ രാഷ്‌ട്ര സഭയുടെ ഇറാനിയന്‍ അംബാസിഡറായിരുന്ന ഫെറെയ്‌ദൂന്‍ ഹൊവെയ്‌ദ. ഫ്രഞ്ച്‌ നവതരംഗവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണമായ കാഹ്യേ ദു സിനിമയുമായും ഹൊവെയ്‌ദ സഹകരിച്ചിരുന്നു. ഇറ്റാലിയന്‍ നിയോ റിയലിസത്തിൻറെ ശില്‍പികളിലൊരാളായ റോബര്‍ട്ടോ റോസലീനിയുടെ ആദ്യകാല സിനിമകളിലും ഹൊവേയ്‌ദയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ട്രൂഫോയുടെയും ഗൊദാര്‍ദിൻറെയും സിനിമകളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ച സെര്‍ഗി റെസ്‌വാനിയും ഫ്രാന്‍സിൻറെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടം പിടിച്ച ഇറാനിയന്‍ കലാകാരന്‍മാരില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെ വര്‍ഷങ്ങളായുള്ള സാംസ്‌കാരിക സഹകരണമുണ്ടെങ്കെിലും വൈകാരിക തലത്തില്‍ യൂറോപ്പും ഏഷ്യയും ഒത്തുപോകില്ലെന്ന സൂചനയും ഈ സിനിമയിലുണ്ട്. ഫ്രഞ്ച്‌ ഇറാനിയന്‍ സാംസ്‌കാരിക ബന്ധത്തെ വേറിട്ടൊരു കാഴ്‌ചപ്പാടിലൂടെ വ്യാഖ്യാനിക്കാനാണ്‌ ഫറാദിയുടെ ശ്രമം. ഓരോ കഥാപാത്രത്തിൻറെയും മനഃശാസ്‌ത്രവും വ്യക്തിത്വവും സൂക്ഷ്‌മമായി അപഗ്രഥിക്കുന്നതില്‍ സംവിധായകനോടൊപ്പം അഭിനേതാക്കളും പ്രയത്‌നിച്ചിട്ടുണ്ട്. അഹ്‌മദ്‌ ആയി അലി മൊസഫയും സമീര്‍ ആയി ഫ്രഞ്ച്‌ നടന്‍ താഹര്‍ റഹീമും വേഷമിട്ടു. പക്ഷേ മിന്നുന്ന പ്രകടനം കാഴ്‌ച വച്ചത്‌ മേരിയായി നിറഞ്ഞാടിയ ബെറെനിസ്‌ ബെജോ തന്നെയാണ്‌. അര്‍ജൻറ്റീനയില്‍ ജനിച്ച്‌ ഫ്രാന്‍സിലേയ്‌ക്ക്‌ കുടിയേറിയവരാണ്‌ ബെറെനിസിൻറെ മാതാപിതാക്കള്‍. അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും വാരിക്കൂട്ടിയ ദി ആര്‍ട്ടിസ്റ്റ്‌ എന്ന ഫ്രഞ്ചു സിനിമയിലെ പെപ്പി മില്ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബെറെനിസിൻറെ മറ്റൊരു മുഖമാണ്‌ ഈ ചിത്രത്തില്‍ കാണുന്നത്‌ ലോക സിനിമയ്‌ക്ക്‌ ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്ന്‌ നിസ്സംശയം പറയാവുന്ന ഒരു കൗമാര പ്രതിഭയും ഈ സിനിമയിലുണ്ട്. അതിസൂക്ഷ്‌മമായ പ്രകടനം ആവശ്യപ്പെടുന്ന ലൂസി എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച പതിനേഴുകാരിയായ പൗളിന്‍ ബര്‍ലറ്റ്‌.
പൗളിന്‍ ബര്‍ലറ്റ്‌
കുറ്റബോധവും ഭയവും അരക്ഷിത ബോധവും കൊണ്ട്  മാനസികമായി തകര്‍ന്ന ലൂസിയെ തഴക്കം വന്ന ഒരഭിനേത്രിയുടെ പാടവത്തോടെയാണ്‌ ബര്‍ലറ്റ്‌ പകര്‍ന്നാടിയിരിക്കുന്നത്‌. മാസങ്ങളോളമായി അബോധാവസ്ഥയില്‍ കിടക്കുന്ന സമീറിൻറെ ഭാര്യയിൽ സിനിമ അവസാനിക്കുന്നു. ഒരു പെര്‍ഫ്യൂം തൻറെ ശരീരത്തില്‍ പുരട്ടിയതിനു  ശേഷം അവളുടെ കൈ പിടിച്ചു കൊണ്ട്സ മീര്‍ പറയുന്നു: “സെലീന്‍, ഈ സുഗന്ധം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ എൻറെ  കയ്യില്‍ മുറുകെപ്പിടിക്കുക.” ആ നിമിഷം സെലീൻറെ കവിളിലൂടെ ഒരു കണ്ണീര്‍ത്തുള്ളി ഒഴുകിയിറങ്ങി. കൃത്യസമയത്ത്‌ പ്രത്യക്ഷമായ ആ അശ്രുബിന്ദുവില്‍ സന്താപത്തിൻറെ നനവല്ല, മറിച്ച്‌ പ്രതീക്ഷയുടെ വെളിച്ചമാണുള്ളത്‌. വ്യക്തമായി നിര്‍വ്വചിക്കാനാകാത്ത ഒരന്ത്യമാണിത്‌. എങ്ങനെ വേണമെങ്കിലും നിര്‍വ്വചിക്കാന്‍ വേണ്ടി  പ്രേക്ഷകര്‍ക്കു മുന്നിലേയ്‌ക്ക്‌ ഒരു ദൃശ്യ പ്രതീകം സമര്‍പ്പിക്കുമ്പോള്‍ സിനിമ എന്നെന്നേയ്‌ക്കുമായി ജീവിക്കാന്‍ തുടങ്ങുന്നു. ആകെ രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള അലക്‌സാന്‍ഡ്ര ക്ലെബാന്‍സ്‌ക എന്ന നടി ഈയൊരൊറ്റ സീനിലെ അഭിനയ പ്രകടനത്തിലൂടെ എക്കാലത്തും ഓര്‍മ്മിക്കപ്പെടും - ഉന്നത കലാമൂല്യമുള്ള ഒരു സിനിമയ്‌ക്ക്‌ ഒരഭിനേത്രി നല്‍കിയ സംഭാവനയായി ആ കണ്ണുനീര്‍ച്ചാലും.

ഈ സിനിമ എഡിറ്റ്‌ ചെയ്‌തു കൊ­ണ്ടിരുന്നപ്പോള്‍ ഫറാദി ഒരു ഫ്രഞ്ച്‌ പുസ്‌തകത്തെക്കുറിച്ച്‌ പറഞ്ഞുകേട്ടുവത്രേ.  ദീര്‍ഘകാലമായി അബോധാവസ്ഥയില്‍ കഴിഞ്ഞ ഒരു സ്‌ത്രീയുടെ  കഥയാണത്‌. ജീവിതത്തിലേയ്‌ക്ക്‌ എന്നെങ്കിലും മടങ്ങിവരുമെന്നുള്ള പ്രതീക്ഷ ഇല്ലാതായപ്പോള്‍ ഉയിരു  നിലനിര്‍ത്തിയിരുന്ന യന്ത്രസംവിധാനങ്ങള്‍ എടുത്തു മാറ്റി അവരെ മരിക്കാന്‍ അനുവദിക്കാമെന്ന്‌ ഡോക്‌റ്റര്‍മാര്‍ തീരുമാനിച്ചു. അതിനു സാക്ഷ്യം വഹിക്കാന്‍ അവരുടെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി. ഭാര്യയ്‌ക്ക്‌ അന്ത്യയാത്രാമൊഴി നല്‍കാന്‍ ഒരുങ്ങി നിന്ന ഭര്‍ത്താവ്‌ അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ ഒരു കണ്ണു-നീര്‍ത്തുള്ളി കണ്ടു. പിന്നെ അവരെ മരണത്തിലേയ്‌ക്ക്‌ പറഞ്ഞയയ്‌ക്കാന്‍ അയാള്‍ക്കായില്ല. കുറേക്കാലം കൂടി അതേ അവസ്ഥയില്‍ കിടന്നെങ്കിലും ആ സ്‌ത്രീ പിന്നീട്‌ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങി വന്നു. The Teardrop That Saved My Life എന്നാണ്‌ പുസ്‌തകത്തിൻറെ പേര്‌. ആരോടും ഒന്നും പറയാന്‍ കഴിയാതെ, ജീവിതത്തിനും  മരണത്തിനുമിടയിലെ ഏതോ സന്ധിയില്‍ തിരസ്‌കൃതയായിക്കിടന്ന ആ സ്‌ത്രീ ഒരു കണ്ണുനീര്‍ത്തുള്ളിയിലൂടെയാണ്‌ തൻറെ ജീവിതകാമന പ്രകടിപ്പിച്ചത്‌. ഫറാദിയുടെ സിനിമയില്‍ അത്തരമൊരു സന്ദര്‍ഭം ആകസ്‌മികമായി ഉണ്ടായതാണ്‌. അത്തരം ചില ആകസ്‌മികതകള്‍ പല ഉത്‌കൃഷ്‌ട ചലച്ചിത്ര സൃഷ്‌ടികളിലും സംഭവിക്കാറുണ്ട്. ജീവിതത്തിലെ ആകസ്‌മികതകളെ വല്ലാതെ ആശ്രയിക്കുന്ന റിയലിസ്റ്റിക്‌ സിനിമകള്‍ അങ്ങനെയാണ്‌ ഉരുവം കൊള്ളേണ്ടതും.. അവസാനത്തില്‍ നിന്നുള്ള ആരംഭങ്ങള്‍….ദി ടെംപെസ്റ്റില്‍ ഷേയ്‌ക്‌സ്‌പിയര്‍ പറഞ്ഞതുപോലെ……What's past is prologue
ആ കണ്ണുനീർത്തുള്ളി: അലക്‌സാന്‍ഡ്ര ക്ലെബാന്‍സ്‌കയും താഹര്‍ റഹീമും





\

അതിജീവനത്തിൻറെ ബാലകാണ്ഡം


അതിജീവനത്തിൻറെ ബാലകാണ്ഡം 
കെ ബി വേണു 

(The Rocket/2013/Kim Mordaunt/Laos-Australia)


We are all in the gutter, but some of us are looking at the stars.




ദി റോക്കറ്റ് - പ്രശസ്തമായ പോസ്റ്റർ 
വിയറ്റ്‌നാം യുദ്ധത്തിൻറെ  കെടുതികള്‍ ഇപ്പോഴും അനുഭവിക്കുന്ന രാജ്യമാണ്‌ ലാവോസ്‌. ചൈനയും ബര്‍മ്മയും വിയറ്റ്‌നാമും കംബോഡിയയും തായ്‌ലന്‍ഡുമാണ്‌ ഈ കൊച്ചുരാജ്യത്തിൻറെ അയല്‍ക്കാര്‍. വിയറ്റ്‌നാം യുദ്ധകാലത്ത്‌ അമേരിക്ക ഏറ്റവുമധികം ബോംബ്‌ വര്‍ഷിച്ചത്‌ ലാവോസിലാണ്‌. 1964 നും 1973 നും ഇടയില്‍ രണ്ടു മില്ല്യണ്‍ ടണ്‍ ബോംബുകള്‍ ഈ മണ്ണില്‍ വീണു. അതില്‍ മുപ്പതു ശതമാനം ബോംബുകളും പൊട്ടിയില്ല. പൊട്ടിത്തെറിക്കാതെ കിടക്കുന്ന ബോംബുകളും മറ്റു സ്‌ഫോടക വസ്‌തുക്കളും ഇപ്പോഴും അവിടുത്തെ ജനങ്ങള്‍ക്ക്‌ ജീവാപായമുണ്ടാക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വീണ ഈ രാജ്യത്തിൻറെ മണ്ണ്‌ കൃഷിക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയില്ല. കാരണം പല സ്ഥലങ്ങളിലും കാലുകുത്താന്‍ തന്നെ ജനങ്ങള്‍ക്കു ഭയമാണ്‌. അങ്ങനെ ലാവോസ്‌ ഒരു ദരിദ്രരാഷ്‌ട്രമായി മാറി. ലാവോസിൻറെ പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ 2007 ല്‍ ഒരു ഡോക്യുമെൻറെറി നിര്‍മ്മിക്കപ്പെട്ടു. ബോംബ്‌ ഹാര്‍വെസ്റ്റ്‌ എന്ന ഈ ഡോക്യുമെന്ററി ഓസ്‌ട്രേലിയന്‍ ചലച്ചിത്രകാരനായ കിം മോര്‍ഡൻറ്  ആണ്‌ സംവിധാനം ചെയ്‌തത്‌. ബോംബുകള്‍ നിര്‍വ്വീര്യമാക്കുന്നതില്‍ വിദഗ്‌ധ പരിശീലനം നേടിയ ഒരു ഓസ്‌ട്രേലിയക്കാരനെ പിന്തുടരുകയാണ്‌ ഈ ഡോക്യുമെൻറ്ററി. ബോംബുകള്‍ നിര്‍വ്വീര്യമാക്കാന്‍ നാട്ടുകാരെ പരിശീലിപ്പിക്കുകയും മറ്റുമാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ഈ ഡോക്യുമെൻറ്ററിയുടെ ചിത്രീകരണ വേളയില്‍ സംവിധായകന്‍ മോര്‍ഡൻറ്റും നിര്‍മ്മാതാവ്‌ സില്‍വിയയും ഒരു തീരുമാനമെടുത്തു. ലാവോസിൻറെ  പശ്ചാത്തലത്തില്‍ ഒരു ഫീച്ചര്‍ സിനിമ ചെയ്യണം. അങ്ങനെ 2013 ല്‍ അവര്‍ നിര്‍മ്മിച്ച സിനിമയാണ്‌ ദി റോക്കറ്റ്‌. ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ സിനിമ കേരളത്തിൻറെ  അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും പ്രേക്ഷക പ്രശംസ നേടുകയുണ്ടായി.


ആലോയുടെ പരീക്ഷണ നിമിഷങ്ങൾ 
ലാവോസിൻറെ വടക്കന്‍ മേഖലയിലെ പര്‍വ്വത പ്രദേശങ്ങളാണ്‌ സിനിമയുടെ പശ്ചാത്തലം. അവിടെയുള്ള ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളിലൊന്നില്‍ സുന്ദരിയായ ഒരു യുവതി ഒരാണ്‍കുഞ്ഞിന്‌ ജന്മം കൊടുക്കുന്നതോടെ സിനിമ ആരംഭിക്കുന്നു. മാലി എന്നാണ്‌ ആ യുവതിയുടെ പേര്‌. പെട്ടെന്നു വീണ്ടും പേറ്റുനോവുണ്ടാകുമ്പോഴാണ്‌ താന്‍ ഇരട്ടക്കുട്ടികളെയാണ്‌ വയറ്റില്‍ ചുമന്നതെന്ന്‌ മാലി മനസ്സിലാക്കിയത്‌. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ഭാഗ്യവും മറ്റൊരാള്‍ ദുരിതവും കൊണ്ടുവരുമെന്നാണ്‌ ആ ഗോത്രക്കാര്‍ക്കിടയിലെ അന്ധവിശ്വാസം. അതുകൊണ്ട് ഇരട്ടക്കുട്ടികളെ ജനിക്കുമ്പോള്‍ത്തന്നെ കൊന്നുകളയുകയാണ്‌ പതിവ്‌. പക്ഷേ മാലി രണ്ടാമതു പ്രസവിച്ചത്‌ ചാപിള്ളയെയായിരുന്നു. എന്നിട്ടും ആദ്യം പെറ്റ കുഞ്ഞിനെയും കൊന്നുകളയണമെന്നാണ്‌ പ്രസവത്തിന്‌ സാക്ഷ്യം വഹിച്ച മാലിയുടെ അമ്മായിയമ്മ നിര്‍ബ്ബന്ധിച്ചത്‌. പക്ഷേ മാലിയുടെ കരച്ചിലിനു  മുന്നില്‍ വൃദ്ധ മനസ്സില്ലാമനസ്സോടെ കീഴടങ്ങി. ഇരട്ടക്കുട്ടികളെ പ്രസവിച്ച കാര്യം  ഭര്‍ത്താവിനെപ്പോലും അറിയിക്കരുതെന്ന്‌ അവര്‍ താക്കീതു നല്‍കുകയും ചെയ്‌തു. അങ്ങനെ വലിയൊരു അതിജീവനത്തിലൂടെ ആ കുഞ്ഞ്‌ ജീവിതം തുടങ്ങി. ആലോ എന്നാണ്‌ അവൻറെ പേര്‌. കുട്ടി ശപിക്കപ്പെട്ടവനായിരിക്കാമെന്നും അവന്‍ കുടുംബത്തിനും  നാട്ടുകാര്‍ക്കും ദുരിതം സമ്മാനിക്കുമെന്നുമുള്ള ആശങ്ക മുത്തശ്ശിയെ വിട്ടൊഴിഞ്ഞില്ല. മാലി അവനെ ആവശ്യത്തിലധികം ലാളിച്ചു. അമ്മയും മകനും  തമ്മിലുള്ള ബന്ധം വിവരിക്കാനാകാത്തതിലുമധികം ചേതോഹരമായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

സംവിധായകന്‍ കിം മോര്‍ഡൻറ്റ് 
ഒരു ദിവസം സര്‍ക്കാരിൻറെ അറിയിപ്പു വന്നു. അവരുടെ ഗ്രാമത്തില്‍ വലിയൊരു അണക്കെട്ടു വരാന്‍ പോകുന്നു. എല്ലാവരും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റൊരു മേഖലയിലേയ്‌ക്ക്‌ മാറിത്താമസിക്കണം. ആലോയുടെ ശപ്‌തജന്മത്തിൻറെ ആദ്യ കനിയാണ്‌ ഈ കുടിയൊഴിപ്പിക്കലെന്ന്‌ മുത്തശ്ശി കരുതി. തനിക്ക്‌ പ്രിയപ്പെട്ട തോണി കൂടെക്കൊണ്ടു പോകണമെന്ന്‌ ആലോ വാശിപിടിച്ചു. മല കയറിയുള്ള യാത്രയാണ്‌. ഒരു പോത്തിനെക്കൊണ്ട് തോണി മലയിലൂടെ വലിച്ചു കയറ്റാന്‍ അവര്‍ തീരുമാനിച്ചു. കുത്തനെയുള്ള കയറ്റത്തിലൂടെ തോണി വലിച്ചു കയറ്റിയ പോത്ത്‌ പെട്ടെന്ന്‌ കയര്‍ വിട്ടുകളഞ്ഞു. വലിയ വേഗത്തില്‍ താഴേയ്‌ക്കു പതിച്ച തോണി മാലിയുടെ ദേഹത്ത്‌ വന്നിടിച്ചു. തല്‍ക്ഷണം അവള്‍ മരിച്ചു. സിനിമയില്‍ മരണം കണ്ടു കരഞ്ഞ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണിത്‌. അത്രയ്‌ക്കു വശ്യമായിരുന്നു സിനിമയിൽ ആ കഥാപാത്രത്തിൻറെ സാന്നിദ്ധ്യം. ആലീസ്‌ കെയോഹവോങ്‌ എന്ന നടിയാണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. വിയറ്റ്‌നാം യുദ്ധത്തിനു ശേഷം ഓസ്‌ട്രേലിയയിലേയ്‌ക്കു കുടിയേറിയ ലാവോസ്‌ കുടുംബമാണ്‌ ആലീസിന്റെത്‌. കുട്ടികള്‍ക്കിടയില്‍ നാടകപ്രവര്‍ത്തനവും പപ്പറ്റ്‌ ഷോയും നടത്തുകയായിരുന്ന ആലീസിനെ ക­ണ്ടെത്താൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായെന്ന്‌ സംവിധായകന്‍ പറയുന്നു. ആലോയെ അവതരിപ്പിച്ച സിത്തിഫോണ്‍ ദിസാമോ എന്ന ബാലനുമായി ആലീസ്‌ സ്ഥാപിച്ചെടുത്ത ചങ്ങാത്തം ഇരുവരുടെയും അഭിനയപ്രകടനത്തെ നന്നായി സഹായിച്ചു. അമ്മയുടെ മരണത്തിനു കാരണക്കാരന്‍ ജനിക്കുമ്പോള്‍ത്തന്നെ അപശകുനം പിടിച്ച മകനാണെന്ന്‌ മുത്തശ്ശി വിളിച്ചു പറഞ്ഞു. അപ്പോഴാണ്‌ തനിക്കു പിറന്നത്‌ ഇരട്ടക്കുട്ടികളായിരുന്നെന്ന്‌ അച്ഛന്‍ അറിയുന്നതു തന്നെ. സര്‍ക്കാരിൻറെ വാഗ്‌ദത്തഭൂമി ഒരു തരത്തിലും ജനവാസയോഗ്യമല്ലാത്ത മലമ്പ്രദേശമായിരുന്നു. സസ്യജാലങ്ങള്‍ക്കും കന്നുകാലികള്‍ക്കും വളരാന്‍ പ്രയാസമുള്ള വര­ണ്ട  പ്രദേശം. അവിടെ പുതിയ വീടു പണിഞ്ഞു കൊടുക്കുമെന്ന പ്രഖ്യാപനം വീണ്‍വാക്കായിരുന്നു. വൃത്തിഹീനമായ തകരക്കുടിലുകളാണ് അവര്‍ക്കു താമസിക്കാന്‍ കിട്ടിയത്‌. ആവശ്യത്തിലേറെ ഊര്‍ജ്ജസ്വലനായ ആലോയ്‌ക്ക്‌ ഒരു മിനിറ്റുപോലും വെറുതെയിരിക്കാന്‍ വയ്യ. തികഞ്ഞ പാരമ്പര്യ നിഷേധിയായാണ്‌ അവന്‍ വളരുന്നത്‌. ആരാധനാസ്ഥലങ്ങളില്‍ നിന്ന്‌ ഭക്ഷണം മോഷ്‌ടിച്ചും, ശവസംസ്‌കാരത്തിനിടെ അര്‍പ്പിക്കപ്പെട്ട പുഷ്‌പങ്ങള്‍ എടുത്തുമാറ്റിയും അവന്‍ തന്റെ ശപ്‌തജന്മം  ഒരാഘോഷമാക്കുന്നു. അതിനിടെ അവന്‌ പുതിയൊരു കൂട്ടുകാരിയെയും കിട്ടി. ആലോയുടെ സമപ്രായക്കാരിയായ അവളുടെ പേര്‌ കിയ എന്നാണ്‌. മലേറിയ ബാധിച്ച്‌ അവളുടെ മാതാപിതാക്കളും മറ്റും മരിച്ചു പോയിരുന്നു. മുഴുവന്‍ സമയ മദ്യപനായ ഒരമ്മാവനാണ്‌ അവള്‍ക്കു തുണ. പര്‍പ്പിള്‍ എന്നാണ്‌ അയാളുടെ വിളിപ്പേര്‌. അമേരിക്കന്‍ സംഗീതജ്ഞന്‍ ജെയിംസ്‌ ബ്രൗണിൻറെ കടുത്ത ആരാധകനായ അയാള്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. വിയറ്റ്‌നാം യുദ്ധത്തിൻറെ അവശിഷ്‌ടങ്ങളായ പൊട്ടാത്ത ബോംബുകള്‍ നിറഞ്ഞ ആ ഭൂപ്രദേശത്ത്‌ യുദ്ധത്തിൻറെ ജീവിക്കുന്ന സ്‌മരണികയാണ്‌ ഈ മനുഷ്യന്‍. "ഉറങ്ങുന്ന കടുവകള്‍'' എന്നറിയപ്പെടുന്ന പൊട്ടാത്ത ബോംബുകളെക്കുറിച്ച്‌ കുട്ടികള്‍ക്കു മുന്നറിയിപ്പു നല്‍കുന്നതും അയാളാണ്‌. പര്‍പ്പിള്‍ താമസിക്കുന്ന ടെൻറ്റിലേയ്‌ക്ക്‌ വൈദ്യുതി മോഷ്‌ടിക്കാന്‍ ആലോ നടത്തിയ സാഹസികശ്രമം ദുരന്തത്തില്‍ കലാശിച്ചു. ചില തകരക്കുടിലുകള്‍ക്ക്‌ തീ പിടിച്ചു. അതോടെ ആലോയുടെ കുടുംബത്തിന്‌ അവിടം വിട്ടു പോകേണ്ടി വന്നു. പര്‍പ്പിളും കിയയും അവര്‍ക്കൊപ്പം ചേര്‍ന്നു. പൊട്ടാത്ത സ്‌ഫോടകവസ്‌തുക്കള്‍ കടത്തിക്കൊണ്ടു  പോകുന്ന ട്രക്കില്‍ കയറി അതിസാഹസികമായാണ്‌ അവര്‍ സ്ഥലം വിടുന്നത്‌. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ ഏതു നിമിഷവും ഉറങ്ങുന്ന കടുവകള്‍ ഗര്‍ജ്ജിച്ചേയ്‌ക്കാം. "നിര്‍ഭാഗ്യം പിടിച്ച എന്നെയും കൊണ്ടു തന്നെ വേണം ഇങ്ങനത്തെ യാത്ര നടത്താന്‍'' എന്ന്‌ ആലോ ആത്മഗതം നടത്തുന്നു. മരണവും മരണഭയവും നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ്‌ മോര്‍ഡൻറ്റ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ്‌ ഇതില്‍ നമ്മള്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍. അവരുടെ ദയനീയമായ ജീവിതത്തിന്‌ അവരല്ല കാരണക്കാര്‍. രാഷ്‌ട്രീയമായ കാരണങ്ങളാല്‍ ദരിദ്രരായിത്തീര്‍ന്ന ജനതയാണ്‌ ലാവോസിലേത്‌. ദാരിദ്യ്രത്തെയും മരണഭയത്തെയും മറികടക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ അവര്‍ അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിക്കുന്നു. ശാസ്‌ത്രസാങ്കേതിക വിദ്യയും വികസനവും അവരെ വീടും കുടിയുമില്ലാത്ത നാടോടികളാകാന്‍ വിധിക്കുന്നു. കാടിനും മേടിനുമപ്പുറത്തുള്ളവര്‍ക്കുമായി  നിര്‍മ്മിക്കപ്പെടുന്ന അണക്കെട്ടിനു  വേണ്ടി  കുടിയൊഴിയേണ്ടി വരുന്നത്‌ അവരാണ്‌. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്‌ദാനം ചെയ്‌ത്‌ സര്‍ക്കാര്‍ അവരെ കൊണ്ടു ചെന്നു തള്ളുന്നതോ, എപ്പോള്‍ വേണമെങ്കിലും ജീവാപായം സംഭവിക്കാവുന്ന, മരണം മണക്കുന്ന, അന്തരീക്ഷത്തിലേയ്‌ക്കും. പ്രതികൂലമായ ഈ ചുറ്റുപാടുകളില്‍ നിന്നു കൊണ്ടു തന്നെ സ്വന്തം കുടുംബത്തിന്‌ സൗഭാഗ്യം വരുത്താനുള്ള  ആലോയുടെ ശ്രമങ്ങളാണ്‌ സിനിമയുടെ അന്ത്യഭാഗത്തിന്‌ തിളക്കമേറ്റുന്നത്‌. ആ പ്രദേശത്തു നടക്കുന്ന റോക്കറ്റ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആലോ തീരുമാനിക്കുന്നു. ലഭ്യമായ സ്‌ഫോടക പദാര്‍ത്ഥങ്ങളും ലോഹക്കഷണങ്ങളും മുളയും ഉപയോഗിച്ച്‌ നാട്ടുകാര്‍ ഉണ്ടാക്കുന്ന നാടന്‍ റോക്കറ്റുകള്‍ ആകാശത്തേയ്‌ക്ക്‌ വിക്ഷേപിക്കുന്ന പരിപാടിയാണത്‌. അപകടം പിടിച്ച വിനോദമാണിത്‌. ഏറ്റവും ഉയരത്തില്‍ എത്തുന്ന റോക്കറ്റിൻറെ ഉടമയ്‌ക്ക്‌ സംഘാടകര്‍ നല്ല പാരിതോഷികവും നല്‍കും. ആകാശത്തിരിക്കുന്ന മഴദൈവത്തിൻറെ സന്നിധാനത്തിലേയ്‌ക്ക്‌ റോക്കറ്റുകള്‍ അയച്ച്‌ മഴ പെയ്യിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്‌ ഈ ഉത്സവത്തിൻറെ മറ്റൊരു ലക്ഷ്യം. വാശിയേറിയ മത്സരം നടക്കുന്നു. ആലോ സ്വന്തമായി ഉണ്ടാക്കിയ റോക്കറ്റ്‌ വിക്ഷേപിക്കാന്‍ സഹായിക്കുന്നത്‌ അവൻറെ അച്ഛന്‍ തന്നെയാണ്‌. ആ റോക്കറ്റ്‌ മേഘങ്ങളെയും കടന്ന്‌ മുകളിലേക്കു പോയി. അവിടെ വച്ച്‌ അത്‌ പൊട്ടിത്തെറിക്കുകയും വര്‍ണ്ണ വിസ്‌മയങ്ങള്‍ തീര്‍ക്കുകയും ചെയ്‌തു. ആലോയ്‌ക്ക്‌ പണം മാത്രമല്ല കിട്ടിയത്‌. താമസിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു കുടിലും സംഘാടകര്‍ അനുവദിച്ചുകൊടുത്തു. അങ്ങനെ ആലോ കുടുംബത്തിൻറെ ഭാഗ്യപ്രതീകമായി. വലിയൊരു അതിജീവനത്തിൻറെ അടയാളമായി.

മഹനീയമായ ഒരു ചലച്ചിത്രകൃതിയാണ്‌ ദി റോക്കറ്റ്‌ എന്നു പറയാന്‍ കഴിയില്ല. പക്ഷേ, ഇതുവരെ ചലച്ചിത്രകാരന്‍മാര്‍ കടന്നുചെന്നിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തിലേയ്‌ക്ക്‌ ക്യാമറയുമായി പോകാനും  ആ രാജ്യത്തിൻറെ  രാഷ്‌ട്രീയാവസ്ഥയെ അടയാളപ്പെടുത്താനുമുള്ള സത്യസന്ധമായ ശ്രമം സംവിധായകൻറെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഏതു നിമിഷവും മരണം അപഹരിച്ചെടുക്കാന്‍ സാദ്ധ്യതയുളള ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ മുന്നോട്ടു കൊണ്ടു പോകുകയാണ്‌ ഈ സിനിമയിലെ കഥാപാത്രങ്ങള്‍. ചിരികള്‍ക്കു പിന്നില്‍ ഒളിച്ചു വെച്ച കണ്ണീരും കരയുമ്പോഴും ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ചിരിയും അവരിലുണ്ട്. സംവിധായകന്‍ കിം മോര്‍ഡൻറ്റിൻറെ ശുഭാപ്‌തിവിശ്വാസം നിറഞ്ഞ സമീപനം മൂലമാണ്  ഈ കഥാപാത്രങ്ങള്‍ക്ക്‌ ഇത്രയേറെ മിഴിവുണ്ടായത്. അഭിനേതാവെന്ന നിലയിലും മികവു തെളിയിച്ച അദ്ദേഹത്തിന്‌ നടീനടന്‍മാരില്‍ നിന്ന്‌ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു  വരാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുന്നു. ഡോക്യുമെൻറ്ററികളില്‍ കഴിവു തെളിയിച്ചിട്ടുള്ളതുകൊണ്ട് ഫീച്ചര്‍ സിനിമ ചെയ്യുമ്പോഴും സംഭവങ്ങള്‍ക്ക്‌ തികഞ്ഞ യഥാതഥത്വം നല്‍കാന്‍ അദ്ദേഹത്തിനു  സാധിച്ചു. കറകളഞ്ഞ യഥാതഥത്വം തന്നെയാണ്‌ റോക്കറ്റ്‌ എന്ന സിനിമയുടെ സൗന്ദര്യം. ആദ്യത്തെ ഫീച്ചര്‍ സിനിമയിലൂടെത്തന്നെ ലോകചലച്ചിത്രവേദിയില്‍ ഇരിപ്പിടമുറപ്പിച്ച ഈ സംവിധായകൻറെ പുതിയ സംരംഭങ്ങള്‍ക്കായി കാത്തിരിക്കാം.